Sunday, July 07, 2019 Last Updated 9 Min 56 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Sunday 07 Jul 2019 10.24 AM

ഒരുപടി മുകളിലാണ് പതിനെട്ടാംപടി, കൗമാരത്തിന്റെ ചോരത്തിളപ്പിന്റെ സിനിമ

രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി, വിദ്യാര്‍ത്ഥികളുടെ പകയും വിദ്വേഷവും ചൂടും ചൂരും നല്‍കുന്ന സിനിമാനുഭവമാണ് പതിനെട്ടാംപടി. കൗമാരത്തിന്റെ ചോരത്തിളപ്പിലൂടെ പതിനെട്ടിലേക്ക് ചുവടുവയ്ക്കുന്ന ഒരുപറ്റം യുവാക്കളുടെ കഥ.
pathinettam padi review

പതിനെട്ടാംപടി, സിനിമയുടെ ആ പേരില്‍ തന്നെ ഉണ്ട് ഒരു വ്യത്യാസം. പതിനെട്ടാം പടി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ശബരിമലയാണ് ഓര്‍മവരുന്നതെങ്കില്‍ തെറ്റി. ചിത്രത്തിന് ശബരിമലയുമായി യാതൊരു ബന്ധവുമില്ല. ഒരുകൂട്ടം യുവാക്കളുടെ ചിത്രമാണ് പതിനെട്ടാം പടി. പതിനെട്ട് വയസ് കഴിഞ്ഞ് ജീവിതത്തിലേക്ക് പുതിയ ചുവടുവയ്പ് നടത്തുകയാണവര്‍. ഒരുപറ്റം കുട്ടികളുടെ സ്‌കൂള്‍ കാലഘട്ടത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടി, വിദ്യാര്‍ത്ഥികളുടെ പകയും വിദ്വേഷവും ചൂടും ചൂരും നല്‍കുന്ന സിനിമാനുഭവമാണ് പതിനെട്ടാംപടി. കൗമാരത്തിന്റെ ചോരത്തിളപ്പിലൂടെ പതിനെട്ടിലേക്ക് ചുവടുവയ്ക്കുന്ന ഒരുപറ്റം യുവാക്കളുടെ കഥ.

തൊണ്ണൂറുകളുടെ അന്ത്യത്തിലെ തെക്കന്‍ തിരുവിതാംകൂറിലെ രണ്ട് സ്‌കൂളുകള്‍. ഒന്ന് സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന മോഡല്‍ സ്‌കൂളും രണ്ടാമത്തേത് പണക്കാരുടെ മക്കള്‍ പഠിക്കുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളും. ഈ രണ്ട് സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കുടിപ്പകയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് സ്‌കൂളുകളിലും ഗുണ്ടാ ഗ്യാങ്ങുകളുണ്ട്. ഓരോ ഗുണ്ടാ നേതാക്കന്മാരും. മോഡല്‍ സ്‌കൂളിലെ ഗ്യാങ് ലീഡര്‍ അയ്യപ്പനാണ്. ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നേതാവ് അശ്വിനും. രണ്ട് കാലഘട്ടത്തിലൂടെയാണ് സംവിധായകന്‍ കഥ പറയുന്നത്.

pathinettam padi review

മികച്ച സൗകര്യങ്ങള്‍ക്കായും അതിജീവനത്തിനായും ശ്രമിക്കുന്നവരാണ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നാല്‍ സമ്പന്നതയിലും ലഹരിയിലും ജീവിതം കൊണ്ടാടുന്നവരാണ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിന് അകത്തും പുറത്തുമുള്ള മത്സരങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും ഇരു സംഘങ്ങളും തമ്മില്‍ ഉരസുന്നു. ഇതാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ പറയുന്നത്. ഒരുപിടി മാസ് രംഗങ്ങള്‍ കൊണ്ട് ത്രസിപ്പിക്കുന്നതാണ് ആദ്യ പകുതി. ഇരു സ്‌കൂളിലെയും ഗ്യാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷം പ്രേക്ഷകനെ ആവേശ കൊടുമുടിയില്‍ എത്തിക്കും.

ആദ്യ പകുതിയിലെ സംഘര്‍ഷങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റം ചെറുതല്ല. ഈ മാറ്റമാണ് രണ്ടാം പകുതി. രണ്ടാം പകുതിയിലേക്ക് എത്തുന്നതോടെയാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന പ്രമേയത്തിലേക്ക് ആഴത്തില്‍ കടന്നു ചെല്ലുന്നത്. രണ്ടാം പകുതിയിലാണ് മമ്മൂട്ടിയുടെ അതിഥി വേഷവും. ജോണ്‍ എബ്രഹാം പാലക്കന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

കേരള കഫേയിലെ ഐലന്റ് എക്‌സ്‌പ്രെസ് എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് പതിനെട്ടാംപടി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. പുതുമുഖങ്ങള്‍ക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. ഇവരൊക്കെ വന്ന് പോകുമ്പോഴും ചിത്രത്തിന്റെ ജീവനും നാഡിയുമെല്ലാം ഒരു പറ്റം പുതുമുഖങ്ങളാണ്. പുതുമുഖങ്ങളാണെങ്കിലും മികച്ച അഭിനയമാണ് ഇവര്‍ കാഴ്ചവെച്ചിരിക്കുന്നത്. അഭിനയിച്ച് തഴക്കം വന്നവരെ പോലെ തന്നെയാണ് ഏവരും. അക്ഷയ് രാധാകൃഷ്ണന്‍, അശ്വിന്‍ ഗോപിനാഥ്, നന്ദുരാജ്, ഫാഹിം സഫര്‍, ആര്‍ഷ, നകുല്‍ തമ്പി, ശ്രീചന്ദ്, വഫ, ഹരിണി തുടങ്ങി ചിത്രത്തില്‍ എടുത്തുപറയേണ്ട പുതുമുഖങ്ങളുടെ പേരുകളില്‍ ചിലത്.

pathinettam padi review

നായികമാരില്‍ ഒരാള്‍ അഹാന കൃഷ്ണകുമാറാണ്. മനോജ് കെ. ജയന്‍, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, ബിജു സോപാനം, പാര്‍വതി ടി, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയൊരു താരനിരയുമുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റെ ഛായാഗ്രഹണവും എടുത്ത് പറയേണ്ടതാണ്. സുദീപ് ഇളമണ്ണാണ് ക്യാമറ കൈകാര്യം ചെയ്തത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നവയാണ്. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. എ.ആര്‍.റഹ്മാന്റെ സഹോദരീപുത്രന്‍ കാഷിഫ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.

വിദ്യാര്‍ത്ഥികളെ കഥാപാത്രങ്ങളാക്കിയുള്ള ഒരു ചിത്രമെന്ന നിലയ്ക്ക് മാറ്റി നിര്‍ത്തേണ്ട സിനിമയല്ല പതിനെട്ടാംപടി. മികച്ച എന്റര്‍ടൈനറിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശവും ചിത്രം നല്‍കുന്നുണ്ട്.

Ads by Google
രഘുവരന്‍ രാമന്‍
Sunday 07 Jul 2019 10.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW