Tuesday, July 17, 2018 Last Updated 51 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 12 Sep 2016 04.56 PM

ത്രീവിക്രമാ വാമനമൂര്‍ത്തീ...

uploads/news/2016/09/32186/vamanamoorthitempl.jpg

വാമനനെ പ്രതിഷ്ഠയാക്കി ആരാധിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ക്ഷേത്രങ്ങളെക്കുറിച്ച്...

തം നര്‍മ്മദായാസ്തട ഉത്തരേ ബാലേര്‍
യ ഋത്വിജസ്തേ ഭൃഗുകച്ഛസംജ്ഞകേ
പ്രവര്‍ത്തയന്തോ ഭൃഗവാ, ക്രതുത്തമം.
വ്യചക്ഷതാരാദുദിതം യഥാ രവിം.

വാമനഭഗവാനെ പ്രകീര്‍ത്തിക്കുന്ന ശ്ലോകമാണിത്. ഹൈന്ദവപുരാണമനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ആദ്യ മനുഷ്യരൂപം. മഹാബലിയെ പാതാളത്തിലേക്കയക്കാന്‍ അവതരിച്ച വാമനന്‍.

മഹാബലിത്തമ്പുരാനെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണല്ലോ ഓണം. മൂന്നടി കൊണ്ട് ലോകമളന്നതിനാല്‍ വാമനന് ത്രിവിക്രമമൂര്‍ത്തിയെന്നും പേരുണ്ട്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ് വിശ്വരൂപം കാണിച്ചിട്ടുള്ളത്. വാമനന്റെ അവതാരത്തെക്കുറിച്ച് കഥകളുമൊട്ടേറെ.

തൃക്കാക്കര വാമനമൂര്‍ത്തിക്ഷേത്രം


കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാമനമൂര്‍ത്തിക്ഷേത്രമാണ് തൃക്കാക്കര വാമനക്ഷേത്രം. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ നിന്നു രണ്ടു കിലോമാറ്റര്‍ മാറിയാണ് ക്ഷേത്രം.

ബി.സി.നാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച മെഗസ്തനീസ് ഈ ക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലില്‍ കടല്‍ത്തിരമാലകള്‍ അടിക്കുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. എ.ഡി. 604ല്‍ 40-ാം ചേരരാജാവായ ആര്യപ്പെരുമാള്‍ വാമനമൂര്‍ത്തി ക്ഷേത്രം പുതുക്കിപ്പണിത് പ്രതിഷ്ഠ നടത്തി ഓണാഘോഷത്തിന് തുടക്കം കുറിച്ചു.

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് തൃക്കാക്കരയിലെ ആറാട്ട്. ആദ്യ നാളുകളില്‍ കര്‍ക്കിടക മാസത്തിലെ തിരുവോണനാളില്‍ കൊടികയറി ചിങ്ങത്തിലെ തിരുവോണനാളില്‍ ആറാട്ടോടെയായിരുന്നു ഉത്സവം ആഘോഷിച്ചിരുന്നത്.

ക്ഷേത്രത്തിന്റെ തിരുമുറ്റത്തോട് ചേര്‍ന്ന് കപിലതീര്‍ത്ഥം എന്ന ഒരു കുളമുണ്ട്. ഐതിഹ്യം തളംകെട്ടിയ കുളം. തപസ്സ് ചെയ്യാന്‍ പറ്റിയ സ്ഥലമന്വേഷിച്ച് നടന്ന കപിലന്‍ തൃക്കാക്കരയില്‍ എത്തി. ആ പ്രദേശത്തെ ഭംഗി അദ്ദേഹത്തെ ആകര്‍ഷിച്ചു.

പക്ഷേ സമീപത്തെങ്ങും വെള്ളമില്ല. നിരാശനാകാതെ അദ്ദേഹം ഒരു കുളം കുഴിച്ചു. അതില്‍ മഹാവിഷ്ണുവിനെ ആരാധിക്കാന്‍ താമരയും ചെങ്ങഴിനീര്‍ പൂക്കളും വളര്‍ത്തി.

അവിടെ താമസിച്ച് ഭഗവാനെ ഭജിച്ചു. സംപ്രീതനായ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ആത്മാര്‍ത്ഥതയോടെ ഭജിക്കുന്ന ഭക്തര്‍ക്ക് തുടര്‍ന്നും ദര്‍ശനമേകാന്‍ ഇവിടെത്തന്നെ വസിക്കണമെന്ന കപിലന്റെ അഭ്യര്‍ത്ഥന ഭഗവാന്‍ അംഗീകരിച്ചത്രേ! ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് രണ്ട് സെന്ററോളം വിസ്തൃതിയില്‍ അമ്പലക്കുളം കാണാം.

യഥാര്‍ത്ഥത്തില്‍ ഈ കുളത്തിന്റെ വിസ്തൃതി എട്ടേക്കര്‍ 40 സെന്റ്ായിരുന്നെന്നും നടുവില്‍ എട്ട് സെന്റില്‍ ഒരു തുരുത്തായതിനാല്‍ ഭദ്രകാളി സാന്നിദ്ധ്യമുെണ്ടന്നും പഴമക്കാര്‍ പറയുന്നു.

മിത്രാനന്ദപുരം വാമനക്ഷേത്രം


തൃശ്ശൂര്‍ പെരുവനം ഗ്രാമത്തിലെ വാമനക്ഷേത്രമാണ് മിത്രാനന്ദപുരം. നഗരത്തില്‍ നിന്നു 10 കിലോമീറ്റര്‍ മാറി തൃപ്രയാര്‍ റൂട്ടിലാണ് ക്ഷേത്രം. ഇരിങ്ങാലക്കുട എത്തിയ ശേഷം കൊടുങ്ങല്ലൂര്‍ ബസ്സില്‍ കയറി പെരുമ്പിള്ളി ജംഷനില്‍ ഇറങ്ങിയാല്‍ മതി. ഇവിടെ നിന്നു അരക്കിലോമീറ്റര്‍ മാറിയാണ് ക്ഷേത്രം.

കാലാകാലങ്ങളായി ഈ ക്ഷേത്രത്തില്‍ നടത്തുന്ന ആചാരങ്ങളാണ് സമ്പൂര്‍ണ്ണ യജുര്‍വ്വേദ യഞ്ജവും വേദം ഉരുവിടുന്ന രീതിയും. ഏകദേശം 1500 വര്‍ഷം മുന്‍പേ മിത്രാനന്ദപുരം ക്ഷേത്രത്തില്‍ വാമനനെ ആരാധിച്ചു തുടങ്ങി. ഊരാണ്മ നമ്പൂതിരി ഇല്ലങ്ങളായ ആലാട്ടുമന, പട്ടച്ചോമരയത്ത്, അക്കാച്ചിറ്റൂര്‍ എന്നിവയുടെ കീഴിലാണ് ക്ഷേത്രം.

രാവിലെ 5.30 മുതല്‍ 10.30 വരെയും വൈകീട്ട് 5.30 മുതല്‍ 7.30 വരെയുമാണ് നടതുറപ്പ്്. മിത്രാനന്ദപുരത്തെ മറ്റൊരു പ്രധാനപ്പെട്ട ഉപക്ഷേത്രമാണ് നക്ഷത്ര വൃക്ഷ ക്ഷേത്രം. 27 നക്ഷത്ര ദേവതകള്‍ ഇവിടെയുെണ്ടന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

തിരുവെള്ളൂര്‍ ശ്രീവാമനസ്വാമി ക്ഷേത്രം


ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കാത്ത ഒരേയൊരു വാമനക്ഷേത്രമാണ് തിരുവെള്ളൂര്‍ വാമനക്ഷേത്രം. മാത്രമല്ല, ഉത്സവത്തിന് വെടിക്കെട്ട് ഇല്ലാത്ത ക്ഷേത്രമാണിത്.

കേരളത്തിലെ പ്രധാനപ്പെട്ട രണ്ട്‌വാമനക്ഷേത്രങ്ങളില്‍ ഒന്നാണിത്. ബാല്യാവസ്ഥയിലുള്ള വാമനനാണ് ഇവിടത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് തിടമ്പെടുക്കുന്നത്.

പണ്ട് കാലത്ത് ഈ ക്ഷേത്രത്തിലേക്ക് പ്രവേശിച്ച ആന കല്ലായിപ്പോയി എന്നൊരു വിശ്വാസമുണ്ട്. അന്ന്്് ആനയെ ചാരി വച്ചിരുന്ന കാഞ്ഞിരത്തിന്റെ വടി ഇപ്പോഴും അവിടെയുണ്ട്.

എല്ലാ വര്‍ഷവും ആ കാഞ്ഞിരം വെട്ടി നിര്‍ത്തും. അടുത്തുള്ള ക്ഷേത്രത്തിലേക്ക് ആനയെ കൊണ്ടുപോവുന്നെങ്കില്‍ ഒരിക്കലും ക്ഷേത്രത്തിന് സമീ
പത്ത് കൂടി കൊണ്ടുപോവില്ല. ഒരിക്കല്‍ ഈ ക്ഷേത്രത്തിന് സമീപത്ത് കൂടി ആനയെ കൊണ്ടുപോയപ്പോള്‍ അത് അകാരണമായി ശബ്ദമുണ്ടാക്കി.

പ്രത്യേക ആകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിനുള്ളില്‍ തന്നെ കിണറുണ്ട്. ഒരിക്കലും വറ്റാത്ത കിണറാണിത്. പാല്‍പ്പായസമാണ് പ്രധാന വഴിപാട്. പാല്‍പ്പായസത്തിന് മധുരമില്ല. മധുരം ചേര്‍ക്കാതെയാണ് പായസം ഉണ്ടാക്കുന്നത്. അഞ്ച് പൂജകളാണ് ഇവിടെ നടത്താറുള്ളത്. പെരുന്തച്ചനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ വാമനമൂര്‍ത്തിക്ക്
1.പാല്‍പ്പായസം, 2.പിഴിഞ്ഞുപായസം, 3.തുളസിമാല, 4.നെയ്വിളക്ക്, 5.കദളിപ്പഴം 6.തിരുവോണ ഊട്ട്, 7. ചാക്യാര്‍ കൂത്ത്, 8. ചതുശ്ശതം, 9. വലിയവിളക്ക് തെളിക്കല്‍

ആനക്കുടി തിരുവാമനപുരം ക്ഷേത്രം


തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് തിരുവാമനപുരം ക്ഷേത്രം. വാമനപുരത്ത് നിന്നു കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം തിരുവോണദിനത്തില്‍ ആറാട്ടോടുകൂടിയാണ് അവസാനിക്കുന്നത്.

ചേലാമറ്റം വാമനനരസിംഹ ക്ഷേത്രം


ഈ ക്ഷേത്രത്തില്‍ ഭക്തരെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് ഇവിടെയുള്ള അലങ്കാര ഗോപുരങ്ങളാണ്. എറണാകുളം ജില്ലയിലാണ് ചേലാമറ്റം. കാലടി പെരുമ്പാവൂര്‍ ബസ് റൂട്ടാണ് ഇവിടെ എത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം. ആലുവ റയില്‍വേ സ്റ്റേഷനില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ളത്.

ശില്‍പ ശിവ വേണുഗോപാല്‍

Ads by Google
Monday 12 Sep 2016 04.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW