Thursday, July 11, 2019 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.27 AM

പത്രസ്‌ഥാപനങ്ങളെ തകര്‍ക്കരുത്‌

uploads/news/2019/07/321002/editorial.jpg

ഇന്ത്യയിലെ പത്രങ്ങളുടെ നിലനില്‍പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്‌ ഇറക്കുമതി ചെയ്യുന്ന പത്രക്കടലാസിന്‌ പത്തു ശതമാനം ചുങ്കം ഏര്‍പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അനുദിനം പലതരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്ന പത്രവ്യവസായത്തിന്‌ മറ്റൊരു വലിയ ആഘാതം കൂടി നല്‍കുന്ന നീക്കമാണിത്‌. പത്രം അച്ചടിക്കാന്‍ ഉപയോഗിക്കുന്ന ന്യൂസ്‌പ്രിന്റ്‌, കോട്ടിങ്‌ ഇല്ലാത്ത (ഗേ്ലസ്‌ഡ്‌) കടലാസ്‌, മാസികകള്‍ക്ക്‌ ഉപയോഗിക്കുന്ന കനം കുറഞ്ഞ കോട്ടഡ്‌ കടലാസ്‌ എന്നിവയ്‌ക്ക്‌ ഇറക്കുമതിച്ചുങ്കം ഏര്‍പെടുത്താനാണ്‌ ബജറ്റിലെ നിര്‍ദേശം. ഇതുവരെ ഇല്ലാതിരുന്ന നികുതിയാണ്‌ ഒറ്റയടിക്ക്‌ പത്തു ശതമാനമായി നിശ്‌ചയിച്ചിരിക്കുന്നത്‌. പത്രവ്യവസായത്തെ ഏറ്റവുമധികം ബാധിക്കുന്നതാണ്‌ പത്രക്കടലാസിന്റെ വിലവര്‍ധന. പത്രസ്‌ഥാപനങ്ങളുടെ ചെലവില്‍ 60 ശതമാനം വരെ പത്രക്കടലാസിനുവേണ്ടി ചെലവഴിക്കുന്നതാണ്‌ താനും. ഇത്‌ പത്തു ശതമാനം കൂടി വര്‍ധിച്ചാല്‍ പത്രസ്‌ഥാപനങ്ങളുടെ നിലനില്‍പ്പ്‌ തന്നെ ഭീഷണിയിലാകും.

പരസ്യവരുമാനം കുറഞ്ഞതും അച്ചടിക്ക്‌ ചെലവേറിയതും പത്രസ്‌ഥാപനങ്ങളെ കഴിഞ്ഞ കുറേനാളായി വലച്ചു കൊണ്ടിരിക്കുകയാണ്‌. രാജ്യത്ത്‌ വിവിധ മേഖലകളില്‍ അനുഭവപ്പെടുന്ന വിലക്കയറ്റം പത്രസ്‌ഥാപനങ്ങള്‍ക്ക്‌ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം വിവിധ തരത്തിലാണ്‌. വന്‍കിട ഡിജിറ്റല്‍ കമ്പനികളുടെ അധിനിവേശം പത്രങ്ങള്‍ക്കും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്നുമുണ്ട്‌. ഇക്കഴിഞ്ഞ ബജറ്റില്‍ ഇന്ധനവില വലിയതോതില്‍ വര്‍ധിപ്പിച്ചതും കേരളത്തില്‍ വൈദ്യുതി നിരക്ക്‌ കുത്തനെ ഉയര്‍ത്തിയതും ഈ സമ്മര്‍ദ്ദത്തെ പതിന്മടങ്ങാക്കുകയാണ്‌. വരും ദിനങ്ങളില്‍ ഇത്‌ വലിയൊരു കാര്‍മേഘമായി പത്രസ്‌ഥാപനങ്ങളെ വലയം ചെയ്യുമെന്നതില്‍ സംശയമില്ല. ഈ സ്‌ഥിതിവിശേഷത്തിനൊപ്പമാണ്‌ പുതിയ നികുതിയുടെ ആഘാതം കൂടി നേരിടേണ്ടി വരുന്നത്‌. ഇന്ത്യയില്‍ ആവശ്യക്കാരേറെയായതിനാല്‍ വിദേശ കമ്പനികള്‍ ഇടയ്‌ക്കിടെ വില ഉയര്‍ത്താറുണ്ട്‌. കഴിഞ്ഞ വര്‍ഷം വിദേശക്കമ്പനികള്‍ അമിതമായി വില ഉയര്‍ത്തിയിരുന്നു. ഇത്തരം വിലവര്‍ധനയ്‌ക്കൊപ്പം നികുതിയും വര്‍ധിക്കും. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ പല പത്രസ്‌ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നതാണ്‌ യാഥാര്‍ഥ്യം. ഇന്ത്യയിലാവശ്യമായ പത്രക്കടലാസിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്‌. ഇന്ത്യയില്‍ പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ അച്ചടിക്കടലാസ്‌ ആവശ്യമുള്ളപ്പോള്‍ ആഭ്യന്തര ഉത്‌പാദനം പത്തുലക്ഷം ടണ്‍ മാത്രമാണ്‌. ഗേ്ലസ്‌ഡ്‌ പേപ്പര്‍, ലൈറ്റ്‌ വെയ്‌റ്റ്‌ കോട്ടഡ്‌ പേപ്പര്‍ എന്നിവ ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്നില്ല. ഇന്ത്യയില്‍ ഉത്‌പാദനം വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നതുമില്ല. കോട്ടയം ജില്ലയിലെ വെള്ളൂരിലുള്ള പത്രക്കടലാസ്‌ നിര്‍മാണ സ്‌ഥാപനമായ ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌ (എച്ച്‌.എന്‍.എല്‍) അടച്ചു പൂട്ടലിനെ നേരിടുകയാണ്‌. കഴിഞ്ഞ വര്‍ഷത്തെ വിദേശപത്രക്കടലാസിന്റെ ലഭ്യതക്കുറവ്‌ മുതലാക്കി കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എച്ച്‌.എന്‍.എലിന്‌ തിരിച്ചു വരവിനു സാധ്യതയുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുമുണ്ടായില്ല.

ഇന്ത്യയില്‍ പത്രക്കടലാസിന്റെ ഉത്‌പാദനവും ആഭ്യന്തര ലഭ്യതയും വര്‍ധിക്കാതിരിക്കെ ഇറക്കുമതിക്ക്‌ ചുങ്കം വര്‍ധിപ്പിക്കുന്നത്‌ ഈ വ്യവസായത്തെ തകര്‍ക്കുക തന്നെ ചെയ്യും. അത്‌ ജനങ്ങളുടെ വിശാലമായ താത്‌പര്യത്തിനു വിരുദ്ധമാണ്‌ താനും. നമ്മുടെ ഭരണഘടന പ്രകാരമുള്ള മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനമാണ്‌ അഭിപ്രായസ്വാതന്ത്യം. ഒരു ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം ഫലപ്രദമായി വിനിയോഗിക്കണമെങ്കില്‍ കാര്യങ്ങളെക്കുറിച്ച്‌ സ്വതന്ത്രമായ അറിവ്‌ ഉണ്ടായിരിക്കുകയും വേണം. ഈ അറിവ്‌ പകരുക എന്നതാണ്‌ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന കടമ. ഇതുകൊണ്ടാണ്‌ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ്‌ മാധ്യമങ്ങള്‍ എന്ന്‌ വിലയിരുത്തുന്നത്‌. ഈ തൂണിനുണ്ടാകുന്ന ബലഹീനത ജനാധിപത്യമാകുന്ന മഹാസൗധത്തെ തകര്‍ക്കും. അതു ജനങ്ങളുടെയും രാജ്യത്തിന്റെയും താത്‌പര്യത്തിനു വിരുദ്ധവും രാജ്യത്തിന്റെ സ്വതന്ത്രമായ നിലനില്‍പ്പിനെ ഇല്ലാതാക്കുന്നതുമായിരിക്കും.

ഉത്‌പാദനച്ചെലവ്‌ വച്ചു നോക്കുമ്പോള്‍ കുറഞ്ഞ വിലയില്‍ വിതരണം ചെയ്യപ്പെടുന്ന പത്രങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക്‌ അറിവു പകര്‍ന്നു നല്‍കാന്‍ സമാനതയില്ലാത്ത സേവനമാണ്‌ നല്‍കുന്നത്‌. വിശ്വാസ്യതയുടെ കാര്യത്തില്‍ പത്രങ്ങളെ കവച്ചു വയ്‌ക്കാന്‍ മറ്റൊരു മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടുമില്ല. സാമൂഹികമാധ്യമങ്ങളില്‍ അനുദിനം വ്യാജവാര്‍ത്തകളും ഛിദ്രത വളര്‍ത്തുന്ന വിവരങ്ങളും പ്രചരിക്കുമ്പോള്‍ ജനങ്ങള്‍ കലര്‍പ്പില്ലാത്ത വിവരങ്ങള്‍ക്കായി പ്രതീക്ഷയോടെ നോക്കുന്നത്‌ പത്രങ്ങളുടെ നേരേയാണ്‌. ആ മാധ്യമങ്ങളെ ചുങ്കപ്പിരിവിലൂടെ കൂച്ചുവിലങ്ങിടുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം മാധ്യമങ്ങളെ നിയന്ത്രിച്ചു നിറുത്തുക എന്നതാണെന്നത്‌ സംശയിക്കേണ്ടിയിരിക്കുന്നു. അടിയന്തരാവസ്‌ഥക്കാലത്തെ നിയന്ത്രണം പോലെയും പത്രമാരണ നിയമം പോലെയും ചില അടിച്ചൊതുക്കലുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പൊതുവേ മാധ്യമങ്ങള്‍ക്ക്‌ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയ ചരിത്രമാണ്‌ ഇന്ത്യക്കുള്ളത്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഇന്ത്യയുടെ പൊതുജീവിതത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ ഈ സ്വാതന്ത്ര്യം വലിയ തോതില്‍ പങ്ക്‌ വഹിച്ചിട്ടുമുണ്ട്‌. ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിട്ടപ്പോഴൊക്കെ അതിനെ എതിരിടാന്‍ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വന്നിട്ടുള്ളതാണ്‌. ഇപ്പോള്‍ ഉദ്ദേശിക്കുന്ന ചുങ്കപ്പിരിവ്‌ വളഞ്ഞവഴിയില്‍ മാധ്യമസ്വാതന്ത്ര്യത്തെ വരിഞ്ഞു കെട്ടാനുള്ള നീക്കമാണെന്നു മനസ്സിലാക്കി അതിനെതിരേ പൊതുസമൂഹം രംഗത്തു വരേണ്ടിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങു വയ്‌ക്കാന്‍ മുതിരാതെ ഇറക്കുമതിച്ചുങ്കം ഒഴിവാക്കി ഇന്ത്യയിലെ അച്ചടി മാധ്യമങ്ങളെ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.

Ads by Google
Thursday 11 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW