Saturday, July 13, 2019 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Saturday 13 Jul 2019 08.39 PM

സത്യം പറഞ്ഞാ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ, ഇത് ഒരു മനോഹര ചിത്രമാണ്

കൂലിപ്പണിക്കരനായ ഒരു സാധാരണ മലയാളിയുടെ മദ്യാസക്തി, അതിന്റെ ഫലമായുള്ള കടുത്ത സാമ്പത്തിക ദാരിദ്ര്യം, നാട്ടുകാരുടെ മുമ്പില്‍ പരിഹാസ്യമാക്കപ്പെടുന്ന അവന്റെയും കുടുബത്തിന്റെയും ജീവിതം, ഇതൊക്കെയാണ് കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ ഈ ചിത്രം പറയുന്നത്.
sathyam paranja viswasikkuvo review

സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന് ചോദിച്ചാല്‍ വിശ്വസിച്ചേ പറ്റൂ. ഇത് ഒരു കൊച്ചു ചിത്രമാണ്. അതിമനോഹരമായ കൊച്ചു ചിത്രം. വമ്പന്‍ ത്രില്‍ സീനുകളോ, ഹീറോയിസമോ, കോമാളിത്തമാശക​​ളോ അതിനാടകീയതയോ ഇല്ലാത്ത സാധാരണക്കാരായ സമകാലിക മലയാളിയുടെ ജീവിതത്തോട്ചേര്‍ന്നു നില്‍ക്കുന്ന ലളിതസുന്ദരമായ ഒരു കൊച്ചു ചിത്രം.

ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സജീവ് പാഴൂര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിവാഹത്തിനുശേഷം സിനിമകളില്‍ നിന്നും മാറിനിന്ന സംവൃത സുനില്‍ നാളുകള്‍ക്കുശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്.

sathyam paranja viswasikkuvo review

ബിജു മേനോന്റെ സ്വാഭാവിക അഭിനയം തന്നെയാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ടത്. ബിജുമേനോന്‍-സംവൃത സുനില്‍ കെമിസ്ട്രിയും അതി ഗംഭീരമായി വര്‍ക്കൗട്ട് ആയിട്ടുണ്ട്. കെട്ടിടം പണിക്കാരനായ സുനില്‍ അഥവ സുനി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുനിയുടെയും ഭാര്യ ഗീതയുടെയും മകളുടെയും സുനിയുടെ കൂട്ടുകാരുടെയും ജീവിതമാണ് ഈ കൊച്ചു ചിത്രത്തിലൂടെ പറയുന്നത്.

അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗമായിരുന്ന ഗീത വീടുപണിക്കായി ചെന്ന സുനിയെ പ്രണയിച്ച് അയാള്‍ക്കൊപ്പം ഇറങ്ങി പോന്നതാണ്. ഒരു സാധാരണക്കാരന്‍ അനുഭവിക്കുന്ന എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും സുനി അനുഭവിക്കുന്നുണ്ട്. ദാമ്പത്യത്തിന്റെ ആദ്യകാലം സ​ന്തോഷഭരിതമായി മുന്നേറുന്നതിനിടയിലാണ് സുനിയുടെ മദ്യപാനവും ലോട്ടറിക്കമ്പവും പതുക്കെ കുടുംബത്തിന്റെ താളം തെറ്റിച്ചു തുടങ്ങുന്നത്. പണിക്കൂലിയായി കിട്ടുന്ന പണത്തില്‍ അധികവും പണിസ്ഥലത്തെ കൂട്ടുകാര്‍ക്കൊപ്പം മദ്യപാനത്തിനായാണ് സുനി വിനിയോഗിക്കുന്നത്.

sathyam paranja viswasikkuvo review

കൂലിപ്പണിക്കരനായ ഒരു സാധാരണ മലയാളിയുടെ മദ്യാസക്തി, അതിന്റെ ഫലമായുള്ള കടുത്ത സാമ്പത്തിക ദാരിദ്ര്യം, നാട്ടുകാരുടെ മുമ്പില്‍ പരിഹാസ്യമാക്കപ്പെടുന്ന അവന്റെയും കുടുബത്തിന്റെയും ജീവിതം, ഇതൊക്കെയാണ് കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ ഈ ചിത്രം പറയുന്നത്. പണത്തിനായി ശരീരം വില്‍ക്കുന്ന നാട്ടിന്‍പുറത്തെ സ്ത്രീയോടു പോലും സുനി കടക്കാരനാണ്. അവന്റെ ഏതാണ്ട് അതേ അവസ്ഥയില്‍ തന്നെയാണ് കൂട്ടുകാരും. സഹകരബാങ്കിലെ ലോണ്‍ അടയക്കാന്‍ മാര്‍ഗമില്ലാതെ വലഞ്ഞ സുനിയുടെ മുമ്പിലേയ്ക്ക് ഒരു ലോറി അപകടത്തിന്റെ രൂപത്തില്‍ ഭാഗ്യദേവത പ്രത്യക്ഷപ്പെുടുകയാണ്. അത് കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്ന സുനിയും കൂട്ടുകാരും. അത് അവരുടെ ജീവിതത്തെതന്നെ മാറ്റി മറിക്കുന്നു.

നാട്ടിന്‍പുറത്തിന്റെ സഹജമായ അസൂയയും ഊഹാപോഹങ്ങള്‍ ഉണ്ടാക്കുന്ന കുരുക്കുകളും സുനിയുടേയും കൂട്ടുകാരുടേയും ജാതകം മാറ്റിയെഴുതുകയാണ്.
പണം ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ അതിനുള്ളിലെ അപകടവും ചതിക്കുഴികളും സുനിയും സംഘവും മനസിലാക്കുന്നില്ല. ഇതോടെയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. സുനിക്കും സംഘത്തിനും മേല്‍ ഒരു കൊലപാതകക്കുറ്റത്തിന്റെ കുടുക്കുകൂടി വീഴുന്നതോടെയാണ് രണ്ടാം പകുതിയുടെ ആരംഭം. ഇതോടെ ചിത്രം ഉദ്വേഗഭരിതമായ നിമിഷങ്ങളിലേയ്ക്ക് പ്രേക്ഷകനെ കൊണ്ടുപോകുകയാണ്.

sathyam paranja viswasikkuvo review

ഒരു നിര്‍മാണത്തൊഴിലാളിയുടെ ഭാവവും ശരീരഭാഷയുമെല്ലാം ബിജുമേനോന്‍ അതിഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരികെ എത്തിയ സംവൃതയും തനിക്ക് ലഭിച്ച വേഷം ഗംഭീരമാക്കി. അലന്‍സിയറുടെയും (കറുപ്പായി) ശ്രുതി ജയന്റെയും പ്രകടനം എടുത്തു പറയേണ്ടതാണ്. ഭഗത് മാനുവല്‍, സുധി കോപ്പ, വെട്ടുകിളി പ്രകാശ്, സൈജു കുറുപ്പ്, സുധീഷ്, എന്നിവരും ചിത്രത്തില്‍ തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. മറ്റൊരു പ്രത്യേകത ബംഗാളിയായിതന്നെ അഭിനയിക്കുന്ന ഷാനവാസ് ആണ്. ശ്രീലക്ഷ്മി, ശ്രീകാന്ത് മുരളി, ധർമജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി, സുരേഷ് കുമാർ, അരുൺ, സംവിധായകന്‍ ജോണി ആന്റണി എന്നിവരും ചെറുതും വലുതുമായ വേഷങ്ങളെ അവതരിപ്പിക്കുന്നു.

ഷാന്‍ റഹ്മാനും വിശ്വജിത്തും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിജിപാലിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ജീവശ്വാസമാകുന്നുണ്ട്. ഷെഹ്നാദ് ജലാലിന്റേതാണ് ഛായാഗ്രഹണം. രജ്ഞന്‍ എബ്രഹാമാണ് എഡിറ്റിംഗ്. സന്തോഷവും സങ്കടങ്ങളും എന്തിന് മരണംപോലും മദ്യത്തില്‍ മുങ്ങിക്കുളിച്ച് ആഘോഷിക്കുന്ന മലയാളിയെ ചിലതെല്ലാം ഓര്‍മ്മപ്പെടുത്തുണ്ട് ഈ ചിത്രം. പ്രേക്ഷകരുടെ മനസ് തൊടുന്ന ഒരു സുന്ദര കൊച്ചു ചിത്രം തന്നെയാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?

Ads by Google
രഘുവരന്‍ രാമന്‍
Saturday 13 Jul 2019 08.39 PM
Ads by Google
Loading...
TRENDING NOW