Friday, July 12, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.14 AM

സാന്ത്വനവുമായി മന്ത്രി; അതുല്യക്ക്‌ ചികിത്സാസഹായം കൈമാറി

uploads/news/2019/07/321169/k4.jpg

തിരുവനന്തപുരം : "ഒന്നുകൊണ്ടും പേടിക്കേണ്ട. എല്ലാം ശരിയാകും. മകള്‍ക്ക്‌ ഏറ്റവും നല്ല ചികിത്സ തന്നെ ലഭ്യമാക്കും ഈ സര്‍ക്കാരും ഈ നാടും കൂടെയുണ്ട്‌." മന്ത്രി ഇ.പി. ജയരാജന്റെ വാക്കുകള്‍ സജിയുടെ കണ്ണുകളില്‍ ആശ്വാസത്തിന്റെ തിളക്കമായി. മകളുടെ ഗുരുതരമായ ആരോഗ്യപ്രശ്‌നം തളര്‍ത്തിയ ആ പിതാവിന്‌ മന്ത്രിയുടെ വാക്കുകള്‍ ധൈര്യം പകര്‍ന്നു.
ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്‌ക്കുള്ള ചികിത്സാ സഹായവുമായി തിരുവനന്തപുരത്തെ കിംസ്‌ ആശുപത്രിയിലെത്തിയതായിരുന്നു മന്ത്രി ഇ.പി. ജയരാജന്‍. അടിയന്തരസഹായമായി കായികവികസനനിധിയില്‍ നിന്ന്‌ മൂന്നു ലക്ഷം രൂപ സജിക്ക്‌ കൈമാറി. ഒപ്പം തീവ്രപരിചരണ വിഭാഗത്തിലുള്ള അതുല്യയെ നേരിട്ട്‌ കണ്ട്‌ മന്ത്രി ആശ്വസിപ്പിച്ചു. ആശുപത്രി അധികൃതരുമായും ഡോക്‌ടര്‍മാരോടും കാര്യങ്ങള്‍ തിരക്കിയശേഷമാണ്‌ മന്ത്രി മടങ്ങിയത്‌. മാധ്യമങ്ങളിലൂടെ അതുല്യയുടെ ദയനീയാവസ്‌ഥയറിഞ്ഞ മന്ത്രി ഇന്നലെതന്നെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ചു. കിംസ്‌ ആശുപത്രിയുമായി ബന്ധപ്പെട്ട്‌ തുടര്‍ചികിത്സയും ഉറപ്പുവരുത്തി.
ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന്‌ 15 ദിവസം മുന്‍പാണ്‌ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിദഗ്‌ധ പരിശോധനയില്‍ ശ്വാസകോശം ചുരുങ്ങുന്ന രോഗമാണെന്ന്‌ കണ്ടെത്തി. ഡോക്‌ടര്‍മാര്‍ അടിയന്തര ശസ്‌ത്രക്രിയ നിര്‍ദ്ദശിച്ചു. ചെലവേറിയ ലേസര്‍ ശസ്‌ത്രക്രിയയാണ്‌ പ്രതിവിധി.
ഇതിന്‌ മെഡിക്കല്‍ കോളജില്‍ സൗകര്യമില്ല. തുടര്‍ന്നാണ്‌ സ്വകാര്യാശുപത്രിയിലേക്കു മാറ്റിയത്‌. നേരത്തെ, തലച്ചോറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന്‌ അതുല്യ ചികിത്സ തേടിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന്‌ ട്രാക്കില്‍ തിരിച്ചെത്തി. പരിശീലനം തുടരുന്നതിനിടെയാണ്‌ വീണ്ടും രോഗബാധിതയായത്‌. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ്‌ സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു അതുല്യ. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്‌ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയമീറ്റിലെ വെള്ളി മെഡല്‍ ജേതാവുമാണ്‌. എരുമേലി പമ്പാവാലിയാണ്‌ സ്വദേശം. അച്‌ഛന്‍ സജി ഹോട്ടല്‍ തൊഴിലാളിയാണ്‌.

Ads by Google
Friday 12 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW