Monday, July 15, 2019 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 02.27 AM

പോലീസിന്റെ ആത്മവീര്യം തകര്‍ക്കരുത്‌

uploads/news/2019/07/321950/editorial.jpg

സംസ്‌ഥാനത്തെ മുഴുവന്‍ പോലീസുകാരും ഉരുട്ടിക്കൊലക്കാരല്ല, കസ്‌റ്റഡി മര്‍ദ്ദകരല്ല, മനുഷ്യാവകാശലംഘകരല്ല, പീഡകരുമല്ല. മറിച്ച്‌ പോലീസ്‌ ജനസേവകരും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന സംവിധാനവുമാണ്‌. പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ വളരെച്ചെറിയ ഒരു വിഭാഗം മാത്രമാണ്‌ മനുഷ്യാവകാശലംഘകരായിട്ടുള്ളത്‌. വാദിയെ പ്രതിയാക്കുന്നവരും ഇരകള്‍ക്കു മേല്‍ കുതിരകയറുന്നവരും പോലീസിന്റെ സംഖ്യയെടുക്കുമ്പോള്‍ വളരെക്കുറച്ചുപേര്‍ മാത്രമാണ്‌. ആ ഒരു ന്യൂനപക്ഷം ചെയ്യുന്ന ക്രൂരതകളുടെ പേരില്‍ പോലീസ്‌സംവിധാനത്തെത്തന്നെ ജനങ്ങളും ഉന്നത ഉദ്യോഗസ്‌ഥരും രാഷ്‌ട്രീയപാര്‍ട്ടികളും ചേര്‍ന്നു ഷണ്ഡീകരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കുള്ള സംരക്ഷണവും സുരക്ഷിതത്വവുമാണ്‌ നഷ്‌ടപ്പെടുന്നത്‌.

കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ മുട്ടം നഗരത്തില്‍ ജയില്‍ ശിക്ഷകഴിഞ്ഞിറങ്ങിയയാള്‍ മദ്യപിച്ച്‌ മദോന്മത്തനായി കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ മാത്രം മതി പോലീസ്‌ സംവിധാനത്തെ സമീപകാല സംഭവങ്ങള്‍ എത്രമാത്രം നിര്‍വീര്യമാക്കിയെന്നു തെളിയിക്കാന്‍. വെള്ളിയാഴ്‌ച്ച വൈകിട്ട്‌ അഞ്ചരയോടെ നഗരത്തിലിറങ്ങിയ ഇയാള്‍ അസഭ്യവര്‍ഷവുമായി വാഹനങ്ങള്‍ തടയുകയും വ്യക്‌തികളെ കൈയേറ്റം ചെയ്യുകയും ചെയ്‌തിട്ടും സ്‌ഥലത്തുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ നടപടിയെടുക്കാന്‍ മടിച്ചു നില്‍ക്കുകയാണുണ്ടായത്‌. ജയിലില്‍ നിന്നിറങ്ങിയ റീലിസിങ്‌ ഓര്‍ഡര്‍ കാണിച്ച്‌ പോലീസുദ്യോഗസ്‌ഥരെയും വിരട്ടാന്‍ ശ്രമിച്ച്‌ ഇയാള്‍ മുട്ടം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തിയശേഷമാണ്‌ സ്‌ഥലം വിട്ടത്‌.

അക്രമം കാണിച്ചയാളെ കസ്‌റ്റഡിയിലെടുക്കാന്‍ ഉദ്യോഗസ്‌ഥര്‍ മടിച്ചെങ്കില്‍ അവരെ കുറ്റം പറയാനാവില്ലാത്തവിധം നമ്മുടെ സാമൂഹികാന്തരീക്ഷവും പോലീസുദ്യോഗസ്‌ഥരുടെ ഔദ്യോഗിക അന്തരീക്ഷവും ഒന്നു രണ്ടു സംഭവങ്ങള്‍കൊണ്ട്‌ അത്രമാത്രം മാറിക്കഴിഞ്ഞു.
സത്യസന്ധമായും ആത്മാര്‍ഥമായും കര്‍ത്തവ്യനിര്‍വ്വഹണം നടത്തുന്ന ഉദ്യോഗസ്‌ഥരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാരിനും സമൂഹത്തിനും ബാധ്യതയും കടപ്പാടുമുണ്ട്‌. കൊലപാതകക്കേസിലെ പ്രതികളും കള്ളവാറ്റും കഞ്ചാവു കച്ചവടവും നടത്തുന്നവരും കസ്‌റ്റഡിയിലെടുക്കുമ്പോള്‍ പോലീസ്‌ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ രക്ഷപെടാന്‍ ശ്രമിക്കുന്നത്‌ സമീപകാലപ്രവണതയായി മാറിയിരിക്കുന്നു. അതിന്‌ ചിലര്‍ ഒത്താശ ചെയ്യുകകൂടി ചെയ്യുമ്പോള്‍ ആത്മാര്‍ഥമായി ജോലിചെയ്യുന്നവരുടെ ആത്മവീര്യം ചോര്‍ന്നുപോകുന്നത്‌ സമൂഹത്തിന്‌ നല്ലതല്ല. ഈ പഴുതില്‍ കൂടി സാമൂഹിക വിപത്തുകള്‍ വളര്‍ന്നു പന്തലിക്കുകയും അരാജകത്വം സമൂഹത്തില്‍ വളരുകയും ചെയ്യും.
കുറ്റവാളികളുള്‍പ്പെട്ട ഛിദ്രശക്‌തികള്‍ ക്രമസമാധാനമേഖലയിലെ പഴുതുകളിലൂടെ നേട്ടമുണ്ടാക്കാന്‍ കാത്തിരിക്കുന്നവരാണ്‌. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ കൈകഴുകി രക്ഷപെടുന്നതും പോലീസ്‌ ഉദ്യോഗസ്‌ഥരുടെ ആത്മവീര്യം തകര്‍ക്കുന്നതില്‍ പ്രധാനഘടകമാണ്‌. പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന രീതിയിലുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ നിര്‍ദേശങ്ങളാകട്ടെ കീഴുദ്യോഗസ്‌ഥരില്‍ നിഷ്‌ക്രിയത്വം ഉണ്ടാക്കുന്നവയാണ്‌.
സമരങ്ങളിലും പ്രതിഷേധപ്രകടനങ്ങളിലും ആദ്യം ആക്രമിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും പോലീസുകാരാണ്‌. അതും ജനങ്ങള്‍ക്കിടയില്‍ ജോലിചെയ്യുന്ന താഴേത്തട്ടിലുള്ള സാധാരണക്കാരായ ഉദ്യോഗസ്‌ഥര്‍. ആ പ്രവണത മാറേണ്ടത്‌ നല്ല ഒരു സമൂഹത്തിന്‌ അത്യന്താപേക്ഷിതമാണ്‌. നിയമപാലകര്‍ കല്ലെറിയപ്പെടേണ്ടവരല്ലെന്ന ബോധ്യം സമൂഹത്തിനുണ്ടാക്കേണ്ട ഉത്തരവാദിത്തം രാഷ്‌ട്രീയ ഭരണനേതൃത്വങ്ങള്‍ക്കുണ്ട്‌. അതോടൊപ്പം കുറ്റവാളികളായ ഉദ്യോഗസ്‌ഥരെ ശിക്ഷിക്കാനും പോലീസ്‌ സംവിധാനത്തെ ശുദ്ധീകരിക്കാനും. കാര്യക്ഷമമായ ആത്മവീര്യമുള്ള ഒരു പോലീസ്‌ സംവിധാനത്തിനെ സമൂഹത്തിന്‌ സംരക്ഷണം നല്‍കാനാവൂ.

Ads by Google
Monday 15 Jul 2019 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW