Sunday, July 14, 2019 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.02 AM

അന്നു മുതുകില്‍ ചാപ്പകുത്തിയ കത്തി, ഇന്നു സ്വന്തം സഖാവിന്റെ നെഞ്ചില്‍

uploads/news/2019/07/321713/1.jpg

"അധികാരം ദുഷിപ്പിക്കും, പരമാധികാരം പരമാവധി ദുഷിപ്പിക്കും" എന്ന ചൊല്ല്‌ കേരളത്തിലെ ചില കുത്തകക്കലാലയങ്ങളുടെ കാര്യത്തിലും അക്ഷരംപ്രതി ശരിയാണ്‌. സ്വേച്‌ഛാധിപത്യത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ ആദ്യം കലാപക്കൊടി ഉയരുക സ്വന്തം പ്രസ്‌ഥാനത്തില്‍നിന്നാകും. അതിന്‌ ഉദാഹരണമാണു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ നേതൃത്വത്തിന്റെ കാടത്തത്തിനെതിരേ കഴിഞ്ഞദിവസം സ്വന്തം അണികളില്‍നിന്നുയര്‍ന്ന പ്രതിഷേധജ്വാല. തങ്ങളിലൊരാളുടെ നെഞ്ചില്‍ സ്വന്തം നേതാക്കള്‍ കത്തിയാഴ്‌ത്തുന്നതുവരെ ഈ കാമ്പസിലെ അടിച്ചമര്‍ത്തലുകള്‍ ചോദ്യംചെയ്യപ്പെട്ടില്ലെന്നതാണ്‌ അതിശയം.
ഒരിക്കല്‍ എതിര്‍പ്രസ്‌ഥാനത്തില്‍പ്പെട്ടയാളുടെ മുതുകില്‍ എസ്‌.എഫ്‌.ഐ. എന്നു ചാപ്പകുത്തിയ ഏകാധിപത്യത്തിന്റെ അതേ കത്തിമുനയാണു കഴിഞ്ഞദിവസം യൂണിവേഴ്‌സിറ്റി കോളജില്‍ സ്വന്തം പ്രവര്‍ത്തകന്റെ നെഞ്ചിലാഴ്‌ന്നതും. ഇപ്പോള്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്യുന്ന നിഷാദ്‌, 19 വര്‍ഷം മുമ്പു നടന്ന ആ സംഭവം ഓര്‍മിക്കുന്നതിങ്ങനെ: "യൂണിവേഴ്‌സിറ്റി കോളജിലെ ആ മുറി ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല. ദേഹത്തെ മുറിവ്‌ മാഞ്ഞെങ്കിലും മനസിലെ നീറ്റല്‍ അടങ്ങിയിട്ടില്ല. നിലമേല്‍ എന്‍.എസ്‌.എസ്‌. കോളജില്‍ കെ.എസ്‌.യുവിന്റെ ബാനറില്‍ ജനറല്‍ സെക്രട്ടറിയായ ഞാന്‍, കോളജ്‌ യൂണിയന്റെ പരിപാടിക്കു ക്ഷണിക്കാനാണ്‌ എസ്‌.എഫ്‌.ഐ. കോട്ടയായ യൂണിവേഴ്‌സ്‌റ്റി കോളജിലെത്തിയത്‌. 2000 നവംബര്‍ 10-നായിരുന്നു അത്‌.
അവിടെയെത്തിയ എന്നെ ചില എസ്‌.എഫ്‌.ഐ. ഭാരവാഹികള്‍ ചേര്‍ന്ന്‌ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നെ നടന്നതു ക്രൂരമര്‍ദനമാണ്‌. ഡസ്‌ക്കില്‍ കമഴ്‌ത്തിക്കിടത്തിയശേഷം മുതുകില്‍ കത്തികൊണ്ട്‌ എസ്‌.എഫ്‌.ഐ. എന്നു വരഞ്ഞു. അവശനായ എന്നെ രാത്രി തമ്പാനൂര്‍ സ്‌റ്റാന്‍ഡിലാക്കിയശേഷം അവര്‍ കടന്നുകളഞ്ഞു. നിലമേലില്‍ എത്തി സുഹൃത്തുക്കളോടു വിവരം പറഞ്ഞപ്പോഴാണു സംഭവം പുറത്തറിഞ്ഞത്‌". സംസ്‌ഥാനത്തു കോളിളക്കം സൃഷ്‌ടിച്ച "ചാപ്പകുത്തല്‍" കേസില്‍ തിരുവനന്തപുരത്തെ മജിസ്‌ട്രേറ്റ്‌ കോടതി നാലുപ്രതികള്‍ക്കു രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചെങ്കിലും മേല്‍ക്കോടതി വെറുതേവിട്ടു. എസ്‌.എഫ്‌.ഐയുടെ ശക്‌തികേന്ദ്രമായ നിലമേല്‍ കോളജില്‍ കെ.എസ്‌.യു. പ്രതിനിധിയായി ജയിച്ചതായിരുന്നു നിഷാദിന്റെ പേരിലുള്ള "കുറ്റം".

പത്രിക നല്‍കിയാല്‍ കീറിയെറിയും;
ഉടുമുണ്ടുരിഞ്ഞ്‌ കൊടി പറത്തും

യൂണിവേഴ്‌സിറ്റി കോളജ്‌ കാന്റീനില്‍ പാട്ടുപാടിയ കുറ്റത്തിന്‌ അഖിലെന്ന വിദ്യാര്‍ഥിക്കു കുത്തേറ്റതിനേത്തുടര്‍ന്ന്‌, കാമ്പസുകളിലെ എസ്‌.എഫ്‌.ഐ. ഏകാധിപത്യത്തിനെതിരേ വന്‍പ്രതിഷേധമാണുയരുന്നത്‌. വിപ്ലവമുന്നണിയിലെ "സഹോദരസംഘടന"യായ എ.ഐ.എസ്‌.എഫും പ്രതിഷേധങ്ങളുടെ മുന്‍പന്തിയിലുണ്ട്‌. സെക്രട്ടറിയേറ്റിലേക്കു കഴിഞ്ഞദിവസം പ്രതിഷേധമാര്‍ച്ച്‌ സംഘടിപ്പിച്ച എ.ഐ.എസ്‌.എഫ്‌, യൂണിവേഴ്‌സിറ്റി കോളജില്‍ തങ്ങളുടെ യൂണിറ്റ്‌ ആരംഭിച്ചതായും പ്രഖ്യാപിച്ചു.
എന്നാല്‍, മൂന്നുവര്‍ഷം മുമ്പ്‌ ഇതേ കോളജില്‍ എ.ഐ.എസ്‌.എഫിനു വേണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച മണിമേഖലയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും എസ്‌.എഫ്‌.ഐയുടെ പതാകയിലെ "സ്വാതന്ത്ര്യ"ത്തിന്റെയും "ജനാധിപത്യ"ത്തിന്റെയും ചൂടറിഞ്ഞു. അന്ന്‌ എസ്‌.എഫ്‌.ഐക്കാര്‍ വസ്‌ത്രാക്ഷേപം നടത്തി ഓടിച്ച ജെ. അരുണ്‍ബാബു ഇന്ന്‌ എ.ഐ.എസ്‌.എഫ്‌. സംസ്‌ഥാന പ്രസിഡന്റാണ്‌. അന്നു മൂന്നാറിലെ എ.ഐ.എസ്‌.എഫ്‌. മണ്ഡലം സെക്രട്ടറി കൂടിയായിരുന്ന മണിമേഖലയുടെ നാമനിര്‍ദേശപത്രിക കീറിയെറിയപ്പെട്ടു. ഒപ്പമുണ്ടായിരുന്ന എ.ഐ.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍ക്കു ക്രൂരമര്‍ദനമേറ്റു. അരുണ്‍ബാബുവിന്റെ മുണ്ടുരിഞ്ഞവര്‍ അതു കൊടിയാക്കി കാമ്പസില്‍ പ്രകടനം നടത്തി. പോലീസ്‌ ജീപ്പില്‍ ഓടിക്കയറിയാണ്‌ അരുണ്‍ അന്നു മാനവും ജീവനും രക്ഷിച്ചത്‌.

യു.സിക്കു ശത്രു എം.ജി!

യൂണിവേഴ്‌സിറ്റി കോളജ്‌ എസ്‌.എഫ്‌.ഐയുടെ കുത്തകയാണെങ്കില്‍, അതിന്റെ എ.ബി.വി.പി. പതിപ്പാണു തലസ്‌ഥാനനഗരിയിലെതന്നെ എം.ജി. കോളജ്‌. അവിടെ, എ.ബി.വി.പിക്കല്ലാതെ, മറ്റൊരു സംഘടനയ്‌ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. മറ്റാര്‍ക്കും പ്രവേശനമില്ലെന്നത്‌ അലിഖിതനിയമമാണ്‌. തിരുവനന്തപുരത്തെതന്നെ മാര്‍ ഈവാനിയോസ്‌ കോളജ്‌ കെ.എസ്‌.യുവിന്റെ കുത്തകയാണ്‌. ഒരു വ്യത്യാസം മാത്രം, മറ്റു സംഘടനകള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യമുണ്ട്‌.
പിണറായിയെ ചവിട്ടിവീഴ്‌ത്തിയ സുധാകരന്‍?

ഒരുകാലത്തു കെ.എസ്‌.യു. കോട്ടകളായിരുന്ന കോളജുകള്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകരുടെ ചോര വീണു കുതിര്‍ന്ന ചരിത്രവും അത്ര വിദൂരമല്ല. "ഊരിപ്പിടിച്ച വടിവാളുകള്‍ക്കു നടുവിലൂടെ നടന്നുനീങ്ങിയ" ചരിത്രം മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ഓര്‍മിപ്പിച്ച തലശ്ശേരി ബ്രണ്ണന്‍ കോളജാണ്‌ അവയില്‍ പ്രധാനം. ബ്രണ്ണന്‍ കോളജില്‍ പിണറായി വിജയനെ ചവിട്ടിവീഴ്‌ത്തിയിട്ടുണ്ടെന്ന്‌ ഒരിക്കല്‍ വെളിപ്പെടുത്തിയതു കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പര്യായമായ മുന്‍മന്ത്രിയും ഇപ്പോള്‍ ലോക്‌സഭാംഗവുമായ കെ. സുധാകരനാണ്‌. പഠനകാലത്തിനുശേഷം മാതൃകലാലയത്തില്‍ ഒരു പരീക്ഷയെഴുതാന്‍ എത്തിയതായിരുന്നു പിണറായി. ഒപ്പം കുറച്ച്‌ ഇടതുവിദ്യാര്‍ഥി പ്രവര്‍ത്തകര്‍ മാത്രം.
എന്തോ കശപിശയുണ്ടായി. പിന്നീടുണ്ടായതു സുധാകരന്റെ വാക്കുകളിലൂടെ: "ഞാന്‍ നോക്കുമ്പോഴുണ്ടു പിണറായി വിജയന്‍ പടി കടന്നുവരുന്നു. നീയാരാടാ ധാരാസിങ്ങോ എന്നു ചോദിച്ചാണു വരവ്‌. പിണറായി പടി കയറിവന്നതും ഞാന്‍ മുകളില്‍നിന്ന്‌ ഒരു ചവിട്ട്‌". എസ്‌.എഫ്‌.ഐയുടെ ആദ്യത്തെ കാമ്പസ്‌ രക്‌തസാക്ഷിയായ പി.എന്‍. അഷ്‌റഫ്‌ മുതല്‍ സജിത്‌ലാലും കെ. വി. സുധീഷുമടക്കം കണ്ണൂരിന്റെ മണ്ണില്‍ പിടഞ്ഞുവീണു മരിച്ച വിദ്യാര്‍ഥി നേതാക്കളെത്രയോ. അന്നു കൊണ്ടും കൊടുത്തും വളര്‍ന്നവര്‍ ഇന്നു വിവിധ രാഷ്‌ട്രീയകക്ഷികളിലെ പ്രമുഖനേതാക്കളാണ്‌. പിണറായി വിജയന്‍, എ.കെ. ബാലന്‍, കെ. സുധാകരന്‍, പി.കെ. കൃഷ്‌ണദാസ്‌...പട്ടിക നീളുന്നു. കണ്ണൂരിലെ കോളജുകള്‍ മാത്രമല്ല, പോളിടെക്‌നിക്കുകളും ഐ.ടി.ഐകളുമെല്ലാം ഇന്നും സംഘര്‍ഷമേഖലകളാണ്‌. മിക്ക കാമ്പസുകളും ആയുധപ്പുരകളുമാണ്‌. എന്നാല്‍, പണ്ടു തല്ലുകൊണ്ട എസ്‌.എഫ്‌.ഐ. പ്രബലമായതോടെ ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണിപ്പോള്‍ കെ.എസ്‌.യുവിനും എം.എസ്‌.എഫിനും ആധിപത്യമുള്ളത്‌. ബ്രണ്ണന്‍ കോളജ്‌ ഇന്ന്‌ എസ്‌.എഫ്‌.ഐ. കോട്ടയാണ്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തെ പാലയാട്‌ ലോ കോളജില്‍ കഴിഞ്ഞവര്‍ഷം മര്‍ദനമേറ്റ സോഫിയെന്ന കെ.എസ്‌.യു. പ്രവര്‍ത്തകയ്‌ക്കു പഠനം തുടരാന്‍ െഹെക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ സംരക്ഷണം വേണ്ടിവന്നു. ക്ലാസില്‍ എസ്‌.എഫ്‌.ഐക്കെതിരേ മുദ്രാവാക്യം എഴുതിയതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണു സോഫിക്കു മരക്കഷണംകൊണ്ടു മുഖത്തടിയേറ്റത്‌. സോഫിയുടെ ഹര്‍ജിയില്‍ ധര്‍മടം എസ്‌.ഐയെ െഹെക്കോടതി വിളിച്ചുവരുത്തിയെങ്കിലും കോളജില്‍ ക്രമസമാധാനപ്രശ്‌നമില്ലെന്നായിരുന്നു വിശദീകരണം. എങ്കില്‍ ഉത്തരവാദിത്വം പോലീസ്‌ ഏറ്റെടുക്കണമെന്നായി കോടതി. അതിനു പോലീസ്‌ തയാറാകാതിരുന്നതോടെയാണുസോഫിക്കു കോളജില്‍ സുരക്ഷയൊരുക്കാന്‍ െഹെക്കോടതി ഉത്തരവിട്ടത്‌.

(തുടരും)

തയാറാക്കിയത്‌:
എം.എസ്‌. സന്ദീപ്‌,
കെ. സുജിത്ത്‌
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Sunday 14 Jul 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW