Sunday, August 20, 2017 Last Updated 50 Min 42 Sec ago English Edition
Todays E paper
Monday 12 Sep 2016 04.03 PM

ബാഹുബലി... മഹാബലി... കബാലി... ഡാ

uploads/news/2016/09/32177/HumourMahabaliDaaaa.jpg

മൂന്നാമത്തെ അടി തന്റെ തലയില്‍ വയ്ക്കാനെത്തിയ വാമനനോട് മലയാളത്തിന്റെ പ്രിയ താരങ്ങള്‍ക്കുള്ള മറുപടി എന്തായിരിക്കും ?

കള്ളവും ചതിയുമില്ലാതെ മാനുഷരെല്ലാരുമൊന്നുപോലെ സമത്വത്തോടെ ജീവിച്ചിരുന്ന കാലം. വര്‍ത്തമാനകാലത്ത് അങ്ങനെയൊരു ജനകീയ ഭരണം വരുമോ എന്നു പോലും സംശയിക്കേണ്ട, വരില്ല...

ഇത്ര ജനകീയനായിട്ടും മഹാബലിയെ പാതാളത്തിലേക്ക് പറഞ്ഞു വിടാന്‍ മൂന്നടി ചോദിച്ചെത്തിയ വാമനനെ ദൈവാംശമായി കരുതുക പോയിട്ട് അംഗീകരിക്കുക തന്നെ ബുദ്ധിമുട്ടാണ്. അല്ല അതുകൊണ്ടാകും ഇന്നത്തെ തലമുറയിലെ ആരും മഹാബലിയാകാനുള്ള ശ്രമം പോലും നടത്താത്തത്.

പക്ഷേ വേറെ ഒരു കാര്യമുണ്ട് കേട്ടോ, ജനകീയ ഭരണം കാഴ്ചവെച്ചില്ലെങ്കിലും ഭരണം കൈയിലായ ശേഷം തന്റെ ഭരണപ്രദേശത്തെ മൂന്നടി ചോദിച്ച് ഇന്നത്തെ ഭരണാധികാരികളുടെ മുന്നിലെങ്ങാനും വാമനന്‍ എത്തിയാല്‍ എന്താകും അവസ്ഥ... മൂന്നാമത്തെ അടി പോയിട്ട് തന്റെ സ്ഥലത്ത് ഒന്ന് എത്തിനോക്കാന്‍ പോലും ആരെങ്കിലും സമ്മതിക്കുമോ? അതല്ല ഫഌറ്റില്ലാത്ത തുണ്ടുഭൂമി കേരളത്തിലുണ്ടാവുമോ?

ബാറില്ലാത്ത കേരളത്തില്‍, ജിഷയില്ലാത്ത കേരളത്തില്‍, സരിത വാഴുന്ന കേരളത്തില്‍, മഹാബലിയായിരുന്നെങ്കില്‍ വാമനനോട് എന്താകുമായിരുന്നു നിലപാടെന്ന വെളിപാടുകളുമായി കന്യകയുടെ ഓണക്കോടിക്കൊപ്പം ചേരുകയാണു പ്രേക്ഷകമനസ്സില്‍ ഇടം നേടിയ മിനിസ്‌ക്രീന്‍ സൂപ്പര്‍താരങ്ങളായ രമേഷ് പിഷാരടിയും, പ്രസീദയും, സുബിയും, സാജു കൊടിയനും, വിനോദ് കെടാമംഗലവും...

വാമനാ... ധര്‍മ്മജാ... - രമേഷ് പിഷാരടി

ഹാ..ഹാ.. ഹാ... ഘോഷയാത്രയിലൊക്കെ വയറുവച്ച്കിട്ട്, മീശയെപിരിച്ചുകിട്ട്, ഓലക്കുടയും ചൂടി; വാമനന്‍ വന്നു വിളിക്കുമ്പോള്‍ കുനിഞ്ഞ് ശൊല്ലുകെ യശ്മാന്‍ എന്നു പറയുന്ന മാവേലി എന്നു കരുതിയോ, പിഷാരടി ഡാ....

കൃഷ്ണനെ അമ്പെയ്തു, ക്രിസ്തുവിനെ കുരിശിലടിച്ചു, ഗാന്ധിജിയെ വെടിവച്ചു, മഹാബലിയെ ചവിട്ടിത്താഴ്ത്തി... ചരിത്രവും പുരാണവും പരിശോധിച്ചാല്‍ നല്ലത് ചെയ്തവന്റെയെല്ലാം അവസാനം ദാരുണമായിരുന്നു. ഒരു പ്രവാചകനും കട്ടിലില്‍ കിടന്നു മരിക്കാന്‍ പ്രജകള്‍ സമ്മതിച്ചിട്ടില്ല.

മാവേലിയുടേത് ഇന്നത്തെ മന്ത്രിസഭയോ, എതെങ്കിലും ഗ്രൂപ്പ് കാലു വാരിയാല്‍ താഴെ വീഴുന്ന ഭരണമോ അല്ലല്ലോ... അതു തന്നെ ആശ്വാസം. പണ്ട് ഒരു നല്ല കാലം ഉണ്ടായിരുന്നു, ഇനിയൊരു നല്ല കാലം വരും. ഓര്‍മ്മയുടെയും പ്രതീക്ഷയുടെയും ഇടയിലാണ് വര്‍ത്തമാനകാലം. അതായത് വര്‍ത്തമാണം മാത്രം, പ്രവൃത്തിയില്ലാത്ത കാലം.

അല്ല ഞാന്‍ മഹാബലിയായാല്‍...തമിഴ്‌നാട്ടില്‍ നിന്നു വരുന്ന പൂവും, പച്ചക്കറിയും കാണാന്‍ പാതാളത്തില്‍ നിന്ന് ഞാന്‍ വരണമല്ലോ. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളി എത്തിയതോടെ ഞാന്‍ ഒരു ഇന്റര്‍നാഷണല്‍ ഫിഗറായി.

അതൊക്കെ പോട്ടെ, മഹാബലിയാകുന്ന ഞാന്‍ ഏകാധിപതിയായി ഭരിച്ചു തുടങ്ങുമ്പോഴായിരിക്കും വാമനന്റെ വരവ്. പക്ഷേ വാമനന്‍ വന്നാലൊന്നും എന്റെ തലയില്‍ ചവിട്ടാന്‍ പറ്റില്ല. കാരണം ഞാന്‍ മഹാബലിയായാല്‍ വാമനനായി വരുന്നത് ഉറപ്പായും ധര്‍മ്മജനായിരിക്കും.

അപ്പോള്‍ പിന്നെ തലയില്‍ ചവിട്ടുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമേയില്ല. അവനായതു കൊണ്ട് ഞാന്‍ ചിലപ്പോള്‍ സമ്മതിക്കും, പക്ഷേ കുനിഞ്ഞിരുന്നാല്‍ പോലും അവനെന്റെ തലയില്‍ ചവിട്ടാന്‍ പറ്റില്ല, വലിയ പാടാ... അത്രയ്ക്കും നീളമുണ്ടേ അവന്...

Monday 12 Sep 2016 04.03 PM
YOU MAY BE INTERESTED
TRENDING NOW