Thursday, July 18, 2019 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.45 AM

രക്‌തക്കറയുണ്ട്‌, ദീപശിഖാങ്കിത നീല, കാവി പതാകകളിലും...

uploads/news/2019/07/322675/bft1.jpg

കലാലയങ്ങളിലെ അക്രമരാഷ്‌ട്രീയത്തിന്റെ മുറിപ്പാടുകള്‍ ശരീരത്തിലും മനസിലും പേറുന്നവരുടെ പട്ടിക തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ചെറിയാന്‍ ഫിലിപ്പ്‌ തുടങ്ങിയ കോണ്‍ഗ്രസ്‌ നേതാക്കളില്‍ ഒതുങ്ങുന്നില്ല. അടുത്തിടെ അന്തരിച്ച സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ, സി.പി.എം. സംസ്‌ഥാനസമിതി അംഗവും മുന്‍ എം.പിയുമായ എന്‍.എന്‍. കൃഷ്‌ണദാസ്‌, ബി.ജെ.പി. സംസ്‌ഥാനനേതാക്കളായ ബി. ഗോപാലകൃഷ്‌ണന്‍, എം.എസ്‌. കുമാര്‍ തുടങ്ങിയവരും ആ പട്ടികയിലെ പ്രമുഖരാണ്‌. മേല്‍പ്പറഞ്ഞവരെല്ലാം ഇന്നു സംസ്‌ഥാനരാഷ്‌ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളാണെങ്കില്‍, എതിരാളികളുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരും കൊല്ലാക്കൊല ചെയ്യപ്പെട്ടവരുമായ അറിയപ്പെടാത്തവര്‍ അനവധിയുണ്ട്‌ എല്ലാ സംഘടനകളിലും. കലാലയരാഷ്‌ട്രീയചരിത്രത്തില്‍ എസ്‌.എഫ്‌.ഐയുടെ ശുഭ്രപതാകയില്‍ മാത്രമല്ല, ദീപശിഖാങ്കിതങ്ങളായ കെ.എസ്‌.യുവിന്റെ നീലപ്പതാകയിലും എ.ബി.വി.പിയുടെ കാവിപ്പതാകയിലും എതിരാളികളുടെ ചോരക്കറയുണ്ട്‌.

കെ.എസ്‌.യുവിനെ എതിര്‍ത്താല്‍ പാടത്തോ പാറക്കുളത്തിലോ

എസ്‌.എഫ്‌.ഐക്കാരനെന്ന നിലയില്‍ നേരിട്ട ആക്രമണങ്ങളെക്കുറിച്ച്‌ എ.എന്‍. കൃഷ്‌ണദാസിനോടു ചോദിച്ചാല്‍, നെറ്റിയിലും തലയിലുമുള്ള മുറിപ്പാടുകള്‍ ചൂണ്ടിക്കാട്ടിയാകും ഉത്തരം. പാലക്കാട്ടെ ആലത്തൂര്‍ എസ്‌.എന്‍. കോളജില്‍ കൃഷ്‌ണദാസ്‌ പ്രീഡിഗ്രി വിദ്യാര്‍ഥിയായെത്തുമ്പോള്‍ അവിടെ കെ.എസ്‌.യുവിന്റെ ഏകാധിപത്യമാണ്‌. അതു വകവയ്‌ക്കാതെ, നാലോ അഞ്ചോ പേരെക്കൂട്ടി എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ രൂപീകരിച്ചതോടെ അടിച്ചൊതുക്കാനായി ശ്രമം. ഒരുതവണ അടിച്ചുവീഴ്‌ത്തി കോളജിനു മുന്നിലെ പാറക്കുളത്തിലെറിഞ്ഞു. സമീപത്തു ചായക്കട നടത്തിയിരുന്ന പാര്‍ട്ടി അനുഭാവി സേതുവേട്ടനാണ്‌ അന്നു രക്ഷിച്ചതെന്നും കൃഷ്‌ണദാസ്‌ ഓര്‍മിക്കുന്നു. പ്രീഡിഗ്രിക്കുശേഷം ചിറ്റൂര്‍ ഗവ. കോളജില്‍ ചേര്‍ന്നപ്പോഴും കൃഷ്‌ണദാസ്‌ എതിരാളികളുടെ ഹിറ്റ്‌ലിസ്‌റ്റില്‍ ഒന്നാമതായിരുന്നു. തലമുടി നീട്ടിവളര്‍ത്തി, തോള്‍സഞ്ചിയുമായി നടക്കുന്ന മെലിഞ്ഞപയ്യനെത്തേടി അവിടെയും ഗുണ്ടകളെത്തി. അതേക്കുറിച്ച്‌ കൃഷ്‌ണദാസിന്റെ വാക്കുകളിലൂടെ:
"എന്നെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ അന്നു കോണ്‍ഗ്രസ്‌ ഗുണ്ടകള്‍ ചിറ്റൂര്‍ കോളജിലെത്തിയത്‌. പറഞ്ഞുകൊടുത്ത അടയാളങ്ങള്‍ വച്ച്‌, കോളജ്‌ ഹോസ്‌റ്റലില്‍ താമസിച്ചിരുന്ന നാടകപ്രവര്‍ത്തകന്‍ ജോര്‍ജ്‌ ദാസിനെയാണ്‌ അവര്‍ ആദ്യം സമീപിച്ചത്‌. അദ്ദേഹത്തോടു പേര്‌ ചോദിച്ചു. ദാസ്‌ എന്നു കേട്ടതോടെ അടി തുടങ്ങി. ഒടുവില്‍ ആളുമാറിയെന്നറിഞ്ഞിട്ടും വെറുതേവിട്ടില്ല. ജോര്‍ജിനെ പാടത്തേക്കു വലിച്ചെറിഞ്ഞു"- കൃഷ്‌ണദാസ്‌ ഓര്‍മിച്ചു. "ചിറ്റൂര്‍ കോളജില്‍ എസ്‌.എഫ്‌.ഐക്കു വേരോട്ടമുണ്ടായിരുന്നെങ്കിലും പുറത്തുനിന്നുള്ള കോണ്‍ഗ്രസ്‌ ഗുണ്ടകളുടെ ആക്രമണം പതിവായി നേരിടേണ്ടിവന്നു. അതില്‍നിന്നു പലപ്പോഴും രക്ഷിച്ചിരുന്നത്‌ അന്നത്തെ പ്രിന്‍സിപ്പല്‍ എസ്‌.എന്‍.എന്‍. നമ്പീശനാണ്‌. ഞങ്ങളെ അദ്ദേഹത്തിന്റെ മുറിക്കുള്ളിലാക്കി വാതില്‍ പൂട്ടുകയായിരുന്നു പതിവ്‌. ഒരിക്കല്‍ അങ്ങനെ മുറിയില്‍ പൂട്ടിയിട്ടതോടെ ഗുണ്ടകള്‍ പുറത്തു കാത്തുനിന്നു. വൈകിട്ടു കോളജ്‌ വിട്ടശേഷവും പുറത്തിറങ്ങാനാവില്ലെന്ന്‌ ഉറപ്പായി. അന്നു കാലിക്കറ്റ്‌ സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗം കൂടിയായിരുന്ന സി.പി.എം. ജില്ലാ സെക്രട്ടറി ടി. ശിവദാസമേനോനെ പ്രിന്‍സിപ്പല്‍ ഫോണില്‍ വിവരമറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുമായെത്തി അദ്ദേഹമാണു ഞങ്ങളെ രക്ഷപ്പെടുത്തിയത്‌. ആണിയടിച്ച പട്ടികയും മുള്ളുവടിയും സൈക്കിള്‍ ട്യൂബിലിട്ട ഇരുമ്പുവടിയുമൊക്കെയായി ഏറ്റുവാങ്ങിയ മര്‍ദനങ്ങള്‍ക്കു കണക്കില്ല. അന്നത്തെ ക്ഷതങ്ങള്‍ക്ക്‌ ഇന്നും ആയുര്‍വേദചികിത്സ തുടരുന്നു"-കൃഷ്‌ണദാസ്‌ പറഞ്ഞു.

ചൂടുവെള്ളമൊഴിച്ച്‌ ഗുണ്ടകളെ ഓടിച്ച ഹോസ്‌റ്റല്‍ ചേച്ചിമാര്‍

ബി.ജെ.പി. സംസ്‌ഥാനവക്‌താവ്‌ ബി. ഗോപാലകൃഷ്‌ണനു തൃശൂര്‍ ശ്രീകേരളവര്‍മ കോളജിലെ നടുക്കുന്ന ഓര്‍മകളാണു പങ്കുവയ്‌ക്കാനുള്ളത്‌. എസ്‌.എഫ്‌.ഐയുടെ വിലക്ക്‌ മറികടന്ന്‌, എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കാമ്പസില്‍ വിവേകാനന്ദ സ്‌റ്റഡി സെന്റര്‍ തുടങ്ങിയതായിരുന്നു പ്രകോപനം.
"1984 ഡിസംബറില്‍ യൂത്ത്‌ ഫെസ്‌റ്റിവല്‍ കണ്ടുമടങ്ങവേ, ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ കാമ്പസിലൂടെ ആയുധങ്ങളുമായി ഒരുസംഘം പാഞ്ഞുവരുന്നതാണു കണ്ടത്‌. തലയ്‌ക്കുനേരേയായിരുന്നു അടി. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയൊടിഞ്ഞു. അതോടെ തൊട്ടടുത്ത വനിതാ ഹോസ്‌റ്റലിലേക്ക്‌ ഓടിക്കയറി. അജിത ടീച്ചറുടെ മുറിയില്‍ അഭയം തേടി. ഹോസ്‌റ്റലിലെ പാചകക്കാരികളില്‍ ചിലര്‍ ചൂടുവെള്ളം കൊണ്ടുവന്ന്‌ അക്രമികള്‍ക്കുനേരേ ഒഴിച്ചു. അതോടെ സംഘം പിന്മാറി. എന്നാല്‍, കോളജിന്റെ കവാടങ്ങളിലെല്ലാം എസ്‌.എഫ്‌.ഐക്കാര്‍ കാത്തുനിന്നിരുന്നു. പോലീസ്‌ എത്തിയശേഷമാണു പുറത്തുകടന്നത്‌. അന്നു വധശ്രമത്തിനു കേസ്‌ എടുത്തെങ്കിലും സര്‍ക്കാര്‍ ഇടപെട്ട്‌ പിന്‍വലിച്ചു"- ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

കെ.എസ്‌.യു. ഭരിച്ചിരുന്ന യൂണിവേഴ്‌സിറ്റി കോളജ്‌

കെ.എസ്‌.യു. വെന്നിക്കൊടി പാറിച്ചിരുന്ന ഒരു യൂണിവേഴ്‌സിറ്റി കോളജ്‌ കാമ്പസിനെക്കുറിച്ചാണ്‌ 1972-ല്‍ അവിടെ യൂണിയന്‍ ചെയര്‍മാനായിരുന്ന പാലാ സെന്റ്‌ തോമസ്‌ കോളജിലെ മുന്‍ പ്രഫസര്‍ പി.വി. ജോസഫിനു പറയാനുള്ളത്‌.
1968-1975 കാലഘട്ടത്തിലാണു പാലാ കയ്യൂര്‍ സ്വദേശിയായ ജോസഫ്‌ യൂണിവേഴ്‌സിറ്റി കോളജില്‍ പഠിച്ചത്‌. അന്ന്‌ എസ്‌.എഫ്‌.ഐ-പി.എസ്‌.യു. സഖ്യമാണു കോളജ്‌ യൂണിയന്‍ ഭരിച്ചിരുന്നത്‌. കെ.എസ്‌.യുക്കാരനായ താന്‍, ഏതു നിമിഷവും അക്രമം ഭയന്ന്‌ അരയില്‍ കത്തിയുമായാണു കോളജില്‍ പോയിരുന്നതെന്നു ജോസഫ്‌ ഓര്‍മിച്ചു.
സഹപാഠികളില്‍ കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ എം.എം. ഹസന്‍, നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ എന്നിവരുമുണ്ടായിരുന്നു.ഇന്നത്തെ ബി.ജെ.പി. നേതാവ്‌ എം.എസ്‌. കുമാര്‍ അന്നു പി.എസ്‌.യു. നേതാവായിരുന്നു. ആദ്യമായി കോളജിലെത്തിയ 1968-ല്‍ ജോസഫ്‌ ആര്‍ട്‌സ്‌ ക്ലബ്‌ പ്രതിനിധിയായും 1971-ല്‍ ആര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറിയായും 1975-ല്‍ യൂണിയന്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. 1975-നുശേഷം കെ.എസ്‌.യു. അവിടെ മുഴുവന്‍ സീറ്റിലും ജയിച്ചിട്ടില്ല. വോട്ട്‌ ചെയ്യാനെത്തുന്ന പെണ്‍കുട്ടികള്‍ക്ക്‌ അരയിലെ കത്തിയുടെ ബലത്തില്‍ മാത്രം സംരക്ഷണമൊരുക്കിയിരുന്നതും ജോസഫ്‌ ഓര്‍മിക്കുന്നു.

എ.ബി.വി.പിയുടെ വാഴൂര്‍ മോഡല്‍

യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌.എഫ്‌.ഐക്കും കെ.എസ്‌.യുവിനും മേധാവിത്വമുള്ളപ്പോഴും കായികബലം കൊണ്ട്‌ എസ്‌.എഫ്‌.ഐയോട്‌ എ.ബി.വി.പി. എതിരിട്ടുനില്‍ക്കുന്ന കാമ്പസാണു കോട്ടയം ജില്ലയിലെ എസ്‌.വി.ആര്‍. എന്‍.എസ്‌.എസ്‌. കോളജ്‌.
ഇവിടുത്തെ എസ്‌.എഫ്‌.ഐ-എ.ബി.വി.പി. കുടിപ്പകയ്‌ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ആ സംഘര്‍ഷത്തിന്റെ ഇരകളിലൊരാളാണു സജീവ സി.പി.എം. പ്രവര്‍ത്തകനായ കോട്ടയം, ചിറക്കടവ്‌ സ്വദേശി എം.എല്‍. രവി. 13 വര്‍ഷം മുമ്പ്‌ കലാലയത്തിലാരംഭിച്ച രാഷ്‌ട്രീയപ്പക ഇന്നും തന്നെ വേട്ടയാടുന്നതായി രവി പറയുന്നു.
2005- 2007 കാലയളവില്‍ ബിരുദപഠനത്തിനിടെ 15 തവണ എ.ബി.വി.പി. പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായി. ഒരുതവണ തലയ്‌ക്കു ഗുരുതരപരുക്കേറ്റ്‌ 12 ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. അവിടം കൊണ്ട്‌ അവസാനിച്ചെന്നു കരുതിയ പകപോക്കല്‍ ഒടുവില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 23-നു നാട്ടിലെ ബി.ജെ.പി-സി.പി.എം. സംഘര്‍ഷത്തിനിടെയുണ്ടായ വധശ്രമത്തിലെത്തിനില്‍ക്കുന്നു. അന്നത്തെ ആക്രമണത്തില്‍ വലതുകൈ അറ്റുതൂങ്ങി. അഞ്ചു വാരിയെല്ലുകള്‍ പൊട്ടി, ഇടതുകൈക്കും തലയ്‌ക്കും പരുക്കേറ്റു. ആ സംഭവത്തിനുശേഷം ഇന്നും ചിറക്കടവില്‍ പോലീസ്‌ പട്രോളിങ്ങും രാത്രികാവലും ശക്‌തമാണ്‌.

(അവസാനിച്ചു)

തയാറാക്കിയത്‌: എന്‍. രമേഷ്‌,
കെ. കൃഷ്‌ണകുമാര്‍, ഷിന്റോ തോമസ്‌,
സി.ജെ. ഡാല്‍മി

സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Thursday 18 Jul 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW