Tuesday, July 16, 2019 Last Updated 3 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.48 AM

വിരമിക്കുന്ന പ്രിന്‍സിപ്പലിന്‌ ആചാരവെടി, ശവകുടീരം

uploads/news/2019/07/322215/bft1.jpg

ഗുരുഹത്യയെക്കുറിച്ചുള്ള ചിന്ത മനസില്‍ വന്നതിന്റെ പേരില്‍ സ്വയം ഉമിത്തീയില്‍ എരിഞ്ഞടങ്ങിയ സുകുമാരകവിയുടെ പുരാവൃത്തം പുതുതലമുറയ്‌ക്കു കേട്ടുകേള്‍വിയുണ്ടാകില്ല. കേട്ടാലും പുച്‌ഛിച്ചുതള്ളുമെന്നതിനു ചുറ്റും ഉദാഹരണങ്ങളേറെ. ഹോസ്‌റ്റല്‍ ആയുധപ്പുരയാക്കുന്നതിനെ എതിര്‍ത്ത വനിതാ പ്രിന്‍സിപ്പലിന്റെ കസേര പ്രതീകാത്മകമായി കത്തിച്ചാണ്‌ എറണാകുളം മഹാരാജാസ്‌ കോളജിലെ ശിഷ്യര്‍ ഗുരുദക്ഷിണ അര്‍പ്പിച്ചതെങ്കില്‍, കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞാങ്ങാട്‌ പടന്നക്കാട്‌ നെഹ്‌റു കോളജില്‍ ആക്രമണം കുറച്ചുകൂടി നേരിട്ടായിരുന്നു.

33 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പി.വി. പുഷ്‌പജയ്‌ക്കു "ചരമോപചാരം" അര്‍പ്പിച്ചായിരുന്നു ശിഷ്യരുടെ യാത്രയയപ്പ്‌! കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 29-നു നടന്ന യാത്രയയപ്പു ചടങ്ങിനിടെ പടക്കം പൊട്ടിച്ചും ആദരാഞ്‌ജലി പോസ്‌റ്ററുകള്‍ പതിച്ചും അവര്‍ ഗുരുനാഥയ്‌ക്ക്‌ അവിസ്‌മരണീയ സമ്മാനം നല്‍കി.

നെഹ്‌റു കോളജില്‍ പുഷ്‌പജ പ്രിന്‍സിപ്പലായി ചുമതലയേറ്റതു മുതല്‍ പല വിഷയങ്ങളിലും എസ്‌.എഫ്‌.ഐ. കോളജ്‌ യൂണിറ്റുമായി അഭിപ്രായഭിന്നത നിലനിന്നിരുന്നു. ക്ലാസിലെത്താത്ത കുട്ടിനേതാക്കള്‍ക്കു ഹാജര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ്‌ ആദരാഞ്‌ജലി പോസ്‌റ്റര്‍ പതിക്കുന്നതിലേക്കു നയിച്ചത്‌. ഈ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ കോളജ്‌ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, പ്രശ്‌നം സര്‍വകലാശാലാ തലത്തിലെത്തിയതോടെ ഇവര്‍ക്കു നിര്‍വിഘ്‌നം പരീക്ഷയെഴുതാന്‍ അവസരമൊരുങ്ങി.

വിരമിക്കുന്ന ദിവസം വനിതാ പ്രിന്‍സിപ്പലിനു കാമ്പസില്‍ പ്രതീകാത്മക ശവകുടീരമൊരുക്കിയതു പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളജിലെ കുട്ടിസഖാക്കളാണ്‌. പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസുവിന്റെ കര്‍ശന നിലപാടുകളാണ്‌ അവരെ ശിഷ്യരുടെ കണ്ണിലെ കരടാക്കിയത്‌. 2016 മാര്‍ച്ച്‌ 31-നായിരുന്നു സംഭവം. കാമ്പസില്‍ ഒരുക്കിയ കല്ലറയ്‌ക്കുമേല്‍ പൂക്കള്‍ വിതറി, റീത്ത്‌ വച്ച്‌, ബോര്‍ഡും സ്‌ഥാപിച്ചിരുന്നു. ഇടതനുകൂലികളായ ചില അധ്യാപകരുടെ മൗനാനുവാദവും ഈ സംഭവത്തിനു പിന്നിലുണ്ടായിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയേത്തുടര്‍ന്ന്‌ പോലീസ്‌ കേസെടുത്തെങ്കിലും തുടരന്വേഷണം വഴിമുട്ടി.

** ഗെറ്റ്‌ ഔട്ട്‌ അടിച്ചാല്‍ സാര്‍ ഔട്ട്‌!

സി.പി.എം. അനുകൂല കോളജ്‌ അധ്യാപകസംഘടനയില്‍ അംഗമായ തൃശൂര്‍ ശ്രീകേരളവര്‍മ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. എ.പി. ജയദേവന്‍ ഇത്തരം അവഹേളനങ്ങളില്‍നിന്നു രക്ഷപ്പെട്ടതു നിശ്‌ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ്‌. ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഒരു ബോര്‍ഡ്‌ കാമ്പസില്‍നിന്നു നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതാണ്‌ അദ്ദേഹത്തെ എസ്‌.എഫ്‌.ഐയുടെ കണ്ണിലെ കരടാക്കിയത്‌. ഇതോടെ ഫീസ്‌ പിരിവിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരേ സമരമായി.

ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കോളജ്‌ യൂണിയന്‍ ചെയര്‍മാനെ ഗെറ്റൗട്ട്‌ അടിച്ച പ്രിന്‍സിപ്പല്‍ മാപ്പുപറയണമെന്ന്‌ ആവശ്യമുയര്‍ന്നു. ഒരുകാരണവശാലും മാപ്പു പറയില്ലെന്നു ജയദേവനും നിലപാടെടുത്തു. അവഹേളനം തുടര്‍ന്നതോടെ അദ്ദേഹം രാജിവയ്‌ക്കാന്‍ തീരുമാനിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായതോടെ സി.പി.എം. ജില്ലാനേതൃത്വവും കോളജ്‌ അധ്യാപകസംഘടനയും രംഗത്തിറങ്ങി. പാര്‍ട്ടി നിര്‍ദേശപ്രകാരം, കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മാനേജ്‌മെന്റ്‌ പ്രിന്‍സിപ്പലിന്‌ അനുകൂലമായ തീരുമാനമെടുത്തതോടെ കാര്യങ്ങള്‍ ശുഭം.

** റാഗിങ്ങിലെ രാഷ്‌ട്രീയം

കലാലയങ്ങളിലെ റാഗിങ്ങിനെതിരേ എക്കാലവും നിലകൊണ്ടിരുന്നതു വിദ്യാര്‍ഥി പ്രസ്‌ഥാനങ്ങളായിരുന്നു. സീനിയോറിറ്റിയുടെ പേരില്‍ നവാഗതരെ ക്രൂരവിനോദങ്ങള്‍ക്ക്‌ ഇരയാക്കിയിരുന്നവര്‍പോലും വിദ്യാര്‍ഥി നേതാക്കള്‍ക്കു മുന്നില്‍ വാലുചുരുട്ടിയിരുന്നു. എന്നാല്‍, കണ്ണൂരിലെ കലാലയങ്ങളിലെത്തുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവരുന്നതു "രാഷ്‌ട്രീയ" റാഗിങ്ങാണ്‌.

റാഗിങ്‌ ഒഴിവാക്കാന്‍ ഇതര വിദ്യാര്‍ഥി പ്രസ്‌ഥാനങ്ങളില്‍ ചേരാതിരുന്നാല്‍ മാത്രം പോരാ, എസ്‌.എഫ്‌.ഐയില്‍ ചേരുകയും വേണം. പരാതിപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പാര്‍ട്ടി വിധേയരായ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും വക "കൗണ്‍സലിങ്‌" ഉണ്ടാകും. പയ്ന്നൂര്‍ കേയാളജില്‍ ഒ.ടി. ഷാരിസാ സാലിന്‍ എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചു ബോധരഹിതനാക്കി, കാട്ടിലുപേക്ഷിച്ച സംഭവം 2008-ല്‍ ഏറെ വിവാദമായി.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി(കുസാറ്റ്‌)യില്‍ എസ്‌.എഫ്‌.ഐയിലെ ഗ്രൂപ്പിസം ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. 2008-ല്‍ ഹോസ്‌റ്റലിലുണ്ടായ റാഗിങ്ങായിരുന്നു അതില്‍ പ്രധാനം.

റമദാന്‍ നോമ്പിലായിരുന്ന വിദ്യാര്‍ഥിയെ എസ്‌.എഫ്‌.ഐ. നേതാവ്‌ ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ചെന്നായിരുന്നു ആരോപണം. അന്വേഷണത്തില്‍ ഈ നേതാവ്‌ മലപ്പുറത്തെ മുസ്ലിം ലീഗ്‌ പ്രവര്‍ത്തകനായിരുന്നെന്നു കണ്ടെത്തിയതോടെ ഞെട്ടിയത്‌ എസ്‌.എഫ്‌.ഐയാണ്‌. റാഗിങ്ങിനിരയായ വിദ്യാര്‍ഥി ഒരു സര്‍ക്കാര്‍ അഭിഭാഷകന്റെ മകനായിരുന്നു.

ഐ.എ.എസ്‌. ഉദ്യോഗസ്‌ഥന്റെ മകന്‍ ഉള്‍പ്പെടെ പ്രതിയായ കേസ്‌ ഒടുവില്‍ കോടതിയില്‍ ഒത്തുതീര്‍പ്പായി. എറണാകുളം ലോ കോളജിലും എസ്‌.എഫ്‌.ഐക്കാരെ റാഗ്‌ ചെയ്യണമെങ്കില്‍ എസ്‌.എഫ്‌.ഐക്കാരല്ലാതെ ആരുമില്ലെന്നതാണ്‌ അവസ്‌ഥ! റാഗിങ്ങില്‍ മനംമടുത്ത്‌ 2006-ല്‍ ഒരു പെണ്‍കുട്ടിക്കു പഠനം ഉപേക്ഷിക്കേണ്ടിയും വന്നു.

*** സ്‌കൂളിലും രക്ഷയില്ല

എസ്‌.എഫ്‌.ഐയുടെ ഭീഷണിയേത്തുടര്‍ന്ന്‌ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിക്കു പോലീസ്‌ സംരക്ഷണത്തില്‍ സ്‌കൂളിലെത്തി ടി.സി. വാങ്ങിപ്പോകേണ്ടിവന്നത്‌ ഈ അധ്യയനവര്‍ഷമാണ്‌. കല്യോട്ട്‌ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ശരത്‌ലാലിന്റെ ബന്ധു ദീപക്കിനാണ്‌ ഈ ദുരനുഭവമുണ്ടായത്‌. രാവണീശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ്‌ ഗ്രൂപ്പിനു ചേര്‍ന്ന ദീപക്കിനു പ്രവേശനദിവസംതന്നെ എസ്‌.എഫ്‌.ഐക്കാര്‍ ഒരു കാര്‍ഡ്‌ നല്‍കി. അതുമായി ക്ലാസില്‍ വന്നാല്‍ മതിയെന്നായിരുന്നു കല്‍പ്പന.

പിന്നീടു ക്ലാസിലെത്തിയ ദീപക്കിനോട്‌ കാര്‍ഡ്‌ എവിടെയെന്നു ചോദിച്ച്‌ ഭീഷണി മുഴക്കി. സംഭവമറിഞ്ഞ ദീപക്കിന്റെ വീട്ടുകാര്‍ സ്‌കൂളില്‍ സ്‌ഥലംമാറ്റ അപേക്ഷ നല്‍കി. ഇതോടെ, ഭീഷണിയുടെ സ്വരം മാറി. ടി.സി. വാങ്ങാന്‍ ഇങ്ങോട്ടുവന്നാല്‍ കാണിച്ചുതരാമെന്നായി. പോലീസ്‌ സുരക്ഷയില്‍ ടി.സി. വാങ്ങിയ ദീപക്കിനു പിന്നീടു പെരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനം ലഭിച്ചു.

** അവരെന്റെ നട്ടെല്ല്‌ തകര്‍ത്തു, വിവാഹമോഹങ്ങളും: ചെറിയാന്‍ ഫിലിപ്പ്‌

"അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു, നട്ടെല്ല്‌ പൊട്ടി. ഇന്നും നടക്കാന്‍ വയ്യ"- കാമ്പസിലെ കലാപരാഷ്‌ട്രീയം എങ്ങനെയാണു തന്റെ ജീവിതസ്വപ്‌നങ്ങള്‍ തകര്‍ത്തതെന്ന്‌ ഇടതുസഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്‌ ഓര്‍ത്തെടുത്തു. "മോഹമുക്‌തനായ" കോണ്‍ഗ്രസുകാരനെന്ന്‌ ഒരിക്കല്‍ സാക്ഷാല്‍ ഇ.എം.എസ്‌. വിശേഷിപ്പിച്ച അതേ ചെറിയാന്‍ ഫിലിപ്പ്‌... ആ മോഹഭംഗത്തില്‍ വിവാഹസ്വപ്‌നങ്ങളും ഉള്‍പ്പെടുമോയെന്നു ചോദിച്ചാല്‍ അറുപത്തഞ്ചുകാരനായ ചെറിയാന്റെ മറുപടി ഇങ്ങനെ: "അതെ, ആ ജീവിതമോഹവും അവര്‍ തകര്‍ത്തുകളഞ്ഞു".

കാലം 1972, കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീര്‍ന്നു. യൂണിവേഴ്‌സിറ്റി കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും കെ.എസ്‌.യു. നേതാവുമായ ചെറിയാന്‍ ഫിലിപ്പ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെന്നു പ്രഖ്യാപനം. "പെട്ടെന്നു നാലഞ്ചുപേര്‍ എന്നെ തടഞ്ഞു. പൊക്കിയെടുത്ത്‌ രണ്ടാംനിലയില്‍നിന്നു മുറ്റത്തേക്കെറിഞ്ഞു. എസ്‌.എഫ്‌.ഐക്കാര്‍ കാട്ടിക്കൊടുത്തതിനേത്തുടര്‍ന്ന്‌ പാളയം ചന്തയില്‍നിന്നു വന്ന സി.ഐ.ടി.യുക്കാരാണ്‌ എന്നെ ആക്രമിച്ചത്‌. ആ വീഴ്‌ചയില്‍ നട്ടെല്ല്‌ പൊട്ടി. ഇടതുകാല്‍ ശോഷിച്ചു, നടക്കാന്‍ വയ്യ, കുനിയാന്‍ വയ്യ.

കെ.എസ്‌.യുവിന്റെ പ്രഭാവകാലമായിരുന്നു. എസ്‌.എഫ്‌.ഐക്ക്‌ ആള്‍ബലം കുറവ്‌. അതുകൊണ്ട്‌ അവര്‍ സി.ഐ.ടി.യു. ഗുണ്ടകളെ വിളിച്ചുവരുത്തി. കേസ്‌ പിന്നീടു തേച്ചുമാച്ചുകളഞ്ഞു. ജി. സുധാകരനായിരുന്നു അന്ന്‌ എസ്‌.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറി. ആശുപത്രികളില്‍ മാറിമാറിക്കിടന്നു. അന്ന്‌ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ചികിത്സാച്ചെലവ്‌ ഏറ്റെടുത്തു. ഇപ്പോള്‍ ദാ, ശാന്തിഗിരിയില്‍നിന്നു ചികിത്സ കഴിഞ്ഞതേയുള്ളൂ. 47 വര്‍ഷമായി ഞാന്‍ രോഗിയാണ്‌. വലിച്ചെറിഞ്ഞവരെ മറന്നെങ്കിലും കാട്ടിക്കൊടുത്തവരെ ഇന്നുമറിയാം".

അടുത്തവര്‍ഷവും ചെറിയാന്‍ ഫിലിപ്പ്‌ മത്സരിച്ചു. വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു. 1973-ല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. യൂണിവേഴ്‌സിറ്റി കോളജില്‍ പി.ജി. വിദ്യാര്‍ഥിയായിരിക്കേ 1975-ല്‍ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റ്‌. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായിരിക്കേ, കോണ്‍ഗ്രസ്‌ നേതൃത്വവുമായി ഇടഞ്ഞ്‌ പാര്‍ട്ടിവിട്ടു. ഇപ്പോള്‍ മോഹമുക്‌തനായ ആ കോണ്‍ഗ്രസുകാരന്‍ ഇടതുസഹയാത്രികന്‍.

(തുടരും.. )

തയാറാക്കിയത്‌: കെ. സുജിത്ത്‌,
ബൈജു ഭാസി, എന്‍. രമേഷ്‌,
കെ. കൃഷ്‌ണകുമാര്‍
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Tuesday 16 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW