Wednesday, July 10, 2019 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 10 Jul 2019 01.31 AM

മരുഭൂമിയാകരുത്‌ ജലഭൂമി

uploads/news/2019/07/320707/bft1.jpg

കാലവര്‍ഷം ഒളിച്ചുകളിക്കുമ്പോള്‍ കേരളം ആശങ്കയിലാണ്‌. കഴിഞ്ഞ വര്‍ഷം മഹാപ്രളയം നമ്മെ പ്രതിസന്ധിയിലാക്കി. ഇപ്പോള്‍ മഴക്കുറവ്‌. കൃഷിയെ ആശ്രയിച്ചു ജീവിതം കരുപ്പിടിപ്പിച്ച കര്‍ഷക ജനതയാണ്‌ ആരെക്കാളുമധികം പ്രതിസന്ധിയിലായിരിക്കുന്നത്‌.
ഇടുക്കിയിലെ മിക്കപ്രദേശങ്ങളിലും കുരുമുളക്‌, കാപ്പി, തെങ്ങ്‌ തുടങ്ങിയവയ്‌ക്കു വളമിടണമെങ്കില്‍ ഇപ്പോള്‍ മഴ ലഭിക്കണം. ഇടവിളകളായ ചേന, കപ്പ, ഇഞ്ചി എന്നിവയ്‌ക്കു വളമിടാനും സാധിക്കുന്നില്ല. ഈ മേഖലയില്‍ വേനല്‍ മഴ തരക്കേടില്ലാത്ത ലഭിച്ചെങ്കിലും തോടുകള്‍ നിറയുകയോ ഉറവ പൊട്ടുകയോ ചെയ്‌തിട്ടില്ല. അനുദിനം കേരളം വരളുകയാണെന്ന യാഥാര്‍ഥ്യത്തിലേക്കാണു നാം പോകുന്നത്‌. അയല്‍ സംസ്‌ഥാനമായ കര്‍ണാടകയിലും സ്‌ഥിതി ഇതു തന്നെ. സംസ്‌ഥാനത്ത്‌ കാലവര്‍ഷം കുറയുമെന്നു റിപ്പോര്‍ട്ടുകളുള്ളതിനാല്‍ കൃത്രിമമഴ പെയ്യിക്കാനുള്ള തീരുമാനത്തിലാണു സര്‍ക്കാര്‍. ഇതിനായി രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കരാര്‍ നല്‍കുമെന്നും 88 കോടി രൂപയാണു ചെലവെന്നും പ്രഖ്യാപനം വന്നു കഴിഞ്ഞു.
കേരളത്തിന്റെ ജീവിതതാളത്തെ നിയന്ത്രിക്കുന്ന കാലാവസ്‌ഥാഘടകമാണു മണ്‍സൂണ്‍. ഇവിടെ നാഗരികജീവിതം ആരംഭിച്ചതുമുതല്‍ മണ്‍സൂണ്‍ നമ്മുടെ ജീവിതാന്തരീക്ഷത്തിലെ കേന്ദ്രബിന്ദുവാണ്‌. കോരിച്ചൊരിയുന്ന മഴയാണു ജൂണ്‍, ജൂലൈ മാസങ്ങളിലെ അനുഭവം. ഇപ്പോള്‍ മണ്‍സൂണില്‍പോലും മഴ അകന്നിരിക്കുന്നു. ജൂലൈ മാസമായിട്ടു പോലും മഴയ്‌ക്കു സാധ്യത കുറവാണു കാണുന്നത്‌. ഭൂജലത്തിന്റെ അളവ്‌ അനുദിനം താഴുന്നു. കിണറുകളും മറ്റു ജലാശയങ്ങളും വരണ്ടു. ഗ്രാമമേഖലകളില്‍പോലും സ്‌ഥിതി രൂക്ഷം. കാലാവസ്‌ഥ വ്യതിയാനവും ആഗോളതാപനവും കാരണമായി ചൂണ്ടിക്കാട്ടി ആശ്വാസംകൊണ്ടാല്‍ തീരില്ല. മഴക്കുറവിന്റെയും വരള്‍ച്ചയുടെയും കാരണം ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ കേരളം വലിയ ആപത്തിലേക്കാകും നീങ്ങുക.
വെള്ളം കിട്ടാതലയുന്ന ഗ്രാമീണരുടെ ദൈന്യതയും ക്ലാസില്‍ വിവരിക്കുകയായിരുന്നു അധ്യാപിക. മണിക്കൂറുകളോളം കാത്തുനിന്നശേഷം വന്ന ടാങ്കറിനു മുന്നില്‍ വരിവരിയായിനിന്നിട്ടും പലപ്പോഴും വെള്ളം കിട്ടാത്ത ഗ്രാമീണര്‍. ചിലപ്പോള്‍ കിലോമീറ്റളോളം നടന്നാലാണ്‌ ഒരു തുള്ളി വെള്ളം ലഭിക്കുക. ചിലപ്പോള്‍ മലിനജലമായിരിക്കും കിട്ടുക. നിങ്ങളെപ്പോലെയുള്ള എത്ര കുട്ടികളാണ്‌ വെള്ളം കിട്ടാതെയും മലിനജലം കുടിച്ചും മരണമടയുന്നത്‌. ടീച്ചര്‍ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഒരു കുട്ടിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്റെ മനസില്‍ വെള്ളം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രം തെളിഞ്ഞു വന്നു. എത്രമാത്രം വെള്ളമാണു വീട്ടിലും സ്‌കൂളിലും പാഴാക്കി കളയുന്നത്‌. വെള്ളം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക്‌ എന്തെങ്കിലും ചെയ്യണമെന്ന്‌ അവനു തോന്നി. വീട്ടിലെത്തുന്നവരേയും ചിന്തിച്ചു. വെള്ളം സംരക്ഷിക്കുന്നതിനെക്കുറിച്ച്‌ അവന്‍ കൂട്ടുകാരോട്‌ ചര്‍ച്ചചെയ്‌തു. അവന്റെ ചിന്തകള്‍ ഗൗരവമുളളതാണെന്നു സഹപാഠികള്‍ക്കും അധ്യാപികയ്‌ക്കും ബോധ്യപ്പെട്ടു. ജലം ജീവന്റെ ആത്മവാണെന്നു മനസിലാക്കിയ വിദ്യാര്‍ഥികള്‍ ജല സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി. പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു. പരാജയപ്പെട്ട പരീക്ഷണങ്ങള്‍ അവരെ നിരാശരാക്കിയില്ല. അധ്യാപികമാരും ഒപ്പമുണ്ടായിരുന്നു.അവസാനം മഴവെള്ളം ശുദ്ധീകരിച്ച്‌ സംഭരിക്കുന്ന നൂതന യന്ത്രം അവര്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തിരൂര്‍ ഹൈ സ്‌കൂളിലാണു സംഭവം. ആറാം ക്ലാസിലെയും ഏഴാം ക്ലാസിലേയും വിദ്യാര്‍ഥികളാണ്‌ പുതുകണ്ടുപിടിത്തവുമായി രംഗത്തെത്തിയത്‌. യന്ത്രത്തിന്റെ പ്രവര്‍ത്തനം അവര്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. തീര്‍ന്നില്ല, യന്ത്രത്തെ വികസിപ്പിച്ചെടുത്ത്‌ അമേരിക്കയില്‍ നടക്കുന്ന രാജ്യാന്തര റോബോട്ടിക്‌ മത്സരത്തിലേക്ക്‌ അപേക്ഷിച്ചു. ക്ഷണം ലഭിച്ചു.
ഏഴു രാജ്യങ്ങളില്‍നിന്നായി 42 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ നമ്മുടെ കുട്ടികള്‍ രണ്ടാംസ്‌ഥാനം നേടി. ഇതേ സ്‌കൂളിലെ റോബോട്ടിക്‌ അധ്യാപകനായ സുനില്‍ പോളിന്റെ പരിശീലനത്തിലാണു നൂതന യന്ത്രം വികസിപ്പിച്ചത്‌. മന്‍ഹ സിയാന്‍, വാസുദേവ്‌ പി. ഹരി, ഐസ നൂറ, അമീഷ്‌ റോഷന്‍ എന്നീ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ്‌ ഇതിനു രൂപംനല്‍കിയത്‌. മഴവെള്ളം കരുതൂ എന്ന സന്ദേശത്തോടെ വികസിപ്പിച്ചെടുത്ത ഈ പദ്ധതി കേരളമൊട്ടാകെ നടപ്പാക്കണം.
പ്രളയത്തിനു ശേഷം ഭൂമിയിലേക്കു വെള്ളമിറങ്ങാത്ത സ്‌ഥിതിയുണ്ടായെന്നും ഇതു ജലക്ഷാമത്തിനു കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. പ്രളയശേഷം ഭൂമിയുടെ അടിത്തട്ട്‌ താഴ്‌ന്നതായാണു കണ്ടെത്തല്‍. തോടുകളിലും കായലുകളിലും പുഴകളിലും അടിത്തട്ടില്‍ ഏക്കല്‍മണ്ണ്‌ നിറഞ്ഞതും മണല്‍ത്തിട്ട ഒഴുകി പോയതും ഭൂമിയിലേക്ക്‌ വെള്ളമിറങ്ങാത്ത സ്‌ഥിതി ഉണ്ടാക്കിയെന്നാണു സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ മാനേജ്‌മെന്റിന്റെ പഠനം വ്യക്‌തമാക്കുന്നത്‌. ഒരു മഴ പെയ്‌താല്‍ 22 മണിക്കൂറിനുള്ളില്‍ ആ വെള്ളം കടലിലേക്കെത്തുന്നു. മഴയുടെ രീതിയിലും കാലാവസ്‌ഥയിലും ഭൂമിയുടെ ഘടനയിലും മാറ്റം വന്നിട്ടുണ്ട്‌. നിലവില്‍ കേരളത്തില്‍ ലഭിക്കുന്ന മഴയുടെ വാര്‍ഷിക ശരാശരി 3,000 മില്ലി മീറ്ററില്‍നിന്ന്‌ 2,925 ആയി കുറഞ്ഞു.
കാലാവസ്‌ഥാ വകുപ്പ്‌ സൂചിപ്പിക്കുന്നത്‌ ഇതുവരെ 44 ശതമാനം മഴക്കുറവ്‌ രേഖപ്പെടുത്തിയെന്നാണ്‌. രാജ്യത്തുതന്നെ ഓരോ വര്‍ഷവും മഴയുടെ അളവ്‌ കുറയുകയാണ്‌. രാജ്യത്തെ 66 ജില്ലകളില്‍ മഴയുടെ അളവില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്‌. മണ്‍സൂണ്‍ കാലത്ത്‌ 90 ശതമാനത്തിലും 104 ശതമാനത്തിലും ഇടയിലുള്ള മഴയാണു ലഭിക്കാറുള്ളത്‌. ഇതില്‍ മാറ്റം വരുന്നതോടെ പലതിന്റെയും താളംതെറ്റും. കാര്‍ഷിക മേഖല നശിച്ചാല്‍ വെള്ളവും ഭക്ഷണവുമില്ലാതെ നാം ദുരിതം പേറേണ്ടിവരും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥയുടെ 15 ശതമാനം സംഭാവന ചെയ്യുന്നത്‌ കാര്‍ഷിക മേഖലയാണ്‌. 130 കോടിയിലധികം വരുന്ന ജനതയ്‌ക്ക്‌ ഭക്ഷണം ലഭിക്കുന്നത്‌ ഇതില്‍നിന്നാണ്‌. മഴക്കുറവ്‌ വൈദ്യുതോല്‍പാദനത്തെ സാരമായി ബാധിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ.
മഴക്കാലത്ത്‌ നാം മഴവെള്ളം സംഭരിച്ചുവയ്‌ക്കാറില്ല. കിണറുകളും ജലാശയങ്ങളും നിറയ്‌ക്കാനുള്ള പദ്ധതികള്‍ മിക്കതും പരാജയപ്പെട്ടെന്നാണു മണ്‍സൂണ്‍ കാലത്തും വരള്‍ച്ച നേരിട്ടതില്‍നിന്നു വ്യക്‌തമാകുന്നത്‌. കിണറും ജലാശയങ്ങളും റിചാര്‍ജ്‌ ചെയ്യുന്ന സംസ്‌കാരം നാം ഏറ്റെടുത്തില്ലെങ്കില്‍ കേരളം മരുഭൂമിയായി മാറും. ജലം പാഴാക്കുന്നതു പോലെ തന്നെ ജലചൂഷണവും കാണാം. വന്‍തോതില്‍ വെള്ളമൂറ്റുന്ന കുഴല്‍ക്കിണറുകളും വലിയ ഭവന സമുച്ചയങ്ങളും വരള്‍ച്ച രൂക്ഷമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. നേരത്തെ മഴക്കാലമെന്നും വേനല്‍ക്കാലമെന്നും രണ്ടായി തരം തിരിച്ചു തന്നെ കേരളത്തിന്റെ ഋതുവ്യവസ്‌ഥയെ കാണാമായിരുന്നു. എന്നാല്‍ ഇന്നു വരള്‍ച്ചയുടെ കാലം മാത്രം. മഴവെള്ളം സംഭരിക്കാനും കുളങ്ങളും പാടങ്ങളും നികത്തിക്കൊണ്ടുള്ള വികസനത്തെ തടയാനും കഴിയുന്ന ഒരു ജലനയം നടപ്പിലാക്കേണ്ടുതുണ്ട്‌. അതിനോട്‌ സഹകരിക്കാന്‍ ജനങ്ങളും തയാറാകണം. ഇല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജലഭൂമിയെ മരുഭൂമിയായി കാണേണ്ടിവരും.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 10 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW