Sunday, July 07, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 01.45 AM

പണ്ടേ പറഞ്ഞതു കേട്ടില്ല; ഖജനാവൊഴിഞ്ഞ്‌ കേരളം

uploads/news/2019/07/320113/k5.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ധനവകുപ്പ്‌ അഞ്ചു വര്‍ഷം മുമ്പേ കണ്ടത്‌. പ്രതിവിധി വിദഗ്‌ധര്‍ അന്നേ നിര്‍ദേശിച്ചെങ്കിലും രാഷ്‌ട്രീയ കാരണങ്ങളാല്‍ സര്‍ക്കാരുകള്‍ കണ്ണടച്ചു. വരുമാനം 2014-ലെ നിലയില്‍ത്തന്നെ. ചെലവ്‌ കുതിച്ചുയര്‍ന്നതിനു പുറമേ പ്രളയം അപ്രതീക്ഷിത ആഘാതമായി. വായ്‌പ പരമാവധി പരിധിയിലെത്തി. ശമ്പളപരിഷ്‌കരണം വരുന്നതോടെ കേരളം ഉയിര്‍ത്തെഴുന്നേല്‍പ്പില്ലാത്ത സാമ്പത്തിക ദുരന്തത്തിലേക്ക്‌.
വരുമാനം വര്‍ധിപ്പിക്കാനും ചെലവ്‌ നിയന്ത്രിക്കാനും അടിയന്തര നടപടിയില്ലെങ്കില്‍ സാമ്പത്തിക തകര്‍ച്ചയാകും ഫലമെന്ന്‌ 2014-ല്‍ ധനവകുപ്പ്‌ സര്‍ക്കാരിനു വിശദമായ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അടിയന്തര ആവശ്യത്തിനു വേണ്ടി ആയിരത്തില്‍പ്പരം കോടിയുടെ അധികനികുതി ചുമത്തിയതല്ലാതെ, നികുതി കുടിശിക പിരിച്ചെടുക്കാനോ ചെലവ്‌ കുറയ്‌ക്കാനോ ഒരു നടപടിയുമുണ്ടായില്ല.
ബജറ്റില്‍ അച്ചടക്കം പാലിക്കുന്നില്ലെന്ന്‌ അന്നു ധനവകുപ്പ്‌ ചൂണ്ടിക്കാട്ടിയ അവസ്‌ഥ മാറിയിട്ടില്ലെന്ന്‌ നിയമസഭയുടെ കഴിഞ്ഞ സമ്മേളനകാലത്ത്‌ വി.ഡി. സതീശന്‍ അധ്യക്ഷനായ പബ്ലിക്‌ അക്കൗണ്ട്‌സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ വ്യക്‌തമാ്‌കകുന്നു. ബജറ്റിന്റെ പരിപാവനത നശിച്ചെന്നാണു കമ്മിറ്റിയുടെ പരാമര്‍ശം.
ബജറ്റില്‍ വിഭാവനം ചെയ്‌തതിനു പുറമേ 7,707 കോടി മുതല്‍ 14,778 കോടി രൂപ വരെ കണ്ടെത്തണമെന്നാണ്‌ 2014-ല്‍ ധനവകുപ്പ്‌ നിര്‍ദേശിച്ചത്‌. ശമ്പളവും പെന്‍ഷനും പോലും നല്‍കാനാകാതെ ട്രഷറി അനിശ്‌ചിതകാലത്തേക്ക്‌ അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പോടെ മറുമരുന്ന്‌ കുറിക്കുകയും ചെയ്‌തു. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തെങ്കിലും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുക, നിയമന നിരോധനം നടപ്പാക്കുക, പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വില്‍ക്കുക തുടങ്ങിയ ശിപാര്‍ശകള്‍ സംസ്‌ഥാനത്തിന്റെ നയത്തിനു വിരുദ്ധമായിരുന്നു. നികുതികുടിശിക പിരിച്ചെടുക്കുക, നികുതിപിരിവ്‌ ഊര്‍ജിതമാക്കുക തുടങ്ങി ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്‌തില്ല. മദ്യത്തിനും സിഗരറ്റിനും നികുതി വര്‍ധിപ്പിച്ചതല്ലാതെ, നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടിയുണ്ടായില്ല. പെട്രോള്‍/ഡീസല്‍ വിലവര്‍ധനയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പന നികുതി കുറച്ചതിനു പകരം നികുതി ഏകീകരണം നടപ്പാക്കണമെന്ന ശിപാര്‍ശയും സ്വീകരിക്കപ്പെട്ടില്ല.
വരുമാനവര്‍ധനയ്‌ക്കുള്ള നടപടികളോളം പ്രധാനമായിരുന്നു ചെലവു ചുരുക്കലിനു നിര്‍ദേശിച്ച വഴികള്‍. തസ്‌തിക സൃഷ്‌ടിക്കല്‍ കര്‍ശനമായി കുറയ്‌ക്കണമെന്നും നിയമനം നിയന്ത്രിക്കണമെന്നും നിര്‍ദേശിച്ചെങ്കിലും നടന്നതും നടക്കുന്നതും മറിച്ചാണ്‌.
കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ നാലു താലൂക്കുകള്‍ സൃഷ്‌ടിച്ചത്‌ അധിക ബാധ്യതയുണ്ടാക്കുന്ന സ്‌ഥാപനങ്ങള്‍ രൂപീകരിക്കരുതെന്ന നിര്‍ദേശം അവഗണിച്ചാണ്‌. ഏകദേശം 7,500 തസ്‌തികകള്‍ സൃഷ്‌ടിച്ച്‌ ഈ സര്‍ക്കാരും അധികച്ചെലവിനു തങ്ങളുടെ സംഭാവന നല്‍കി.
2014ല്‍ സംസ്‌ഥാനത്തിന്റെ നികുതിവരുമാന വര്‍ധന 6.38% മാത്രമായിരുന്നു. അടുത്തവര്‍ഷം അത്‌ 9.65 ശതമാനത്തിലെത്തിയെങ്കിലും പിന്നീട്‌ വലിയ മാറ്റവുമുണ്ടായില്ല. ജി.എസ്‌്.ടി. വന്നിട്ടും നികുതിവരുമാനം 10 ശതമാനത്തില്‍ കൂടുതലായില്ല.
ചെലവ്‌ 16 ശതമാനം ഉയരുകയും ചെയ്‌തു. ബജറ്റില്‍നിന്നു പണം കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണു ധനമന്ത്രി തോമസ്‌ ഐസക്‌ കിഫ്‌ബി എന്ന വഴിതേടിയത്‌.
ഈ നില തുടര്‍ന്നാല്‍ കേരളം ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയിലേക്കു പോകുമെന്ന്‌ ധനവകുപ്പ്‌ വ്യക്‌തമാക്കുന്നു. കുടിശികകള്‍ കര്‍ശനമായി പിരിച്ചെടുക്കാനും ചെലവ്‌ കുറച്ചുകാലത്തേക്കെങ്കിലും നിയന്ത്രിക്കാനും കഴിയണം. ശമ്പളപരിഷ്‌കരണം വരുന്നതോടെ അതും മതിയാകില്ലെന്ന മുന്നറിയിപ്പുമുണ്ട്‌.

ആര്‍. സുരേഷ്‌

Ads by Google
Sunday 07 Jul 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW