Friday, July 12, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.06 AM

കാണാതായ യജമാനനെ വളര്‍ത്തുനായ്‌ക്കള്‍ തിന്നുതീര്‍ത്തു!

uploads/news/2019/07/321112/in5.jpg

ഡാലസ്‌(ടെക്‌സാസ്‌): അമേരിക്കയില്‍ കാണാതായ 57 വയസുകാരനെ വളര്‍ത്തു നായ്‌ക്കള്‍ ചേര്‍ന്നു തിന്നുവെന്നു പോലീസ്‌ കണ്ടെത്തല്‍. ടെക്‌സാസ്‌ വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ 18 വളര്‍ത്തുനായ്‌ക്കള്‍ക്കൊപ്പം ഒറ്റയ്‌ക്കു താമസിച്ചിരുന്നു ഫ്രെഡി മാക്ക്‌ എന്നയാളെയാണ്‌ വളര്‍ത്തുനായ്‌ക്കള്‍ ഭക്ഷണമാക്കിയത്‌. എന്നാല്‍, മാക്കിനെ കൊന്നതു നായ്‌ക്കളാണോയെന്നു സ്‌ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
മാക്കിനെ കാണാനില്ലെന്നു ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസ്‌ നടത്തിയ തിരച്ചിലിലാണു ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്‌. വീടിന്റെ പരിസരത്ത്‌ നടത്തിയ തിരച്ചിലില്‍ അസ്‌ഥിക്കഷ്‌ണങ്ങള്‍ ലഭിച്ചെങ്കിലും അതു മാക്കിന്റേതാകുമെന്നു ആരും സംശയിച്ചില്ല. എന്നാല്‍, നായ്‌ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്റെ തലമുടിയും തുണിക്കഷ്‌ണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നു ആ ദിശയില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.
പോലീസ്‌ ശേഖരിച്ച അവശിഷ്‌ടങ്ങള്‍ മാക്കിന്റെ തന്നെയാണെന്നു പരിശോധനയില്‍ സ്‌ഥിരീകരിച്ചതോടെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലും സ്‌ഥിരീകരിക്കപ്പെട്ടു. മാക്ക്‌ രോഗാവസ്‌ഥയെ തുടര്‍ന്നു മരിച്ചതാവാമെന്നും പിന്നീട്‌ നായ്‌ക്കള്‍ യജമാനന്റെ മൃതദേഹം ആഹാരമാക്കിയെന്നുമാണു പോലീസ്‌ നിഗമനം. മാക്കിനെക്കുറിച്ച്‌ ആഴ്‌ചകളായി വിവരമൊന്നുമില്ലെന്നു കഴിഞ്ഞ മേയില്‍ ബന്ധുവാണു പോലീസിനെ അറിയിച്ചത്‌. ഇദ്ദേഹത്തിനൊപ്പം വല്ലപ്പോഴും കടയില്‍ പോകുമ്പോള്‍ മാത്രമാണു മാക്ക്‌ വീടുവിട്ടിരുന്നത്‌. മാക്കിനെ തിരഞ്ഞ്‌ ബന്ധുക്കള്‍ വീട്ടിലെത്തിയെങ്കിലും ആക്രമണകാരികളായ നായ്‌ക്കള്‍ അകത്തേക്കു കടക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന്‌ അവര്‍ പോലീസില്‍ വിവരം അറിയിച്ചു. നായ്‌ക്കളെ വിരട്ടിയോടിച്ചശേഷം ഡ്രോണ്‍ ഉപയോഗിച്ച്‌ ആദ്യം വീടും പരിസരവും നിരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
മേയ്‌ 15-ന്‌ സമീപത്തെ പുരയിടത്തില്‍ നടത്തിയ തിരച്ചിലില്‍ ഒരു അസ്‌ഥിക്കഷ്‌ണം ലഭിച്ചതാണു കേസില്‍ നിര്‍ണായകമായത്‌. തുടര്‍ന്നു കൂടുതല്‍ എല്ലിന്‍ കഷ്‌ണങ്ങള്‍ കണ്ടെത്തി. ഇതിനു ശേഷമാണു നായ്‌ക്കളുടെ വിസര്‍ജ്യത്തില്‍നിന്നു തലമുടിയും വസ്‌ത്രത്തിന്റെ അവശിഷ്‌ടങ്ങളും കണ്ടെത്തിയത്‌. മാക്ക്‌ ധരിച്ചിരുന്ന വസ്‌ത്രത്തിന്റെ ഭാഗങ്ങളാണ്‌ ഇതെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായി. നായ്‌ക്കളെ പാര്‍പ്പിച്ചിരുന്ന ഭാഗത്തുനിന്നു മാക്കിന്റെ ഷൂ കൂടി കണ്ടെത്തിയതോടെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു.
തുടര്‍ന്നാണ്‌ വിശദമായ വൈദ്യപരിശോധന നടത്തിയതും കണ്ടെത്തല്‍ സ്‌ഥിരീകരിച്ചതും. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച 13 നായ്‌ക്കളെ വെടിവച്ചു കൊന്നു. രണ്ടെണ്ണത്തിനെ മറ്റു നായ്‌ക്കള്‍ വകവരുത്തി. മൂന്നു നായ്‌ക്കള്‍ വീട്ടില്‍ തന്നെയുണ്ടെന്നു പോലീസ്‌ പറഞ്ഞു. മരിച്ച യജമാനന്മാരെ നായ്‌ക്കള്‍ ആഹാരമാക്കിയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പൂര്‍ണമായി തിന്ന സംഭവം മുമ്പും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

Ads by Google
Friday 12 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW