Friday, July 12, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.19 AM

ചരിത്രം കുറിച്ചു ഫെഡറര്‍ ,വിംബിള്‍ഡണില്‍ 100-ാം ജയം നേടുന്ന ആദ്യ താരം

uploads/news/2019/07/321172/s2.jpg

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ ചരിത്രം കുറിച്ച്‌ സ്വിസ്‌ ഇതിഹാസം റോജര്‍ ഫെഡറര്‍ സെമിഫൈനലില്‍. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍ താരം കെയ്‌ നിഷികോരിയെ തോല്‍പിച്ച ഫെഡറര്‍ സ്വന്തമാക്കിയത്‌ അപൂര്‍വ നേട്ടം.ജയത്തോടെ വിംബിള്‍ഡണില്‍ 100 ജയം നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ്‌ ഫെഡററെ തേടിയെത്തിയത്‌.
കൂടാതെ ജിമ്മി കോണേഴ്‌സിനു ശേഷം വിംബിള്‍ഡണ്‍ സെമിയില്‍ കടക്കുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോഡും 38-കാരനായ ഫെഡറര്‍ സ്വന്തമാക്കി. 1991-ല്‍ കോണേഴ്‌സ് 39-ാം വയസില്‍ സെമിയില്‍ കടന്നാണ്‌ റെക്കോഡ്‌ സ്വന്തമാക്കിയത്‌.
നിഷികോരിക്കെതിരേ ആദ്യ സെറ്റ്‌ കൈവിട്ട ശേഷമായിരുന്നു ഫെഡററുടെ ചരിത്ര ജയം.തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട്‌ ഫോമിലേക്ക്‌ ഉയര്‍ന്ന സ്വിസ്‌ താരം അനായാസം ജയം സ്വന്തമാക്കുകയായിരുന്നു സ്‌കോര്‍ 4-6, 6-1, 6-4, 6-4.
സെമിയില്‍ ക്ലാസിക്‌ പോരാട്ടമാണ്‌ അരങ്ങേറുക. സ്‌പാനിഷ്‌ ഇതിഹാസം റാഫേല്‍ നദാലാണ്‌ സെമി പോരാട്ടത്തില്‍ ഫെഡററുടെ എതിരാളി. 2008-ലെ ഐതിഹാസിക വിംബിള്‍ഡണ്‍ ഫൈനലിന്‌ ശേഷം ഇതാദ്യമായാണ്‌ ഫെഡറര്‍-നദാല്‍ പോരാട്ടത്തില്‍ വിംബിള്‍ഡണ്‍ വേദി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്‌.
ക്വാട്ടര്‍ ഫൈനലില്‍ അമേരിക്കന്‍ താരം സാം കൂരെയെ മറികടന്നാണ്‌ നദാല്‍ സെമിയില്‍ പ്രവേശിച്ചത്‌. വലിയ സര്‍വീസുകള്‍ക്കു പേര്‌ കേട്ട അമേരിക്കന്‍ താരത്തിനെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ആയിരുന്നു നദാലിന്റെ ജയം. സ്‌കോര്‍ 7-5, 6-2, 6-2.
അതേസമയം വനിതാ വിഭാഗത്തില്‍ ഫൈനല്‍ ലൈനപ്പായി. അമേരിക്കന്‍ സൂപ്പര്‍ താരം സെറീനാ വില്യംസും റൊമാനിയന്‍ താരം സിമോണ ഹാലെപ്പും തമ്മിലാണ്‌ കലാശപ്പോരാട്ടം.
വിംബിള്‍ഡണ്‍ ഫൈനലില്‍ കടക്കുന്ന ആദ്യ റൊമാനിയന്‍ താരമാണ്‌ ഹാലെപ്‌. ആദ്യമായി വിംബിള്‍ഡണ്‍ സെമിഫൈനലില്‍ എത്തിയ യുക്രെയ്‌ന്‍ താരം എലിന സിറ്റലീനയെ തകര്‍ത്താണ്‌ ഹാലെപ്‌ ഫൈനലില്‍ കടന്നത്‌. സ്‌കോര്‍ 7-5, 6-4.
ഇന്നലെ നടന്ന രണ്ടാം സെമിഫൈനലി ല്‍ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രിക്കോവയെ തോല്‍പിച്ചായിരുന്നു സെറീനയുടെ ഫൈനല്‍ പ്രവേശനം. വെറും 59 മിനിറ്റ്‌ മാത്രം നീണ്ടു നിന്ന മത്സരത്തില്‍ 6-1, 6-2 എന്ന സ്‌കോറില്‍ നേരിട്ടുളള സെറ്റുകള്‍ക്കാണ്‌ സെറീന വിജയം കണ്ടത്‌.
നാളെ നടക്കുന്ന ഫൈനലില്‍ ഹാലെപ്പിനെ നേരിടാനിറങ്ങുന്ന സെറീന റെക്കോഡ്‌ ജയമാണ്‌ ലക്ഷ്യമിടുന്നത്‌. കിരീടം ചൂടാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടിയ താരമെന്ന മാര്‍ഗരറ്റ്‌ കോര്‍ട്ടിന്റെ റെക്കോഡിനൊപ്പം എത്താന്‍ സെറീനയ്‌ക്കാകും. നിലവില്‍ 23 ഗ്രാന്‍ഡ്‌സ്ലാം സ്വന്തം പേരിലുള്ള സെറീനയ്‌ക്ക് വെറും ഒരു ജയം മാത്രമകലെയാണ്‌ ആ നേട്ടം.

Ads by Google
Friday 12 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW