Wednesday, July 10, 2019 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 12.53 PM

പതിനെട്ടാം പടി കടന്നെത്തുന്ന പുതു നായകന്‍; അശ്വിന്‍ ഗോപിനാഥ്, മലയാള സിനിമയില്‍ പുത്തന്‍താരോദയം

actor Ashwin Gopinath interview

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാലക്കാടി സ്വദേശി അശ്വിന്‍ ഗോപിനാഥ് നായകനിരയില്‍ പുത്തന്‍ പ്രതീക്ഷയാവുന്നു. ഉറുമി, അനുരാഗകരിക്കിന്‍ വെളളം, കുഞ്ഞാലിമരയ്ക്കാര്‍, ഇന്ത്യന്‍ റുപ്പി, കലി, തീവണ്ടി തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ നിര്‍മ്മിച്ച ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ് ശിവന്‍, നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ ചിത്രമാണ് പതിനെട്ടാംപടി.

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിലെ കേന്ദ്രകഥാപാത്രമായ അശ്വിനെ അവതരിപ്പിക്കുന്ന അശ്വിന്റെ പ്രകടനം ഇതിനോടകം വൈറലായി കഴിഞ്ഞു.

ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രവും അശ്വിനും സൃഷ്ടിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവരുടെയും സാന്നിദ്ധ്യമുണ്ട്.

നായകവേഷം അവതരിപ്പിക്കുന്ന അശ്വിന്‍ ഗോപിനാഥ് മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണെന്ന് ചലച്ചിത്രനിരീക്ഷകര്‍ വിലയിരുത്തുന്നു. നടന്‍ എന്ന നിലയില്‍ അശ്വിന്റെ കന്നിപ്രകടനം മികച്ച നിലവാരം പുലര്‍ത്തുന്നുവെന്ന് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അശ്വിനുമായുള്ള അഭിമുഖത്തില്‍ നിന്ന്-

actor Ashwin Gopinath interview

''പാലക്കാടാണ് എന്റെ ജന്മദേശം. പഠിച്ചത് ഊട്ടിയിലും മുംബൈയി ലും യു.കെയിലും. പഠനം കഴിഞ്ഞ് വിദേശത്ത് ധാരാളം ജോലി സാദ്ധ്യതകള്‍ വന്നെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായിരുന്നു മനസില്‍.

ഇന്ന് സോഷ്യല്‍ മീഡിയയുടെ കാലമാണ്്. ആളുകള്‍ കാലത്ത് ഉറക്കമുണരുമ്പോള്‍ മുതല്‍ നോക്കുന്നത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്ട്സ് ആപ്പുമാണ്. അങ്ങനെ അതുമായി ബന്ധപ്പെട്ട ഒരു സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് ആലോചിച്ചു.

ബാംഗ്ളൂരില്‍ ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഫേം തുടങ്ങി. ഞാന്‍, ഒരു സുഹൃത്ത്, പിന്നെ എന്റെ അമ്മ. അമ്മ സൈലന്റ ് പാര്‍ട്ട്ണറാണ്.

ഭാഷാഭേദമെന്യേ ധാരാളം സിനിമകള്‍ കാണുമായിരുന്നു എന്നതിനപ്പുറത്ത് അഭിനയിക്കണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല.
രണ്ടുവര്‍ഷം മുന്‍പാണ് ഇങ്ങനെയൊരു ഇഷ്ടത്തിന്റെ തീപ്പൊരി മനസിലേക്ക് വീഴുന്നത്.

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ശങ്കറേട്ടന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ വെറുതെ ഒരു കൗതുകം തോന്നി. ഞാന്‍ പൊതുവെ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. എന്റെ ഉള്ളിലുള്ള അഭിനേതാവിനെ പുറത്തു കൊണ്ടുവരാന്‍ പറ്റുമോയെന്ന വെല്ലുവിളി ഏറ്റെടുക്കാനുള്ള താത്പര്യമാണ് എന്നെ ഇതിലേക്ക് നയിച്ചത്.

അങ്ങനെ സിനിമയുടെ ഓഡീഷനില്‍ പങ്കെടുത്തു. സെലക്ഷന്‍ കിട്ടി.
സൂര്യ കൃഷ്ണമുര്‍ത്തി സാറിന്റെ ഒരു ആക്ടിംഗ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു. അതിനു ശേഷം ഫിലിം ക്രൂവിന്റെ തന്നെ ഒരു ആക്ടിംഗ് ക്യാമ്പിലും ആക്ഷന്‍ ക്യാമ്പിലും പങ്കെടുത്തു. അഞ്ച് ദിവസം നീണ്ട ആ ക്യാമ്പില്‍ വച്ചാണ് അഭിനയിക്കാമെന്ന ആത്മവിശ്വാസം രൂപപ്പെടുന്നത് . കാരണം വളരെ സങ്കീര്‍ണ്ണമായ ഒരു ക്യാരക്ടറാണ് ഞാന്‍ അവതരിപ്പിക്കേണ്ട അശ്വിന്‍ വാസുദേവന്‍ എന്ന കഥാപാത്രം. ഹെര്‍മെന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥയോട് സാമ്യമുള്ള ഒരു കഥാപാത്രമാണ് അശ്വിന്‍.

actor Ashwin Gopinath interview

നെയ്യാര്‍ഡാമിലും ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചും പരിശീലനം നടന്നു. ആക്ഷന്‍ സീനുകളില്‍ അഭിനയിക്കേണ്ട വിധം പഠിപ്പിച്ചു തന്നത് അയര്‍ലന്റില്‍ നിന്നും വന്ന ഒരു മാസ്റ്ററാണ്.

പതിനെട്ടാം പടിയില്‍ പൃഥ്വിരാജിന്റെ കൗമാരകാലമാണ് ഞാന്‍ ചെയ്യേണ്ടത്. യഥാര്‍ത്ഥത്തില്‍ എനിക്ക് 27 വയസുണ്ട്്, കഥാപാത്രത്തിന് പതിനേഴും. കുറഞ്ഞ പ്രായം തോന്നിക്കാന്‍ 85 കിലോ ഉണ്ടായിരുന്നു ഞാന്‍ 20 കിലോ കുറച്ച് 65 ല്‍ എത്തി. പ്രായം കുറവ് തോന്നാനായി ഒരു പാട് വര്‍ക്ക് ഔട്ടുണ്ടായിരുന്നു. 90-95 കാലഘട്ടം തോന്നിക്കാന്‍ ഹെയര്‍ സ്റ്റൈല്‍ പാടേ മാറ്റി. മേക്കപ്പ് ചെയ്ത് പുറത്ത് വന്നപ്പോള്‍ പൃഥ്വിയുമായി നല്ല സാമ്യമുണ്ടെന്ന് എല്ലാവരും പറഞ്ഞു. യഥാര്‍ത്ഥത്തിലുള്ള എന്റെ രൂപത്തില്‍ അങ്ങനെയൊരു സാദൃശ്യമില്ല. പടം റിലീസ് ചെയ്ത ശേഷം പൃഥ്വിയുടെ അതേ മുഖച്ഛായയെന്നു പറഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ ധാരാളം മെസേജുകള്‍ വന്നു.

എന്നിട്ടും ആദ്യഷോട്ടിന് ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ടെന്‍ഷന്‍ കൊണ്ട് തളര്‍ന്നു പോയി. ഞാന്‍ ചെയ്താല്‍ നന്നാവുമോയെന്ന ഉള്‍ഭയം വല്ലാതെയുണ്ടായിരുന്നു.

മമ്മൂക്കയോട് എല്ലാവരെയും പോലെ എനിക്കും കടുത്ത ആരാധനയായിരുന്നു. ഈ പടത്തില്‍ അദ്ദേഹത്തിന്റെ ആദ്യഷോട്ട് എനിക്കൊപ്പമായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാന്‍ പോലും സമയം കിട്ടിയില്ല. ഷോട്ട് റെഡിയെന്ന് ഡയറക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ കയറി നിന്നു. മമ്മൂക്ക രണ്ടര പേജ് വരുന്ന ഡയലോഗ് രണ്ട്മിനിറ്റു കൊണ്ട് ഹൃദിസ്ഥമാക്കി പുഷ്പം പോലെ അഭിനയിച്ചു. എനിക്ക് ഷോട്ട് ഓകെയാവാന്‍ അഞ്ച് ടേക്ക് വേണ്ടിവന്നു. എന്നാല്‍ ഒരിക്കല്‍ പോലും വഴക്ക് പറയാതെ അദ്ദേഹം ക്ഷമയോടെ ഒപ്പം നിന്നു. തെറ്റുകള്‍ പറഞ്ഞു തന്നു. ശങ്കറേട്ടനും എനിക്ക് വലിയ ധൈര്യവും പിന്‍തുണയും തന്നു. ഷോട്ട് കഴിഞ്ഞ് അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു.

'മോന്റെ വീടെവിടെയാ? എന്ത് ചെയ്യുന്നു? 'എന്നൊക്കെ.
ഞാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയിലാണെന്ന് പറഞ്ഞപ്പോള്‍ വലിയ താത്പര്യമായി. സാങ്കേതിക കാര്യങ്ങളില്‍ വലിയ പ്രതിപത്തിയുള്ള ആളാണല്ലോ മമ്മൂക്ക. കുറെസമയം എന്നോട് സംസാരിച്ചു.

actor Ashwin Gopinath interview

പൃഥ്വിയേട്ടനും ഞാനും തമ്മില്‍ കോമ്പിനേഷന്‍ സീനില്ലാത്തതു കൊണ്ട് അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും കഴിഞ്ഞില്ല.
പതിനെട്ടാം പടിയുടെ കഥ മുന്നോട്ട് കൊണ്ടു പോവുന്നത് ഞങ്ങള്‍ ഒരു പറ്റം ചെറുപ്പക്കാരാണ്. മമ്മൂക്കയടക്കം കുറച്ച് സീനുകളില്‍ മാത്രമേ വന്നു പോകുന്നുളളു.

അതുകൊണ്ട് തന്നെ മാനസികമായി നല്ല പിരിമുറുക്കമുണ്ടായിരുന്നു. ക്രമേണ എനിക്ക് ആത്മവിശ്വാസം ലഭിച്ചു.

സിനിമ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇന്നലെ വരെ സാധാരണ ചെറുപ്പക്കാരിലൊരാളായിരുന്ന എന്നെ ആളുകള്‍ തിരിച്ചറിഞ്ഞ് പരിചയപ്പെടാന്‍ തുടങ്ങി. ഇന്‍സ്റ്റാഗ്രാമില്‍ 600 ഫോളോവേഴ്സ് ഉണ്ടായിരുന്ന എനിക്ക് ഇപ്പോള്‍ 4500 ഫോളോവേഴ്സായി. അഞ്ഞുറോളം മെസേജുകള്‍ വന്നു. പടം പുറത്തു വന്ന് മൂന്ന് ദിവസത്തിനുള്ളിലാണ് ഈ പ്രതികരണങ്ങള്‍.

- എസ്. നന്ദകിഷോര്‍

Ads by Google
Ads by Google
Loading...
TRENDING NOW