Friday, July 19, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.20 AM

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ നീക്കണം; വിമതവൈദികര്‍ പ്രത്യക്ഷസമരത്തില്‍

uploads/news/2019/07/322957/7.jpg

കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരികെനല്‍കിയതിലും സഹായമെത്രാന്മാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച്‌ ഒരുവിഭാഗം വൈദികരുടെ നേതൃത്വത്തില്‍ അനിശ്‌ചിതകാല ഉപവാസസമരം ആരംഭിച്ചു. അതിരൂപതയുടെ ആസ്‌ഥാനമായ ബിഷപ്‌സ്‌ ഹൗസിനുള്ളിലാണു സമരം.
വ്യാജരേഖക്കേസ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഏതാനും വൈദികര്‍ ഇന്നലെ രാവിലെ കര്‍ദിനാളിനെ കണ്ടെങ്കിലും അന്വേഷണം നടക്കട്ടെ എന്നായിരുന്നു പ്രതികരണം. അതോടെ ഫാ. ജോസഫ്‌ പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ ബിഷപ്‌സ്‌ ഹൗസിന്റെ അകത്തളത്തില്‍ സമരം ആരംഭിച്ചു. വൈദികര്‍ അണിയിച്ച ഹാരമണിഞ്ഞ്‌ ഫാ. ജോസഫ്‌ സമരത്തിനു തുടക്കമിട്ടു. പിന്തുണയുമായി നൂറിലേറെ വൈദികര്‍ തടിച്ചുകൂടി. ഇതിനിടെ കര്‍ദിനാള്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ തൃശൂരിലേക്കു പോയി.
14 കേസുകളില്‍ പ്രതിയായ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണച്ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തണമെന്നാണ്‌ വൈദികരുടെ പ്രധാന ആവശ്യം.
എറണാകുളം-അങ്കമാലി അതിരൂപതാംഗമായ അഡ്‌മിനിസ്‌ട്രേറ്റിവ്‌ ആര്‍ച്ച്‌ ബിഷപ്പിനെ സ്വതന്ത്ര ചുമതലയോടെ നിയമിക്കണം. സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട സഹായമെത്രാന്മാരെ തിരിച്ചെടുക്കണം. കുറ്റാരോപിതനായ കര്‍ദിനാള്‍ സിനഡിന്റെ അധ്യക്ഷപദവിയില്‍നിന്നു മാറണം. പകരം മാര്‍പ്പാപ്പയുടെ പ്രതിനിധിയെ അധ്യക്ഷനാക്കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സ്‌ഥിരം സിനഡ്‌ അംഗങ്ങള്‍ നേരിട്ടെത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്‌.
വൈദികസമിതി സെക്രട്ടറിയായിരുന്ന ഫാ. കുര്യാക്കോസ്‌ മൂണ്ടാടനെ ബുധനാഴ്‌ച രാത്രി ചോദ്യംചെയ്യുകയും വൈദിക സമിതിയുടെ മിനിറ്റ്‌സ്‌ പോലീസ്‌ പിടിച്ചെടുക്കുകയും ചെയ്‌തതോടെയാണ്‌ ഇന്നലെ വൈദികര്‍ പ്രതിഷേധം കടുപ്പിച്ചത്‌. സഹായമെത്രാന്മാര്‍ക്കെതിരേയുള്ള നടപടി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്‌ഥാനത്തിലുള്ളതാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ സമരം ചെയ്യുന്ന വൈദികര്‍ക്കെതിരേ സ്‌ഥിരം സിനഡ്‌ നടപടി സ്വീകരിക്കണമെന്ന്‌ കര്‍ദിനാളിനെ അനുകൂലിക്കുന്ന വൈദികര്‍ വികാരി ജനറലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Friday 19 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW