Thursday, July 18, 2019 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.46 AM

ഇ-വാഹന പ്രോത്സാഹനം ശ്രദ്ധേയമായ മാറ്റം

uploads/news/2019/07/322676/editorial.jpg

കഴിഞ്ഞ ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്‌ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഇലക്‌ട്രിക്‌ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്‌ കൂടി നല്‍കുന്നതും ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ജി.എസ്‌.ടി. നിരക്ക്‌ അഞ്ചു ശതമാനമാക്കുന്നതുമായിരുന്നു പുതിയ പ്രഖ്യാപനം. വികസിത രാജ്യങ്ങളെല്ലാം ഇലക്‌ട്രിക്‌ വാഹനങ്ങളുടെ കാര്യത്തില്‍ വളരെയധികം മുന്നോട്ടു പോയപ്പോഴും ഇന്ത്യയില്‍ വിവിധ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ഇന്റേണല്‍ കമ്പസ്‌ഷന്‍ എന്‍ജിന്‍ വാഹനങ്ങളുടെ പ്രചാരം കൂടിവരികയായിരുന്നു. ഇന്ധന ലഭ്യത കുറഞ്ഞു വരുന്നതു പരിഗണിക്കുമ്പോള്‍ ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്കുള്ള മാറ്റം അതിവേഗം നടക്കേണ്ടതുണ്ട്‌. അതിന്‌ ഏറെ സഹായിക്കുന്നതാണ്‌ കേന്ദ്ര നയം. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇലക്‌ട്രിക്‌ വാഹനങ്ങളുടെ പ്രചാരത്തിനായി നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ ഈ നയങ്ങള്‍ കരുത്തു പകരും.

ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്ക്‌ പൂര്‍ണമായും മാറാന്‍ വളരെ ഗൗരവപൂര്‍ണമായ ശ്രമം ആവശ്യമാണ്‌. ഇതിനോട്‌ വാഹന നിര്‍മാതാക്കള്‍ തുടക്കത്തില്‍ യോജിക്കാന്‍ സാധ്യത കുറവാണെന്നു മനസ്സിലാക്കി അവരെ കൂടി വിശ്വാസത്തിലെടുത്ത്‌ വേണം മുന്നോട്ടു പോകാന്‍. അതിന്‌ ആദ്യമായി വേണ്ടത്‌ ഈ മാറ്റത്തിനുള്ള കാലപരിധി മുന്‍കൂട്ടി നിശ്‌ചയിക്കുക എന്നതാണ്‌. ഒരേ സമയം ഇന്ത്യയിലെ തൊഴില്‍ മേഖലയെ രണ്ടു രീതിയില്‍ ബാധിക്കുന്ന നീക്കം കൂടിയാണിത്‌. ഒരുവശത്ത്‌ ഇപ്പോഴത്തെ ധാരാളം തൊഴിലുകള്‍ ഇല്ലാതാകാം. എന്നാല്‍, ഇലക്‌ട്രിക്‌ വാഹനങ്ങളുമായി ബന്ധപ്പെട്ട അനേകം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്‌ടിക്കപ്പെടുകയും ചെയ്യും. നൂറു കണക്കിന്‌ സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക്‌ പുതിയ കണ്ടുപിടിത്തങ്ങളുമായി രംഗത്തു വരാനും ഇത്‌ അവസരമൊരുക്കും. പരിസ്‌ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ വലിയ ചുവടു വയ്‌പ്‌ കൂടിയാകും ഈ മാറ്റം. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയും എന്നു മാത്രമല്ല, നിലവിലെ വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ശബ്‌ദ മലിനീകരണവും വലിയതോതില്‍ ഇല്ലാതാകും.

ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്കുള്ള ചുവടുവയ്‌പില്‍ കേരളവും മുന്നിലുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌. തിരുവനന്തപുരത്തെ കേരള ഓട്ടോമൊബീല്‍സ്‌ ലിമിറ്റഡ്‌ പുതിയ ഇ-ഓട്ടോറിക്ഷകള്‍ അവതരിപ്പിച്ചിരിക്കുകയാണ്‌. രാജ്യത്തു തന്നെ ഇതാദ്യമായാണ്‌ ഒരു പൊതുമേഖലാ സ്‌ഥാപനം ഇലക്‌ട്രിക്‌ വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക്‌ തിരിയുന്നത്‌. കെ.എ.എലിന്റെ ഇ-ഓട്ടോകള്‍ ഇതിനകം വാഹന മേഖലയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്‌. ഇലക്‌ട്രിക്‌ വാഹനങ്ങളെ ഉള്‍പെടുത്തി വിപുലമായ പ്രദര്‍ശനവും അടുത്തിടെ കൊച്ചിയില്‍ നടന്നു. ഇതെല്ലാം വഴി കേരളത്തിലും ഇലക്‌ട്രിക്‌ വാഹനങ്ങളോടുള്ള താത്‌പര്യം വര്‍ധിക്കുമെന്ന്‌ ഉറപ്പാണ്‌. ഇലക്‌ട്രിക്‌ വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ അവയ്‌ക്ക്‌ ബാറ്ററി ചാര്‍ജ്‌ ചെയ്യാനുള്ള സൗകര്യങ്ങള്‍ വിപുലമായി ഒരുക്കുന്നുവെന്ന്‌ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണം. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ബാറ്ററികളില്‍ നിന്നുണ്ടാകുന്ന ഇ-മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണ്ടിവരും.

Ads by Google
Thursday 18 Jul 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW