Saturday, July 06, 2019 Last Updated 17 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 11.02 PM

മോഹന വീണയിലെ ജീവിത രാഗം ...

uploads/news/2019/07/320003/sun1.jpg

ഋത്വിക്‌ ഘട്ടകിന്റെ സിനിമകള്‍ കണ്ടും ആശാ പൂര്‍ണ്ണ ദേവി, ജീബാനന്ദ ദാസ്‌, സഞ്‌ജയന്‍ തുടങ്ങിയവരുടെ കവിതകള്‍ വായിച്ചും വളര്‍ന്ന ബാല്യം. വായനയുടെ ലോകം എഴുത്തിലേയ്‌ക്കും കലയുടെ അനന്തതയിലേക്കും കുഞ്ഞു പോളിയെ കൂട്ടിക്കോണ്ടു പോയി. പഠിച്ചതൊന്നും പോരാ എന്ന തോന്നല്‍ അയാളെ പിന്നെയും അലയാന്‍ പ്രേരിപ്പിച്ചു. ഒരു ബാവുലിനെപ്പോലെ സ്വന്തം സ്വത്വം തേടി പോളി വര്‍ഗീസ്‌ അലയാത്ത നാടുകളില്ല. സാമ്പ്രദായിക ചിട്ടകള്‍ക്കും ശൈലികള്‍ക്കുമപ്പുറം മനോധര്‍മ്മത്തിന്റെ സംഗീത വഴിയിലൂടെ ഒരു അവധൂതനെപ്പോലെ യാത്ര തുടരുന്ന വിശ്വപ്രസിദ്ധ സംഗീതജ്‌ഞന്‍. ഭാഷയുടെയും സംസ്‌കാരങ്ങളുടെയും ദേശങ്ങളുടെയും അതിരുകളില്‍ സ്വയം തളച്ചിടുന്ന കച്ചവട കലാകാരനല്ല പോളി വര്‍ഗീസ്‌.

സംഗീത വഴികളുടെ തുടക്കം?
അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കുമ്പോള്‍ മുതല്‍ വീട്ടിലെ മര്‍ഫി റേഡിയോയിലൂടെ സംഗീതവും എന്നിലേക്ക്‌ ഒഴുകിയെത്തി. ശാസ്‌ത്രീയ സംഗീതമായിരുന്നു ഏറെയും കേട്ടിരുന്നത്‌. പിന്നെ പതിയെ അത്‌ കേട്ട്‌ പാടിത്തുടങ്ങി. ഈ ആവേശമാണ്‌ എന്നെ പതിനഞ്ചാം വയസ്സില്‍ കലാമണ്ഡലത്തില്‍ എത്തിച്ചത്‌. മൃദംഗമായിരുന്നു ഐച്‌ഛിക വിഷയമെങ്കിലും അതില്‍ മാത്രമായി മനസ്സിനെ തളയ്‌ക്കാന്‍ തയ്യാറല്ലായിരുന്നു. കലാമണ്ഡലത്തില്‍ പഠിച്ച കാലത്ത്‌ കേരളത്തിന്റെ പൈതൃക കലകളെപ്പറ്റി വളരെ ആഴത്തില്‍ പഠിക്കാന്‍ പറ്റി. കഥകളി, തായമ്പക, ഒാട്ടന്‍തുള്ളല്‍, കഥകളി സംഗീതം, കൂടിയാട്ടം, കൂത്ത്‌ തുടങ്ങിയ കലാരൂപങ്ങളെപ്പറ്റി വ്യക്‌തമായ ധാരണ ലഭിച്ചു.
ചെറുപ്പത്തില്‍ ഗുരുജിയുടെ (പണ്ഡിറ്റ്‌ വിശ്വമോഹന്‍ ഭട്ട്‌) ഒരു സംഗീത കച്ചേരി ദൂരദര്‍ശനില്‍ കാണാന്‍ ഇടയായി. അതെന്നെ ആഴത്തില്‍ സ്‌പര്‍ശിച്ചു. അന്ന്‌ മനസ്സില്‍ കുറിച്ചതാണ്‌ അദ്ദേഹത്തിന്റെ ശിഷ്യനാവുക എന്ന ആഗ്രഹം. ഈ ആഗ്രഹം അറിയിച്ച്‌ ഞാന്‍ അദ്ദേഹത്തിന്‌ തുടര്‍ച്ചയായി കത്തുകള്‍ എഴുതാന്‍ തുടങ്ങി. പക്ഷേ, ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല. എന്നാല്‍ ഞാന്‍ പിന്മാറിയില്ല. ഒടുവില്‍ ശാന്തിനികേതനില്‍ ഹിന്ദുസ്‌ഥാനി അഭ്യസിക്കുന്നതിനിടയില്‍ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചു. ആഗ്രഹം നേരിട്ട്‌ അറിയിച്ചു. അദ്ദേഹത്തിന്‌ ആളെ പിടികിട്ടി. നീയാണോ ആ കത്തുകള്‍ അയയ്‌ക്കുന്ന ആള്‍..? ഉടന്‍ വന്നു ചോദ്യം. അതെയെന്ന്‌ പറഞ്ഞപ്പോള്‍ രാജസ്‌ഥാനിലെ വീട്ടിലേയ്‌ക്ക് വരാനായിരുന്നു കല്‌പന. ആ നിമിഷം സ്വര്‍ഗം കിട്ടിയ സന്തോഷമായിരുന്നു.

കൊല്‍ക്കത്തയിലെ ജീവിതം?
സംഗീത പഠനത്തിന്‌ പണം അത്യാവശ്യമായിരുന്നു. ജീവിതമാര്‍ഗം വഴിമുട്ടിയപ്പോള്‍ ജോലി അന്വേഷിച്ചിറങ്ങി. ഒടുവില്‍ ശ്‌മശാനത്തില്‍ ശവം ദഹിപ്പിക്കാന്‍ സഹായിക്കുന്ന ജോലി കിട്ടി. അവരോടൊപ്പം അവിടെകൂടി. വിഭവ സമൃദ്ധമായ സദ്യ കഴിച്ചിരുന്നു അന്ന്‌. ഞാന്‍ വാങ്ങുന്നതോ എനിക്കായി ആരും തന്നതോ ആയിരുന്നില്ല. പ്രിയപ്പെട്ടവരുടെ ആത്മാവിന്‌ കഴിക്കാന്‍ ബന്ധുക്കള്‍ ഒരുക്കി വയ്‌ക്കുന്ന ആഹാരം. ആത്മാവ്‌ വരാറില്ല, പലപ്പോഴും ഞാനായിരുന്നു ആ 'ആത്മാവ്‌...'
ഒരിക്കല്‍ ഹൗറ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം അവിടെയിരുന്ന്‌ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ പെട്ടിയും പണവുമെല്ലാം നഷ്‌ടപ്പെട്ടിരുന്നു. നയാപ്പൈസ കൈയിലില്ലാതെ നിന്നപ്പോള്‍ ഹിജഡകളാണ്‌ സഹായിക്കാനെത്തിയത്‌. അവര്‍ കൊണ്ടുപോയി ആഹാരം വാങ്ങി നല്‍കി. സാരിയൊക്കെ ഉടുത്ത്‌ ഒന്നര മാസം അവര്‍ക്കൊപ്പം ജീവിച്ചു. അവരുടെ ജീവിതവും നൊമ്പരങ്ങളും അടുത്തറിഞ്ഞപ്പോള്‍ ഞാന്‍ അവരെപ്പറ്റി കവിതയെഴുതി. അവര്‍ക്കായി ഹിന്ദുസ്‌ഥാനി ഉള്‍പ്പെടെ പാടി.
വീടുകള്‍ പെയിന്റടിക്കാനും വേശ്യാലയങ്ങളില്‍ തബല വായിക്കാനും പോയി. കല്‍ക്കട്ടയിലെ ജീവിതവും യാത്രകളും എന്റെ ജീവിതത്തെയും സംഗീതത്തെയും മാറ്റി മറിച്ചു. ശാന്തി നികേതനില്‍ ഹിന്ദുസ്‌ഥാനി പഠിക്കാനാണ്‌ പോയതെങ്കിലും അലഞ്ഞു നടക്കുന്ന ബാവുല്‍ സംഗീതജ്‌ഞരിലാണ്‌ കണ്ണുടക്കിയത്‌. എന്റെ അലയുന്ന മനസ്സാവാം അതിലേക്ക്‌ ആകര്‍ഷിച്ചത്‌. പിന്നീട്‌ ബസുദേവ്‌ ബാവുല്‍, തരുണ്‍ദേവ്‌ ബാവുല്‍ തുടങ്ങിയ അതികായന്മാരില്‍ നിന്നും ബാവുല്‍ അഭ്യസിക്കാന്‍ പറ്റി. ഒപ്പം രബീന്ദ്ര സംഗീതവും സൂഫി സംഗീതവും പഠിച്ചു. ഒടുവില്‍, രാജസ്‌ഥാനില്‍ ഗുരുവിന്റെ അടുത്തെത്താന്‍ കള്ളവണ്ടി കയറുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. പക്ഷേ, ഉത്തരേന്ത്യയില്‍ ഏതോ ഒരു സ്‌റ്റേഷനില്‍ വച്ച്‌ പിടിക്കപ്പെട്ടു. പ്രാകൃത വേഷത്തിലുള്ള എന്നെ ലോക്കപ്പില്‍ ഇട്ടിട്ടും ഒന്നും നേടാനില്ലെന്ന്‌ പോലീസിന്‌ തോന്നിയപ്പോള്‍ ഒരു പാസഞ്ചറില്‍ കയറ്റി വിട്ടു. കറങ്ങിത്തിരിഞ്ഞ്‌ ജയ്‌പൂരിലുള്ള ഗുരുവിന്റെ വീട്ടിലെത്തി.

പണ്ഡിറ്റ്‌ വിശ്വമോഹന്‍ ഭട്ടിന്‌ കീഴിലുള്ള സംഗീത പഠനത്തെപ്പറ്റി?
കഠിന പരീക്ഷണമായിരുന്നു. വലിയൊരു കോമ്പസിഷന്‍ വായിച്ചിട്ട്‌ ഇത്‌ ഇങ്ങനെ വായിക്കാമോ എന്ന്‌ ചോദിച്ചു. എന്റെ ശ്രമം അദ്ദേഹത്തിനിഷ്‌ടമായി. ഗുരുജി വളരെ ഗൗരവക്കാരനായ അധ്യാപകനും അതേ സമയം വളരെയധികം ആത്മബന്ധം പുലര്‍ത്തുന്ന ആളുമാണ്‌. മിക്കപ്പോഴും വൈകുന്നേരങ്ങളില്‍ ആയിരുന്നു ക്ലാസുകള്‍. രാഗങ്ങള്‍ അദ്ദേഹത്തിന്റെ തന്നെ സൃഷ്‌ടിയായ മോഹനവീണയില്‍ മീട്ടും. വൈകാരിക ഭാവങ്ങള്‍ ആലാപനത്തേക്കാള്‍ കൂടുതല്‍ പൂര്‍ണതയിലെത്തുന്നത്‌ മോഹനവീണയിലാണ്‌. ആദ്യം തന്നെ മോഹനവീണയില്‍ പ്രാക്‌ടീസ്‌ ചെയ്യാനാവില്ല. ഒരു വര്‍ഷം സപ്‌ത സ്വരങ്ങള്‍ മാത്രമാണ്‌ വായിച്ചു പഠിച്ചത്‌. ഗുരുജി മോഹനവീണ കൈയില്‍ തന്നപ്പോള്‍ പറഞ്ഞു: 'ഇത്‌ നിന്റെ ജീവിതമാണ്‌. എന്ത്‌ സംഭവിച്ചാലും ഉപേക്ഷിക്കാന്‍ പാടില്ല. എങ്കില്‍ മാത്രമേ സ്വീകരിക്കാവൂ.' പിന്നീട്‌ അദ്ദേഹം പറഞ്ഞ വാക്കുകളാണ്‌ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ അംഗീകാരം.
'പോളി എന്നെ അതിശയിപ്പിച്ചു. മോഹനവീണവാദകനാകാനാണ്‌ അവന്റെ നിയോഗം. ദക്ഷിണേന്ത്യയിലെ എന്റെ പ്രതിപുരുഷനാണ്‌ അവന്‍.' ഗുണ്ടേച്ച സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന ഉമാകാന്ത്‌ ഗുണ്ടേച്ചയുടെയും രമാകാന്ത്‌ ഗുണ്ടേച്ചയുടെയും കീഴില്‍ ധ്രുപദ്‌ സംഗീതം അഭ്യസിക്കാനും അവസരം ലഭിച്ചു. നമ്മുടെ കര്‍ണാടക സംഗീതത്തോളം തന്നെ പഴക്കമുണ്ട്‌ ധ്രുപദിനും. എന്റെ സംഗീത പരിപാടികളില്‍ ധ്രുപദ്‌ സംഗീതത്തിനും പ്രാധാന്യം നല്‍കാറുണ്ട്‌.

സ്വന്തം സംഗീതം?
ഇരുപതിലധികം സംഗീത ഉപകരണങ്ങളിലൂടെ കടന്നു വന്ന ആളാണ്‌ ഞാന്‍. മൃദംഗം, ഗിറ്റാര്‍, ഹാര്‍മോണിയം, സരോദ്‌, ഓടക്കുഴല്‍ തുടങ്ങിയവ. പക്ഷേ, മോഹനവീണയിലെത്തിയപ്പോള്‍ ഇനി ഇതാണ്‌ എന്റെ വഴിയെന്ന്‌് തീരുമാനിച്ചു. മനുഷ്യന്റെ വോക്കല്‍ കോഡിനോട്‌ ഏറ്റവും അടുത്ത നില്‍ക്കുന്ന ഇന്‍സ്‌ട്രമെന്റാണ്‌ മോഹനവീണ. ചില നിശ്ശബ്‌ദതകള്‍, ഞരക്കങ്ങള്‍, മലമുകളിലെ പ്രതിഫലനങ്ങള്‍, കാറ്റ്‌, മഴ... അങ്ങനെ വളരെ സൂക്ഷ്‌മമായ ശബ്‌ദങ്ങള്‍ ഇതില്‍ മാത്രമേ ഞാന്‍ അനുഭവിച്ചിട്ടുള്ളൂ.
ഒരിക്കലും കാണികള്‍ക്കു വേണ്ടി വായിക്കാറില്ല. ഞാന്‍ എനിക്ക്‌ വേണ്ടിയാണ്‌ പാടുന്നതും മോഹന വീണ മീട്ടുന്നതും. കച്ചേരികളുടെ ഒരു ഘട്ടത്തില്‍ ഞാനും കാണികളും ഒന്നാകുന്നു. ഞങ്ങള്‍ക്കിടയിലുള്ള ആശയ വിനിമയം പൂര്‍ണമാകുന്നു. ഓരോ കച്ചേരിയിലും നൈസര്‍ഗികമായി സംഭവിക്കുന്ന ചില നിമിഷങ്ങളുണ്ട്‌. പരിപാടികളുടെ റെക്കോര്‍ഡുകള്‍ പിന്നീട്‌ കേള്‍ക്കുമ്പോള്‍ ഇത്‌ ഞാന്‍ തന്നെയാണോ അവതരിപ്പിച്ചത്‌ എന്ന്‌ അത്ഭുതപ്പെടാറുണ്ട്‌. മോഹന വീണ ഇല്ലാതെ ഒരു ദിവസം ഞാന്‍ ഉറങ്ങില്ല. നാട്ടിലും കാട്ടിലും അലയുമ്പോഴും ഇത്‌ എന്റെ അരികില്‍ ഉണ്ടാവും. അല്ലാതെ എനിക്ക്‌ ജീവിക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ സത്യം. ഞാന്‍ എന്നെ കണ്ടെത്തിയത്‌ മോഹന വീണയിലാണ്‌. എന്റെ അവസാന ശ്വാസത്തിലും ഇതെന്റെ കൂടെ ഉണ്ടാവും. മൂന്ന്‌ നെക്കുകള്‍ ഉള്ള ഒരു ഗിറ്റാറിന്‌ രൂപം നല്‍കിയിട്ടുണ്ട്‌. നാല്‌്് സംഗീതോപകരണങ്ങളുടെ സംയോജനമാണിത്‌. പോളീസ്‌ സ്‌ട്രിങ്ങ്‌ ഗിറ്റാര്‍ എന്നാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌.

വിദേശത്തുള്ള കച്ചേരികളെപ്പറ്റി?
മോഹനവീണയുമായി 46-ല്‍ അധികം രാജ്യങ്ങള്‍ സഞ്ചരിച്ചു. ഇന്ത്യയിലുള്ളവരെപ്പോലെ തന്നെ ഒരുപക്ഷേ, അതിലേറെ കര്‍ണാട്ടിക്‌, ഹിന്ദുസ്‌ഥാനി സംഗീതത്തില്‍ ആഴത്തില്‍ അറിവുള്ള ജനത ഒട്ടുമിക്ക രാജ്യങ്ങളിലുമുണ്ട്‌. ഒരിക്കല്‍ വിയന്നയില്‍ വച്ച്‌ കച്ചേരിയില്‍ ഹിന്ദുസ്‌ഥാനിയിലെ തോടി രാഗം വായിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആസ്വാദകര്‍ ഒരു മെഡിറ്റേഷന്‍ (ധ്യാനം) അവസ്‌ഥയിലേക്ക്‌ പോകുന്നതായി കണ്ടു. കച്ചേരിക്ക്‌ ശേഷം എല്ലാവരും ചുറ്റും ഓടിവന്നു പറഞ്ഞു, സോള്‍ഫുള്‍ മ്യൂസിക്‌ എന്ന്‌. എന്റെ ആ പെര്‍ഫോമന്‍സിന്‌ യൂട്യൂബില്‍ ഒന്നര ലക്ഷത്തിലധികം ഡൗണ്‍ലോഡ്‌സ് ഉണ്ടായിരുന്നു. അതേ വേദിയില്‍ സിംഫണി സംഗീതവും റോക്ക്‌ സംഗീതവും അവതരിപ്പിച്ച പാശ്‌ചാത്യ സംഗീത ലോകത്തെ പ്രശസ്‌തരും സാധാരണക്കാരും ഉള്‍പ്പെടെ എന്നോട്‌ തിരക്കിയത്‌ ഇവിടുത്തെ സിനിമാപ്പാട്ടുകാരെപ്പറ്റിയല്ല, ഭീംസെന്‍ ജോഷിയെയും ബാലമുരളീ കൃഷ്‌ണയെയും കുറിച്ചാണ്‌. പിന്നീട്‌ ചൈനയില്‍ പ്രധാനമന്തിയുടെ സാന്നിദ്ധ്യത്തില്‍ കച്ചേരി നടത്തി കഴിഞ്ഞപ്പോള്‍ രാഗങ്ങളെക്കുറിച്ച്‌ ചോദിച്ചവരില്‍ ഏറെയും സാധാരണക്കാരായ ആസ്വാദകരായിരുന്നു. ജനകീയ കലയും ജനപ്രിയ കലയും രണ്ടാണെന്ന്‌ മനസ്സിലായില്ലേ? നമ്മുടെ സമര ചരിത്രങ്ങള്‍ നോക്കൂ, അവ ജനകീയ സമരങ്ങളായിരുന്നു. ജനകീയം ജൈവമാണ്‌. അത്‌ മനുഷ്യന്റെ ഉള്ളില്‍ ഉള്ളതാണ്‌.

സിനിമ സംഗീത സംവിധാനത്തെപ്പറ്റി?
മയ്യ എന്ന ഹോളിവുഡ്‌ ചിത്രത്തിനും നിരവധി ബംഗാളി സിനിമകള്‍ക്കും സംഗീത സംവിധാനം ചെയ്‌തു. അന്തരിച്ച പ്രമുഖ ജേണലിസ്‌റ്റ് ടി.എന്‍. ഗോപകുമാര്‍ സംവിധാനം ചെയ്‌ത ജീവന്‍ മശായി എന്ന ചിത്രത്തിനും രാജേഷ്‌ നാരായണന്‍ സംവിധാനം ചെയ്‌ത കാള വര്‍ക്കി എന്ന ചിത്രത്തിനും മലയാളത്തില്‍ സംഗീതമൊരുക്കി. ഏറ്റവും പുതിയ വിശേഷം എന്തെന്നാല്‍ രക്‌തം ചുരമിറങ്ങിവരുന്നു എന്ന എന്റെ കവിതാ സമാഹാരം അടുത്ത മാസം പുറത്തിറങ്ങുന്നുണ്ട്‌.

കുടുംബം?
അച്‌ഛന്‍ വര്‍ഗീസ്‌ മേച്ചേരി പത്രപ്രവര്‍ത്തകനായിരുന്നു. പിന്നീട്‌ സ്വന്തമായി തൊഴിലാളി എന്നൊരു പത്രം നടത്തി. ഫാദര്‍ വടക്കന്റെ സമര നേതൃത്വനിരയിലും പ്രവര്‍ത്തിച്ചിരുന്നു. രണ്ട്‌ വര്‍ഷം മുന്‍പ്‌ അദ്ദേഹം ഞങ്ങളെ വിട്ടുപിരിഞ്ഞു. അമ്മ ആലീസ്‌. തറവാട്‌ തൃശ്ശൂരാണെങ്കിലും ചെന്നൈയിലാണ്‌ സ്‌ഥിര താമസം. ഭാര്യ സബീന അദ്ധ്യാപികയാണ്‌. മകള്‍ മിത്ര നാലാം ക്ലാസില്‍ പഠിക്കുന്നു.

മോഹന വീണ

പണ്ഡിറ്റ്‌ വിശ്വമോഹന്‍ ഭട്ടിന്റെ സൃഷ്‌ടിയാണ്‌ മോഹനവീണ. ഇതില്‍ സരോദ്‌, സിത്താര്‍, സാരംഗി, രുദ്രവീണ, ഹവായിന്‍ ഗിറ്റാര്‍ തുടങ്ങിയവയുടെ സ്വരങ്ങള്‍ പ്രത്യേക അനുപാതത്തില്‍ സംയോജിപ്പിച്ചിരിക്കുന്നു. ഇരുപത്‌ പ്രധാന തന്ത്രികളും പതിന്നാല്‌ ഉപതന്ത്രികളും ഉള്ള മോഹനവീണ ഭാവ പ്രകടനത്തില്‍ മനുഷ്യകണ്‌ഠത്തെ വെല്ലും. നാല്‌ വര്‍ഷത്തോളമെടുത്താണ്‌ ഓരോ മോഹനവീണയും അതിന്റെ പൂര്‍ണ്ണതയില്‍ രൂപപ്പെടുത്തിയെടുക്കുന്നത്‌. ശരാശരി നിലവാരത്തിലുള്ള ഒരു കച്ചേരി അവതരിപ്പിക്കണമെങ്കില്‍ തന്നെ കുറഞ്ഞത്‌ പത്ത്‌ വര്‍ഷത്തെ പഠനം ആവശ്യമാണ്‌. അതുകൊണ്ട്‌ തന്നെ ലോകമെമ്പാടും ആരാധകരുണ്ടായിട്ടും ഈ സംഗീത ഉപകരണത്തെ ഉപാസിക്കാന്‍ അധികമാരും മുന്നോട്ട്‌ വന്നിട്ടില്ല.

ശ്രീലക്ഷ്‌മി സോമന്‍

Ads by Google
Saturday 06 Jul 2019 11.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW