Monday, July 08, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 04.48 PM

ഓട്ടിസം മറികടക്കാം

''ശൈശവത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ നീരിക്ഷിച്ചാല്‍ അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും ''
Autism Symptoms and Causes

കുട്ടിയുടെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികള്‍ ദൈനംദിന ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ അവരെ മറ്റുകുട്ടികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു.

ഇത്തരത്തിലുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഓട്ടിസത്തെക്കുറിച്ച് പൂര്‍ണബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്.

മൂന്നു വയസിനുള്ളില്‍ തിരിച്ചറിയാം


സാമൂഹികപരവും ആശയവിനിമയപരവും ബുദ്ധിപരവുമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഓര്‍ഗാനിക് ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോഡറാണ് ഓട്ടിസം.

ആശയവിനിമയത്തിലും പരസ്പര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കുട്ടികള്‍ നേരിടുന്ന പ്രയാസത്തെ ഓട്ടിസമെന്ന് പൊതുവെ പറയാം. മൂന്നുവയസിനുള്ളില്‍ ഓട്ടിസം തിരിച്ചറിയാം. ഓട്ടിസത്തിന്റെ തീവ്രത ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും.

ഓട്ടിസമുള്ള കുട്ടിക്ക് ആംഗ്യം കാണിച്ചോ സംസാരിച്ചോ ആശയവിനിമയം നടത്താന്‍ പ്രയാസമാണ്. അവര്‍ സംസാരിക്കുന്ന ശബ്ദത്തിലും ഉച്ചാരണത്തിലും സമപ്രായക്കാരില്‍ നിന്ന് വ്യത്യാസം കാണാം. അതുപോലെ ചുറ്റുപാടുകളുമായി ഇടപെടുന്നതില്‍ ഓട്ടിസമുളള കുട്ടികള്‍ക്ക് പല പരിമിതികളുമുണ്ട്.

സമപ്രായക്കാരുമായി സൗഹൃ ദങ്ങളില്‍ ഏര്‍പ്പെടാനും ഇത്തരം കുട്ടികള്‍ പ്രയാസം നേരിടുന്നു. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണുന്നത്. തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വം മൂലമാണ് ഓട്ടിസം ഉണ്ടാകുന്നത്.

Autism Symptoms and Causes

പെരുമാറ്റത്തില്‍ വൈകല്യം


ശൈശവത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ നീരിക്ഷിച്ചാല്‍ അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസം ബാധിച്ച കുട്ടികള്‍ ആദ്യകാലങ്ങളില്‍ മറ്റുള്ളവരുടെ കണ്ണില്‍ നോക്കുകയോ ഇടപഴകുകയോ ചെയ്യില്ല. അച്ഛനമ്മമാരോടും മറ്റുവേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല.

ഓട്ടിസത്തിന്റെ മറ്റൊരു ലക്ഷണം സംസാരവൈകല്യമാണ്. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഓട്ടിസത്തില്‍ കാണാറുണ്ട്.

സംസാരശേഷി ആദ്യം വളരുകയും പിന്നീട്ട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം. ചില കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അങ്ങോട്ട് ശ്രദ്ധിക്കുകയില്ല. എന്നാല്‍ ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.

മറ്റുള്ളവര്‍ തന്റെ അടുത്തേക്ക് വരുന്നതോ പോകുന്നതോ അറിയാത്തതായി ഭാവിക്കുന്നു. സാധാരണ കുട്ടികളെപോലെ, മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ ഉത്കണ്ഠയോ ഇത്തരക്കാര്‍ കാണിക്കുകയില്ല.

സ്‌കൂളിലും ഒറ്റയ്ക്ക്


സ്‌കൂളില്‍ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികള്‍ അപൂര്‍വമായിരിക്കും. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നു. സദാസമയവും സ്വന്തമായ ലോകത്ത് വിഹരിക്കുന്നവരാകും അധികം പേരും. യാതൊരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.

ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപ്പിടിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ദൈനംദിന കാര്യങ്ങള്‍ ഒരുപോലെ ചെയ്യാനാണ് ഇവര്‍ക്കിഷ്ടം.

ഭക്ഷണം കഴിക്കാന്‍ ഒരേ പാത്രം, ഇരിക്കാന്‍ ഒരേ കസേര, ഒരേ ഡ്രസ് ഇതിനായി വാശിപിടിക്കാറുണ്ട്. നിരന്തരമായി കൈ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കും.

Autism Symptoms and Causes

നേരത്തേ കണ്ടെത്താം


ഓട്ടിസവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ മാതാപിതാക്കള്‍ നേരത്തെ തന്നെ തിരിച്ചറിയുക. കുട്ടിയുടെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്ക് അറിവില്ലാത്തത് നേരത്തെ ചികിത്സാ തുടങ്ങുന്നതില്‍ തടസ്സം ഉണ്ടാക്കുന്നു.

ഒരു കുഞ്ഞില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിക്കുകയും തുടര്‍ച്ചയായി ഇവരുടെ കാര്യത്തില്‍ ഇടപഴകുകയോ ചെയ്താല്‍ മെച്ചപ്പെട്ട പുരോഗതി ഉണ്ടാകാന്‍ കാരണമാകും.

ഓട്ടിസത്തിന് വേണ്ടിയുള്ള തെറാപ്പി വളരെ വൈവിധ്യമാര്‍ന്ന മേഖലയാണ്. തുടര്‍ച്ചയായ സ്‌പെഷല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമുകള്‍, ബിഹേവിയര്‍ തെറാപ്പികള്‍ വഴി അവരുടെ ഭാഷയിലും പെരുമാറ്റരീതിയിലും മാറ്റം വരുത്താന്‍ സാധിക്കും.

ഷീന്‍ എന്‍.ബി
ചൈല്‍ഡ് ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റല്‍
പട്ടം, തിരുവനന്തപുരം.

Ads by Google
Ads by Google
Loading...
TRENDING NOW