Sunday, July 08, 2018 Last Updated 35 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 12 Sep 2016 04.29 PM

ഉത്രാടനിലാവു പെയ്ത ഗാനസരണിയില്‍...

uploads/news/2016/09/32180/SreekumaranThampi.jpg

പതിറ്റാണ്ടുകളായി ഓണത്തിന്റെ പര്യായമായിത്തീര്‍ന്ന ലളിതഗാനങ്ങള്‍.സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീകുമാരന്‍ തമ്പി, തന്റെ ഓണപ്പാട്ടുകളിലൂടെ ഒരു യാത്ര പോകുകയാണ്...

ഒരു നുള്ളു കാക്കപ്പൂ കടം തരുമോ...,,,പൂവിളി പൂവിളി പൊന്നോണമായ്.... ഉത്രാടപൂനിലാവേ വാ.... മലയാളിയുടെ മനസ്സില്‍ ഓണപ്പാട്ടുകളായി വര്‍ഷങ്ങള്‍ക്കു മുമ്പേ പതിഞ്ഞു പോയ ലളിതഗാനങ്ങള്‍. യേശുദാസിന്റെ തരംഗിണി തുടക്കമിട്ട ചലച്ചിത്രേതരസംഗീതഗാനസമാഹാരങ്ങളുടെ ഭാഗമായി പുറത്തിറങ്ങിയ ഉത്സവഗാനങ്ങളിലൂടെയും ഓണപ്പാട്ടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഇവയെല്ലാം ഒറ്റത്തൂലികയില്‍ നിന്ന് പിറന്നതാണെന്ന് പുതുതലമുറയില്‍ പലര്‍ക്കുമറിയില്ല. ഹൃദയരാഗങ്ങളുടെ കവിയായ ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍ വിരിഞ്ഞ ഈ ഗാനങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഗാനങ്ങളും ആരാധകര്‍ നെഞ്ചോടു ചേര്‍ത്തതാണ്.

ചലച്ചിത്രസംഗീതത്തില്‍ ഇത്രയധികം മാറ്റങ്ങള്‍ കണ്ടറിഞ്ഞ മറ്റൊരു കവി ഇന്നില്ല. സംഗീതരചയിതാവ്, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മിക്ക മേഖലകളിലും തന്റെ കൈയൊപ്പ് ചാലിച്ച്, വെള്ളിത്തിരയില്‍ 50 വര്‍ഷം തികയ്ക്കുന്ന ശ്രീകുമാരന്‍ തമ്പി തന്റെ ഓണപ്പാട്ടുകളുടെ നിറവിലേക്ക്...

''തുയിലുണരൂ തുയിലുണരൂ തുമ്പികളെ
തുമ്പപ്പൂകാട്ടിലെ വീണകളേ
തിരുവോണപ്പുലരി വന്നു
തൃക്കാക്കര നടതുറന്നൂ...''..


ഈ പാട്ടിന് വെള്ളിത്തിരയിലേക്കുള്ള എന്റെ തുടക്കവുമായി വളരെയേറെ ആത്മബന്ധമുണ്ട്. പാട്ടിന്റെ ഓര്‍മ്മകളിലേക്ക് പോകും മുമ്പ് അതാദ്യം പറയാം.

പതിനെട്ടു വയസ്സില്‍ ഞാനെഴുതിയ കാക്കത്തമ്പുരാട്ടി സിനിമയാക്കാന്‍ മെറിലാന്‍ഡിനെ സമീപിച്ചു. തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതോടെ സിനിമാമോഹം പാടെ ഉപേക്ഷിച്ചു. പക്ഷേ ഞാനതിലെഴുതിയ പാട്ടുകള്‍ കണ്ട് പി.സുബ്രഹ്മണ്യം കാട്ടുമല്ലിക എന്ന സിനിമയ്ക്കു പാട്ടെഴുതാന്‍ വിളിച്ചു. അതെന്റെ സിനിമയിലേക്കുള്ള തുടക്കമായി.

ആദ്യത്തെ സിനിമയില്‍ ഞാനെഴുതിയ 10 പാട്ടുകളുണ്ടായിരുന്നു. യേശുദാസ് എന്ന നല്ല ഗായകനുണ്ടായിരുന്നെങ്കിലും ഇതില്‍ യേശുദാസ് പാടിയത് ഒരേ ഒരു പാട്ടു മാത്രമാണ്. റിഹേഴ്‌സല്‍ സമയത്താണ് ഞാനാദ്യമായി യേശുവിനെ കാണുന്നത്.

പിന്നീെടന്റെ തിരക്കഥയിലിറങ്ങിയ ചിത്രമേള എന്ന ചലച്ചിത്രസമാഹാരത്തിലെ അപസ്വരങ്ങളില്‍ എന്റെ എട്ടു പാട്ടുകളുണ്ടായിരുന്നു. കണ്ടു പരിചയം മാത്രമേയുള്ളുവെങ്കിലും യേശു പാടിയാല്‍ മതിയെന്ന് ഞാനന്ന് അഭിപ്രായപ്പെട്ടു.

ഒരു ഗായകന്റെ കഥ പറയുമ്പോള്‍ അതില്‍ എല്ലാ ശബ്ദവും ഒരു പോലെ വേണമെന്ന എന്റെ വാക്കിന് വില നല്‍കി യേശുവിന് അതിലെ എല്ലാ പാട്ടും പാടാനായി. ഫീല്‍ഡില്‍ വന്ന് അഞ്ചു വര്‍ഷത്തിനു ശേഷം ഒരു സിനിമയിലെ മുഴുവന്‍ പാട്ടുകളും യേശു പാടുന്നത് അതിലാണ്.

കൊച്ചിന്‍ എക്‌സ്പ്രസ് എന്ന സിനിമയിലൂടെയാണ് ദക്ഷിണാമൂര്‍ത്തി സ്വാമിയുമായി പരിചയപ്പെടുന്നത്. പിന്നീട് യേശുവും ദക്ഷിണാമൂര്‍ത്തി സ്വാമിയും ഞാനും ചേര്‍ന്നുള്ള ഒരുപാട് പാട്ടുകളിറങ്ങി. അതെല്ലാം ജനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. യേശുവിന് മാര്‍ക്കറ്റായി.

അ തോടെ യേശുദാസിന്റെ മാത്രം ഡിസ്‌ക് ഇറക്കാന്‍ ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യ (എച്ച്.എം.വി) തീരുമാനിച്ചു. അങ്ങനെ മധുരഗീതങ്ങള്‍ എന്ന സംഗീതആല്‍ബം തയാറാക്കാന്‍ അവര്‍ എന്നെയും സ്വാമിയെയും സമീപിച്ചു.

വയലാര്‍- ദേവരാജന്‍, പി. ഭാസ്‌കരന്‍-ബാബുരാജ് ടീം ഇവരൊക്കെ മുന്നില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ ഞങ്ങളെ സമീപിക്കാനൊരു കാരണമുണ്ട്. 1968ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞത് ഞങ്ങളുടെ പാട്ടുകളാണ്. ഏതായാലും ഞങ്ങളതിന് സമ്മതം മൂളി.

ഗായകനാരെന്ന കാര്യത്തില്‍ എച്ച്.എം.വിയ്ക്ക് സംശയമില്ല. കാരണം അന്നൊക്കെ ഓരോ പാട്ടുകാരും സംഗീതകമ്പനിയുമായി കരാര്‍ ഒപ്പിടണം. യേശുദാസന്ന് എച്ച്.എം.വിയുടെ പാട്ടുകാരനാണ്. അങ്ങനെ 1969 ല്‍ ഞാനെഴുതി സ്വാമിയുടെ സംഗീതത്തില്‍ മധുരഗീതങ്ങള്‍ക്ക് വേണ്ടി പന്ത്രണ്ട് പാട്ടുകള്‍ യേശു പാടി.

അതിലെ തുയിലുണരൂ തുയിലുണരൂ തുമ്പികളെ എന്ന പാട്ടും ഓണക്കോടിയുടുത്തു മാനം മേഘകസവാലെ എന്ന പാട്ടുമാണ് ഓണത്തെപ്പറ്റി ഞാനെഴുതിയ ആദ്യ ഹിറ്റുകള്‍. എന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്കായിരുന്നു അത്. ഫീല്‍ഡിലെത്തി മൂന്നു വര്‍ഷം മാത്രം കഴിഞ്ഞ്, പി. ഭാസ്‌കരനും വയലാറും ഹിറ്റായി നില്‍ക്കുന്ന സമയത്ത് അങ്ങനെയൊരവസരം വലിയ കാര്യമായിരുന്നു. 47 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും അതിലെ പാട്ടുകള്‍ വിപണിയിലുണ്ട്.

എന്റെ ആദ്യ സംഗീത ആല്‍ബമെന്നതല്ലാതെ അതിന് വേറെയും ചില പ്രത്യേകതകളുണ്ട്. ആ കാലഘട്ടങ്ങളില്‍ ക്ലാസിക് കൃതികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് രണ്ടു വശങ്ങളിലും 15 മിനിറ്റ് ദൈര്‍ഘ്യമുള്ള 33 ആന്‍ഡ് വണ്‍ ബൈ ത്രീ ആര്‍.പി.എം ഡിസ്‌ക്.

ഒരു ലോംഗ് പ്ലെയര്‍ റെക്കോര്‍ഡറില്‍ കച്ചേരികളല്ലാത്ത പാട്ടുകള്‍ ആദ്യമായി ഇറക്കിയതും യേശുദാസിന്റെ ശബ്ദം ആദ്യമായി സ്റ്റീരിയോയില്‍ ആലേഖനം ചെയ്തതും മധുരഗീതങ്ങളിലൂടെയാണ്. ആ ആല്‍ബം വന്‍ ഹിറ്റായതോടെ മധുരഗീതങ്ങളുടെ രണ്ടാം ഭാഗവും അവരിറക്കി.

ലക്ഷങ്ങള്‍ അവര്‍ക്ക് ലാഭം കിട്ടുമ്പോള്‍ എനിക്കും സ്വാമിക്കും 500 രൂപയാണവര്‍ തന്നത്. അത് പറഞ്ഞ് സ്വാമി ഉടക്കി. സ്വാമിയുടെ മൂന്നു ട്യൂണും എന്റെ ആറു കവിതകളും അതിനോടകം അവര്‍ക്ക് കിട്ടിയിരുന്നു. സ്വാമി പറഞ്ഞതോടെ ഞാനും കൊടുക്കാതെയായി.

യേശുദാസ് പാടിയെങ്കിലും ഞാനും സ്വാമിയും ചേര്‍ന്നുള്ള മൂന്നു പാട്ടുകളും ഞാനെഴുതിയ മറ്റു മൂന്നു പാട്ടുകളും മാത്രമാണതില്‍ ഹിറ്റായത്. ബിസിനസ്സ് തന്ത്രം അറിയാവുന്നതു കൊണ്ട് ആദ്യ ഡിസ്‌കിലെ 12 പാട്ടും രണ്ടാമത്തേതിലെ ആറും ചേര്‍ത്തവര്‍ 18 പാട്ടാക്കി എന്നും മധുരം എന്ന പേരിലിറക്കി. അതും സൂപ്പര്‍ഹിറ്റായി. അത് ഇന്നും കേള്‍ക്കാത്ത സംഗീതപ്രേമികളില്ല.

Monday 12 Sep 2016 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW