Monday, July 08, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 12.57 AM

ചിലിയെ വീഴ്‌ത്തി അര്‍ജന്റീന; നൊമ്പരമായി മെസി

uploads/news/2019/07/320256/s3.jpg

സാവോപോളോ: കോപ്പാ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ജേതാക്കളായ ചിലിയെ തോല്‍പിച്ച്‌ അര്‍ജന്റീന മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ഇന്നലെ പുലര്‍ച്ചെ സാവോപോളോയിലെ കൊറിന്ത്യന്‍സ്‌ അരീനയില്‍ നടന്ന വിവാദ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം.
സെര്‍ജിയോ അഗ്യൂറോയും പൗളോ ഡിബാലയും അര്‍ജന്റീനയ്‌ക്കായി സ്‌കോര്‍ ചെയ്‌തപ്പോള്‍ പെനാല്‍റ്റിയില്‍ നിന്ന്‌ അര്‍ട്യൂറോ വിദാലാണ്‌ ചിലിയുടെ ആശ്വാസഗോള്‍ നേടിയത്‌.
മത്സരത്തിനിടെ ഗ്രൗണ്ടില്‍ തമ്മിലടിച്ചതിന്‌ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയും ചിലി താരം ഗ്യാരി മെഡലും ചുവപ്പ്‌കാര്‍ഡ്‌ കണ്ടു പുറത്തുപോയതോടെ 10 പേരുമായാണ്‌ ഇരുടീമുകളും ഭൂരിഭാഗം സമയവും കളിച്ചത്‌. 37-ാം മിനിറ്റിലാണ്‌ ഇരുതാരങ്ങളെയും റഫറി പുറത്താക്കിയത്‌.
മത്സരത്തിന്റെ ആദ്യപകുതിയില്‍ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. 12-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ്‌ നേടി. ലയണല്‍ മെസി നല്‍കിയ മികച്ചൊരു പാസ്‌ പിടിച്ചെടുത്ത അഗ്യൂറോ ചിലി ഗോള്‍കീപ്പറെ കബളിപ്പിച്ചു വലകുലുക്കുകയായിരുന്നു.
ലീഡ്‌ നേടിയതോടെ ആക്രമണം വര്‍ധിപ്പിച്ച അവര്‍ 10 മിനിറ്റിനകം രണ്ടാം ഗോളും കണ്ടെത്തി. ചിലി പ്രതിരോധത്തിന്റെ പിഴവ്‌ മുതലെടുത്തു ജിയോവാനി ലോസെല്‍സോ നല്‍കിയ പാസ്‌ ഡിബാല പിഴവില്ലാതെ വലയിലാക്കുകയായിരുന്നു.
എന്നാല്‍ 37-ാം മിനിറ്റില്‍ മെസി പുറത്തുപോയതോടെ അര്‍ജന്റീനയുടെ താളം പിഴച്ചു. ആദ്യപകുതിയില്‍ 2-0ന്‌ പിരിഞ്ഞ അവര്‍ക്കെതിരേ രണ്ടാം പകുതിയില്‍ ചിലി കനത്ത ആക്രമണം അഴിച്ചുവിട്ടു. ഇടവേള കഴിഞ്ഞ്‌ ഏറെ വൈകാതെ ചിലി ഒരു ഗോള്‍ മടക്കുകയും ചെയ്‌തു. റഫറിയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. പെനാല്‍റ്റി ബോക്‌സിനു പുറത്തു നടന്ന ഫൗളില്‍ റഫറി ചിലിക്കു പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത വിദാല്‍ ഗോള്‍ നേടിയെങ്കിലും അര്‍ജന്റീനയുടെ ജയം തടയാന്‍ അതു മതിയാകുമായിരുന്നില്ല.

മെസിക്കു ചുവപ്പ്‌; വിവാദം കൊഴുക്കുന്നു

സാവോപോളോ: കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാം സ്‌ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കു ചുവപ്പുകാര്‍ഡ്‌ നല്‍കിയതില്‍ വിവാദം കൊഴുക്കുന്നു.
കോപ്പയിലെ റഫറിയിങ്ങിനെക്കുറിച്ച്‌ നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഫൗള്‍ ചെയ്യപ്പെട്ട താരത്തിനു ചുവപ്പുകാര്‍ഡ്‌ നല്‍കി പുറത്താക്കിയതോടെ നിലവാരമില്ലാത്ത റഫറിയിങ്ങിനെതിരേ ഫുട്‌ബോള്‍ ലോകത്ത്‌ അമര്‍ഷം പുകയുകയാണ്‌.
മത്സരത്തിന്റെ 37-ാം മിനിറ്റിലാണ്‌ വിവാദ സംഭവം. ബോക്‌സിലേക്കു വന്ന ബോള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച മെസിക്കു മുന്നില്‍ പ്രതിരോധമുയര്‍ത്തി ചിലി താരം ഗാരി മെഡലുണ്ടായിരുന്നു. പന്ത്‌ പുറത്തേക്ക്‌ പോകാന്‍ മെസിക്കു മുന്നില്‍ മതില്‍തീര്‍ത്ത മെഡലിനെ ചെറുതായി അര്‍ജന്റീന നായകന്‍ തള്ളിയതോടെയാണ്‌ സംഭവങ്ങള്‍ക്കു തുടക്കം.
ഇതില്‍ പ്രകോപിതനായ മെഡല്‍ മെസിയുടെ മുഖത്തും നെഞ്ചിലും തന്റെ ശരീരം കൊണ്ടിടിക്കുകയായിരുന്നു. ഓടിയെത്തിയ റഫറി ഉടന്‍ ഇരുവര്‍ക്കും ചുവപ്പ്‌ കാട്ടുകയായിരുന്നു.
മെഡലിന്റെ ഇടിയേറ്റ മെസിക്കും ചുവപ്പ്‌ നല്‍കിയതില്‍ അര്‍ജന്റീന താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും വാര്‍ പരിശോധിച്ച റഫറി മെസിയാണ്‌ തര്‍ക്കത്തിനു തുടക്കമിട്ടതെന്ന വ്യക്‌തമാക്കി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഇതാണ്‌ വിവാദമായത്‌. മെസിക്കു കൂടിവന്നാല്‍ ഒരു മഞ്ഞക്കാര്‍ഡ്‌ നല്‍കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളുവെന്നും മോശം റഫറിയിങ്ങാണ്‌ നടന്നതെന്നും വിദഗ്‌ധര്‍ പറയുന്നു.
സംഭവത്തില്‍ കുറ്റക്കാരനായ മെഡലും ചിലിയുടെ തന്നെ അര്‍ട്യൂറോ വിദാലും മെസിയെ പിന്തണച്ചു റഫറിയെ വിമര്‍ശിക്കുകയും ചെയ്‌തു.

Ads by Google
Monday 08 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW