Sunday, July 14, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.32 AM

ഇന്നാരാകും താരം...

uploads/news/2019/07/321666/3.jpg

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിലെ താരത്തെ അറിയാനുള്ള ആകാംക്ഷ കനക്കുന്നു. ജേതാക്കള്‍ അറിയുന്നതിനെക്കാള്‍ ആകാംക്ഷയാണു മത്സരത്തിലെ താരത്തെയറിയാന്‍. സാധ്യതയുള്ള പേരുകള്‍ പലതാണ്‌. ഇതുവരെ കിരീടം ചൂടിയ ടീമില്‍ നിന്നുള്ളവരാണു മാന്‍ ഓഫ്‌ ദ്‌ മാച്ചും നേടിയത്‌.
1975 ല്‍ പ്രഥമ ലോകകപ്പ്‌ ഫൈനലില്‍ കളിയിലെ കേമനായത്‌ ജേതാക്കളായ വെസ്‌റ്റിന്‍ഡീസ്‌ ടീം നായകന്‍ ക്ലൈവ്‌ ലോയ്‌ഡ് തന്നെയായിരുന്നു. ലോയ്‌ഡ് അന്നു നേടിയ 102 റണ്‍ ഇന്നും മികച്ച ഇന്നിങ്‌സുകളുടെ ഗണത്തിലാണ്‌്. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ മൂന്നിന്‌ 50 റണ്‍ എന്നു തകര്‍ന്നു. ലോയ്‌ഡും രോഹന്‍ കാന്‍ഹായിയും ചേര്‍ന്നതോടെ കളി മാറി. നാലാം വിക്കറ്റില്‍ 149 റണ്‍ പിറന്നു.
1979 ല്‍ വിന്‍ഡീസ്‌ ലോകകപ്പ്‌ നിലനിര്‍ത്തിയതു വിവിയന്‍ റിച്ചാഡ്‌സിന്റെ ബാറ്റിങ്‌ പ്രകടനത്തിലൂടെയാണ്‌. ഫൈനലില്‍ 157 പന്തുകളില്‍നിന്ന്‌ റിച്ചാഡ്‌സ് നേടിയത്‌ 138 റണ്‍. 1983 ലെ വിന്‍ഡീസിനെതിരേ നടന്ന ഫൈനലില്‍ 26 റണ്ണെടുക്കുകയും മൂന്ന്‌ വിക്കറ്റുകളെടുക്കുകയും ചെയ്‌ത ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മൊഹീന്ദര്‍ അമര്‍നാഥായിരുന്നു മത്സരത്തിലെ താരം. 1987 ഫൈനലില്‍ ഓസ്‌ട്രേലിയ നേരിയ വ്യത്യാസത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. 125 പന്തില്‍ 75 റണ്ണെടുത്ത ഡേവിഡ്‌ ബൂണ്‍ മാന്‍ ഓഫ്‌ ദ്‌ മാച്ച്‌ പദവിക്ക്‌ അര്‍ഹനാക്കി. ഓസ്‌ട്രേലിയ അന്ന്‌ കിരീടം നേടിയത്‌ ഏഴു റണ്ണിനു ജയിച്ചാണ്‌. 1992 ഫൈനലില്‍ ഇംഗ്ലണ്ടിനെ പാകിസ്‌താന്റെ വസീം അക്രം ബാറ്റുകൊണ്ടും പന്തുകൊണ്ടും മുട്ടുകുത്തിച്ചു. 33 റണ്ണെടുക്കുകയും മൂന്ന്‌ വിക്കറ്റെടുക്കുകയും ചെയ്‌ത അക്രം ഫൈനലിലെ താരമായി.
1996 ലോകകപ്പ്‌ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓള്‍റൗണ്ട്‌ പ്രകടനം പുറത്തെടുത്ത ശ്രീലങ്കയുടെ അരവിന്ദ ഡിസല്‍വയാണു താരമായത്‌. മൂന്ന്‌ വിക്കറ്റുകളെടുക്കുകയും സെഞ്ചുറി നേടുകയും ചെയ്‌ത അരവിന്ദ ഡിസല്‍വയ്‌ക്കു മുന്നില്‍ ഓസീസ്‌ കീഴടങ്ങി. പാകിസ്‌താനെതിരേ നടന്ന 1999 ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഷെയ്‌ന്‍ വോണ്‍ ആണു താരമായത്‌. ഷാഹിദ്‌ അഫ്രീഡി, ഇജാസ്‌ അഹമ്മദ്‌, മൊയിന്‍ ഖാന്‍, വസീം അക്രം എന്നിവര്‍ വോണിന്റെ മാന്ത്രികതയ്‌ക്കു മുന്നില്‍ കീഴടങ്ങി. എട്ടു വിക്കറ്റിനു ജയിച്ച്‌ ഓസീസ്‌ രണ്ടാം കിരീടം ഉയര്‍ത്തി.
2003 ല്‍ ഇന്ത്യയും ഓസീസും തമ്മിലായിരുന്നു ഫൈനല്‍. ഓസീസ്‌ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ വെടിക്കെട്ടു ബാറ്റിങ്‌ ഇന്ത്യക്കാര്‍ ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല. 121 പന്തുകളില്‍നിന്ന്‌ 140 റണ്ണെടുത്ത പോണ്ടിങ്‌ ഫൈനലിലെ താരമായി.
2007 ലോകകപ്പ്‌ ഫൈനല്‍ ആഡം ഗില്‍ക്രിസ്‌റ്റിന്റെയായിരുന്നു. 104 പന്തില്‍നിന്ന്‌ 149 റണ്ണെടുത്ത ഗില്‍ക്രിസ്‌റ്റിന്റെ വെടിക്കെട്ടു ബാറ്റിങ്ങില്‍ പാകിസ്‌താന്‍ തവിടുപൊടി. ഓസ്‌ട്രേലിയ സ്വന്തമാക്കിയത്‌ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ്‌. ഏതെങ്കിലും ഒരു ലോകകപ്പ്‌ ഫൈനലില്‍ പിറന്ന ഏറ്റവും ഉയര്‍ന്ന വ്യക്‌തിഗത സ്‌കോര്‍ എന്ന നേട്ടമാണ്‌ അന്ന്‌ ഗില്‍ക്രിസ്‌റ്റ് പടുത്തുയര്‍ത്തിയത്‌. ഫൈനലില്‍ മാന്‍ ഓഫ്‌ ദ്‌ മാച്ചാകുന്ന ആദ്യ വിക്കറ്റ്‌ കീപ്പര്‍, എന്ന നേട്ടവും ഗില്‍ക്രിസ്‌റ്റ് സ്വന്തമാക്കി
2011 ലെ ഫൈനല്‍ ഇന്ത്യക്കു മധുരസ്‌മരണയാണ്‌. ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയ ഫൈനലില്‍ താരമായതു നായകന്‍ എം.എസ്‌. ധോണിയാണ്‌് 91 റണ്ണെടുത്തു പുറത്താകാതെനിന്ന ധോണിയാണ്‌ ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്‌. സിക്‌സര്‍ പറത്തി വിജയ റണ്ണെടുക്കുന്ന ധോണിയുടെ ചിത്രം ഏറെനാള്‍ കൊണ്ടു നടന്നു. 2015 ലോകകപ്പ്‌ ഫൈനലില്‍ മൂന്നു വിക്കറ്റുമായി ന്യൂസിലന്‍ഡിനെ തകര്‍ത്ത ഓസീസ്‌ പേസര്‍ ജയിംസ്‌ ഫോക്‌നറാണ്‌ അന്നു താരമായത്‌. 36-ാം ഓവറില്‍ റോസ്‌ ടെയ്‌ലറെയും കോറി ജെയിംസ്‌ ആന്‍ഡേഴ്‌സണെയും പുറത്താക്കി ഫോക്‌നര്‍ ആഞ്ഞടിച്ചതോടെയാണ്‌ ഓസീസ്‌ ജയം ഉറപ്പിച്ചത്‌.

Ads by Google
Sunday 14 Jul 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW