Tuesday, July 17, 2018 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 12 Sep 2016 02.40 PM

അയ്യങ്കാര് വീട്ടു അഴകേ...

uploads/news/2016/09/32157/DivyaSIyerIAS.jpg

അക്ഷരനഗരിയില്‍ അസിസ്റ്റന്റ് കളക്ടറായി സ്ഥാന മേറ്റതോടെയാണ് മലയാളി യുടെ മനസ്സില്‍ ഡോ.ദിവ്യ. എസ്. അയ്യര്‍ ഇടം നേടിയത്. ദിവ്യ ഓണം ആഘോഷിക്കു ന്നത് തനി തമിഴ് ബ്രാഹ്മണ ശൈലിയിലാണ്...

അയ്യര്‍ കുടുംബത്തില്‍ ജനിച്ച്, അനന്തപത്മനാഭന്റെ മണ്ണില്‍ വളര്‍ന്ന്, എം.ബി.ബി.എസ്സും, ഐ.എ.എസ്സും നേടി അക്ഷരനഗരിയായ കോട്ടയത്ത് അസിസ്റ്റന്റ് കളക്ടറായി സ്ഥാനമേറ്റ ഡോ.ദിവ്യ എസ്.അയ്യരെ അറിയാത്ത മലയാളികള്‍ കുറവ്.

നിഷ്‌കളങ്കമായ ചിരിയും, തേജസ്സാര്‍ന്ന മുഖവും, നിയമത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള പെരുമാറ്റവുമൊക്കെ ദിവ്യയെ ജനങ്ങള്‍ സ്വീകരിക്കാനുള്ള കാരണമായി. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ വളര്‍ന്നിട്ടും ദിവ്യയ്ക്ക് ഓണം അത്ഭുതമായിരുന്നില്ല.

കാരണം എന്റെ നാട് ഈ കൊച്ചു കേരളമാണ്. നിഷ്‌കളങ്കമായ ചിരിയോടെ ദിവ്യ പറയുന്നു. തമിഴ് മണ്ണിലാണ് പിതൃപാരമ്പര്യമെങ്കിലും ദിവ്യയുടെ നാട് തിരുവനന്തപുരമാണ്. ഐ.എ.എസ് നേടി കേരളമണ്ണില്‍ തന്നെ ആദ്യ പോസ്റ്റിംഗ് കിട്ടിയതില്‍ ദിവ്യയ്ക്ക് ഏറെ സന്തോഷം തോന്നിയതും അതുകൊണ്ടാണ്.

അക്ഷരനഗരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന ദിവ്യ ഇപ്പോള്‍ കേന്ദ്രീയ വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വിദേശ വ്യാപാര ഡയറക്‌റേറ്റില്‍ അസിസ്റ്റന്റ് സെക്രട്ടറിയാണ്. തമിഴും മലയാളവും കൂടിക്കലര്‍ന്ന സംസ്‌കാരത്തില്‍ നിന്ന് ഓണം ആഘോഷിക്കുന്ന ദിവ്യ കന്യക ഓണക്കോടിക്കൊപ്പം.

പിച്ചവച്ച നാളിലെ ഓണം


എനിക്കൊരിക്കലും ഓണം അന്യമായിരുന്നില്ല. മൂന്നു തലമുറ മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് പോന്നതാണ്. അപ്പൂപ്പന്മാരൊക്കെ കേരളത്തിലായിരുന്നു. ഞങ്ങള്‍ അണ്‍ഡിവൈഡഡ് മദ്രാസ് പ്രൊവിന്‍സിയിലായിരുന്നു.

മുത്തശ്ശിക്ക് 15 വയസ്സുള്ളപ്പോള്‍ തിരുനെല്‍വേലിയില്‍ നിന്ന് കേരളത്തിലേക്ക് വിവാഹം കഴിച്ചയച്ചതാണ്. ഞാനും ചേച്ചിയുമൊക്കെ ജനിച്ചതും വളര്‍ന്നതുമൊക്കെ ഇവിടെത്തന്നെ. ചെറുപ്പം മുതല്‍ ഓണപ്പൂക്കളവും തിരുവോണസദ്യയുമൊക്കെ കണ്ടറിഞ്ഞ് ആഘോഷിച്ച് വളര്‍ന്നതാണ്.

ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്ത് ചുറ്റുപാടും കുട്ടികളുണ്ടായിരുന്നു.ഞങ്ങള്‍ കുട്ടികള്‍ ചേര്‍ന്ന് ലവ്‌ലാന്‍ഡ്‌സ് എന്ന പേരില്‍ ഒരു ബാലവേദി ഉണ്ടാക്കി. ഓണത്തിന് പൂ പറിക്കുകയും പൂക്കളമൊരുക്കുകയും ചെയ്തിരുന്നു. ഞാ നായിരുന്നു പ്രസിഡന്റ.് സെക്രട്ടറിയായി വിധു എന്ന ചേച്ചിയും.

അവിടെ ഞങ്ങള്‍ 10 ദിവസവും പൂക്കളമൊരുക്കും. തിരുവോണത്തിന് മത്സരവും മറ്റുമുണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ മാത്രമായിരുന്നു സംഘാടകര്‍. ഓരോ കുട്ടിയും വീട്ടില്‍ നിന്ന് പിരിവ് കൊണ്ടുവരും. ആരെങ്കിലും സംഭാ വന തന്നാല്‍ ആ വീടിനു മുന്നിലായിരിക്കും അന്നത്തെ പൂക്കളം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോ ള്‍ ദൂരദര്‍ശനു വേണ്ടി ഓണത്തിന് ഒരു പ്രോഗ്രാം അവതരിപ്പിച്ചു.

കര്‍ഷക നൃത്തം അവതരിപ്പിച്ചു. മാണിക്കതമ്പാട്ടിയും,കൊയ്ത്തുനൃത്തവും, കൈകൊട്ടിക്കളിയുമൊക്കെ. തിരുവാതിരകളി മിക്ക വര്‍ഷവും അവതരിപ്പിച്ചിരുന്നു. പാല്‍കുളങ്ങര സരോജിനിയമ്മ ടീച്ചറായിരുന്നു ഗുരു. ഏഴ് വര്‍ഷത്തോളം തുടര്‍ച്ചയായി കൈകൊട്ടിക്കളിയും തിരുവാതിരകളിയും അവതരിപ്പിച്ചു.

മിക്കവാറും അത് ഓണക്കാലത്താണ്. തിരുവോണനാളില്‍ മാത്രമല്ല ചിങ്ങം പിറക്കുമ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് ഓണക്കാലമായിരുന്നെന്ന് പറയാം. ഇന്നും മനസ്സില്‍ മായാതെ മറയാതെ ആ ഓണക്കാലമുണ്ട്.

കോലങ്ങളിലെ പൂക്കളം


വീട്ടിലെന്നും കോലമിടുന്ന പതിവുണ്ടായിരുന്നു. ഐശ്വര്യം സ്വീകരിക്കുക എന്ന വിശ്വാസത്തോടെയാണ് കോലം വരയ്ക്കുന്നത്. കുളിച്ചു ശുദ്ധിയായി വീടിനു മുന്നില്‍ കോലം വരയ്ക്കുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി വരും.

പുള്ളി വച്ചുള്ള കോലം ശരിക്കും മാത്തമാറ്റിക്‌സാണ്. ചൈനീസ് അബാക്കസിന് തുല്യമാണത്. ഒറ്റ സംഖ്യ, ഇരട്ട സംഖ്യ, ദിശ എന്നിവയൊക്കെ പഠിക്കാനും ക്രിയേറ്റീവിറ്റി വളരാനും ഇത് സഹായിക്കും. ആകര്‍ഷകമാക്കാനാണ് അതില്‍ ഡിസൈനുകള്‍ കൊണ്ടുവരുന്നത്.

അമ്മയൊക്കെ മുറ്റം കഴുകി കോലം വരയ്ക്കുന്നത് ശ്രദ്ധിച്ചാണ് ഞാന്‍ പഠിച്ചത്. ആരും കൈ പിടിച്ച് വരപ്പിച്ചിട്ടില്ല. ഓരോ ദിവസവും ഓരോ രീതിയിലാണ് കോലം വരയ്ക്കുന്നത്.

ഓണക്കാലത്ത് രംഗോലി ഡിസൈനുകളില്‍ പൂക്കളമൊരുക്കും. ഡിസൈനുകളില്‍ വിവിധ തരത്തിലുള്ള പൂക്കള്‍ കൊണ്ടലങ്കരിക്കും. വൃത്തത്തിന്റെ എണ്ണം ഓരോ ദിവസവും കൂടും. പത്താം നാള്‍ അതായത് തിരുവോണനാളില്‍ പത്തു വൃത്തം.

കുട്ടിക്കാലത്ത് ഒരു ശീലമായി ചെയ്തിരുന്നെങ്കിലും പ്രായമേറുന്തോറും അതിലെ കണക്കുകള്‍ എന്നെ ആകര്‍ഷിച്ചു. കൃത്യമായ അകലങ്ങളില്‍ കൃത്യകണക്കിലിടുന്ന പുള്ളികള്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍ ആകര്‍ഷകമായ കോലങ്ങളുണ്ടാകും.

ഏതെങ്കിലുമൊരു പുള്ളിക്ക് സ്ഥാനം തെറ്റിയാല്‍, എണ്ണം കൂടുകയോ കുറയുകയോ ചെയ്താല്‍ എല്ലാം തെറ്റും. കോലം അലങ്കോലമാകും. കണക്കിന്റെ വിസ്മയങ്ങള്‍ ഞാനാദ്യം അറിഞ്ഞു തുടങ്ങിയത് കോലങ്ങളില്‍ നിന്നാണ്. പൂര്‍ത്തിയായ കോലങ്ങള്‍ അത്ഭുതപ്പെടുത്തും.

വരച്ചതെങ്ങനെയെന്ന് ആശങ്കപ്പെടുത്തും. എത്രമാത്രം സങ്കീര്‍ണ്ണമാണെ ന്ന് തോന്നും. പക്ഷേ പുള്ളികള്‍ ബന്ധിപ്പിച്ചു വരുമ്പോള്‍ അതില്‍ ബുദ്ധിമുട്ടില്ല. എത്ര ബുദ്ധിമുട്ടുള്ള വിഷയമാണെങ്കിലും ബേസറിഞ്ഞാല്‍ എളുപ്പമാണെന്ന് തിരിച്ചറിഞ്ഞതും ഇതില്‍ നിന്നാണ്.

പൂക്കളമൊരുക്കുന്ന രീതിയെ ഞാന്‍ പഠനവുമായി ബന്ധപ്പെടുത്തി. ഓണവും കോലങ്ങളും അത്തപ്പൂക്കളുമൊക്കെ എന്നെ മാനസികമായി ഒരുപാട് വളര്‍ത്തിയിട്ടുണ്ട്.

ഓണ വിഭവങ്ങള്‍


തിരുവോണനാളില്‍ എല്ലാ വിഭവങ്ങളും കൂട്ടി ഓണസദ്യ ഗംഭീരമാക്കാറുണ്ട്. ഓണസദ്യയില്‍ കേരളീയ വിഭവങ്ങളെല്ലാമുണ്ടാവുമെങ്കിലും പലതിന്റെയും കൂട്ടിന് വ്യത്യാസമുണ്ട്. ചോറിനാണ് ഏറ്റവും വ്യത്യാസം.

ചുവന്ന അരി ഉപയോഗിക്കില്ല. പൊന്നി അരി, ദൊപ്പി അരി എന്നൊക്കെ പറയുന്ന, കുഴയുന്ന, വേവ് കൂടിയ നീണ്ട വെള്ള അരിയാണ് ഞങ്ങളുടേത്. ചോറില്‍ തന്നെ പല വകഭേദങ്ങള്‍.

ലെമണ്‍ റൈസ്, പുളിയോദറ, കോക്കനട്ട് റൈസ്, കൊറിയാണ്ടര്‍ റൈസ്, തൈര് സാദം, പുതിന റൈസ്, സാമ്പാര്‍സാദം എന്നിങ്ങനെ... ഇത് തയാറാക്കുമ്പോള്‍ ചോറിന് മയം വേണം.

ഓരോ അരിമണിയും വെവ്വേറെ കിടന്നാല്‍ പലതിന്റെയും ഫ്‌ളേവര്‍ അരിയില്‍ പിടിക്കില്ല. അതുകൊണ്ട് വേവു കൂടുതലുള്ള ചോറാണ് തയാറാക്കുന്നത്. പുളിശ്ശേരിയില്‍ ഞങ്ങള്‍ മുളകുപൊടി ചേര്‍ക്കും. ചുവന്ന പുളിശ്ശേരി! കാച്ചിയ മോര് പോലെ ഉണ്ടാക്കാറില്ല.

അവിയല്‍ പച്ചമാങ്ങയിട്ടാണുണ്ടാക്കുന്നത്. പാവയ്ക്ക കിച്ചടിയും, ഏത്തപ്പഴം പച്ചടിയുമാണ് പ്രധാന വിഭവം. രസം, സാമ്പാര്‍ എന്നിവയിലെല്ലാം വിവിധ രുചിക്കൂട്ടുകളുണ്ട്. ഒരേ തരത്തില്‍ ഇവയൊന്നും തയാറാക്കാറില്ല. പൊടിവര്‍ഗ്ഗങ്ങളിലും ആവശ്യമായ സാധനങ്ങളിലും ചില വ്യത്യാസങ്ങള്‍ വരുത്തിയാണ് ഓരോ ദിവസവും തയാറാക്കുന്നത്.

സാധാരണ ഓണവിഭവങ്ങള്‍ക്കു തന്നെ വേറിട്ട രുചിയായിരിക്കും. പറയുമ്പോള്‍ വിഭവങ്ങളുടെ പേരില്‍ വലിയ വ്യത്യാസം കാണില്ല. പക്ഷേ രുചിയിലും ചേരുവകളിലും മണത്തിലും വരെ വ്യത്യാസമുണ്ടാകും.

ഞങ്ങള്‍ക്ക് മധുരം ഒഴിച്ചു കൂടാനാവാത്തതാണെന്ന് പലരും പറയാറുണ്ട്. പക്ഷേ എനിക്ക് മധുരത്തോട് താത്പര്യം കുറവാണ്. നവരാത്രി ദിനത്തില്‍ മാത്രമാണ് മധുരവിഭവങ്ങള്‍ തയാറാക്കാന്‍ ഞാന്‍ സമ്മതിക്കുന്നത്.

നൊമ്പരപ്പൂമൊട്ടായി ഒരോണം


ഓണമെന്നോ ഗാന്ധിജയന്തിയെന്നോയില്ല, 24 മണിക്കൂറും ജോലി ചെയ്യണമല്ലോ. പിന്നെ ആഘോഷദിവസം കര്‍ത്തവ്യം മുടക്കുകയെന്നതിനോട് എനിക്ക് യോജിപ്പില്ല. നല്ല ദിവസം കൂടുതല്‍ നല്ല കാര്യം ചെയ്യുകയല്ലേ വേണ്ടത്. ഒന്നും മറക്കണമെന്നല്ല.

ഐ ഡോണ്ട് മൈന്‍ഡ്് വര്‍ക്കിംഗ് ഓണ്‍ ഹോളിഡേയ്‌സ്. വെല്ലൂരില്‍ ഇന്റേന്‍ഷിപ്പ് ചെയ്യുന്ന സമയം. അന്നൊക്കെ ഓണവും ക്രിസ്മസുമൊന്നും ഓര്‍ക്കാറില്ല. ഒരോണക്കാലത്ത് എന്റെ മുന്നിലെത്തിയ സ്റ്റീവനെ മറക്കാനാവില്ല. ഓണത്തിന്റെ തലേന്നാണ് പതിനഞ്ചുകാരനായിരുന്ന സ്റ്റീവ് പാലിയേറ്റീവ് കെയറില്‍ ക്യാന്‍സറായി പ്രവേശിപ്പിക്കപ്പെട്ടത്.

ഞാന്‍ കാണാന്‍ ചെല്ലുമ്പോള്‍ മനസ്സിലൊരു നൊമ്പരമായിരുന്നു. സങ്കടത്തോടെ മുറിക്കുള്ളിലേക്ക് കയറിയെങ്കിലും തിരിച്ചിറങ്ങിയപ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി കിട്ടി. കാര്യങ്ങള്‍ എല്ലാം അറിഞ്ഞിട്ടും അസുഖത്തെ അവന്‍ ആത്മവിശ്വാസത്തോടെ നേരിട്ടു.

അവന് ആകെ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. പത്താം ക്ലാസ് പരീക്ഷയെഴുതുക. പക്ഷേ അവന് ഒരുപാട് വേദന നല്‍കാന്‍ ഈശ്വരന്‍ ആഗ്രഹിച്ചില്ലെന്നു തോന്നുന്നു.

ആ ഡിസംബര്‍ 24ന് അവന്‍ ഈ ലോകത്തോട് വിട പറഞ്ഞു. അതൊരു വലിയ സങ്കടമായിരുന്നു. അവന്റെ അമ്മയും ചേച്ചിയുമൊക്കെ ഞങ്ങളെ കാണാന്‍ രണ്ടു മൂന്നു പ്രാവശ്യം വന്നു. ഓണത്തിന്റെ നൊമ്പരമായി മനസ്സില്‍ കിടക്കുന്നത് അതാണ്.

ദേശങ്ങള്‍ മാറിയുള്ള ഓണം


കൊച്ചുനാള്‍ മുതല്‍ ഓണമെല്ലാം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ്. വെല്ലൂരില്‍ എം.ബി.ബി.എസ് പഠിക്കുന്ന സമയത്ത് വലിയ അത്തപ്പൂക്കളവും മത്സരവുമൊക്കെ ഉണ്ടായിരുന്നു. സീനിയേഴ്‌സിനെയും മറ്റും തിരുവാതിരകളി പഠിപ്പിച്ചിരുന്നത് ഞാനാണ്.

ന്യൂറോ സര്‍ജറിയില്‍ ഇന്റേന്‍ഷിപ്പ് ചെയ്യുമ്പോഴുള്ള ഓണം മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. ഓണം സെലിബ്രേഷന്‍ എന്റെ ചുമതലയായിരുന്നു. എല്ലാവര്‍ക്കും തിരക്ക്. തിരക്കിനിടയില്‍ ഞാനവര്‍ക്ക് തിരുവാതിര അദ്ധ്യാപികയായി. പ്രാക്ടീസ് പോലും തലേ ദിവസം.

പൂള്‍സൈഡ് പാര്‍ക്കിലായിരുന്നു ആഘോഷം. മോഡേണ്‍ മിക്‌സ് ഓണമായിരുന്നു അത്. മുസൂരിയിലെ ഐ.എ.എസ് ക്യാമ്പിലും ഞങ്ങള്‍ മലയാളികളെല്ലാം ഓണസദ്യയും ഓണക്കളിയുമൊക്കെ നടത്തി.

പോസ്റ്റിംഗ് കിട്ടിയ ശേഷം കോട്ടയത്തെ ഓണവും മറക്കാനാവില്ല. 10 ദിവസവും കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിച്ചത് രോമാഞ്ചജനകമായിരുന്നു. ഇത്തവണ ഓണക്കാലത്ത് ഒരു അവാര്‍ഡ് വാങ്ങാനായി നാട്ടിലെത്തുന്നുണ്ട്. അതുകൊണ്ട് ഓണം ഡല്‍ഹിയിലാണോ ഇവിടെയാണോ എന്നറിയില്ല.

പ്രകൃതിയെ സ്‌നേഹിച്ച്...


ആഘോഷങ്ങളിലാണ് ഏറ്റവുമധികം പ്രകൃതിയെ ബുദ്ധിമുട്ടിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഏറ്റവും കൂടുന്നത് ഈ സമയത്താണ്. ഓണം ആഘോഷിക്കുമ്പോള്‍ പ്ലാസ്റ്റിക് നിരോധിക്കണമെന്നു പറയുമ്പോള്‍ ഒരു ഭരണകര്‍ത്താവെന്ന നിലയില്‍ ഒരു ബദല്‍ കണ്ടെത്തണം.

കാരണം ഹോട്ടലുകളില്‍ പാഴ്‌സല്‍ കൊടുക്കുമ്പോള്‍ സാമ്പാറും പുളിശ്ശേരിയും പേപ്പറില്‍ കൊടുക്കാന്‍ പറയാനാവില്ലല്ലോ. ഒന്നേ ചെയ്യാന്‍ പറ്റൂ. പണ്ടു മുത്തശ്ശിമാര്‍ ഉപയോഗിച്ചത് എന്താണെന്ന് ചോദിച്ചറിയുക. ഇപ്പോഴും ലഭ്യമാണെങ്കില്‍ അത് ഉപയോഗിക്കുക.

ആ പ്രിന്‍സിപ്പിള്‍ പിന്‍തുടര്‍ന്നാല്‍ ഉപയോഗം കുറയ്ക്കാം. ടിഫിന്‍ കാരിയറിനു പകരം ഇന്നത്തെ കുട്ടികള്‍ പോലും പ്ലാസ്റ്റിക് പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. പണക്കുറവും എളുപ്പവും കരുതി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ ജീവനു തന്നെ ഭീഷണിയാണ്.

ഭാവിയില്‍ ഒരുപാട് വില കൊടുക്കേണ്ടി വരുന്ന ഒന്നായി അതു മാറും. പ്ലാസ്റ്റികിനു പകരം പ്രകൃതിയെ സംരക്ഷിക്കുന്ന ഏതെങ്കിലുമൊരു ഉത്പന്നം ശാസ്ത്രസാങ്കേതിക വിദഗ്ധര്‍ കണ്ടുപിടിക്കും വരെ നമ്മള്‍ അല്പം ശ്രദ്ധിക്കുക.

പൂര്‍ണ്ണമായനിര്‍മ്മാര്‍ജ്ജനം നിയമത്തിലൂടെയും ശിക്ഷാനടപടികളിലൂടെയും സാധ്യമാക്കുക എളുപ്പമല്ല. അതുകൊണ്ട് ഓരോ വീട്ടില്‍ നിന്നും ഇത് തുടങ്ങുക. കുട്ടികളില്‍ നിന്നാവണം ആ തുടക്കം. അവര്‍ക്ക് കുടുംബത്തിലെ മറ്റുള്ളവരെ സ്വാധീനിക്കാനും മാറ്റം കൊണ്ടു വരാനും സാധിക്കും.

ഓണം പോലുള്ള ആഘോഷങ്ങളില്‍ ഈ മാറ്റം കൊണ്ടു വരാം. അന്ന് ഭക്ഷണം കഴിക്കുന്നത് വാഴയിലയിലാവുമെന്ന് നിര്‍ബന്ധമാക്കുക. അന്നൊരു ദിവസം തീരുമാനമെടുത്താല്‍ തന്നെ കിലോ കണക്കിന് പ്ലാസ്റ്റിക്ക് കുറയ്ക്കാം.

പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന്, മറ്റുള്ളവരെ സ്‌നേഹിച്ചും പങ്കുവച്ചുമൊക്കെ ഈ ഓണം സന്തോഷത്തോടെ ആഘോഷമാക്കുക. കഥകള്‍ മറന്ന് ആഘോഷിക്കാതെ, മാവേലി തിരിച്ചു വരുമ്പോള്‍ പഴയ കേരളത്തെ അതേപടി നിലനിര്‍ത്തുന്ന രീതിയില്‍ ഓണം ആഘോഷിക്കുക.

ലക്ഷ്മി ബിനീഷ്

Ads by Google
Monday 12 Sep 2016 02.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW