Wednesday, July 17, 2019 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 01.27 AM

ലോ കോളജുകളില്‍ വാഴുന്ന കിരാതനീതി

uploads/news/2019/07/322394/bft2.jpg

കണ്ണില്‍ ചോരയില്ലാത്ത കലാലയരാഷ്‌ട്രീയത്തിന്റെ ഇരകളിലൊരാളാണു വയനാട്‌ ഡി.സി.സി. ജനറല്‍ സെക്രട്ടറിയും ജില്ലാപഞ്ചായത്തംഗവുമായ ഒ.ആര്‍. രഘു. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗത്തില്‍നിന്ന്‌, പഠിച്ചു വക്കീലാകണമെന്ന മോഹവുമായാണു രഘു കോഴിക്കോട്ടെ ലോ കോളജിലെത്തിയത്‌. എന്നാല്‍, എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രഘുവിന്‌ ഒരു കണ്ണിന്റെ കാഴ്‌ച എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടു.
2003 ഡിസംബര്‍ 16-നായിരുന്നു സംഭവം. തലേന്നു മുതല്‍ കാമ്പസ്‌ സംഘര്‍ഷഭരിതമായിരുന്നു. ഇതൊന്നുമറിയാതെ നാഷണല്‍ സര്‍വീസ്‌ സ്‌കീം ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്ന രഘു പിറ്റേന്നു കോളജില്‍ ചെന്നപ്പോള്‍ എസ്‌.എഫ്‌.ഐക്കാര്‍ വളഞ്ഞു. കമ്പികൊണ്ടുള്ള കുത്തേറ്റ്‌ വലതുകണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. പിന്നീടു കഷ്‌ടപ്പെട്ട്‌ എല്‍.എല്‍.ബി. പൂര്‍ത്തിയാക്കിയെങ്കിലും കാഴ്‌ചനഷ്‌ടപ്പെട്ടതോടെ ജോലി സാധ്യതകളും മങ്ങി. അന്നത്തെ സംഭവത്തില്‍ വധശ്രമത്തിനടക്കം പോലീസ്‌ കേസെടുത്തിരുന്നു. പിന്നീട്‌ ഇടതുസര്‍ക്കാര്‍ ഭരണത്തിലേറിയതോടെ സാക്ഷികളെയെല്ലാം സ്വാധീനിച്ച്‌ കേസ്‌ തേച്ചുമാച്ചുകളഞ്ഞതായി രഘു പറയുന്നു.

അക്രമി ഒരേയൊരാള്‍; നോക്കി നില്‍ക്കാന്‍ 50 പോലീസുകാര്‍!

എസ്‌.എഫ്‌.ഐക്ക്‌ അപ്രമാദിത്വമുള്ള കൊല്ലത്തെ എസ്‌.എന്‍. ലോ കോളജില്‍ എ.ബി.വി.പിയുടെ യൂണിറ്റ്‌ തുടങ്ങാനുള്ള ശ്രമം, ഒരു വിദ്യാര്‍ഥിയുടെ തല തല്ലിത്തകര്‍ക്കുന്നതിലാണു കലാശിച്ചത്‌. അതും കൊല്ലം ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍, സി.ഐയും അമ്പതോളം പോലീസുകാരും നോക്കിനില്‍ക്കേ. 2018 മാര്‍ച്ച്‌ ഏഴിനായിരുന്നു സംഭവം. എസ്‌.എന്‍. കോളജ്‌ കാമ്പസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ലോ കോളജില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞാണു പോലീസ്‌ എത്തിയത്‌. എത്തിയപാടേ പോലീസിനും ഏറുകിട്ടി. തുടര്‍ന്ന്‌, ഇരുകൂട്ടരെയും കസ്‌റ്റഡിയിലെടുത്ത്‌ ഈസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനിലെത്തിയിട്ടും സംഘര്‍ഷം അയഞ്ഞില്ല. പോലീസ്‌ നോക്കിനില്‍ക്കേ, എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരിലൊരാള്‍ ലോ കോളജ്‌ വിദ്യാര്‍ഥിയും എ.ബി.വി.പി. പ്രവര്‍ത്തകനുമായ അജിത്തിന്റെ തലയില്‍ കല്ലുകൊണ്ട്‌ ഇടിക്കുകയായിരുന്നു. പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും കണ്‍മുന്നില്‍ അക്രമം നടത്തിയ പ്രതിക്കെതിരേ കേസെടുക്കാന്‍ പോലീസ്‌ തയാറായില്ല.
കൊല്ലം എസ്‌.എന്‍. കോളജില്‍ സംഘടനാപ്രവര്‍ത്തനം കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌ മുറിയില്‍ കയറി വിദ്യാര്‍ഥികളെ പുറത്തിറക്കുന്നതും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്കെതിരേ അസഭ്യവര്‍ഷവും പതിവാണ്‌. എസ്‌.എഫ്‌.ഐക്കെതിരേ കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നു കോളജ്‌ അധികൃതര്‍ പറയുന്നതല്ലാതെ ഒരു നടപടിയുമുണ്ടായിട്ടില്ല.

കൊടിമരം നാട്ടാന്‍ ഇത്തിരി ഇടം, പ്ലീസ്‌...

ആലപ്പുഴ ജില്ലയിലെ എസ്‌.എന്‍. കോളജും എസ്‌.എഫ്‌.ഐ. കോട്ടയാണ്‌. ഇവിടെ എ.ഐ.എസ്‌.എഫ്‌. ഉള്‍പ്പെടെ ഇതര വിദ്യാര്‍ഥി സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലെന്ന പരാതി ഏറെക്കാലമായുണ്ട്‌. സഖ്യകക്ഷിയായ എ.ഐ.എസ്‌.എഫിനും തെരഞ്ഞെടുപ്പുകാലം കഴിഞ്ഞാല്‍ ഇവിടെ കാര്യങ്ങള്‍ അത്ര സുഖകരമല്ല. കോളജ്‌ കവാടത്തില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളുടെയും കൊടിമരമുണ്ടെങ്കിലും എസ്‌.എഫ്‌.ഐയുടെ സഖ്യകക്ഷിയായ എ.എ.ഐ.എസ്‌.എഫിന്റെ കൊടിമരം മാത്രം വാഴില്ല. സ്‌ഥാപിച്ചാല്‍ പിറ്റേന്നുതന്നെ അപ്രത്യക്ഷമാകും. ഈ "പ്രതിഭാസം" മൂന്നുതവണ ആവര്‍ത്തിച്ചതോടെ എ.ഐ.എസ്‌.എഫുകാര്‍ ജാഗരൂകരായി. രാഷ്‌ട്രീയ എതിരാളികളല്ല ഇതിനു പിന്നിലെന്നു തിരിച്ചറിഞ്ഞതോടെ മാതൃസംഘടനയായ സി.പി.ഐയുടെ മണ്ഡലം നേതൃത്വത്തെ വിവരമറിയിച്ചു. സി.പി.ഐ. നേതൃത്വം സി.പി.എമ്മിന്റെ സഹകരണമഭ്യര്‍ഥിച്ചതോടെയാണു കവാടത്തില്‍ എ.ഐ.എസ്‌.എഫിന്റെ കൊടിപാറിയത്‌.
വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ നിരവധി നേതാക്കള്‍ക്കു ജന്മം നല്‍കിയ കായംകുളം എം.എസ്‌.എം. കോളജില്‍ ഇപ്പോള്‍ സംഘടനാപ്രവര്‍ത്തനമേയില്ല. സംഘര്‍ഷങ്ങള്‍ പതിവാകുകയും അധ്യാപകര്‍ക്കുപോലും ഭീഷണി ഉയരുകയും ചെയ്‌തതോടെയാണു മാനേജ്‌മെന്റ്‌ കോടതിയെ സമീപിച്ച്‌ വിദ്യാര്‍ഥി സംഘടനകളെ പടിക്കു പുറത്താക്കിയത്‌. 2012 ജൂലൈ 16-നു ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജ്‌ കവാടത്തില്‍ നവാഗതര്‍ക്കു സ്വീകരണം നല്‍കുന്നതിനിടെയുണ്ടായ തര്‍ക്കം ഒരു യുവാവിന്റെ ജീവന്‍ പൊലിയുന്നതിലാണു കലാശിച്ചത്‌. വിശാല്‍ എന്ന എ.ബി.വി.പി. പ്രവര്‍ത്തകനാണു കുത്തേറ്റുമരിച്ചത്‌. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെടുത്തത്‌ അഞ്ചുവര്‍ഷം. പോപ്പുലര്‍ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരായ 20 പേരാണ്‌ അറസ്‌റ്റിലായത്‌. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടു വിശാലിന്റെ പിതാവ്‌ വേണുഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ എതിര്‍ത്തതോടെ ഹര്‍ജി തള്ളി.

'മാഗസിന്‍ മുറി'യെന്ന ആയുധപ്പുര

യൂണിവേഴ്‌സിറ്റി കോളജിലെ "ഇടിമുറി"ക്കു സമാനമായ, തൃശൂര്‍ ശ്രീകേരളവര്‍മ കോളജിലെ എസ്‌.എഫ്‌.ഐ. യൂണിയന്‍ ഓഫീസിന്റെ പേര്‌ "മാഗസിന്‍ മുറി" എന്നാണ്‌. ആയുധപ്പുര കൂടിയായ ഈ പഴയ ക്ലാസ്‌ മുറിയിലേക്ക്‌എസ്‌.എഫ്‌.ഐക്കാര്‍ക്കല്ലാതെ ആര്‍ക്കും പ്രവേശനമില്ല.
2017-ലെ 'വനിതാദിന'ത്തില്‍ ഇവിടെ അധ്യാപികയെ എസ്‌.എഫ്‌.ഐക്കാര്‍ അക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതി വന്‍വിവാദമായിരുന്നു. അധ്യാപികയെ കല്ലെറിഞ്ഞ കേസില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനായിരുന്നു പ്രതി. കേരളവര്‍മയിലെ എസ്‌.എഫ്‌.ഐ. ഏകാധിപത്യത്തില്‍ സഹികെട്ട എ.ഐ.എസ്‌.എഫ്‌. 2002 മുതല്‍ പലപ്പോഴും കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കാണു മത്സരിക്കുന്നത്‌. എസ്‌.എഫ്‌.ഐ. വനിതാനേതാവ്‌ സര്‍വകലാശാലാ പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണവും പിന്നീട്‌ ഒതുക്കിത്തീര്‍ത്തു.
പാലക്കാട്‌ ജില്ലയിലെ കോളജുകളില്‍ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും വിദ്യാര്‍ഥിപ്രസ്‌ഥാനങ്ങള്‍ക്കു വേരോട്ടമുണ്ട്‌. മണ്ണാര്‍ക്കാട്‌ കല്ലടി എം.ഇ.എസ്‌. കോളജില്‍ എം.എസ്‌.എഫിനും ശ്രീകൃഷ്‌ണപുരം വി.ടി.ബി. കോളജില്‍ എസ്‌.എഫ്‌.ഐക്കുമാണു കുത്തക.

(തുടരും)

തയാറാക്കിയത്‌: ബിനു ജോര്‍ജ്‌,
ജി. ഹരികൃഷ്‌ണന്‍, കെ. കൃഷ്‌ണകുമാര്‍,
ഉണ്ണി വി.ജെ. നായര്‍

സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Wednesday 17 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW