Tuesday, October 17, 2017 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 12 Sep 2016 02.56 PM

കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്‍

uploads/news/2016/09/32173/jayarajWarrier.jpg

വിരുന്നെത്തുന്ന ഓണക്കാലത്തെ രണ്ടതിഥികള്‍ ഒരച്ഛനും മകളുമാണ്. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ ജയരാജ് വാര്യര്‍ എന്ന അച്ഛനും, അപ്പോത്തിക്കിരിയിലെ പാട്ടിലൂടെ സംഗീതപ്രേമികളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ ഇന്ദുലേഖ എന്ന മകളും.

ഒരു നുള്ള് കാക്കപ്പൂ കടം തരുമോ
ഒരു കൂന തുമ്പപ്പൂ പകരം തരാം.

പാട്ടുകളിലൂടെ നഷ്ടമായ ഓണക്കാല ഓര്‍മ്മകളുടെ മാധുര്യം കണ്ടെത്തി തന്റെ മകള്‍ക്ക് പകര്‍ന്ന് കൊടുക്കുകയാണീ അച്ഛന്‍. തൃശ്ശൂരിന്റെ പ്രിയ കലാകാരന്‍ ജയരാജ് വാര്യരും മകള്‍ ഇന്ദുലേഖയും. ഇതൊരപൂര്‍വ്വമായ കാഴ്ചയാണ്. കലയോടുള്ള തന്റെ അഭിനിവേശവും മലയാള മണ്ണിനോടുള്ള സ്നേഹവും മകള്‍ക്ക് പകര്‍ന്ന് നല്‍കുന്ന അച്ഛനും ആ വഴി പിന്തുടരുന്ന ഇന്ദുലേഖയും കന്യക ഓണക്കോടിക്കൊപ്പം.

ഇന്ദുലേഖ: അച്ഛാ തൃശ്ശൂരിലെ ഓണാഘോഷങ്ങള്‍ വളരെ പ്രശസ്തമാണല്ലോ? ഇവിടെ പുലികളിക്കിത്ര പ്രാധാന്യം വരാന്‍ കാരണമെന്താ?

ജയരാജ് വാര്യര്‍: പുലികളി ഓണവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളുടെയും ഭാഗമായി. ചലച്ചിത്രങ്ങളില്‍ പോലും പുലികളി സ്ഥാനം പിടിച്ചു. പക്ഷേ തൃശ്ശൂരിന്റെ തനതായ കലയെന്നതിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. നമ്മുടെ സംസ്‌ക്കാരത്തോടടുത്ത് നില്‍ക്കുന്നത് കുമ്മാട്ടിക്കളിയാണ്. കുമ്മാട്ടിപ്പുല്ല് ദേഹത്ത് വച്ച് കെട്ടി നാടന്‍പാട്ടും രാമായണ കഥകളുമൊക്കെ പാടിയാണ് കുമ്മാട്ടിക്കളി അവതരിപ്പിക്കുന്നത്.മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്ന നരിക്കളിയില്‍ നിന്നാണ് പുലികളിയുണ്ടായത്. പുലികളും പുലിയെ ഉന്നം വച്ച് നടക്കുന്ന പട്ടാളക്കാരനുമാണ് നരിക്കളിയിലുള്ളത്. പിന്നീടത് സാംസ്‌ക്കാരത്തിന്റെ ഭാഗമായി. വടക്കുംനാഥന്റെ ഭൂതഗണങ്ങളാണ് പുലികള്‍. കുന്നംകുളം ഭാഗത്തെ ഓണത്തല്ലും കൈകൊട്ടിക്കളിയുമൊക്കെ ഓണത്തിന്റെ നിനവുള്ള ഓര്‍മ്മകളാണ്. തെക്കോട്ട് ഉത്രാടത്തിനും ഇവിടെയൊക്കെ തിരുവോണത്തിനുമാണ് പ്രാധാന്യം. വാമനന്റെ പിറന്നാളാണ് ഓണം എന്നും ഐതീഹ്യമുണ്ട്.

ഇന്ദുലേഖ: പക്ഷേ ഓണത്തിന്റെ തനിമ നഷ്ടമായില്ലേ? ഇന്ന് ടെലിവിഷനിലല്ലേ ഓണം? നാട്ടിന്‍പുറ നന്മകളൊക്കെ ഞങ്ങളുടെ തലമുറയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഓണമെന്നത് പൂക്കളത്തിലേക്കും സദ്യയിലേക്കും ഒതുങ്ങി.

ജയരാജ് വാര്യര്‍: പണ്ടൊക്കെ കൂട്ടുകുടുംബങ്ങളിലായിരുന്നു ആഘോഷങ്ങള്‍. വലിയ തറവാടും വിശാലമായ തൊടികളും വീട് നിറയെ ആളുകളുമൊക്കെ ഉണ്ടായിരുന്നു. മുറ്റത്തെ മാവുകളില്‍ ഊഞ്ഞാല്‍ ആടുന്നതും തൊടികള്‍തോറും നടന്ന് മുക്കൂറ്റിയും തുമ്പപ്പൂവുമെല്ലാം പറിച്ചു കൊണ്ട് വന്ന് പൂക്കളമൊരുക്കുന്നതിന്റെയും സന്തോഷമൊന്നും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. ഇന്നിപ്പോള്‍ കോയമ്പത്തൂരില്‍ നിന്നാണ് പൂക്കളെത്തുന്നത്. സദ്യയും പാഴ്സലായി വീട്ടിലെത്തും. വീട്ടില്‍ അമ്മയുണ്ടാകുന്ന സദ്യയുടെ രുചി, നമ്മുടെ പാടങ്ങളില്‍ വിളയുന്ന നെല്ല് കുത്തി ഉണ്ടാക്കുന്ന തുമ്പപ്പൂ ചോറുമൊക്കെ മറക്കാന്‍ കഴിയില്ല. മലയാളത്തിന്റെ മൂല്യങ്ങളൊരിക്കലും പാടേ നഷ്ടപ്പെട്ടുപോകില്ല. ഓണപ്പൂവായ തുമ്പയുടെ വെളുപ്പ്, ഓണ നിലാവിന്റെ വെളുപ്പ്, എല്ലാത്തിലും നന്മയുടെ വെളുപ്പാണുള്ളത്. കരിക്കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങവെയിലിലേക്കെന്നോണം മനസ്സിന്റെ കറുപ്പില്‍ നിന്ന് നന്മയുടെ വെളുപ്പിലേക്കുള്ള യാത്രയാണീ ഓണക്കാലം.

Advertisement
Monday 12 Sep 2016 02.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW