Wednesday, July 10, 2019 Last Updated 40 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

ജയില്‍ ശുദ്ധീകരണം : സി.പി.എമ്മില്‍ മുറുമുറുപ്പ്‌; പിണറായിയെ പേടിച്ച്‌ മൗനം

കണ്ണൂര്‍: ജയില്‍ വകുപ്പില്‍ അടുത്തിടെ നടത്തിയ ശക്‌തമായ ശുദ്ധീകരണ പ്രക്രിയ സി.പി.എമ്മിനെ ചൊടിപ്പിക്കുന്നു. ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്ുയന്ന മുഖ്യമന്ത്രിയെ പേടിച്ചു മൗനം പാലിക്കുകയാണെങ്കിലും പാര്‍ട്ടിയുടെ കീഴ്‌ഘടകങ്ങള്‍ വരെ പ്രതിഷേധത്തിലാണ്‌. പാര്‍ട്ടി തടവുകാരുടെ ബ്ലോക്കുകളിലടക്കം നടന്ന ജയില്‍ റെയ്‌ഡ്‌ മുതലാണ്‌ പ്രതിഷേധം തുടങ്ങിയത്‌. "പാര്‍ട്ടി ബന്ധു"ക്കളായ ജയില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥലം മാറ്റിയതോടെ ഇതു മൂര്‍ച്‌ഛിച്ചു.
ജയില്‍ എക്‌സിക്യുട്ടീവ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ സംസ്‌ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വരെ നടപടി വന്നിരുന്നു. കണ്ണൂരില്‍ രാഷ്‌ട്രീയത്തടവുകാരുടെ ബ്ലോക്കിലേക്കു ടിവി കടത്തിയ സംഭവുമായി ബന്ധപ്പെട്ടാണു നേതാവിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഇതിനു പിന്നാലെ വ്യാപകമായ സ്‌ഥലംമാറ്റ നടപടികളും ആരംഭിച്ചു. ജയില്‍ ഡി.ജി.പി. അസോസിയേഷന്‍ നേതാക്കളെ കാണാനോ അഭിപ്രായങ്ങള്‍ കേള്‍ക്കാനോ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്‌. കണ്ണൂരിലെയും തൃശൂരിലെയും സെന്‍ട്രല്‍ ജയിലുകളില്‍ ജയില്‍ മേധാവി നടത്തിയ മിന്നല്‍ പരിശോധനകളില്‍ ഗുരുതര വീഴ്‌ചകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോഴത്തെ സ്‌ഥലംമാറ്റങ്ങള്‍. ജയിലുകളിലെ ക്രമവിരുദ്ധമായ നീക്കങ്ങളും സ്വാധീനമുള്ള തടവുകാരുടെ ഇടപെടലുകളും സര്‍ക്കാരിനു തുടക്കം മുതല്‍ പേരുദോഷമുണ്ടാക്കിയിരുന്നു. ആഭ്യന്തര വകുപ്പ്‌ കൈയാളുന്ന മുഖ്യമന്ത്രിയുടെ മൗനാനുവാദം നടപടികള്‍ക്കു പിന്നിലുണ്ടോ എന്ന സംശയത്തിലാണ്‌ പാര്‍ട്ടി നേതൃത്വം ശക്‌തമായ പ്രതികരണത്തിനു മടിക്കുന്നത്‌.
ഭൂരിഭാഗവും സി.പി.എമ്മിലെ രാഷ്‌ട്രീയ തടവുകാരുള്ള കണ്ണൂര്‍ ഉള്‍പ്പടെയുള്ള സെന്‍ട്രല്‍ ജയിലുകളില്‍ നടന്ന റെയ്‌ഡ്‌ മുഖ്യമന്ത്രി അറിയാതെയാണെന്നു കരുതാനാകില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ജയിലുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ വിവാദങ്ങളുയര്‍ന്നിരുന്നു. ഇതു സര്‍ക്കാരിന്റെ പ്രതിച്‌ഛായ മോശമാക്കിയിരുന്നു. തെരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ തിരുത്തല്‍ നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുകയാണെന്നു വ്യക്‌തമാകുന്ന തരത്തിലാണു പുതിയ നീക്കങ്ങള്‍.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW