Monday, July 08, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 12.57 AM

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യക്ക്‌ തോല്‍വിയോടെ തുടക്കം

uploads/news/2019/07/320255/s2.jpg

അഹമ്മദാബാദ്‌: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്‌ ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ ഇന്ത്യക്കു ഞെട്ടിക്കുന്ന തുടക്കം. ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഉദ്‌ഘാടന മത്സരത്തില്‍ ഫിഫാ റാങ്കിങ്ങില്‍ പിന്നിലുള്ള താജിക്കിസ്‌താന്‍ ഇന്ത്യ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക്‌ അട്ടിമറിച്ചു.
റാങ്കിങ്ങില്‍ 120-ാം സ്‌ഥാനത്താണ്‌ താജിക്കിസ്‌താന്‍.ഇന്ത്യയാകട്ടെ 101-ാം സ്‌ഥാനത്തും. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക്‌ മുന്നില്‍ നിന്ന ശേഷമാണ്‌ ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയത്‌.
ഇന്ത്യക്കായി നായകന്‍ സുനില്‍ ഛേത്രി രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ കോമറോണ്‍ ടര്‍സുനോ, ഷറിദിന്‍ ബൊബോവ്‌, മുഹമ്മദ്‌ റഹിമോവ്‌, സമിയേവ്‌ എന്നിവരാണ്‌ താജിക്കിസ്‌താന്റെ ഗോളുകള്‍ നേടിയത്‌.
മത്സരത്തില്‍ പ്രതീക്ഷപകര്‍ന്ന തുടക്കമായിരുന്നഒ ഇന്ത്യയുടേത്‌. നാലാം മിനിറ്റില്‍ത്തന്നെ ലീഡ്‌ നേടിയാണ്‌ ഇന്ത്യ തുടങ്ങിയത്‌. ലാലിയന്‍ സുല ചാങ്‌തേയെ താജിക്കിസ്‌താന്‍ താരം അസോറോവ്‌ ബോക്‌സില്‍ വീഴ്‌ത്തിയതിന്‌ ലഭിച്ച പെനാല്‍റ്റി പനേങ്ക കിക്കിലൂടെ ഛേത്രി വലയിലെത്തിക്കുകയായിരുന്നു.
ഇതോടെ ആത്മവിശ്വാസം ഉയര്‍ന്ന ഇന്ത്യ പിന്നീട്‌ എതിരാളിയുടെ ബോക്‌സില്‍ നിരന്തരം റെയ്‌ഡ് നടത്തി. തുടരെ തുടരെ നടത്തിയ ആക്രമണങ്ങള്‍ക്കൊടുവില്‍ ആദ്യ പകുതി അവസാനിക്കാന്‍ നാലു മിനിറ്റ്‌ ബാക്കിനില്‍ക്കെ ഇന്ത്യ രണ്ടാം ഗോള്‍ സ്വന്തമാക്കി.
41-ാം മിനിറ്റില്‍ താജിക്കിസ്‌താന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണു ഛേത്രി രണ്ടാം ഗോള്‍ നേടിയത്‌.
ഉദാന്ത സിങ്ങായിരുന്നു ഗോളിന്റെ ശില്‍പി. ബോക്‌സിലേക്ക്‌ ഓടിക്കയറിയ ഉദാന്ത നല്‍കിയ ക്രോസ്‌ ലഭിച്ചത്‌ ചാങ്‌തെയ്‌ക്കു. ചാങ്‌തെ പന്ത്‌ ഓവര്‍ലാപ്പ്‌ ചെയ്‌തുകയറിയ മന്ദറിനു നല്‍കുന്നു. മന്ദറിന്റെ പാസ്‌ ബോക്‌സില്‍ കാത്തുനിന്ന ഛേത്രിയുടെ കാലില്‍. സമയമെടുത്തു ഇന്ത്യന്‍ നായകന്‍ തൊടുത്ത ഷോട്ട്‌ താജിക്കിസ്‌താന്‍ ഗോള്‍കീപ്പറെ കബളിപ്പിച്ചു വലയില്‍.
രണ്ടുഗോള്‍ ലീഡില്‍ ഇടവേളയ്‌ക്കു പിരിഞ്ഞ ഇന്ത്യക്കു പക്ഷേ വരാനിരുന്നത്‌ വന്‍ദുരന്തമായിരുന്നു. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രതിരോധത്തെ തകര്‍ത്ത താജിക്കിസ്‌താന്‍ നാലു ഗോളുകള്‍ നേടുകയായിരുന്നു.
56ാം മിനിറ്റില്‍ കോമറോണ്‍ ടര്‍സുനോവിലൂടെ താജിക്കിസ്‌താന്‍ ആദ്യ ഗോള്‍ മടക്കി. 58-ാം മിനിറ്റില്‍ ഷറിദിന്‍ ബൊബോവിലൂടെ താജിക്കിസ്‌താന്‍ രണ്ടാം ഗോള്‍ നേടി. പിന്നീട്‌ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ പ്രതിരോധത്തെയാണ്‌ പലപ്പോഴും കണ്ടത്‌.
ആക്രമണങ്ങളുമായി പിന്നീട്‌ താജിക്കിസ്‌താന്‍ കളംനിറഞ്ഞു. 71-ാം മിനിറ്റില്‍ മുഹമ്മദ്‌ റഹിമോവിലൂടെ താജിക്കിസ്‌താന്‍ മൂന്നാം ഗോള്‍ നേടി. 75-ാം മിനിറ്റില്‍ സമിയേവ്‌ താജിക്കിസ്‌താന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Ads by Google
Monday 08 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW