Thursday, July 11, 2019 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 12.08 PM

നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ കെട്ടിതാഴ്ത്തി; അപകടത്തില്‍ സഹോദരന്‍ മരിച്ചത് കൊലപാതകമെന്ന് സംശയിച്ച് സുഹൃത്തിന്റെ പകവീട്ടല്‍

സംഭവ ദിവസം പെട്രോള്‍ തീര്‍ന്നുവെന്ന് പറഞ്ഞ് സുഹൃത്തുക്കളായ പ്രതികള്‍ അര്‍ജുനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു.
murder

കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി ചതുപ്പില്‍ കെട്ടിതാഴ്ത്തി. കുമ്പളം മന്നനാട്ട് വീട്ടില്‍ എം.എസ് വിദ്യന്റെ മകന്‍ അര്‍ജുന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ അഞ്ചു പേര്‍ പോലീസ് കസ്റ്റഡിയിലായി. ഇവര്‍ക്ക് ലഹരിമരുന്ന് വില്‍പ്പനയുമായി ബന്ധമുണ്ടെന്ന സുചനയും പുറത്തുവരുന്നുണ്ട്.

ഈ മാസം രണ്ടിനാണ് അര്‍ജുനെ കാണാതായത്. മൂന്നിന് തന്നെ പിതാവ് പനങ്ങാട് പോലീസിന് പരാതിയും നല്‍കിയിരുന്നു. അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായും പറഞ്ഞിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് നാലരയോടെ മൃതദേഹം ലഭിക്കുന്നതും സുഹൃത്തുക്കള്‍ അറസ്റ്റിലാകുന്നതും.

നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. പ്രതികളില്‍ ഒരാളുടെ സഹോദരന്റെ മരണത്തിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പംഅര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം കളമശേരിയില്‍ വച്ച് അപകടത്തില്‍പെടുകയും വാഹനം ഓടിച്ചിരുന്നയാള്‍ മരിക്കുകയും ചെയ്തിരുന്നു. അര്‍ജുന് സാരമായി പരിക്കേറ്റിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് മരിച്ചയാളുടെ സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന സംശയമാണ് പോലീസിന്.

സംഭവ ദിവസം പെട്രോള്‍ തീര്‍ന്നുവെന്ന് പറഞ്ഞ് സുഹൃത്തുക്കളായ പ്രതികള്‍ അര്‍ജുനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു. പിടിയിലായവരില്‍ ഒരാള്‍ ക്രിമിനല്‍ ബന്ധമുള്ളയാളാണ്. ഇയാളാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതും പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മറ്റൊരാള്‍ കല്ലുകൊണ്ടും തലയ്ക്കിടിച്ചു. രണ്ടാം തീയതി രാത്രി 10 മണിയോടെയാണ് അര്‍ജുനെ ഇവര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്. രണ്ടര മണിക്കൂറിനുള്ളില്‍ കൃത്യം നടന്നുവെന്നാണ് പോലീസ് ലഭിച്ച വിവരം.

അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ പിതാവ് വിദ്യനും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. പരാതി നല്‍കിയിട്ടും പനങ്ങാട് പോലീസ് അന്വേഷണം നടത്തിയില്ലെന്നും ബുധനാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും ഇവര്‍ ആരോപിച്ചു. നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയ പ്രതികളെ ചോദ്യം ചെയ്തശേഷം വിട്ടയക്കുകയായിരുന്നു. സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കാന്‍ പോലീസ് പറഞ്ഞതായും വിദ്യന്‍ ആരോപിച്ചു.

എന്നാല്‍ അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മാറിക്കൊണ്ടിരുന്നതിനാല്‍ അന്വേഷണം വൈകിയതാണെന്ന മറുപടിയാണ് പോലീസ് പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW