Monday, July 08, 2019 Last Updated 9 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 01.04 AM

ഇല്ലത്തുനിന്ന്‌ ഇറങ്ങി, അമ്മാത്തൊട്ട്‌...

uploads/news/2019/07/320262/f3.jpg

അതെ. ബജറ്റിനെപ്പറ്റി തന്നെയാണ്‌ പറയുന്നത്‌. കാര്യമായ പ്രതീക്ഷകള്‍ വിദഗ്‌ധര്‍ക്ക്‌ ഉണ്ടായിരുന്നെങ്കിലും സാധാരണക്കാര്‍ക്ക്‌ ആശ്വാസമേകുന്ന കാര്യങ്ങള്‍ അധികമില്ലാത്തതായിരുന്ന ബജറ്റായിരുന്നു ഈ പ്രാവശ്യത്തേത്‌. പല മേഖലകളിലും വികസനത്തിനുള്ള പദ്ധതിക്ക്‌ പകരം ശുഭാപ്‌തിവിശ്വാസം മാത്രമാണ്‌ കാണാന്‍ സാധിച്ചത്‌.

സ്വാഗതാര്‍ഹമായ ചില തീരുമാനങ്ങള്‍

സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പരിശോധിച്ചാല്‍ ഭവനവായ്‌പയുടെ നികുതിയിന്‍മേലുള്ള നികുതി പരിധി 3.5 ലക്ഷമാക്കി ഉയര്‍ത്തിയത്‌ നല്ല തീരുമാനമാണ്‌. ഇത്‌ മൂലം ഏഴു ലക്ഷത്തോളം നികുതിയിന്‍മേല്‍ ലാഭിക്കാന്‍ സാധിക്കും. നികുതി ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ്‌ ഉപയോഗിക്കാം എന്നത്‌ കാര്യങ്ങള്‍ അനായാസമാക്കും. കൂടാതെ ബാങ്കുകള്‍, ഓഹരി വിപണനം, മറ്റ്‌ നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുമുള്ള നികുതി ബാധ്യത നേരിട്ട്‌ ആദായ നികുതി വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കുമെന്നതും ഒരു പ്രധാന മാറ്റമാണ്‌.
ഇലക്‌ട്രിക്‌ വാഹനങ്ങള്‍ വാങ്ങുമ്പോഴുള്ള വായ്‌പയുടെ പലിശ വരുമാനത്തില്‍ നികുതിയിളവിന്‌ ഉപയോഗിക്കാം എന്നത്‌ വിപ്ലവകരമായ മാറ്റമാണ്‌. ഇത്‌ പരിസ്‌ഥിക്കും ഉപയോക്‌താവിനും ഗുണം ചെയ്യുന്ന ന്യൂനതയുണ്ട്‌. ഇന്ത്യ ഇപ്പോഴും ഇലക്‌ട്രിക്‌ കാറുകളുടെ വിപണിയില്‍ ചെറിയ ചുവടുവയ്‌പ്പുകളേ നടത്തിയിട്ടുള്ളൂ. കനത്ത ആവശകത നേരിടാനുള്ള ഉല്‍പ്പാദനം ഇന്ത്യയില്‍ ആയി വരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.
മാരുതി പോലെയുള്ള കമ്പനികള്‍ ഇതിലേക്ക്‌ കടന്നിട്ടുണ്ടെങ്കിലും ആദ്യത്തെ വാഹനം വിപണിയിലിറങ്ങാന്‍ കാത്തിരിക്കേണ്ടിവരും. എന്തായാലും പ്രഖ്യാപിച്ചിട്ടുള്ള നികുതിയിളവ്‌ സ്വാഗതാര്‍ഹം തന്നെ. അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിനെ നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ പുതിയ തീരുമാനമല്ല.
വിപണിയുടെ കാര്യത്തില്‍ വിദേശനിക്ഷേപം കൂടുതല്‍ കടന്നുവരാനുള്ള സൗകര്യം ഒരുക്കിയത്‌ ദീര്‍ഘകാലത്തേക്ക്‌ ഗുണകരമായി ഭവിക്കും. പ്രധാനമായിട്ടും ബാങ്കിതര ധനകാര്യസ്‌ഥാപനങ്ങളുടെ ബോണ്ടുകളില്‍ വദേശനിക്ഷേപം സാധ്യമാക്കിയത്‌ നിലവിലുള്ള പ്രതിസന്ധികളില്‍ തെല്ല്‌ അയവുണ്ടാക്കാന്‍ സഹായിക്കും. കൂടാതെ ക്കക്ക റേറ്റിങ്ങുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത്‌ ഈടായി ഉപയോഗിക്കാമെന്നത്‌ ഈ ബോണ്ടുകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കടന്നുവരാന്‍ സഹായിക്കും.
വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപകര്‍ക്കുള്ള മാനദണ്ഡങ്ങളിലും അയവ്‌ വരുത്തിയിട്ടുണ്ട്‌. വ്യോമയാനം, മാധ്യമം, ഇന്‍ഷുറന്‍സ്‌ എന്നീ മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം സാധ്യമാകുമ്പോള്‍ സേവനങ്ങളുടെ ഗുണനിലവാരത്തില്‍ നല്ല മാറ്റമുണ്ടാകും. ഈ തീരുമാനങ്ങളിലൂടെ പ്രധാനമായും മൂലധന സമാഹരണമാണ്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌. ഇത്‌ രൂപയുടെ മൂല്യം കൂടാന്‍ ഇടയാക്കും. സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക്‌ കുറേ ആശ്വാസപ്രസ്‌താവനകള്‍ ബജറ്റിലുണ്ട്‌. അവരുടെ 'എയ്‌ഞ്ചല്‍ ടാക്‌സ്' പ്രശ്‌നം പരിഹരിച്ചുകൊണ്ട്‌ പരിധിവിട്ട സൂഷ്‌മപരിശോധനകള്‍ ഒഴിവാക്കാന്‍ ധാരണയായിട്ടുണ്ട്‌. ഇത്‌ പുതുസംരഭകരെ ആകര്‍ഷിക്കാന്‍ ഉതകും.
വിദ്യാഭ്യാസ മേഖലയ്‌ക്ക് ഊന്നല്‍ കൊടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഫലപ്രദമായ നടത്തിപ്പ്‌ ഒരു വെല്ലുവിളിയാണ്‌. പ്രത്യേകിച്ചും 'ഇന്ത്യയില്‍ വന്നു പഠിക്കാം' എന്നുള്ളതും യുവാക്കളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളും വിജയിപ്പിക്കുക എനന്ത്‌ ശ്രമകരമായ കാര്യമാണ്‌.
ബാങ്കുകള്‍ക്ക്‌ ആശ്വാസമായി 70000 കോടി ലഭിച്ചതും, രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ വരുമാനമുള്ളവരുടെ നികുതി മൂന്നു ശതമാനവും അഞ്ചു കോടിയിലധികം വരുമാനമുള്ളവരുടെ നികുതി ബാധ്യത ഏഴു ശതമാനവും കൂട്ടിയത്‌ സ്വാഗതാര്‍ഹമാണ്‌.

നിരാശ നല്‍കിയ വാക്കുകള്‍

ഇലക്‌ട്രിക്‌ വാഹനങ്ങള്‍ പൊടുന്നനെ നിരത്തുകള്‍ നിറയ്‌ക്കുന്ന ഒരു സ്‌ഥിതിവിശേഷം എന്തായാലും സമീപഭാവിയില്‍ സംജാതമാകില്ല. എന്നിരിക്കെ 1.5 ലക്ഷത്തിന്റെ നികുതിയിളവ്‌ അനുഭവിക്കുന്നവരുടെ നന്നേ കുറവായിരിക്കും. സാധാരണക്കാരന്‌ ഇത്‌ അധികം ഗുണകരമാവുകയുമില്ല.
ഇന്ധന വില ലിറ്ററിന്‌ രണ്ടു രൂപ കൂടുമെന്നുള്ളതു സാധാരണക്കാരന്‌ നല്ല വാര്‍ത്തയല്ല. ഇലക്‌ട്രിക്‌ കാറുകളും സ്വന്തം വീടുമെല്ലാം ഒരു സാധാരണക്കാരന്‌ പൊടുന്നനെ സ്വന്തമാക്കാന്‍ സാധിക്കാത്തവയാണ്‌. നികുതിയിനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ബജറ്റിലുണ്ടായിരുന്നില്ല. അടിസ്‌ഥാന വികസനത്തിനായി 100 ലക്ഷം കോടി അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ വിഭാവനം ചെയ്‌തിട്ടുണ്ടെങ്കിലും ഇതിനുള്ള കൃത്യമായ മാര്‍ഗരേഖയൊന്നും തയ്യാറാക്കിയിട്ടില്ല. പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ള കുറേ കര്‍മ്മപരിപാടികള്‍ ബജറ്റിലുണ്ട്‌. ഇന്ത്യയെ അഞ്ചു ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്‌ഥയാക്കി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ ആഗ്രഹം പല പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ കെല്‍പ്പുള്ളതാവണം. അതില്‍ അടിസ്‌ഥാനസൗകര്യം, ശിശുക്ഷേമം, ആരോഗ്യം, മലിനീകരണ പ്രശ്‌നങ്ങള്‍ (ലോകത്ത്‌ ഏറ്റവും കൂടുതല്‍ മലിനീകരണ ഭീഷണി നേരിടുന്ന നഗരങ്ങള്‍ ഇന്ത്യയിലാണ്‌), തൊഴിലവസരം, എല്ലാവര്‍ക്കും പോഷകാഹാരം എന്നിങ്ങനെ നീളുന്ന വലിയൊരു പട്ടികയുണ്ട്‌. ഇവയെല്ലാം കണക്കാക്കിയും പരിഹരിച്ചും വേണം മുന്നേറാന്‍.
കൂടുതല്‍ നികുതിദായകരെ കണ്ടെത്തുക, നികുതി വരുമാനം കൂട്ടുക, വിദേശ സ്വകാര്യ പങ്കാളിത്തം മെച്ചപ്പെടുത്തുക, പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നിങ്ങനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്‌. രാഷ്ര്‌ടനിര്‍മാണത്തില്‍ സ്‌ത്രീകളുടെ പങ്ക്‌ ഉറപ്പുവരുത്തിയാല്‍ ഇവയ്‌ക്ക് ചടുലതയേറും.

ഒറ്റനോട്ടത്തില്‍

വിപ്ലവകരമായ, കണ്ണഞ്ചിപ്പിക്കുന്ന വിളമ്പരങ്ങളൊന്നും ബജറ്റിലുണ്ടായിരുന്നില്ല. സാധാരണക്കാരനും മധ്യവരുമാനപരിധിയില്‍ പെട്ടവര്‍ക്കുമൊന്നും കാര്യമായ ഗുണം ബജറ്റിലുണ്ടായിരുന്നില്ല. അസാധാരണമായി ഒന്നുമില്ലാതെ കൂടുതല്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ തീരുമാനങ്ങളടങ്ങിയതായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്‌. പറഞ്ഞ കാര്യങ്ങളെല്ലാം ഫലവത്താകുന്ന ദിനം പാര്‍ത്തിരിക്കാനേ നമുക്ക്‌ പറ്റൂ. ഇല്ലത്തു നിന്നിറങ്ങിയിട്ടുണ്ട്‌. അമ്മാത്തെത്തുമെന്ന്‌ പ്രതീക്ഷിക്കാം.

വിജയാനന്ദപ്രഭു

Ads by Google
Monday 08 Jul 2019 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW