Sunday, July 07, 2019 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 07.49 AM

'എന്റെ പെണ്ണുങ്ങളെ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ ആടി ഉലഞ്ഞ് ഞെരിഞ്ഞമര്‍ന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്തിട്ടുണ്ടോ, ബഹു രസാണ്, പുരുഷന് മാത്രം കിട്ടുന്ന പ്രിവിലേജാണ്;ദൈവമേ ഈ പ്രിവിലേജെല്ലാം ഞാന്‍ എവിടെ കൊണ്ട് സൂക്ഷിക്കുമോ, സംവരണ മര്യാദകള്‍'

viral face book post

കെ എസ് ആര്‍ ടി സി യാത്രയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ സമീപം ഇരുന്ന യുവാവിനെതിരെ നടപടിയെടുത്ത സംഭവം വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഒന്നടങ്കം ഇതിനെതിരെ വന്‍ രോക്ഷവും ഉയര്‍ന്നു. ഇതിന് പിന്നാലെ ബസുകളില്‍ സംവരണ സീറ്റുകള്‍ നോക്കി പോരടിക്കുന്നവരും കൂടി. ഇപ്പോള്‍ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. സ്ത്രീകള്‍ക്കായുള്ള സംവരണ സീറ്റുകളുടെ കണക്കും കൗതുകങ്ങളുമാണ് ഭാവയാമി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്.

ബസില്‍ സ്ത്രീകള്‍ക്കായി അനുവദിച്ചിട്ടുള്ള സംവരണ സീറ്റുകള്‍ ഒഴിച്ചിട്ട് ജനറല്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളോടുള്ള അഭ്യര്‍ഥന കൂടിയാണ് ഈ കുറിപ്പ്. 'സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ ആടി ഉലഞ്ഞ് ഞെരിഞ്ഞമര്‍ന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്തിട്ടുണ്ടോ. ബഹു രസാണ്. പുരുഷന് മാത്രം കിട്ടുന്ന പ്രിവിലേജാണ്.' യുവാവ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട പെണ്ണുങ്ങളെ...

ഞാന്‍ കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് RSA 739 എന്നു പേരായ KL I5 A 167 എന്ന നമ്പരുള്ള കെഎസ്ആര്‍ടിസി ബസില്‍ പോവുവാരുന്നേ. വൈറ്റില ഹബ്ബില്‍ നിന്നു ബസ് കയറിയപ്പോള്‍ മുന്നിലെ 18 വനിത സംവരണ സീറ്റുകളില്‍ 14 സ്ത്രീകള്‍ ഇരിപ്പുണ്ടായിരുന്നു. അതിനു എതിര്‍വശത്തുള്ള 7 സീറ്റിലും ഇരുന്നത് വനിതകളായിരുന്നു.

ഞാനുള്‍പ്പടെ രണ്ട് പുരുഷന്മാര്‍ മടി കൂടാതെ നിന്നു. ബസ് യാത്ര തുടങ്ങി. പല സ്ഥലങ്ങളിലായി 3, 4 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നങ്കിലും സംവരണ സീറ്റായതിനാല്‍ കമ്പിയില്‍ ചാരി പുരുഷ പ്രിവിലേജസിനെ കുറിച്ചോര്‍ത്തു കോള്‍മയിര്‍ കൊണ്ടു. വാഹനം തൃപ്പൂണിത്തുറയ്ക്ക് അടുത്ത് എത്തിയപ്പോള്‍ നാല് പെണ്ണുങ്ങള്‍ ഇറങ്ങി. അപ്പോള്‍ പൂര്‍ണ്ണമായും മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ഒരു മുഴുനീള സംവരണ സീറ്റ് ഒഴിവു വന്നു. അതായത് ആകെ 18 സംവരണ സീറ്റില്‍ ഇരിക്കുന്ന സ്ത്രീകളുടെ എണ്ണം പത്ത്. എതിര്‍വശത്തെ ജനറല്‍ സീറ്റില്‍ 7 വനിതകള്‍ തുടരുന്നു. ബസില്‍ നില്‍ക്കുന്ന പുരുഷ പ്രജകള്‍ 4.

ഞാന്‍ മുന്‍ വശത്തെ വാതിലിനു സമീപം രണ്ടാമത്തെ ജനറല്‍ സീറ്റിലിരിക്കുന്ന ഒരു ഭവതിയുടെ സമീപം എത്തി വിനയ പുരസ്സരം ഉണര്‍ത്തിച്ചു. ഒരു മുഴുനീള സംവരണ സീറ്റ് തൊട്ടപ്പുറത്ത് ഒഴിഞ്ഞത് കാണുന്നില്ലേ, ഒന്നവിടിരുന്ന് സഹകരിക്കണം. അവര്‍ രക്തരഹിത ഭാവത്തോടെ എന്നെ ഒന്നു നോക്കി. കാര്‍പാര്‍ത്തിയന്‍ മലനിരകളിലെ കാറ്റ് ബസിലേക്ക് ഇരച്ചു കയറി. അവരുടെ ഇടതുവശത്ത് ഇരുന്ന വനിതയാകാന്‍ തയ്യാറെടുക്കുന്ന യുവതിയോട് ഈ കിഴങ്ങന്‍ ചോദിക്കുന്നത് കേട്ടോ എന്ന ഭാവത്തോടെ നോക്കി. ആ കുട്ടി അപ്പോള്‍ കണ്ടുപിടിച്ച നാല്, അഞ്ച് പുച്ഛരസം ചുണ്ടിലും കണ്ണിലും തൂക്കിയിട്ടു. ഞാനൊരു 3 മിനിറ്റ് ആലോചിക്കാന്‍

കൊടുത്ത് അവിടെ കാറ്റ് പിടിച്ച് നിന്നു. അനക്കമില്ല. അതിനു തൊട്ട് മുമ്പില്‍ മുന്‍വശത്തെ വാതിലിനു സമീപം ജനറല്‍ സീറ്റില്‍ ഇരിക്കുന്ന ഭവതികള്‍ക്ക് സമീപം അപേക്ഷയുമായി ചെന്നു. എട്ടോളം സംവരണ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് പ്രിയരെ നിങ്ങള്‍ കാണുന്നില്ലെ. അവിടെയൊന്നിരുന്ന് ഞങ്ങളെ അനുഗ്രഹിക്കാമോ. നമുക്ക് സമാധാനത്തിന്റേയും ഒരുമയുടേയും സഹവര്‍ത്തിത്വത്തിന്റേയും പാതയിലൂടെ ഒന്നായി സഞ്ചരിക്കാം.

ചേച്ചി ഒന്നു തുറിച്ചുനോക്കി. എനിക്ക് കുളപ്പുള്ളി അപ്പനെ ഓര്‍മ്മ വന്നു. അപേക്ഷയുടെ ഭാഷയുമായി വന്നിരിക്കുന്നു. എന്റെ മുന്നില്‍ കമ്പിയില്‍ ചാരി നിന്ന അപ്പച്ചന്‍ നീ അല്ലാതെ ഈ പെണ്ണുങ്ങളോട് ഇതു വല്ലതും ചോദിക്കാന്‍ പോവുമോടോ? എന്ന് നോട്ടം കൊണ്ടൊരു ചോദ്യചിഹ്നമിട്ടു. അവര്‍ക്കും അനക്കമില്ല. ഞാന്‍ ഒരു നിമിഷം ശിലായുഗത്തിലേക്ക് തിരിച്ചു പോയോ എന്നാലോചിച്ചു. പ്രത്യക്ഷമായി നാലും പരോക്ഷമായി മൂന്നും ജനറല്‍ സീറ്റുകളില്‍ ഉള്ള ആര്‍ക്കും അനക്കമില്ല. ഒന്നാം തരം കരിങ്കല്‍ ശില്പങ്ങള്‍.

കണ്ടക്ര്‍ നവ യാത്രികര്‍ക്ക് ടിക്കറ്റ് പതിപ്പിക്കാനായി എത്തി.. സാര്‍, അങ്ങ് ഇത് കാണുന്നുണ്ടോ. 8 സീറ്റ് ഒഴിഞ്ഞ് കിടക്കുമ്പോള്‍ പൊട്ടന്മാരെ പോലെ നാല് പേര്‍ നില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു സഹോദരന്‍ ഈ ഒഴിഞ്ഞ വനിതാ സീറ്റില്‍ ഇരുന്നോളൂ. ഞാന്‍ പറഞ്ഞു. അല്ല സോദര പാരമ്പര്യമായി ഞങ്ങള്‍ സംവരണ കാര്യത്തില്‍ നിഷ്‌കര്‍ഷ ഉള്ളവരാണ്. എന്റെ നിഷ്ഠ അവിടുന്ന് തെറ്റിക്കരുത്. കണ്ടക്ടര്‍ ആരോടന്നില്ലാതെ ഒരു അശരീരി മുഴക്കി.

ലേഡീസ് സീറ്റുകള്‍ ധാരാളം ഒഴിവുള്ളതായി ദൃഷ്ടിയില്‍ കാണുന്നു ഒന്ന് സഹകരിച്ചാല്‍ മൂന്ന് നാല് പേര്‍ക്കൂടെ ഇരുന്നു പോകാം. ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണുകള്‍ നീണ്ടു. പ്രതിമകള്‍ അസ്വസ്ഥരായി. എന്തൊക്കയോ ശാപവചനങ്ങള്‍ പിറുപിറുത്ത് അവര്‍ സീറ്റുകള്‍ ദാനമായി നല്‍കി. ഒരു പക്ഷെ അവരുടെ മനസ്സിലിരുപ്പ് നവ കേരളം ലക്ഷ്യമിട്ടായിരിക്കാം. സംവരണ സീറ്റില്‍ ഇരിക്കില്ലന്ന് ദൃഢനിശ്ചയം പൂണ്ടവരായിരിക്കാം.

അബലകളായ സ്ത്രീകളാണ് സംവരണ സീറ്റില്‍ ഇരിക്കുന്നത് എന്ന ചിന്താഗതിക്ക് ഫാക്ടംഫോസിടുന്നവര്‍ ആയിരിക്കാം. കെ എസ് ആര്‍ ടി സി അവരുടെ മനസ്സ് കാണാതെ പോകരുത്. വനിതകളെ അവര്‍ക്ക് വേണ്ടാത്ത സംവരണത്തില്‍ തളച്ചിടരുത്. അവര്‍ സ്വതന്ത്രരായി എവിടേയും ഇരിക്കട്ടെ. രാവിലെ വൈറ്റില ബസ്സില്‍ കണി കണ്ടു കേറുന്ന സ്ഥിരമൊരു കാഴ്ചയുണ്ട്. ഓരോ മുഴുനീള സംവരണ സീറ്റിലും ഓരോ വനിത. ബാക്കിയുള്ള നാലോളം ഇരട്ട സീറ്റിലും ഒന്നോ രണ്ടോ.

കടുത്തുരുത്തി വരെ മുന്നില്‍ സീറ്റ് ഒഴിഞ്ഞ് കിടന്നാലും പുറകില്‍ പത്തിലധികം പേര്‍ നില്‍പ്പുണ്ടാവും. എന്റെ പെണ്ണുങ്ങളെ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ ആടി ഉലഞ്ഞ് ഞെരിഞ്ഞമര്‍ന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്തിട്ടുണ്ടോ. ബഹു രസാണ്. പുരുഷന് മാത്രം കിട്ടുന്ന പ്രിവിലേജാണ്. ദൈവമേ ഈ പ്രിവിലേജെല്ലാം ഞാന്‍ എവിടെ കൊണ്ട് സൂക്ഷിക്കുമെന്നോ??? സംവരണ മര്യാദകള്‍.

Ads by Google
Sunday 07 Jul 2019 07.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW