Thursday, July 18, 2019 Last Updated 10 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.34 AM

മഹേന്ദ്ര സിങ്‌ ധോണിയുടെ കാര്യത്തില്‍ ബി.സി.സി.ഐ. തീരുമാനമെടുത്തെന്നു സൂചന , പന്തിനെ നോക്കാന്‍ ധോണി

uploads/news/2019/07/322659/s1.jpg

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ ഭാവി സംബന്ധിച്ചു ബി.സി.സി.ഐ. തീരുമാനമെടുത്തതായി സൂചന.
വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ധോണിയെ ഒന്നാം നമ്പര്‍ വിക്കറ്റ്‌ കീപ്പറായി ഇനി പരിഗണിക്കാന്‍ സാധ്യതയില്ലെന്നു ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
നേരത്തെ ലോകകപ്പിനു ശേഷം ധോണി വിരമിക്കുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ താരം മനസ്സു തുറന്നിട്ടില്ല. ധോണിക്കു വിരമിക്കാന്‍ സമയമായെന്നു കഴിഞ്ഞ ദിവസം ഒരു ബി.സി.സി.ഐ. അംഗം തുറന്നടിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ്‌ സ്വയം വിരമിക്കാന്‍ തയാറായില്ലെങ്കില്‍ ധോണിയെ ഒന്നാം നമ്പര്‍ വിക്കറ്റ്‌ കീപ്പറായി പരിഗണിക്കുന്നത്‌ അവസാനിപ്പിക്കുമെന്നും പ്രകടനം നോക്കി മാത്രമേ ടീമില്‍ പോലും ഉള്‍പ്പെടുത്തുകയുള്ളുവെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്‌.
വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിക്കു സ്‌ഥാനമുണ്ടാകില്ലെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്‌.
''വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇക്കുറി ധോണിയുണ്ടാകില്ല. തുടര്‍ന്നും ടീമിെല ഒന്നാം നമ്പര്‍ വിക്കറ്റ്‌ കീപ്പറായി അദ്ദേഹത്തെ നാട്ടിലോ വിദേശത്തോടെ പരിഗണിക്കാന്‍ സാധ്യത കുറവാണ്‌.
യുവതാരം ഋഷഭ്‌ പന്തിനെ ഇനി ടീമിന്റെ മുഖ്യ വിക്കറ്റ്‌ കീപ്പറായി ഉയര്‍ത്തുകയാണ്‌. ധോണിയില്‍ നിന്നു പന്തിലേക്കുള്ള മാറ്റം സ്‌ഥിരതയാര്‍ജ്‌ജിക്കുന്നതുവരെ ടീമിനൊപ്പം ധോണിയുടെ സേവനം ഉണ്ടാകും. പന്തിനെ വിക്കറ്റിനു പിന്നില്‍ മികവുറ്റ താരമാക്കി വളര്‍ത്തുകയായിരിക്കും അദ്ദേഹത്തിന്റെ ചുമതല. ഇന്ത്യയുടെ പതിനഞ്ചംഗ ടീമില്‍ ധോണി തുടര്‍ന്നു ഉണ്ടാകുമെങ്കിലും അന്തിമ ഇലവനില്‍ സാധ്യത തീര്‍ത്തും വിരളം''- ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വിന്‍ഡീസ്‌ പര്യടനത്തിനുള്ള ടീമിലേക്ക്‌ തന്നെ പരിഗണിക്കേണ്ടതില്ലെന്ന്‌ ധോണി ബി.സി.സി.ഐയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. മൂന്ന്‌ ഏകദിനങ്ങളും മൂന്ന്‌ ട്വന്റി20യുമാണ്‌ ഇന്ത്യ വെസ്‌റ്റിന്‍ഡീസില്‍ കളിക്കുന്നത്‌.
കഴിഞ്ഞ ദിവസമാണ്‌ ഒരു ദേശീയ മാധ്യമത്തിന്‌ അനുവദിച്ച അഭിമുഖത്തിലൂടെ പേരുവെളിപ്പെടുത്താത്ത ബി.സി.സി.ഐ. അംഗം വിരമിക്കാന്‍ സമയമായെന്നു ധോണിയെ ഓര്‍മിപ്പിച്ചത്‌.
''ധോണിയുടെ വിരമിക്കലിനെ കുറിച്ച്‌ ഔദ്യോഗിക തീരുമാനമൊന്നും വന്നിട്ടില്ല. വിരമിക്കാന്‍ സമയമായി എന്നാണ്‌ എന്റെ പക്ഷം. ധോണി ഇതുവരെ വിരമിക്കലിനെ കുറിച്ച്‌ ഒന്നും മിണ്ടിയിട്ടില്ലെന്നുള്ളത്‌ അത്ഭുതപ്പെടുത്തുന്നു.
അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ്‌ വരെ അദ്ദേഹം കാത്തിരിക്കേണ്ടതില്ല. ധോണി ഏകദിനത്തിലേക്ക്‌ ഇനി തെരഞ്ഞെടുക്കപ്പെടുമെന്ന്‌ ഉറപ്പുള്ള താരമല്ല'' -എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഇതു തന്റെ അഭിപ്രായമാണെന്നും ബി.സി.സി.ഐ. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

പരിശീലകനെ തെരഞ്ഞെടുക്കാന്‍ പുതിയ സമിതി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ ഇക്കുറി സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ്‌ ഗാംഗുലിയും വി.വി.എസ്‌. ലക്ഷ്‌മണും ഉണ്ടാകില്ല. ബി.സി.സി.ഐ. നിയോഗിക്കുന്ന പുതിയ ഉപദേശക സമിതിയായിക്കും ഇക്കുറി കോച്ചിനെ തെരഞ്ഞെടുക്കുകയെന്നു റിപ്പോര്‍ട്ട്‌.
ഐ.പി.എല്‍. പങ്കാളിത്തത്തെത്തുടര്‍ന്ന്‌ വിരുദ്ധ താല്‍പര്യങ്ങളെന്ന ആരോപണങ്ങള്‍ കാരണം ഇവര്‍ ഉപദേശക സമിതി അംഗത്വം രാജിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി പുതിയ ഉപദേശകസമിതി അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ്‌ സൂചന.
വനിതാ ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കാന്‍ കപില്‍ ദേവ്‌, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്‌ എന്നിവരടങ്ങിയ ഉപദേശക സമിതിയെ ആണ്‌ ഇടക്കാല ഭരണസമിതി ചുമതലപ്പെടുത്തിയത്‌.

Ads by Google
Thursday 18 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW