Friday, July 12, 2019 Last Updated 22 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.10 AM

'അച്‌ഛാ, ഞങ്ങളെ കൊല്ലരുത്‌, ജീവിക്കാന്‍ അനുവദിക്കൂ' ബി.ജെ.പി. എം.എല്‍.എയ്‌ക്കെതിരേ മകളുടെ വീഡിയോ

uploads/news/2019/07/321129/d3.jpg

ലഖ്‌നൗ: "അച്‌ഛാ, ഞങ്ങളെ കൊല്ലരുത്‌ ജീവിക്കാന്‍ അനുവദിക്കൂ" എന്ന്‌ അഭ്യര്‍ഥിച്ചുള്ള യുവതിയുടെ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വൈറലായി.
ദളിത്‌ വിഭാഗക്കാരനെ വിവാഹം ചെയ്‌തതിനാല്‍ തന്നെ അപകടപ്പെടുത്താന്‍ പിതാവ്‌ ശ്രമിക്കുന്നതായി ആരോപിച്ച്‌ ഉത്തര്‍പ്രദേശ്‌ ബി.ജെ.പി. എം.എല്‍.എയുടെ മകളാണ്‌ വീഡിയോ പുറത്തുവിട്ടത്‌. ബറേലി എം.എല്‍.എ. രാജേഷ്‌ മിശ്രയ്‌ക്കെതിരെയാണു മകള്‍ സാക്ഷി ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.
വീഡിയോയില്‍ പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ്‌ സാക്ഷി വിശേഷിപ്പിക്കുന്നത്‌. "ബഹുമാനപ്പെട്ട പാപ്പു, വിക്കി.. ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. ഞാന്‍ വിവാഹിതയാണ്‌, സിന്ദൂരം ഫാഷനുവേണ്ടി അണിഞ്ഞിരിക്കുന്നതല്ല. പപ്പാ, എനിക്കു പിന്നാലെ നിങ്ങള്‍ ഗുണ്ടകളെ അയച്ചു. ഒളിച്ചിരുന്നത്‌ ഞാനും ഭര്‍ത്താവ്‌ അജിതേഷ്‌ കുമാറും മടുത്തു. അവനെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത്‌ അവസാനിപ്പിക്കണം. സുരക്ഷിതയും സന്തോഷവതിയുമായി ജീവിക്കാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌" സാക്ഷി വീഡിയോയില്‍ പറയുന്നു.
തനിക്കോ ഭര്‍ത്താവിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ പിതാവും സഹോദരനും അവരുടെ ഗുണ്ട രാജീവ്‌ റാണയുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി വ്യക്‌തമാക്കുന്നു. തന്റെ പിതാവിനെ സഹായിക്കുന്നവര്‍ ദയവുചെയ്‌ത്‌ അത്‌ അവസാനിപ്പിക്കണമെന്നും തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും പറഞ്ഞ യുവതി, തങ്ങള്‍ക്ക്‌ സുരക്ഷയൊരുക്കണമെന്നു പോലീസിനോടും ആവശ്യപ്പെടുന്നുണ്ട്‌.
കഴിഞ്ഞ വ്യാഴാഴ്‌ചയാണു സാക്ഷി, ദളിതനായ അജിതേഷ്‌ കുമാറിനെ വിവാഹം ചെയ്‌തത്‌. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ രാജേഷ്‌ മിശ്ര ഇതുവരെ തയാറായിട്ടില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ടുവെന്നും ദമ്പതികള്‍ക്ക്‌ സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡി.ഐ.ജി: ആര്‍.കെ. പാണ്ഡെ പറഞ്ഞു. എന്നാല്‍, ഇവര്‍ എവിടെയാണെന്ന്‌ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 12 Jul 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW