Sunday, July 14, 2019 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.45 AM

സ്‌നേഹത്തിന്റെ പ്രതിഫലനം

uploads/news/2019/07/321688/1.jpg

പ്രസിദ്ധ സുവിശേഷകനായ സ്‌പര്‍ജന്‍ ലണ്ടനിലെ ഒരു പാര്‍ക്കില്‍ നിന്നു കൊണ്ട്‌ യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച്‌ പ്രസംഗിക്കുകയായിരുന്നു. വികാരഭരിതമായ പ്രസംഗം അവസാനിച്ചപ്പോള്‍ അഴുക്കു പിടിച്ച വസ്‌ത്രങ്ങള്‍ ധരിച്ച ഒരു തോട്ടി ആള്‍ക്കൂട്ടത്തെ തള്ളി നീക്കി മുമ്പോട്ടു കയറി വന്ന്‌ സ്‌പര്‍ജനോട്‌ ദേഷ്യപ്പെട്ടു. 2000 വര്‍ഷമായി ഈ പള്ളികള്‍ നില നിന്നിട്ടും ലോകത്തിന്റെ സ്‌ഥിതി എന്തെന്ന്‌ നോക്കൂ. അക്ഷോഭ്യനായി അയാളെ നോക്കി സ്‌പര്‍ജന്‍ പ്രതിവചിച്ചു. 20 ലക്ഷം വര്‍ഷമായി വെള്ളം ഉണ്ടായിട്ട്‌. എന്നിട്ടും നിങ്ങളുടെ മുഖത്തിന്റെ സ്‌ഥിതി എന്തെന്നു നോക്കൂ. ഇതു പോലെയാണ്‌ നാമോരോരുത്തരും. മറ്റുള്ളവരെ വളരെയധികം വിമര്‍ശിക്കുമെങ്കിലും നമ്മുടെ സ്വഭാവം അല്‌പമെങ്കിലും മാറ്റുവാന്‍ നാം തയാറാകുന്നില്ല. ചെന്നായും കുഞ്ഞാടും വ്യത്യസ്‌ത സ്വഭാവമുള്ള മൃഗങ്ങളാണ്‌. ചെന്നായെ മനുഷ്യന്‍ പേടിക്കുന്നു. കുഞ്ഞാടിനെയാകട്ടെ ഓമനിക്കുന്നു. മനുഷ്യന്‍ ചെന്നായെപ്പോലെ ആയെങ്കിലോ? ദൈവ സ്‌നേഹം ചെന്നായെപ്പോലുള്ള വ്യക്‌തിയെ കുഞ്ഞാടിനെപ്പോലെ ആക്കിത്തീര്‍ക്കുന്നു.
എന്താണീ സ്‌നേഹത്തിന്റെ പ്രത്യേകത? കൊരിന്ത്യര്‍ പതിമൂന്നാം അധ്യായത്തില്‍ സ്‌നേഹത്തെക്കുറിച്ചു പറയുന്നു: സ്‌നേഹം ദീര്‍ഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു. സ്‌നേഹം സ്‌പര്‍ധിക്കുന്നില്ല, സ്‌നേഹം നിഗളിക്കുന്നില്ല, ചീര്‍ക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല. ദോഷം കണക്കിടുന്നില്ല, അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു. എല്ലാം സഹിക്കുന്നു. സ്‌നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല. ഒരു ഭക്‌തന്റെ ഏറ്റവും വലിയ പ്രത്യേകത അവന്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നവന്‍ ആയിരിക്കും എന്നുള്ളതാണ്‌. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നതാണ്‌ യേശുക്രിസ്‌തുവിന്റെ ഏറ്റവും വലിയ കല്‌പന.
യേശുക്രിസ്‌തു സ്വന്തം ജീവിതത്തിലൂടെ വെളിപ്പെടുത്തിയ ചില നല്ല മാതൃകകള്‍ നോക്കുക:
1. യേശു താഴ്‌മയുള്ളവനായിരുന്നു - അവന്‍ തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി. തെറ്റിപ്പോകുന്ന ഒരു വ്യക്‌തിയെ യേശു താങ്ങുന്നു. അവനെ സ്‌നേഹിക്കുന്നു. ബലപ്പെടുത്തുന്നു. അവനെ തള്ളിക്കളയുന്നില്ല. തന്റെ ശിഷ്യനായ പത്ര?സിനോട്‌ യേശു ഇടപെട്ടത്‌ അപ്രകാരമായിരുന്നു.
2. യേശു കുഷ്‌ഠരോഗികളെ തൊട്ടു - കുഷ്‌ഠരോഗി എന്നു പറഞ്ഞാല്‍ തന്നെ സമൂഹത്തില്‍ വെറുക്കപ്പെട്ടവനായിരുന്നു. അവനു വഴിയെ നടക്കണമെങ്കില്‍പ്പോലും ഞാന്‍ കുഷ്‌ഠരോഗിയാണേ വഴിമാറിപ്പോണേ എന്നു വിളിച്ചു പറയണമായിരുന്നു. ആരും ആ വ്യക്‌തിയെ അടുപ്പിക്കുകയോ അവനോട്‌ സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല.
3. യേശു മറ്റുള്ളവരുടെ വേദനയില്‍ കരയുന്നു - മാര്‍ത്തയുടെയും മറിയയുടെയും ഏകസഹോദരനായ ലാസറിന്റെ മരണത്തില്‍ ആ വീട്‌ നിലവിളിക്കുകയാണ്‌. ആ ദുഃഖം കണ്ടപ്പോള്‍ യേശു അവരോടു ചേര്‍ന്നു കരഞ്ഞു എന്നു നാം വേദപുസ്‌തകത്തില്‍ വായിക്കുന്നു. ദുഃഖിക്കുന്നവരോടുകൂടെ ദുഃഖം പങ്കുവയ്‌ക്കുന്നത്‌ സ്‌നേഹത്തിന്റെ പ്രതിഫലനമാണ്‌.
4. തന്നെ മനഃപൂര്‍വ്വമായി ഉപദ്രവിക്കുന്നവരെയും യേശു സ്‌നേഹിക്കുന്നു - ഉദാഹരണമായി, യേശുവിനെ ഉപദ്രവിക്കാനായി മനഃപൂര്‍വ്വമായിട്ടു നടന്ന ഇസ്‌കര്യോത്ത യൂദയെപ്പോലും അവസാനം വരെ യേശു സ്‌നേഹിച്ചു. ദാ, അവനെ കണ്ടോ എന്നെ ചതിക്കാന്‍ നടക്കുകയാ, എന്നൊന്നും പറയാതെ എല്ലാവരെയും സ്‌നേഹിച്ചതുപോലെ തന്നെ ശാന്തമായി, അവന്റെ തെറ്റുകള്‍ ക്ഷമിച്ച്‌ അവനെയും സ്‌നേഹിച്ചു. എന്നിട്ടും യൂദാ സ്വയം അവനെ നശിപ്പിക്കുകയായിരുന്നു.
5. യേശു തന്നെ ക്രൂശിച്ചവരോടു ക്ഷമിക്കുന്നു - രണ്ടു കള്ളന്മാരുടെ നടുവിലായാണ്‌ നിരപരാധിയായ യേശുവിനെയും ക്രൂശിച്ചത്‌. ഈ സമയം കള്ളന്മാരും കടന്നുപോകുന്ന ജനങ്ങളും യേശുവിനെ പരിഹസിച്ചു. ഇതുവരെയും നീ എല്ലാവരെയും രക്ഷിച്ചില്ലേ, നീ നിന്നെത്തന്നെ രക്ഷിക്കുന്നത്‌ ഞങ്ങളൊന്നു കാണട്ടെ. നീ ദൈവപുത്രനെങ്കില്‍ ഇറങ്ങി വാ... ഇതുകേട്ട കര്‍ത്താവിന്റെ മൊഴികള്‍ ശ്രദ്ധിക്കുക, പിതാവേ ഇവര്‍ ചെയ്യുന്നത്‌ എന്തെന്നു ഇവര്‍ക്കു അറിയാന്‍ പാടില്ല. ദയ കാണിച്ച്‌ അവരോട്‌ നീ ക്ഷമിക്കേണമേ.
6. തന്നെ കൈവിട്ടവരെ തിരിച്ചു സ്വീകരിക്കുന്നു - പടയാളികള്‍ യേശുവിനെ പിടികൂടി വിചാരണയ്‌ക്കു കൊണ്ടുപോകുന്ന സമയത്ത്‌ ശിഷ്യന്മാരെല്ലാം അവനെ കൈവിട്ടു. പിന്‍തുടര്‍ന്ന പത്ര?സ്‌പോലും ഒടുവില്‍ തള്ളിപ്പറഞ്ഞു. എന്നാല്‍ യേശു അവരെ കൈവിട്ടില്ല. ഉയിര്‍ത്തെഴുന്നേറ്റശേഷം യേശു അവരെ അന്വേഷിച്ചു ചെല്ലുന്നു.
ദൈവവചനം പറയുന്നു: ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയുകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു.
നിങ്ങള്‍ ജോലി ചെയ്യുന്ന സ്‌ഥലത്ത്‌ നിങ്ങളെ വേദനിപ്പിക്കുന്ന, നിങ്ങളെക്കുറിച്ച്‌ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുന്ന വ്യക്‌തിയോട്‌ നിങ്ങളുടെ പ്രതികരണം എങ്ങനെ ഉള്ളതായിരിക്കണം? തിരിച്ചു വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുകയല്ല പരിഹാരം - ശാന്തമായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ആത്മാര്‍ത്ഥതയോടെ സ്‌നേഹിക്കുക.

Ads by Google
Sunday 14 Jul 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW