Tuesday, July 16, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.24 AM

ഇന്ത്യയുടെ എതിര്‍പ്പിനിടയിലും പാക്‌ സിഖ്‌ ഭരണസമിതിയില്‍ ഖാലിസ്‌ഥാന്‍വാദികള്‍

ഇസ്ലാമാബാദ്‌: ഇന്ത്യയുടെ പ്രതിഷേധം നിലനില്‍ക്കേ പാകിസ്‌താന്‍ സിഖ്‌ ഗുരുദ്വാര പ്രബന്ധക്‌ കമ്മിറ്റി(പി.എസ്‌.ജി.പി.സി.)യുടെ തന്ത്രപ്രധാന സ്‌ഥാനങ്ങള്‍ കൈയാളുന്നത്‌ ഖാലിസ്‌ഥാന്‍ വാദി നേതാക്കള്‍. കുപ്രസിദ്ധ ഖാലിസ്‌ഥാന്‍ നേതാവ്‌ ബിഷന്‍ സിങ്ങിന്റെ സഹോദരന്‍ അമീര്‍സിങ്‌ സിഖ്‌ മതസംഘടനയുടെ ഭാരവാഹിത്വത്തിലേക്കെത്തിയതാണ്‌ ഒടുവിലെ സംഭവം. കര്‍താര്‍പുര്‍-ഗുരുദ്വാര കമ്മിറ്റിയിലും ഇയാള്‍ അംഗമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
കര്‍താര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട്‌ ഇന്ത്യയും പാകിസ്‌താനുമായി നടന്ന രണ്ടാംഘട്ട ചര്‍ച്ചയില്‍ ഖാലിസ്‌ഥാന്‍ വാദികളുടെ ഭാരവാഹിത്വത്തെ ഇന്ത്യ എതിര്‍ത്തിരുന്നു. എന്നാല്‍, ചര്‍ച്ച കഴിഞ്ഞു പിറ്റേന്നുതന്നെ ഖാലിസ്‌ഥാന്‍ നേതാവ്‌ നേതൃത്വത്തിലേക്കു വരുന്നതിനെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ്‌ കാണുന്നത്‌. കര്‍താര്‍പുര്‍ ഇടനാഴി ഭീകരാക്രമണത്തിന്‌ ഉപയോഗിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നതായുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനു പിന്നാലെ സംഭവത്തില്‍ നിന്നു ശ്രദ്ധതിരിക്കാന്‍, ഖാലിസ്‌ഥാന്‍ നേതാവ്‌ ഗോപാല്‍ സിങ്‌ ചൗളയെ പാകിസ്‌താന്‍ കമ്മിറ്റിയില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. രാജ്യാന്തര സമ്മര്‍ദത്തെ അതിജീവിക്കാനും മാധ്യമവിചാരണകളില്‍ നിന്നു രക്ഷപെടാനുമുള്ള നീക്കമായിരുന്നു ചൗളയെ പുറത്താക്കിയതിലൂടെ പാകിസ്‌താന്‍ നടത്തിയതെന്നാണ്‌ വിലയിരുത്തല്‍.
വിവിധ രാജ്യങ്ങളില്‍ ഇന്ത്യാ വിരുദ്ധവാര്‍ത്തകള്‍ സൃഷ്‌ടിച്ച്‌ പ്രചരിപ്പിക്കുന്നത്‌ ഖാലിസ്‌ഥാന്‍ വാദികളില്‍പ്പെട്ടവരാണെന്നാണ്‌ റിപ്പോര്‍ട്ട്‌. കര്‍താര്‍പുര്‍ ഇടനാഴി പ്രവര്‍ത്തന സജ്‌ജമായാല്‍ മതത്തിന്റെ മറവില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഇക്കൂട്ടര്‍ നീക്കം നടത്തുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സും ആവര്‍ത്തിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. സിഖ്‌ ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക സിഖ്‌ രാജ്യം "ഖാലിസ്‌ഥാന്‍" സ്‌ഥാപിക്കണമെന്നതാണ്‌ ഖാലിസ്‌ഥാന്‍ ഭീകരരുടെ ആവശ്യം. പഞ്ചാബില്‍ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ഖാലിസ്‌ഥാനികള്‍ക്ക്‌ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയാണ്‌ സഹായങ്ങള്‍ നല്‍കിയിരുന്നത്‌.

Ads by Google
Tuesday 16 Jul 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW