Tuesday, July 16, 2019 Last Updated 12 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.47 AM

കലാലയങ്ങളിലെ ഫാസിസത്തിനു വിരാമം കുറിക്കണം

കലാലയങ്ങള്‍ കലാപാലയങ്ങളായി മാറാന്‍ തുടങ്ങിയിട്ട്‌ ദീര്‍ഘകാലമായി. സ്വതന്ത്ര ജനാധിപത്യത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ സംഘടിക്കാനും തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലേര്‍പ്പെടാനുമുള്ള അനുവാദം ഉണ്ടായ കാലംമുതലാണ്‌ ഈ ദുഷ്‌പ്രവണത ആരംഭിച്ചത്‌. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഭാവി വാഗ്‌ദാനങ്ങള്‍ മാത്രമല്ല. വോട്ടിങ്‌ പ്രായം 18 ആക്കിയതിലൂടെ വോട്ടുബാങ്കായി അവര്‍ മാറിയിരിക്കുകയാണ്‌.
ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍ വിദ്യാര്‍ത്ഥി മേഖലയില്‍ ആദ്യം സജീവമായി പ്രവര്‍ത്തനപഥത്തില്‍ എത്തിയ സംഘടന സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ (എസ്‌.എഫ്‌.) ആണ്‌. ഇത്‌ കമ്യൂണിസ്‌റ്റ പ്രസ്‌ഥാനത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. തുടര്‍ന്ന്‌ ഐ.എസ്‌.ഒ (ഇന്‍ഡിപ്പെന്റന്റ്‌ സ്‌റ്റുഡന്റ്‌സ്‌ ഓര്‍ഗനൈസേഷന്‍) എന്ന സംഘടന രൂപം കൊണ്ടു. അത്‌ പട്ടം താണുപിള്ള, പി.കെ. കുഞ്ഞ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിലകൊണ്ട പി.എസ്‌.പി. എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായിട്ടാണ്‌ പ്രവര്‍ത്തിച്ചുപോന്നത്‌.
വിദ്യാര്‍ത്ഥിസംഘടനയുടെ രാഷ്‌ട്രീയ പ്രാധാന്യം ഉള്‍ക്കൊണ്ടാണ്‌ കോണ്‍ഗ്രസ്‌ 1957 കെ.എസ്‌.യുവിനു രൂപം കൊടുത്തത്‌. അന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളില്‍ പി.ടി. ചാക്കോയ്‌ക്ക്‌ വിദ്യാര്‍ത്ഥിസംഘടനയുടെ രൂപീകരണത്തോട്‌ അത്ര യോജിപ്പില്ലായിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥിസംഘടന കോണ്‍ഗ്രസിന്‌ അനിവാര്യമാണെന്ന്‌ മനസിലാക്കിയ പനമ്പള്ളി ഗോവിന്ദ മേനോന്‍ എല്ലാ ആശീര്‍വാദവും നല്‍കി. കൊല്ലം ക്രൗണ്‍ബേക്കറിയില്‍ കൂടിയ വിദ്യാര്‍ത്ഥി കൂട്ടായ്‌മയാണ്‌ ഇതിനാരംഭം കുറിച്ചത്‌. ഇതിന്റെ ആദ്യ സംഘാടകര്‍ വയലാര്‍ രവിയും സി.കെ. തങ്കപ്പനും എ.എ. സമദും ജോര്‍ജ്‌ തരകനുമായിരുന്നു. ജോര്‍ജ്‌ തരകന്‍ പ്രസിഡന്റും വയലാര്‍ രവി ജനറല്‍ സെക്രട്ടറിയും എ.എ. സമദ്‌ ട്രഷററുമായിട്ടാണു കമ്മിറ്റി രൂപവല്‍ക്കരിച്ചത്‌. പില്‍ക്കാലത്ത്‌ കോണ്‍ഗ്രസിലെ ഉന്നതരായിത്തീര്‍ന്ന വയലാര്‍ രവി, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കന്മാര്‍ ഭരണരാഷ്‌ട്രീയ രംഗത്ത്‌ കെ.എസ്‌.യുവിലൂടെ ഉയര്‍ന്നു വന്നവരായിരുന്നു
തുടര്‍ന്ന്‌ മുസ്ലീംലീഗ്‌ എം.എസ്‌.എഫിനും, ബി.ജെ.പി. എ.ബി.വി.പിക്കും കേരളാ കോണ്‍ഗ്രസ്‌ കെ.എസ്‌.സിക്കും രൂപം നല്‍കി. കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനം 1964 ല്‍ പിളര്‍ന്നതിനെ തുടര്‍ന്ന്‌ എസ്‌.എഫ്‌. എന്ന വിദ്യാര്‍ത്ഥി സംഘടന എസ്‌.എഫ്‌.ഐയും എ.ഐ.എസ്‌.എഫുമായി രൂപാന്തരപ്പെട്ടു. എസ്‌.എഫ്‌.ഐയിലൂടെ വളര്‍ന്നുവന്ന കോടിയേരി ബാലകൃഷ്‌ണന്‍, പിണറായി വിജയന്‍, എം.എ. ബേബി, തോമസ്‌ ഐസക്ക്‌, എ.കെ. ബാലന്‍ തുടങ്ങിയവര്‍ പില്‍ക്കാലത്ത്‌ കേരളത്തിന്റെ രാഷ്‌ട്രീയ ഭരണരംഗങ്ങളില്‍ പ്രമുഖരായി. ആദ്യകാല വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന ഘട്ടങ്ങളില്‍ ശരിക്കും ജനാധിപത്യ മര്യാദപാലിച്ച്‌ അക്രമസ്വഭാവമില്ലാതെ സഹവര്‍ത്തിത്വത്തിന്റെ സന്ദേശവും പാതയുമുള്‍ക്കൊണ്ടുകൊണ്ടാണ്‌ ഇവര്‍ പ്രവര്‍ത്തിച്ചുപോന്നിരുന്നത്‌.
എന്നാല്‍, ക്രമേണ വിദ്യാര്‍ത്ഥി സംഘടനകള്‍ അക്രമത്തിന്റെ പാതയിലേക്ക്‌ വഴുതിവീണു. സമൂഹത്തില്‍ സി.പി.എം. രാഷ്‌ട്രീയവളര്‍ച്ചയ്‌ക്കും നിലനില്‍പ്പിനും നടത്തിവരുന്ന അക്രമരാഷ്‌ട്രീയ ശൈലി കലാലയ സംഘടനാരംഗത്ത്‌ എസ്‌.എഫ്‌.ഐയും പുലര്‍ത്തുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ജനാധിപത്യം, സ്വാതന്ത്ര്യം, മാനവികത എന്നിവയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ എന്നും ഇവര്‍ വാചാലരാകാറാറുണ്ട്‌. കൂടുതല്‍ ശക്‌തമായി ഇതെല്ലാം പ്രാവര്‍ത്തികമാക്കപ്പെടണമെന്ന്‌ പൊതുസമക്ഷം അവര്‍ ആഗ്രഹം പ്രകടിപ്പിക്കും. എന്നാല്‍, ഇതിനു വിപരീതമായി പ്രവര്‍ത്തനതലത്തില്‍ വര്‍ത്തിക്കുകയും ചെയ്യും.
ഇത്തരം സമീപനങ്ങളെ താലിബാന്‍ മോഡലിലുള്ള ഫാസിസ്‌റ്റ്‌ രീതിയെന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. യൂണിവേഴ്‌സിറ്റി കോളേജില്‍ എത്രയോവര്‍ഷങ്ങളായി എസ്‌.എഫ്‌.ഐ. എന്ന സംഘടന അവരുടെ മറ്റൊരു സഹോദര വിദ്യാര്‍ത്ഥിസംഘടനയായ എ.ഐ.എസ്‌.എഫിനു പോലും പ്രവര്‍ത്തിക്കാനോ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാനോ അനുവദിക്കാത്തവിധം ഏകാധിപത്യശൈലി പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്‌. മറ്റെല്ലാ വിദ്യാര്‍ത്ഥിസംഘടനകളും എസ്‌.എഫ്‌.ഐ. എന്ന വിദ്യാര്‍ത്ഥിസംഘടനയ്‌ക്ക്‌ വിധേയത്വം പുലര്‍ത്തി അവരുടെ ഇംഗിതത്തിന്‌ വഴങ്ങി നിലകൊള്ളണമെന്ന അലിഖിത തിട്ടൂരമാണ്‌ അവിടെ അവര്‍ പ്രായോഗികവത്‌ക്കരിച്ചുകൊണ്ടിരിക്കുന്നത്‌. എതിര്‍ക്കുന്നവര്‍ക്ക്‌ ഇവരുടെ ഭീകരതയുടെ ക്രൂരപീഡനങ്ങള്‍ അനുഭവിക്കേണ്ടതായി വരും. അതിന്റെ ഭാഗമായാണ്‌ ഒരു വര്‍ഷം മുന്‍പ്‌ ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമര്‍ദ്ദനത്തിലൂടെ തല്ലിച്ചതച്ച്‌ നട്ടെല്ലിന്‌ ഗുരുതരമായ ക്ഷതം വരുത്തിയത്‌. ഇന്നും മെഡിക്കല്‍ കോളേജില്‍ ആ വിദ്യാര്‍ത്ഥി ചികിത്സ തുടര്‍ന്നുവരുന്നു.
രണ്ടുമാസങ്ങളാകുന്നേയുള്ളു കേരളമനഃസാക്ഷിയെ പിടിച്ചുലച്ച മറ്റൊരു സംഭവം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായത്‌. പഠിക്കാന്‍ വളരെ മിടുക്കിയായ വിദ്യാര്‍ത്ഥിനി ഈ ഫാസിസ്‌റ്റ്‌ നിലപാടിന്റെ പീഡനം സഹിക്കവയ്യാതെ മരണക്കുറിപ്പെഴുതി ആത്മഹത്യയ്‌ക്ക്‌ ശ്രമിക്കുകയുണ്ടായി. ആ കുട്ടി ഒടുവില്‍ ടി.സി വാങ്ങി ചാത്തന്നൂരില്‍ തുടര്‍പഠനം നടത്തുകയാണ്‌. ഇതിന്‌ യൂണിവേഴ്‌സിറ്റിയുടെയും മനുഷ്യാവകാശ കമ്മിഷന്റേയും ഇടപെടല്‍ വേണ്ടതായി വന്നു. ഇതിനിടക്ക്‌ അറിയപ്പെടാത്ത എത്രയോപേരെയാണ്‌ ഇത്തരം കലാലയ ഇടിമുറിയില്‍ കൊണ്ടുപോയി അതിക്രൂരമര്‍ദനങ്ങളിലൂടെ തല്ലിച്ചതച്ചിട്ടുള്ളത്‌. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇത്തരം ഫാസിസ്‌റ്റ്‌ സമീപനം സഹിക്കവയ്യാതെ ഇരുന്നൂറിനടുത്ത്‌ വിദ്യാര്‍ത്ഥികള്‍ ഈ മഹത്തായ കലാലയത്തില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി മറ്റ്‌ കലാലയങ്ങളില്‍ അഭയം കണ്ടെത്തേണ്ടതായി വന്നിട്ടുണ്ട്‌. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ അഖില്‍ എന്ന എസ്‌.എഫ്‌.ഐ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ അതേ പ്രസ്‌ഥാനത്തിന്റെ തന്നെ നേതാക്കന്മാര്‍ വിരിമാറിലൂടെ കഠാരകേറ്റുന്ന മൃഗീയത ഉണ്ടായിരിക്കുന്നത്‌.
കുത്തേറ്റ വിദ്യാര്‍ത്ഥിയെ യഥാസമയം ആശുപത്രിയില്‍ ഇവരുടെ തടസ്സങ്ങള്‍ ഭേദിച്ച്‌ കൊണ്ടെത്തിക്കാന്‍ കഴിയാതിരുന്നെങ്കില്‍ മറ്റൊരു രക്‌തസാക്ഷിയെക്കൂടി കൊന്നവര്‍ക്ക്‌ ലഭിക്കുമായിരുന്നു. രക്‌തസാക്ഷിയായി ഈ വിദ്യാര്‍ത്ഥിയെ കാലാകലങ്ങളില്‍ കൊണ്ടാടുകയും ചെയ്യുമായിരുന്നു. മറ്റാരുടെയെങ്കിലും ചുമലില്‍ ഈ ക്രൂരകൃത്യം ചാര്‍ത്തുകയും ചെയ്യും. മാധ്യമങ്ങള്‍ ജാഗ്രതയോടുകൂടി അവിടെ നിലകൊണ്ടതിന്റെ ഫലമായി അതിന്‌ കഴിയാതെപോയി.
ഇത്തരം ക്രൂരതകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ചെറുത്തുനില്‍പ്പ്‌ അനിവാര്യവുമാണ്‌. മനുഷ്യത്വരഹിതമായ ഈവിധ ക്രൂരതകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ അണിചേരല്‍ അഭിനന്ദനാര്‍ഹമാണ്‌. മഹാനായ പ്ലേറ്റോ ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി ഒരു കലാലയം തുടങ്ങിയാല്‍ ഒരു ജയില്‍ അടച്ചുപൂട്ടാമെന്ന്‌. എന്നാല്‍ ഇത്തരം ക്രൂരകൃത്യങ്ങളുടെ തുടര്‍ച്ച കാണുമ്പോള്‍ തിരിച്ചു പറയാനാണു തോന്നുന്നത്‌. ഒരു കലാലയം തുടങ്ങിയാല്‍ ഒരു ജയില്‍കൂടി തുടങ്ങേണ്ടി വരുമെന്ന്‌. അപ്രകാരം വിദ്യാലയങ്ങള്‍ മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.

എ. റഹീംകുട്ടി

(ഐ.എന്‍.ടി.യു.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ്‌ ലേഖകന്‍. ഫോണ്‍: 9995077790)

Ads by Google
Tuesday 16 Jul 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW