Friday, July 12, 2019 Last Updated 10 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.31 AM

ജനാധിപത്യം അധഃപതനത്തിന്റെ നെല്ലിപ്പലക കാണുന്നു

uploads/news/2019/07/321192/bft1.jpg

രാഷ്‌ട്രീയത്തിലെ കുതിരക്കച്ചവടവും അടിക്കടിയുണ്ടാകുന്ന നേതൃമാറ്റവും കര്‍ണാടകയ്‌ക്ക്‌ പുത്തരിയല്ല. ഇപ്പോള്‍ എല്ലാ സീമകളും ലംഘിച്ച്‌ അരങ്ങേറിക്കൊണ്ടിക്കുന്ന അന്തര്‍നാടകങ്ങളും, ജനാധിപത്യ ധ്വംസനങ്ങളും രാഷ്‌ട്രീയ ജീര്‍ണ്ണതയുടെ നെല്ലിപ്പലകയില്‍ ആ സംസ്‌ഥാനത്തെ എത്തിച്ചിരിക്കയാണ്‌.
എസ്‌. നിജലിംഗപ്പ, ദേവരാജ്‌ അരശ്‌, രാമകൃഷ്‌ണ ഹെഗ്‌ഡേ, എച്ച്‌.ഡി. ദേവഗൗഡ, എസ്‌.എം. കൃഷ്‌ണ, മല്ലികാര്‍ജ്‌ജുന ഖാര്‍ഗെ തുടങ്ങി ഒട്ടേറെ പ്രഗത്ഭമതികളായ നേതാക്കന്മാരെ ദേശീയ-സംസ്‌ഥാന രാഷ്‌ട്രീയത്തിന്‌ സംഭാവന നല്‍കിയിട്ടുള്ള സംസ്‌ഥാനമാണ്‌ കര്‍ണ്ണാടക. അങ്ങനെയുള്ള ഒരു സംസ്‌ഥാനത്ത്‌ ഇത്തരം ജനാധിപത്യ വിരുദ്ധ ദുഷ്‌പ്രവണതകള്‍ അരങ്ങു വാഴുന്നത്‌ ഒട്ടും ഭൂഷണമല്ല. ഇപ്പോഴത്തെ സംഘര്‍ഷത്തിന്‌ ബി.ജെ.പി. ദേശീയ നേതൃത്വവും കേന്ദ്രസര്‍ക്കാരും ബി.ജെ.പി മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ ബി.എസ്‌. യദ്യൂരപ്പയും മാത്രമല്ല ഉത്തരവാദികള്‍. കൂട്ടുകക്ഷി ഭരണത്തിലെ പ്രധാനിയായ കോണ്‍ഗ്രസ്‌ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധികാര മോഹവും കൂട്ടുമന്ത്രിസഭയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അദ്ദേഹം കാട്ടുന്ന അവധാനതക്കുറവും ഒപ്പം കെടുകാര്യസ്‌ഥതയും വഹിച്ച പങ്ക്‌ കാണാതിരിക്കാനാവില്ല.
പണവും അധികാരവും നല്‍കി ഏതു വിധേനയും ഭരണനിയന്ത്രണം പരിധിയില്‍ക്കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ്‌ കര്‍ണ്ണാടകയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്‌. 2018-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ കര്‍ണ്ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ നാടകത്തിന്റെ ഉത്ഭവം കുറിക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്‌ രണ്ടാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടു. ബി.ജെ.പി. ഒന്നാം സ്‌ഥാനത്തേക്ക്‌ വരികയും ചെയ്‌തു. ദേവെഗൗഡയുടെ ജെ.ഡി.എസ്‌ മൂന്നാമതും എത്തി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്‌ഥ. തുടര്‍ന്ന്‌ ബിജെ.പി. അധികാരത്തില്‍ വരാതിരിക്കാനുള്ള രാഷ്‌ട്രീയ തന്ത്രങ്ങള്‍ കോണ്‍ഗ്രസ്‌ ആവിഷ്‌കരിച്ചു. കോണ്‍ഗ്രസ്സിന്റെ പകുതിയില്‍ത്താഴെ സീറ്റുകള്‍ മാത്രമുള്ള ജെ.ഡി.എസിന്‌ മുഖ്യമന്ത്രി സ്‌ഥാനം നല്‍കിയുള്ള വിട്ടുവീഴ്‌ചയ്‌ക്ക്‌ അവര്‍ തയ്യാറായി. എന്നാല്‍, ബി.ജെ.പി. സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ സഖ്യത്തിന്‌ ഭൂരിപക്ഷം ഉണ്ടെന്ന്‌ ബോധ്യമായിട്ടും ബി.ജെ.പിയെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഗവര്‍ണറുടെ രാഷ്‌ട്രീയ പക്ഷപാദിത്വം വലിയ രാഷ്‌ട്രീയ വിവാദം തന്നെ ക്ഷണിച്ചുവരുത്തി. വീണുകിട്ടിയ സമയം ഉപയോഗിച്ച്‌ ഏതു മാര്‍ഗത്തിലൂടെയും ഭൂരിപക്ഷം ഉറപ്പിക്കാനായി അരയും, തലയും മുറുക്കി യദിയൂരപ്പ കളം നിറഞ്ഞ്‌ കളിച്ചു. ആവശ്യമുള്ള പണവും പദവികളും വാഗ്‌ദാനം ചെയ്‌ത്‌ ജനപ്രതിനിധികളെ വലവീശിപ്പിടിക്കാന്‍ അദ്ദേഹം ആവത്‌ പരിശ്രമിച്ചു. ഇത്‌ ബോദ്ധ്യമുള്ള എതിര്‍വിഭാഗം വലിയ പ്രതിരോധ തന്ത്രം തന്നെ മെനഞ്ഞു. കോണ്‍ഗ്രസ്‌ എല്ലാ എം.എല്‍.എ മാരെയും റിസോര്‍ട്ടില്‍ ഒളിപ്പിച്ച്‌ ചോര്‍ച്ച തടഞ്ഞു. ഒളിപ്പിച്ച എം.എല്‍.എമാരെ വിശ്വാസ വോട്ടെടുപ്പ്‌ വേളയില്‍ നേരെ നിയമസഭയില്‍ കൊണ്ടെത്തിച്ചു. വിശ്വാസവോട്ടെടുപ്പില്‍ യദിയൂരപ്പ പരാജയപ്പെട്ടതിനെതുടര്‍ന്ന്‌ രാഷ്‌ട്രീയ സഖ്യ നേതാവ്‌ എന്ന നിലയില്‍ ജെ.ഡി.എസിലെ കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നു. ഇതിനു ശേഷവും യദിയൂരപ്പ അടങ്ങിയിരുന്നില്ല.
ഇത്തരം രാഷ്‌ട്രീയ അന്തര്‍നാടകങ്ങള്‍ക്കെല്ലാം പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും സര്‍വ്വവിധ പിന്‍തുണയും ഉണ്ടെന്നുള്ളതാണ്‌ വസ്‌തുത. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എമാരെ മൊത്തക്കച്ചവടം നടത്തി ഹൈജാക്ക്‌ ചെയ്‌തത്‌ പോലെ ഒടുവില്‍ ഗോവയിലും ഈ പ്രക്രീയ ബി.ജെ.പി. പ്രാവര്‍ത്തികമാക്കിയിരിക്കുന്നു.
തങ്ങളുടെ മുഖ്യ പ്രതിയോഗിയായ കോണ്‍ഗ്രസിനെയും മറ്റ്‌ അനഭിമതരായ പ്രതിപക്ഷ കക്ഷികളേയും ഏതുവിധേനയും തകര്‍ക്കുകയെന്ന ലക്ഷ്യവുമായാണ്‌ ബി.ജെ.പി. കരുനീക്കങ്ങള്‍ തുടര്‍ന്നു വരുന്നത്‌. അടുത്ത ഊഴം ഏതു സംസ്‌ഥാനമെന്നേ ഇനി അറിയാനായുള്ളു, പശ്‌ചിമബംഗാളില്‍ 40 എം.എല്‍.എ മാര്‍ കൂറുമാറി തങ്ങളുടെ പക്ഷത്തേക്കുവരാന്‍ തയ്യാറായി നില്‍പ്പുണ്ടെന്നു തെരഞ്ഞെടുപ്പ്‌ വേളയില്‍ പരസ്യ പ്രഖ്യാപനം നടത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ മടിച്ചില്ല.
ഇപ്രകാരമുള്ള രാഷ്‌ട്രീയ കോമാളിത്തവും ദുഷ്‌പ്രവണതയുമാണ്‌ വരുംകാല ഇന്ത്യന്‍ ജനാധിപത്യ ധാരയായി വര്‍ത്തിക്കാന്‍ പോകുന്നത്‌. പ്രസ്‌തുത രാഷ്‌ട്രീയ നാടകശാലയില്‍ വേണ്ടവിധം അഭിനയിച്ച്‌ വിജയിപ്പിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇനി നിലനില്‍പ്പുണ്ടാകുകയുള്ളു. ഈ ദുരവസ്‌ഥയില്‍ നമ്മുടെ ജനാധിപത്യം എത്തിച്ചേര്‍ന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ ഇന്നത്തെ അധപതനവും ഗതികേടും ഓര്‍ത്ത്‌ ലജ്‌ജിക്കാനും വിലപിക്കാനും മാത്രമേ ശ്രേഷ്‌ഠ ജനാധിപത്യ പുലരിയെ സ്വപ്‌നം കാണുന്ന ശുദ്ധജനാധിപത്യ വാദികള്‍ക്കും സ്‌നേഹികള്‍ക്കും കഴിയുകയുള്ളു.

എ. റഹീംകുട്ടി

(ലേഖകന്‍ ഐ.എന്‍.ടി.യു.സി മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയാണ്‌. ഫോണ്‍: 9995077790)

Ads by Google
Friday 12 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW