Monday, July 15, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 09.40 AM

അതെ, എനിക്കല്‍പ്പം കോണ്‍ഫിഡന്‍സ് കൂടുതലാണ്- അഹാന പറയുന്നു

'' ലൂക്കയടക്കം മൂന്ന് ചിത്രങ്ങളില്‍ നായികയായി മലയാള സിനിമയില്‍ പുതുവസന്തം തീര്‍ക്കുകയാണ് അഹാന കൃഷ്ണ... ''
Interview With Actress Ahana Krishna Kumar

കഥ പറയുന്ന, ആഴമുള്ള കണ്ണുകളും കുസൃതി നിറഞ്ഞ പുഞ്ചിരിയുമാണ് അഹാന കൃഷ്ണയുടെ ഐഡന്റിറ്റി. നീഹാരിക എന്ന പ്രണയിനിയായി ലൂക്കയില്‍ ടോവിനോയുടെ നായികയായ സന്തോഷത്തിലാണ് അഹാന. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും കണ്ടുപരിചയിച്ച നടന്‍ കൃഷ്ണകുമാറിന്റെ മകളോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്.

കരിയറിന്റെ അഞ്ചാം വര്‍ഷത്തില്‍ മൂന്നാമത്തെ സിനിമയില്‍ നായികയായ അഹാന ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ ലൂക്കയടക്കം മൂന്ന് ചിത്രങ്ങളില്‍ നായികയാണ് അഹാന. സ്ത്രീയെന്ന വീട്ടില്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ആഘോഷങ്ങളുടെ ഇടവേളയില്‍ അഹാന മനസ് തുറക്കുന്നു...

ലൂക്കയടക്കം മൂന്ന് ചിത്രങ്ങളില്‍ നായികയാണല്ലോ?

ടോവിനോയുടെ നായികയായി അഭിനയിച്ച ലൂക്ക റിലീസ് ചെയ്തു. വളരെ മനോഹരമായൊരു റൊമാന്‍സ് ത്രില്ലറാണ് ലൂക്ക.
ലൂക്കയ്ക്കുശേഷം പതിനെട്ടാം പടി റിലീസാകും.

പതിനെട്ടാംപടിയില്‍ ആനിയെന്ന കഥാപാത്രമാണ് എന്റേത്. ഞാന്‍ ചെയ്തതില്‍ വച്ച് എനിക്ക് ഏറ്റവും സ്‌പെഷ്യല്‍ ആണ് ആനി. തികച്ചും അപ്രതീക്ഷിതമായി എന്നെത്തേടിയെത്തിയ ചിത്രമാണ് പതിനെട്ടാംപടി.

ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം കോമ്പിനേഷന്‍ സീനുകളില്ലാത്തതില്‍ ചെറിയ സങ്കടമുണ്ടായിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സാറിനും സീനിയറായ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു.

സണ്ണി വെയ്നൊപ്പം അഭിനയിച്ച പിടികിട്ടാപ്പള്ളിയും ഉടന്‍ റിലീസ് ചെയ്യും. ട്രിപ്പിള്‍ സന്തോഷത്തിലാണ് ഞാനിപ്പോള്‍.

ടോവിനോയുടെ നായികയായപ്പോള്‍?

ലൂക്കയിലെ പ്രണയഗാനം വളരെ പെട്ടെന്നാണ് ഹിറ്റ്ചാര്‍ട്ടില്‍ ഇടംനേടിയത്. സിനിമയും പ്രേക്ഷകര്‍ക്കിഷ്ടമായെന്ന് വിശ്വസിക്കുന്നു. ടോവിനോയെപ്പോലെ അറിയപ്പെടുന്ന ഒരു നടനൊപ്പം അഭിനയിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ത്രില്ലിങ്ങായ എക്സ്പീരിയന്‍സായിരുന്നു.

ടോവിനോയുമൊത്തുള്ള അഭിനയം വളരെ എളുപ്പമായിരുന്നു. വലിയ ഒരു താരത്തോട് സംസാരിക്കുന്നതു പോലെ ആയിരുന്നില്ല. ഒരു പരിചയക്കാരനോടു സംസാരിക്കുന്നതു പോലെയാണ് തോന്നിയത്.

Interview With Actress Ahana Krishna Kumar

സ്റ്റീവ് ലോപ്പസില്‍ നിന്ന് ലൂക്കയിലെത്തുമ്പോള്‍?


മുമ്പ് രണ്ട് സിനിമകളുടെ ഭാഗമായി എന്നല്ലാതെ ഒരുപാട് പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രങ്ങളൊന്നും കിട്ടിയിട്ടില്ലായിരുന്നു. ലൂക്കയിലെന്റേത് പ്രൈമറി ക്യാരക്ടറാണ്.

ആദ്യമായിട്ടാണ് അത്തരമൊരു കഥാപാത്രം ചെയ്യുന്നത്. അതിന്റെയൊരു ആകാംഷയോടെയാണ് ഓരോ ദിവസവും ലൊക്കേഷനിലെത്തിയത്. ഇതുവരെ ഞാന്‍ ചെയ്തിട്ടില്ലാത്ത, എന്നാല്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കുറേ അഭിനയമുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു.

ആദ്യ സിനിമയ്ക്കുശേഷമുള്ള മൂന്ന് വര്‍ഷത്തെ ഇടവേളയെക്കുറിച്ച്?

ആദ്യ സിനിമയ്ക്കുശേഷം ബ്രേക്ക് എടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. തുടര്‍ന്ന് നല്ല അവസരങ്ങള്‍ കിട്ടാത്തതായിരുന്നു കാരണം. പക്ഷേ ആ സമയത്ത് നല്ല രീതിയില്‍ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു.

അങ്ങനെ ചിന്തിക്കുമ്പോള്‍ അന്ന് അവസരങ്ങള്‍ കിട്ടാത്തതില്‍ വിഷമമൊന്നുമില്ല, കാരണം അതുകൊണ്ട് സാധാരണ ഒരു കോളേജ് ലൈഫ് കിട്ടി.

പിന്നീട് നല്ല സിനിമകള്‍ വരുമ്പോള്‍ ചെയ്യാമെന്ന് കരുതി. അങ്ങനെയാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചെയ്യുന്നത്. ശരീരഭാരം കുറഞ്ഞു, സിനിമയോടുള്ള താല്‍പര്യം കൂടി എന്നതല്ലാതെ ഈ കാലയളവില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

ഇതിനിടയില്‍ മ്യൂസിക് ആല്‍ബങ്ങളൊക്കെയായി തിരക്കായിരുന്നല്ലോ?

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചെയ്യുന്നതിന് മുമ്പാണ് ഷാജി കൈലാസ് സാറിന്റെ മകന്‍ വിളിച്ച് ആല്‍ബത്തെക്കുറിച്ച് സംസാരിക്കുന്നത്. അന്ന് ഡിഗ്രി കഴിഞ്ഞ് വീട്ടില്‍ വെറുതെയിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരുപാടൊന്നും ആലോചിക്കാതെ ഒ.കെ പറഞ്ഞു. അങ്ങനെയാണ് കരി എന്ന ആല്‍ബം ചെയ്യുന്നത്.

Interview With Actress Ahana Krishna Kumar

ആ ആല്‍ബം ചെയ്തതുകൊണ്ട് തിരുവനന്തപുരത്ത് എനിക്ക് കുറേ നല്ല സുഹൃത്തുക്കളെ കിട്ടി. കരി യുടെ ക്യാമറാമാനായ ലിനീഷാണ് ലൂക്കയുടെ സംവിധായകന് എന്നെ പരിചയപ്പെടുത്തിയത്.

ലിനീഷ് തന്നെയാണ് വീണ്ടുമൊരു മ്യൂസിക് ആല്‍ബം ചെയ്യുന്നത്. അങ്ങനെയാണ് കാട്രെ മൊഴി, കാറ്റേ നീ വീശരുതിപ്പോള്‍ എന്നീ പാട്ടുകള്‍ ഉള്‍പ്പെടുത്തിയ വിസ്പര്‍സ് ആന്‍ഡ് വിസില്‍സ് എന്ന ആല്‍ബം ചെയ്യുന്നത്. അതും സുഹൃത്തുക്കള്‍ക്കൊപ്പമുള്ളൊരു വര്‍ക്കായിരുന്നു.

അച്ഛനൊപ്പം അഭിനയിക്കണമെന്നില്ലേ?

തീര്‍ച്ചയായും. അത്തരമൊരു അവസരത്തിനായി അച്ഛനും ഞാനും കാത്തിരിക്കുകയാണ്.

സ്ത്രീയിലെ പുതിയ വിശേഷങ്ങളെന്തൊക്കെയാണ്?

എന്റെ പുതിയ സിനിമകള്‍ റിലീസാകുന്ന സന്തോഷത്തിലാണ് അച്ഛനും അമ്മയും. അനിയത്തിമാരായ ഹന്‍സികയും ദിയയും പഠനത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നു. ഇഷാനിയുടെ ക്ലാസ് കഴിഞ്ഞിരിക്കുകയാണ്.

വീട്ടില്‍ ബോസ് ഞാനാണെങ്കില്‍ അവര്‍ മൂന്നാളും ഒറ്റക്കെട്ടാണ്. എന്തെങ്കിലും ആവശ്യമുള്ളപ്പോഴാണ് എന്നോട് കൂടുതല്‍ കൂട്ടാകുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ സമയത്ത് ഏത് സെലക്ട് ചെയ്യണമെന്ന് അഭിപ്രായം ചോദിക്കുന്നത് എന്നോടാണ്. പഠനത്തിലെ സംശയങ്ങള്‍ ഇടയ്ക്കൊക്കെ ദിയ ചോദിക്കാറുണ്ട്.

സിനിമയെക്കുറിച്ച് മൂന്നുപേരും അഭിപ്രായങ്ങളൊക്കെ പറയുമെങ്കിലും ഇഷാനിയാണ് വളരെ സീരിയസായി അഭിപ്രായം പറയുന്നത്. മുമ്പൊക്കെ ഞങ്ങള്‍ തമ്മില്‍ വലിയ അടിയായിരുന്നു. ഇപ്പോഴത് കുറഞ്ഞിട്ടുണ്ട്. പരസ്പരം വലിയ പാരകളൊന്നുമില്ല.

പക്ഷേ വീട്ടില്‍ കോമഡിയായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞാനറിയാതെ വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമിലിട്ട് അവരെനിക്ക് പണി തരാറുണ്ട്. പക്ഷേ അവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലിടാനുള്ള ഫോട്ടോസൊക്കെ എടുത്ത് കൊടുക്കുന്നത് ഞാനാണ്.

അച്ഛന്‍ പകര്‍ന്നുതന്ന പാഠങ്ങള്‍?


പോസിറ്റിവിറ്റിയാണ് അച്ഛന്റെ ഏറ്റവും വലിയ ക്വാളിറ്റി. എന്തുസംഭവിച്ചാലും അതിലെ പോസിറ്റീവ് വശത്തെക്കുറിച്ചാണ് അച്ഛന്‍ ചിന്തിക്കുന്നത്. അതുപോലെ ഒരു കാര്യത്തിനുവേണ്ടി കഠിനമായി പരിശ്രമിച്ചിട്ടും കിട്ടാതെ പോയാല്‍ നിരാശപ്പെടരുത് എന്ന പാഠവും ഞാന്‍ അച്ഛനില്‍ നിന്നാണ് പഠിച്ചത്.
Interview With Actress Ahana Krishna Kumar

ഭാരിച്ച ഉത്തരവാദിത്തമാണല്ലോ അമ്മയ്ക്ക്?


അമ്മയെക്കെപ്പോഴും ഞങ്ങളുടെ കാര്യം നോക്കാനേ സമയമുള്ളൂ. സ്വന്തം കാര്യം പലപ്പോഴും മറക്കും. ഞങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അമ്മ അവിടെ ഉണ്ടാകും. പലരും ഒരു കുഞ്ഞിനെ വളര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഞാനോര്‍ക്കാറുണ്ട് ഞങ്ങള്‍ നാലുപേരുടെ കാര്യവും അമ്മയ്ക്ക് എങ്ങനെ നോക്കാന്‍ സാധിക്കുന്നുവെന്ന്.

എന്നെക്കാള്‍ കൂടുതല്‍ ഞാന്‍ നടിയാവണമെന്നാഗ്രഹിച്ചത് അമ്മയാണ്. ലൂക്ക കാണാന്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നതും അമ്മയാണ്. അതിലെ പാട്ട് റിലീസ് ചെയ്തപ്പോള്‍ ഫോണില്‍ അത് കുറഞ്ഞത് 25 തവണയെങ്കിലും കണ്ടുകാണും.

അഹാനയെക്കുറിച്ച് അഹാന പറഞ്ഞാല്‍?


വലിയ പ്രത്യേകതകളൊന്നുമില്ലാത്ത സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. കോണ്‍ഫിഡന്‍സ് കൂടുതലുള്ള കൂട്ടത്തിലാണ്. അംബീഷ്യസാണ്. ഒരുപാടാഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെയുണ്ട്. വളരെ സെന്‍സിറ്റീവുമാണ്. ദേഷ്യവും സങ്കടവുമൊക്കെ പെട്ടെന്നു പ്രകടിപ്പിക്കുന്ന ആളാണ്.

എന്റെ മാതാപിതാക്കള്‍ എന്നെ വളരെ സ്പെഷ്യലായി കാണുന്നതുകൊണ്ടാണ് ഇത്രയും കോണ്‍ഫിഡന്‍സ് എനിക്കുണ്ടായത്. അതുപോലെ എന്റെ നല്ല വശങ്ങളില്‍ അഭിനന്ദിക്കാനും അവര്‍ മടിക്കാറില്ല.

എല്ലാവര്‍ക്കുമറിയേണ്ടത് അഹാനയുടെ വിവാഹത്തെക്കുറിച്ചാണ്?

കറങ്ങിത്തിരിഞ്ഞ് വിവാഹത്തില്‍ എത്തുമെന്ന് എനിക്കറിയാമായിരുന്നു. പേളിയുടെ ബ്രൈഡ് ഗേളായപ്പോഴും ബൊക്കൈ കിട്ടിയപ്പോഴും പലരും അന്വേഷിച്ചത് എന്നാണ് എന്റെ വിവാഹമെന്നാണ്. ബൊക്കെ കൈയില്‍ കിട്ടിയെന്ന് കരുതി കല്യാണം കഴിക്കാനാവില്ലല്ലോ.

വീട്ടില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാറേയില്ല. ഒരു കൊച്ചുകുട്ടിയായിട്ടാണ് എന്നെയവര്‍ കാണുന്നത്. ഉടനെയൊന്നും വിവാഹമുണ്ടാവില്ല.

ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍?

ആഗ്രഹിക്കുന്നതുപോലെയൊക്കെ കിട്ടണമെന്നില്ലല്ലോ. അതുകൊണ്ട് വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല. എങ്കിലും റിയലായ, ജനുവിനായ ആളായിരിക്കണം. ഒരു മുഖംമൂടിയണിയാതെ ഒരാളെന്താണോ അതുപോലെ പെരുമാറുന്ന ആളായിരിക്കണം.

എതു പ്രൊഫഷനിലുള്ള ആളാണെങ്കിലും ആ മേഖലയില്‍ പെര്‍ഫെക്ടായിരിക്കണം, അത്യാവശ്യം നന്മയുള്ള സെന്‍സ് ഓഫ് ഹ്യൂമറുള്ള ആളായിരിക്കണം ഇങ്ങനെയുള്ള കൊച്ച് കൊച്ച് ആഗ്രഹങ്ങളൊക്കെയേ ഉള്ളൂ.

Interview With Actress Ahana Krishna Kumar

സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള അനുഭവങ്ങള്‍?


പേജില്‍ വരുന്ന കമന്റുകളൊക്കെ വായിക്കാറുണ്ട്. അതില്‍ നല്ലതും മോശവുമായ കമന്റുകളുണ്ടാവാറുണ്ട്. മോശം കമന്റ് ചെയ്യുന്നവരുടെ അക്കൗണ്ട് നോക്കിയാല്‍ മനസിലാകും അത് ഫെയ്ക് ആണെന്ന്.

ഈ പറയുന്നവരൊന്നും നമ്മുടെ മുമ്പില്‍ വന്ന് മുഖത്തുനോക്കി മോശമായി സംസാരിക്കാന്‍ ധൈര്യപ്പെടില്ല. ഇങ്ങനെയൊക്കെ പറയുമ്പോള്‍ അവര്‍ക്ക് സന്തോഷം കിട്ടുമായിരിക്കും. വളരെ വൃത്തികെട്ട കമന്റിടുന്നവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറുണ്ട്.

സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിച്ചാല്‍ വളരെ നല്ലൊരു പ്ലാറ്റ്ഫോമാണ്. ഞാന്‍ മൂന്ന് സിനിമകളിലേ അഭിനയിച്ചിട്ടുള്ളു എങ്കിലും എനിക്ക് കിട്ടുന്ന സപ്പോര്‍ട്ട് വളരെ വലുതാണ്. എല്ലാവരുമെന്നെ തിരിച്ചറിയുന്നുണ്ട്. എന്തിനേറെ, സിനിമ പ്രമോഷന്‍ വരെ സോഷ്യല്‍മീഡിയയിലൂടെയാണ് നടക്കുന്നത്.

മുമ്പ് എല്ലാവരും ഓര്‍ക്കൂട്ടിലായിരുന്നു. ഇപ്പോഴത് വാട്സാപ്പും ഇന്‍സ്റ്റഗ്രാമുമായി. ഒരു 10 വര്‍ഷം കഴിയുമ്പോള്‍ ഇതൊക്കെ ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ഏതൊരു മീഡിയമായാലും അത് നല്ലതിന് മാത്രം ഉപയോഗിക്കണം. അത്രമാത്രം.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW