Tuesday, July 16, 2019 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.48 AM

പരീക്ഷയെയും നോക്കുകുത്തിയാക്കുന്ന കലാലയം

uploads/news/2019/07/322216/editorial.jpg

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ കൂട്ടം ചേര്‍ന്ന്‌ അതേ സംഘടനയിലെ അംഗത്തെ കുത്തി പരിക്കേല്‍പിച്ച സംഭവത്തിന്റെ അന്വേഷണം മറ്റൊരു വലിയ തട്ടിപ്പ്‌ പുറത്തു കൊണ്ടുവന്നിരിക്കുകയാണ്‌. സംഭവത്തിലെ ഒന്നാം പ്രതിയും യൂണിവേഴ്‌സിറ്റി കോളജിലെ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ പ്രസിഡന്റുമായ ശിവരഞ്‌ജിത്തിന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തിയപ്പോള്‍ കേരളാ സര്‍വകലാശാലയുടെ എഴുതാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനു പിന്നാലെ കോളജ്‌ കാമ്പസ്സിലെ എസ്‌.എഫ്‌.ഐയുടെ ഓഫീസില്‍ നിന്നും ഇത്തരം ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരിക്കുകയാണ്‌. കെട്ടുകണക്കിന്‌ ഉത്തരക്കടലാസുകളാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇതിനൊപ്പം ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന്‌ ഉന്നത ഉദ്യോഗസ്‌ഥരുടേതായ വ്യാജ സീലുകളും കണ്ടെത്തി. വളരെ ആസൂത്രിതമായ പരീക്ഷാത്തട്ടിപ്പാണ്‌ ഇങ്ങനെ ഉത്തരക്കടലാസുകള്‍ സംഭരിച്ചു വച്ചതിലൂടെ നടന്നിട്ടുണ്ടായിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

എസ്‌.എഫ്‌.ഐ. കുത്തകയാക്കി വച്ചിരിക്കുന്ന കലാലയമാണ്‌ യൂണിവേഴ്‌സിറ്റി കോളജ്‌. ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ്‌ മറ്റെല്ലാ വിദ്യാര്‍ഥി സംഘടനകളും ആരോപിക്കുന്നത്‌. പ്രവര്‍ത്തിക്കാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ തുനിഞ്ഞിറങ്ങുന്നവരെ മര്‍ദ്ദിച്ചു മൃതപ്രായരാക്കിയ അനേകം സംഭവങ്ങളാണ്‌ ഇവിടെ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌. വിദ്യാര്‍ഥി സംഘടനയുടെ ഓഫീസില്‍ നിന്നു തന്നെ എഴുതാത്ത ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതില്‍ നിന്ന്‌ ഇത്തരം ക്രമക്കേടുകള്‍ മറയ്‌ക്കാന്‍ കൂടിയാണ്‌ അക്രമത്തിലൂടെ കാമ്പസ്‌ അടക്കി ഭരിച്ചിരുന്നതെന്നു സംശയിക്കേണ്ടിവരും. ഇത്രമാത്രം ഉത്തരക്കടലാസുകള്‍ ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നും സംഘടനയുടെ ഓഫീസില്‍ നിന്നും മാത്രം കണ്ടു കിട്ടിയ സ്‌ഥിതിക്ക്‌ ഇവരുമായി ബന്ധപ്പെട്ട്‌ ഇനിയും ഉത്തരക്കടലാസുകള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന്‌ സമഗ്രമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ ഒരു സംഘം അധ്യാപകര്‍ രാഷ്‌ട്രീയ പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കുന്നതായി അവിടുത്തെ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്‌. അക്രമം നടന്ന വ്യാഴാഴ്‌ച കാമ്പസ്സില്‍ കോളജ്‌ പ്രിന്‍സിപ്പലിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം തന്നെ ഇതിന്‌ ഉദാഹരണമായിരുന്നു. കോളജില്‍ വിദ്യാര്‍ഥികളുടെ ഇച്‌ഛയ്‌ക്ക്‌ അനുസരിച്ചാണ്‌ കാര്യങ്ങള്‍ നടക്കുന്നതെന്നും ഹാജര്‍ എടുക്കുന്നതു പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്നും പല മുന്‍ അധ്യാപകരും വെളിപ്പെടുത്തുന്നു. ഇത്രയധികം ഉത്തരക്കടലാസുകള്‍ വെളിയിലെത്തിയതിനു പിന്നില്‍ അധികൃതരുടെ സഹായം ഉണ്ടാകാനുള്ള സാധ്യത ഗൗരവത്തോടെ അന്വേഷിക്കണം. വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ മൊത്തം ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരാകണം. ഏതാനും പ്രവര്‍ത്തകര്‍ക്ക്‌ പരീക്ഷയില്‍ വിജയിക്കാന്‍ ഉത്തരക്കടലാസുകള്‍ മോഷ്‌ടിക്കുന്നത്‌ ഈ കോളജിലെ മാത്രമല്ല, സര്‍വകലാശാലയിലെ പഠിച്ചു പരീക്ഷയെഴുതാന്‍ വരുന്ന മൊത്തം വിദ്യാര്‍ഥികളെയും വഞ്ചിക്കുന്നതിനു തുല്യമാണ്‌. ഇതു പൊതുപരീക്ഷയുടെ വിശ്വാസ്യതയെ തകര്‍ത്തെറിയുന്നു. യൂണിവേഴ്‌സിറ്റി കോളജിനെ സംബന്ധിച്ച അന്വേഷണം കത്തിക്കുത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ പാടില്ല. ഉത്തരക്കടലാസ്‌ മോഷണവും വ്യാജ സീല്‍ നിര്‍മാണവുമൊക്കെ അന്വേഷണ പരിധിയില്‍ വരണം. അത്‌ ഈ സമൂഹത്തിന്റെ തന്നെ വിശ്വാസ്യതയ്‌ക്ക്‌ അത്യാവശ്യമാണ്‌.

Ads by Google
Tuesday 16 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW