Thursday, July 11, 2019 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 01.26 AM

ചവിട്ടിക്കൊന്നാലും ജോലി പോകില്ല; ഉന്നതനെങ്കില്‍ സ്‌ഥാനക്കയറ്റവും

uploads/news/2019/07/321000/opini110719a.jpg

വരാപ്പുഴയില്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌, ചവിട്ടിക്കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ കുറ്റമെന്തായിരുന്നു?... ആര്‍ക്കുമറിയല്ല. കുറ്റാരോപിതന്‍ പോലുമല്ലാത്തയാളെ കസ്‌റ്റഡിയില്‍ കശാപ്പുചെയ്‌ത സംഭവം സംസ്‌ഥാനചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായിരുന്നു...അതെ, ഷേണായിപ്പറമ്പില്‍ രാമകൃഷ്‌ണന്റെ മകന്‍ ശ്രീജിത്തിന്റെ പേരില്‍ ഒരു കേസ്‌ പോലുമില്ലായിരുന്നു.

വരാപ്പുഴ, ദേവസ്വംപാടത്ത്‌ വാസുദേവന്റെ വീടിനുനേര്‍ക്കുണ്ടായ ആക്രമണമായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന്‌ വാസുദേവന്‍ തൂങ്ങിമരിച്ചു. പാര്‍ട്ടി അനുഭാവിയുടെ ആത്മഹത്യാക്കേസില്‍ സി.പി.എം. ജില്ലാനേതൃത്വം ഇടപെട്ടു. മേഖലയില്‍ സി.പി.എമ്മിന്റെ സ്വാധീനത്തിന്‌ ഇടിവുതട്ടിയ സമയമായിരുന്നു അത്‌. പ്രശ്‌നം രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍തന്നെ സി.പി.എം. ഏരിയാ നേതൃത്വം തീരുമാനിച്ചു; ജില്ലാനേതൃത്വം പിന്തുണയേകി. എസ്‌.പി. ഓഫീസിലേക്ക്‌ ഏരിയാ, ജില്ലാനേതാക്കളുടെ വിളിയെത്തി. ഇതോടെ, ഒരുരാത്രി, ആലുവ റൂറല്‍ എസ്‌.പിയുടെ "ടൈഗര്‍ സ്‌ക്വാഡി"ല്‍പ്പെട്ട മൂന്നു പോലീസുകാര്‍ വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങിയ ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുത്തു. പിറ്റേന്ന്‌ എസ്‌.പി: എ.വി. ജോര്‍ജിന്റെ വയര്‍ലെസ്‌ സെറ്റില്‍നിന്ന്‌ പോലീസുകാര്‍ക്ക്‌ അഭിനന്ദനവുമെത്തി.

എന്നാല്‍, യാഥാര്‍ഥ്യം മറിച്ചായിരുന്നു. വീടാക്രമണവുമായി ശ്രീജിത്തിനു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അക്രമികളില്‍ മറ്റൊരു ശ്രീജിത്തുണ്ടായിരുന്നു. വാസുദേവന്റെ മകന്‍ അയാളെപ്പറ്റിയാണു പോലീസില്‍ പരാതിപ്പെട്ടത്‌. എന്നാല്‍, അയാള്‍ അപ്പോഴേക്കു മുങ്ങിയിരുന്നു. നിരപരാധിയായ ശ്രീജിത്തിനെ ടൈഗര്‍ ഫോഴ്‌സ്‌ പൊക്കിയെടുത്ത്‌ അകത്തിട്ടു. ആളുമാറി കസ്‌റ്റഡിയിലെടുത്ത നിരപരാധിയെ നിഷ്‌കരുണം മര്‍ദിച്ചു കൊലപ്പെടുത്തി. നഷ്‌ടപ്പെട്ടത്‌ ഒരമ്മയ്‌ക്കു മകനെയും ഭാര്യ അഖിലയ്‌ക്കു ഭര്‍ത്താവിനെയും മകള്‍ക്ക്‌ അച്‌ഛനെയും.

** ഇരയിലേക്കുള്ള വഴി

2018 ഏപ്രില്‍ രണ്ട്‌. വരാപ്പുഴ പനയ്‌ക്കല്‍ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നു. ഉത്സവപ്പറമ്പില്‍ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വാസുദേവന്റെ സഹോദരന്‍ ദിവാകരന്റെ തോര്‍ത്ത്‌ ഒരുസംഘം പിടിച്ചുവലിച്ചതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായി. സംഘത്തെ വാസുദേവനും കൂട്ടരും തിരിച്ചാക്രമിച്ചതായി പരാതിയുയര്‍ന്നു. അമ്പലപ്പറമ്പില്‍ മര്‍ദനമേറ്റവര്‍ ഏപ്രില്‍ അഞ്ചിനു രാവിലെ വാസുദേവന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഉച്ചയോടെ വാസുദേവന്‍ വീട്ടില്‍ തൂങ്ങിമരിച്ചു.

വീട്ടിലെത്തി ബഹളമുണ്ടാക്കിയവരില്‍ ശ്രീജിത്തുണ്ടായിരുന്നെന്നു വാസുദേവന്റെ മകന്‍ മൊഴി നല്‍കി. ഏപ്രില്‍ ആറിനു ഷേണായിപ്പറമ്പില്‍ ശ്രീജിത്തിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. (മറ്റൊരു ശ്രീജിത്തിന്റെ കാര്യമാണു താന്‍ പറഞ്ഞതെന്നു വാസുദേവന്റെ മകന്‍ പിന്നീടു വ്യക്‌തമാക്കി). വരാപ്പുഴ സ്‌റ്റേഷന്‍ ലോക്കപ്പിലേക്കു മാറ്റിയ ശ്രീജിത്ത്‌ ഏപ്രില്‍ ഒന്‍പതിന്‌ ആശുപത്രിയില്‍ മരിച്ചു. ചെറുകുടല്‍ മുറിഞ്ഞതാണു മരണകാരണമെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കി. അടിവയറ്റില്‍ ചവിട്ടേറ്റാണു ശ്രീജിത്തിനു മാരകക്ഷതമേറ്റത്‌.

ആലുവ റൂറല്‍ എസ്‌.പി: എ.വി. ജോര്‍ജ്‌ ഉള്‍പ്പെടെ 11 പോലീസുകാരാണു കസ്‌റ്റഡി മരണക്കേസില്‍ ആരോപണനിഴലിലായത്‌. എസ്‌.പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ്‌ സ്‌ക്വാഡിലെ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, ജിതിന്‍ രാജ്‌, സുമേഷ്‌ എന്നിവര്‍ ആദ്യം അറസ്‌റ്റിലായി. വരാപ്പുഴ സി.ഐ. ക്രിസ്‌പിന്‍ സാം, എസ്‌.ഐ. ദീപക്‌ എന്നിവരടക്കം മറ്റ്‌ ഏഴു പോലീസുകാര്‍ ഏറെ വൈകിയാണ്‌ അറസ്‌റ്റിലായത്‌. പിന്നീട്‌ ഇവരെയെല്ലാം സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തു. സംഭവം വന്‍വിവാദമായതോടെ എസ്‌.പിയുടെ കസേരയിളകി. തൃശൂരിലെ പോലീസ്‌ അക്കാഡമിയിലേക്കാണു ജോര്‍ജിനെ തെറിപ്പിച്ചത്‌. യാത്രയയപ്പ്‌ യോഗത്തില്‍ എസ്‌.പി. സ്വയം ന്യായീകരിച്ചു.

എറണാകുളം സിറ്റി പോലീസ്‌ കമ്മിഷണറായി ഉടന്‍ മടങ്ങിയെത്തുമെന്നു പ്രഖ്യാപിച്ചതായും ആരോപണമുണ്ട്‌. താന്‍ അറസ്‌റ്റ്‌ ചെയ്‌തതു യഥാര്‍ഥ പ്രതിയെത്തന്നെയാണെന്നും എസ്‌.പി. അവകാശപ്പെട്ടു. എന്നാല്‍, പോലീസ്‌ അക്കാഡമിയില്‍ ചുമതലയേറ്റതിനു പിന്നാലെ ജോര്‍ജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ജോര്‍ജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍, ജില്ലയിലെ ഉന്നത സി.പി.എം. നേതാവ്‌ കുടുങ്ങുമെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. എന്നാല്‍, അതുണ്ടായില്ല. എസ്‌.പിയെ രഹസ്യാന്വേഷണവിഭാഗത്തിന്റെ തലവനായി തിരിച്ചെടുത്തപ്പോള്‍ പ്രതിപക്ഷം കാര്യമായി പ്രതികരിച്ചുമില്ല. പിന്നീട്‌ ഇദ്ദേഹത്തെ വീണ്ടും ക്രമസമാധാനച്ചുമതലയിലേക്കു മാറ്റി. കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മിഷണറായിട്ടായിരുന്നു നിയമനം. ആ പദവിയില്‍ തുടരവേ ഡി.ഐ.ജിയായി സ്‌ഥാനക്കയറ്റവും ലഭിച്ചു.

** കടിച്ചുകീറുന്ന 'കടുവാസേന'

എസ്‌.പിക്കു സ്‌ഥിരം സ്‌പെഷല്‍ സ്‌ക്വാഡിനെ നിയമിക്കാന്‍ പോലീസ്‌ നിയമത്തില്‍ വകുപ്പില്ല. പ്രത്യേകദൗത്യത്തിനായി രൂപീകരിക്കാമെങ്കിലും, ദൗത്യം കഴിഞ്ഞാല്‍ പിരിച്ചുവിടണമെന്നാണു ചട്ടം. ദൗത്യത്തിന്റ ഭാഗമായി ലോക്കല്‍ പോലീസിനെ സഹായിക്കാമെന്നല്ലാതെ, പ്രതികളെ പിടിച്ചുകൊണ്ടുവരാന്‍ അധികാരമില്ല. ആലുവ റൂറല്‍ പോലീസ്‌ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ്‌ (ആര്‍.ടി.എഫ്‌) എല്ലാ സ്‌റ്റേഷനിലുമുണ്ടായിരുന്നു. മഫ്‌തിയിലായിരുന്നു പ്രവര്‍ത്തനം. എസ്‌.പിക്കു വിവരം നല്‍കുക എന്നതായിരുന്നു പ്രധാനദൗത്യം. എന്നാല്‍, പിന്നീട്‌ എന്തിനും മടിക്കാത്ത സംഘമായി മാറി. എസ്‌.ഐ. മുതല്‍ ഡിവൈ.എസ്‌.പി. വരെയുള്ളവര്‍ ഇവരെ ഭയന്നു. റൂറല്‍ ജില്ലയിലെ 22 ക്രിമിനല്‍ കേസുകള്‍ ഈ സംഘം അനധികൃതമായി ഒതുക്കിത്തീര്‍ത്തെന്നു ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

** കുടലെടുത്തിട്ടും കൂസലില്ലാതെ

ക്രൂരമര്‍ദനത്തിനിടെ, അടിവയറ്റിലേറ്റ ചവിട്ടാണു ശ്രീജിത്തിന്റെ മരണകാരണമെന്നാണു മെഡിക്കല്‍ ബോര്‍ഡ്‌ കണ്ടെത്തിയത്‌. ചെറുകുടല്‍ മുറിഞ്ഞിരുന്നു. എന്നിട്ടും ചികിത്സ നല്‍കിയില്ല. ഒരുദിവസം കഴിഞ്ഞാണു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്‌. ശ്രീജിത്തിനെ ചികിത്സയ്‌ക്ക്‌ അയയ്‌ക്കാതിരുന്നതു വിവാദമായതോടെ മജിസ്‌ട്രേറ്റിനെ ഹൈക്കോടതി സ്‌ഥലംമാറ്റി. ശ്രീജിത്തിനു ഭീകരമര്‍ദനമേറ്റതായി സഹതടവുകാരും സാക്ഷ്യപ്പെടുത്തിയിരുന്നു. ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 18 മുറിവുകളാണു ദേഹത്തുണ്ടായിരുന്നത്‌.

ജനരോഷത്തേത്തുടര്‍ന്ന്‌ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. എസ്‌.പി: എസ്‌. ശ്രീജിത്തിനായിരുന്നു അന്വേഷണച്ചുമതല. ആളുമാറിയാണു ശ്രീജിത്തിനെ കസ്‌റ്റഡിയില്‍ എടുത്തതെന്നും റൂറല്‍ എസ്‌.പി. കുറ്റക്കാരനല്ലെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചട്ടം ലംഘിച്ച്‌ ആര്‍.ടി.എഫ്‌. രൂപീകരിച്ചതു മാത്രമാണ്‌ എസ്‌.പിയുടെ വീഴ്‌ചയെന്നും ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ടെഴുതി. തുടര്‍ന്ന്‌ ആര്‍.ടി.എഫിലെ മൂന്നു പോലീസുകാരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു.

** 'കടുവകളെല്ലാം' തിരികെ സര്‍വീസില്‍

ഒരുപാട്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലെങ്കിലും കസ്‌റ്റഡി മരണക്കേസിലെ ആരോപണവിധേയരായ എല്ലാ പോലീസുകാരും സര്‍വീസില്‍ തിരിച്ചുകയറി. വകുപ്പുതല അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍, ഐ.ജി. വിജയ്‌ സാഖറെയാണ്‌ ഇവരെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. (പാലക്കാട്ടെ സമ്പത്തിന്റെ കസ്‌റ്റഡി മരണക്കേസില്‍ സാഖറേ ആരോപണവിധേയനായിരുന്നു). വരാപ്പുഴ കസ്‌റ്റഡി മരണക്കേസിലെ ആരോപണവിധേയരായ പോലീസുകാര്‍ക്ക്‌ കളമശേരി എ.ആര്‍. ക്യാമ്പിലേക്കുതന്നെയാണു പുനര്‍നിയമനം നല്‍കിയത്‌.

കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമളയും ഭാര്യ അഖിലയും ആവശ്യപ്പെടുന്നു. പോലീസുകാര്‍ പ്രതികളായ കേസ്‌ പോലീസ്‌ തന്നെ അന്വേഷിക്കുന്നതില്‍ കാര്യമില്ലെന്നു സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷനും ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുക്കാന്‍ ഉത്തരവിട്ട എസ്‌.പിക്കെതിരേ നടപടിയെടുക്കാത്തതിലും കമ്മിഷന്‍ വിയോജിപ്പ്‌ പരസ്യമാക്കി. കേസ്‌ അതീവഗൗരവമുള്ളതാണെന്നു നിരീക്ഷിച്ച ഹൈക്കോടതി, വിവിധഘട്ടങ്ങളില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഉത്തരവ്‌ അനുസരിച്ച കുറ്റത്തിന്‌...

കോട്ടയത്ത്‌ ഒരു ചലച്ചിത്രസംവിധായകനില്‍നിന്നു പണം തട്ടിയെടുത്ത കേസില്‍ മംഗലാപുരത്തുള്ള പ്രതിയെ തിരക്കിപ്പോകാന്‍ പോലീസ്‌ പോയതു സംവിധായകന്‍തന്നെ ഏര്‍പ്പെടുത്തിയ വാഹനത്തില്‍. ഇതു വിവാദമായതോടെ കോട്ടയം ഈസ്‌റ്റ്‌ സി.ഐയായിരുന്ന സാജു വര്‍ഗീസ്‌ സസ്‌പെന്‍ഷനിലായി. പോലീസ്‌ വാഹനത്തില്‍ പോയാല്‍ പ്രതി രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സ്വകാര്യവാഹനത്തില്‍ പോകാന്‍ നിര്‍ദേശിച്ചത്‌ ഉന്നതോദ്യോഗസ്‌ഥനാണ്‌. എന്നാല്‍, സംഭവം വിവാദമയതോടെ ഉന്നതന്‍ ഊരുകയും സി.ഐ. സസ്‌പെന്‍ഷനിലാകുകയും ചെയ്‌തു.

(അവസാനിച്ചു)

തയാറാക്കിയത്‌:
ബൈജു ഭാസി, ഷാലു മാത്യു
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Ads by Google
Loading...
TRENDING NOW