Saturday, July 06, 2019 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 11.02 PM

ഈ പരിപാടിയുടെ പ്രായോജകര്‍

uploads/news/2019/07/320000/sun5.jpg

അതിരാവിലെ തൊടിയിലെ കളകള്‍ക്കിടയില്‍ എന്തോ തിരയുന്ന മോന്‍കുട്ടനെ കണ്ടപ്പോള്‍ ചെല്ലപ്പന്‍പിള്ളക്ക്‌ വല്ലാത്ത കൗതുകവും ചെറുതായൊരു സന്തോഷവും തോന്നി. രാവിലെയുള്ള പച്ചക്കറി പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അയാള്‍. ഇന്നലെ ലാപ്‌ടോപ്പില്‍ നോക്കി ശതാവരിവള്ളികളുടെ ചിത്രങ്ങള്‍ കാട്ടിത്തന്ന്‌ വളരെ കൗതുകത്തോടെ അവന്‍ ഗുണഗണങ്ങള്‍ വിവരിച്ചത്‌ അയാള്‍ ഓര്‍ത്തു. ശതാവരിയുടെ കിഴങ്ങെടുത്തു വെള്ളത്തില്‍ അരിഞ്ഞിട്ട്‌ തിളപ്പിച്ച്‌ കുടിച്ചാല്‍ പത്തു ദിവസം കൊണ്ട്‌ പ്രമേഹം നേര്‍പകുതിയാകുമെന്ന ആരുടെയോ പുതിയ കണ്ടുപിടിത്തത്തിന്റ വീഡിയോ അതിലുണ്ടത്രേ. അത്‌ അന്വേഷിച്ച്‌ ഇറങ്ങിയതാകാം എന്ന്‌ അയാള്‍ ഊഹിച്ചു. കിഴക്കേതൊടിയിലെ വേലിക്കല്‍ കാടുപോലെ പടര്‍ന്നു കിടപ്പുണ്ട്‌ ശതാവരിയെന്നു പറഞ്ഞപ്പോള്‍ മോന്‍കുട്ടന്റെ മുഖത്ത്‌ അത്ഭുതം നിറഞ്ഞു.
നാടന്‍ രീതികളോടും, പ്രത്യേകിച്ച്‌ അയാളുടെ ജീവിതരീതികളോടും മകന്‌ പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അതില്‍ ചെറുതല്ലാത്ത വിഷമം പലപ്പോളും അയാള്‍ക്ക്‌ തോന്നിയിട്ടുണ്ട്‌.
മൂന്നു മക്കളും പഠിച്ചു അവരവരുടെ വഴി തിരഞ്ഞെടുത്തപ്പോള്‍ അഭിമാനം തോന്നിയിരുന്നുവെങ്കിലും അതിന്റെ ക്രെഡിറ്റ്‌ എന്നും അവരുടെ അമ്മയ്‌ക്ക് അവകാശപ്പെട്ടതാണെന്ന്‌ അയാള്‍ തന്നെ പറയാറുണ്ട്‌.
മുപ്പതു വര്‍ഷത്തെ സൈനിക ഉദ്യോഗം കഴിഞ്ഞു നാട്ടിലെത്തി ആയുര്‍വേദ മരുന്നുകളുടെ ഒരു ഏജന്‍സിയും തുടങ്ങി പുതിയ ജീവിതം ആരംഭിച്ചപ്പോളും, മക്കളെ ചിട്ടയോടെ വളര്‍ത്തി നല്ലനിലയിലെത്തിക്കാന്‍ അവരുടെ അമ്മയാണ്‌ കൂടുതല്‍ കഷ്‌ടപ്പെട്ടത്‌. അതുകൊണ്ട്‌ തന്നെ അയാളോട്‌ അത്രകണ്ട്‌ അടുപ്പം കുട്ടികള്‍ക്ക്‌ ഉണ്ടായിരുന്നില്ല.
പട്ടാളക്കാരനായ അച്‌ഛന്റെ ഗൗരവഭാവം ഇപ്പോഴും മൂത്ത രണ്ടാള്‍ക്കും ഉണ്ടെന്നത്‌ സത്യമാണ്‌. ഏറ്റവും ഇളയതായകൊണ്ട്‌ മോന്‍കുട്ടനെ കുറച്ചധികം ലാളിച്ചു വളര്‍ത്തി. അതിന്റെ വ്യത്യാസം അവനില്‍ ധാരാളം ഉണ്ടായിരുന്നു.
പത്താംതരം കഴിഞ്ഞപ്പോള്‍ ഹയര്‍ സെക്കണ്ടറിക്ക്‌ നഗരത്തിലെ മികച്ച സ്‌കൂളില്‍ തന്നെ വിട്ടു. അവിടം തൊട്ടേ മോന്‍ കുട്ടന്റെ ജീവിതത്തില്‍ പുരോഗമനം വന്നു തുടങ്ങി. അവന്റെ ജീവിതത്തിന്റെ സ്‌പോസര്‍ഷിപ്പ്‌ ഓരോ പ്രയോജകരും കരസ്‌ഥമാക്കി എന്നുതന്നെ പറയാം.
അധ്വാനമേ സംതൃപ്‌തി എന്ന്‌ എയര്‍ഗണ്ണും പിടിച്ചു നില്‍ക്കുന്ന പരസ്യം പോലെ വില കൂടിയ സിഗരറ്റിന്റെ രുചികള്‍ക്കൊപ്പം അതിന്റെ ചടുലഭാവങ്ങളും സ്വായത്തമാക്കി ആഞ്ഞുവലിച്ച്‌ ആകാശത്തിലേക്ക്‌ പുകയൂതി സായൂജ്യം കൊണ്ടു. പിന്നെ വസ്‌ത്രധാരണത്തിലേക്കും വിഡ്‌ഢിപ്പെട്ടിയില്‍ നിന്നും സിനിമ തിയേറ്ററില്‍ നിന്നും പ്രായോജകര്‍ കടന്നു കയറിയപ്പോള്‍ വിലകൂടിയ ജീന്‍സുകള്‍, ഷര്‍ട്ടിങ്‌സ് ഒക്കെ ആയി മാറ്റങ്ങള്‍ കൂടിവന്നു. വൈകിട്ട്‌ എന്താ പരിപാടി എന്ന്‌ തിരക്കി വരാറുള്ള നടന്റെ പരസ്യങ്ങളൊക്കെ കണ്ട്‌ വൈകുന്നേരങ്ങളിലെ ചില്‍ട്‌ ബിയറുകളിലേക്കും തിരക്കൊഴിഞ്ഞ ബാറിലെ അരണ്ട വെളിച്ചത്തിലേക്കും ഒക്കെ ചുവട്‌ വച്ചുതുടങ്ങി.
ചന്ദനക്കുറി നെറ്റിയില്‍തൊട്ട്‌ കസവുകരയുള്ള ഒറ്റമുണ്ടുമുടുത്തു കണ്ടിരുന്ന മകന്റെ മാറ്റത്തില്‍ അവന്റെ അമ്മ തെല്ല്‌ പരിഭവിച്ചെങ്കിലും. ചെല്ലപ്പന്‍പിള്ളക്ക്‌ അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. മൂത്ത രണ്ടാളുടെയും ബാല്യമോ കൗമാരമോ അധികം കാണാന്‍ കഴിയാത്ത പിതാവിന്റെ ആത്മസംതൃപ്‌തി എന്ന്‌ വേണമെങ്കില്‍ പറയാം.
ഉന്നത വിദ്യാഭ്യാസത്തിനു മെഡിസിന്‌ ചേരാന്‍ എന്‍ട്രന്‍സ്‌ എഴുതാനുള്ള സഹോദരങ്ങളുടെ നിര്‍ദേശം മോന്‍കുട്ടന്‌ സ്വീകാര്യമായില്ല. മൂന്നാമത്തെ ആളും ഡോക്‌ടര്‍ ആകണ്ട അവന്റെ വഴി അവന്‍ തന്നെ കണ്ടുപിടിക്കട്ടെ എന്നായിരുന്നു ചെല്ലപ്പന്‍പിള്ളയുടെ നിലപാട്‌. അങ്ങനെ ബി ബി എക്ക്‌ പഠിക്കാന്‍ ബാംഗ്ലൂര്‍ക്ക്‌ മോന്‍കുട്ടന്‍ വണ്ടികയറി.
അവധികളില്‍ വരുന്ന മകന്റെ രൂപ ഭാവ വ്യത്യാസങ്ങള്‍ അവന്റെ അമ്മയ്‌ക്ക് മനംപുരട്ടല്‍ ഉളവാക്കി. സമൃദ്ധമായ കറുത്തിരുണ്ട ചുരുളന്‍ മുടിയൊക്കെ പറ്റെ വെട്ടി ആകാശത്തേക്ക്‌ കൂര്‍പ്പിച്ചു നിര്‍ത്തി. മുഖമൊക്ക കരിക്ക്‌ ചെത്തിയപോലെ വടിച്ചു മിനുസപ്പെടുത്തി ചുണ്ടിനു താഴെ അഞ്ചാറ്‌ രോമങ്ങള്‍ ഒട്ടിച്ചു വച്ചപോലെ. എന്തോ ഒരു ചേര്‍ച്ചക്കുറവോ, അഭംഗിയോ അവരുടെ പഴമനസ്സില്‍ തോന്നാതിരുന്നില്ല, ഇപ്പോള്‍ കണ്ടാലൊരു ദുര്യോധന വേഷം പോലുണ്ടെന്ന്‌ പഴയ കഥകളികാരന്റെ മകളായ അവന്റെ അമ്മ തെല്ല്‌ ദേഷ്യത്തോടെ തന്നെ പറയാറുണ്ട്‌. വലിയ നഗരത്തിലൊക്കെ പഠിക്കാന്‍ പോകുന്ന പിള്ളേര്‌ അങ്ങനെയാടീ എന്ന്‌ അടക്കം പറഞ്ഞ്‌, അവിടെയും മകന്റെ സന്തോഷങ്ങള്‍ക്ക്‌ കാവലാളായി ആ പിതാവ്‌ സംതൃപ്‌തി നേടി.
മകന്റെ അനിയന്ത്രിതമായ പൈസയുടെ ചെലവുകളെപ്പറ്റി ഇടയ്‌ക്ക് അവരോടു പരിഭവം പറയുമ്പോള്‍, നിങ്ങള്‌ വളര്‍ത്തിയ മകനല്ലേ അങ്ങനെ തന്നെ വരും, കുറച്ചുകൂടി പണം കൈയിലുണ്ടെങ്കില്‍ അയയ്‌ച്ചുകൊടുക്ക്‌ എന്നുപറഞ്ഞ്‌ ആയമ്മ സന്തോഷം കൊണ്ടു.
മകന്റെ ബാംഗ്ലൂരിലെ ബി.ബി.എയും എം.ബി.എയും കഴിഞ്ഞപ്പോള്‍ ചെല്ലപ്പന്‍ പിള്ളയുടെ എ.ടി.എം. മെഷീന്‍ കാലിയായി. മികച്ച ആയുര്‍വേദ മരുന്നു കമ്പനിയുടെ നഗരത്തിലെ ഫ്രാഞ്ചൈസിയും പൂട്ടി. അങ്ങനെ സ്വസ്‌ഥം ഗൃഹഭരണം അദ്ദേഹം ആരംഭിച്ചു.
അപ്പോഴേക്കും പഠനവും കഴിഞ്ഞു മോന്‍കുട്ടന്‍ നാട്ടിലെത്തി.ഗള്‍ഫിലോ മേറ്റതേലും വിദേശ രാജ്യങ്ങളിലോ പോകാന്‍ ഒട്ടും താല്‌പര്യമില്ലാഞ്ഞ കക്ഷി കൊച്ചിയില്‍ തന്നെ ഓരോ കമ്പനികള്‍ മാറി മാറി പരീക്ഷിച്ചു. ഒപ്പം ചെറിയ ചെറിയ പ്രയോജകരില്‍ നിന്ന്‌ വലിയ പ്രായോജകര്‍ ജീവിതത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ്‌ ഏറ്റെടുത്തു.
ചില്‍ഡ്‌ ബിയറില്‍ നിന്ന്‌ ബര്‍ക്കാടിയിലേക്കും റെഡ്‌ ലേബലിലേക്കും അഭിരുചികള്‍ പരിണാമം പ്രാപിച്ചു. വിലകൂടിയ പെര്‍ഫ്യുമുകളില്‍, ഉള്ളില്‍ തളംകെട്ടിനിന്ന അഴുക്കുകളുടെ മണമലിഞ്ഞു ചേര്‍ന്നു. അതില്‍ മയങ്ങി പുതിയ പുതിയ കാമുകിമാര്‍ അയാള്‍ക്കൊപ്പം പാര്‍ക്കുകളിലും നിശാ ക്ലബ്ബുകളിലും ഒക്കെ മാറി മാറി കടന്നുപോയി.
മാമ്പഴപ്പുളിശേരിയും അയല വറുത്തതും ഉണ്ടാക്കി വച്ചു കാത്തിരിക്കാറുള്ള അമ്മയെ, മകന്റെ കെ.എഫ്‌.സി. സഹവാസവും ഫാസ്‌റ്റ് ഫുഡ്‌ സംസ്‌കാരവും നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. വിലകൂടിയ ഹെയര്‍ ക്രീമുകളും ഫേസ്‌ ക്രീമുകളുമൊക്ക മകന്റെ ലളിതസുന്ദരമായ രൂപഭംഗി കവര്‍ന്നെടുക്കുന്നതില്‍ ആ അമ്മയ്‌ക്ക് നേരിയ വിഷമം ഉണ്ടായിരുന്നു. അവനെ കാണുമ്പോള്‍ മുഖത്തെ നൈസര്‍ഗികതയൊക്കെ നഷ്‌ടപ്പെട്ട്‌ വിളറിവെളുത്ത ഒരു മധ്യവയസ്‌കനെ പോലെ അവര്‍ക്ക്‌ തോന്നി. വിവാഹ ആലോചനകള്‍ക്കൊന്നും ചെവികൊടുക്കാതെ തന്റേതായ ജീവിത ആഘോഷങ്ങളില്‍ മുഴുകി മോന്‍കുട്ടന്‍ കാലം തള്ളിവിട്ടു.
ശരീരത്തിന്‌ ക്ഷീണവും ശോഷിപ്പുമൊക്കെ തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ടാണ്‌ കൊച്ചിയിലെ ഒരു മുന്തിയ ഹോസ്‌പിറ്റലില്‍ തന്നെ ചെക്കപ്പിന്‌ പോയത്‌. പ്രായത്തിനു ആനുപാതികമല്ലാത്ത അളവില്‍ പ്രമേഹവും കൊളസ്‌ട്രോളും കുതിക്കുന്നു.
പിന്നീടങ്ങോട്ട്‌ ജീവിതത്തില്‍ കയ്‌പ്പുനിറയുകയായിരുന്നു. അലോപ്പതി മരുന്നുകള്‍ മാറിമാറി പരീക്ഷിച്ചിട്ടും യാതൊരു ഫലവും കണ്ടില്ല. ഇപ്പോള്‍ അതിരാവിലെ പച്ചക്കറിത്തോട്ടത്തിലെ പാവലുകളില്‍ നിന്ന്‌ മൂപ്പെത്തിയ കായ്‌കള്‍ അവന്റെ അമ്മ പറിച്ചെടുത്തു മിക്‌സിയില്‍ അടിച്ചു പാകപ്പെടുത്തി മകന്‌ വേണ്ടി നല്‍കുന്നുണ്ട്‌. ആഹാരകാര്യങ്ങളില്‍ അമ്മയുടെ കര്‍ശന നിര്‍ദേശങ്ങള്‍ അനുസരിച്ചു തുടങ്ങിയിരിക്കുന്നു. മദ്യം പാടേ ഉപേക്ഷിച്ചു.
അവനിപ്പോള്‍ ജോലി കഴിഞ്ഞാല്‍ ഉടനെ വീട്ടിലെത്താറുണ്ട്‌. ഇന്റര്‍നെറ്റില്‍ നോക്കി പച്ചമരുന്നുകളുടെ ഔഷധഗുണങ്ങള്‍ പരിശോധിച്ചു തുടങ്ങി. പ്രമേഹത്തിനും, ശരീരത്തിലെ കൊഴുപ്പ്‌ നീക്കാനും കഴിവുള്ള പച്ചമരുന്നുകള്‍ തൊടിയില്‍ നട്ടുവളര്‍ത്തി തുടങ്ങിയിരിക്കുന്നു.
പണ്ടൊരിക്കല്‍ ശതാവരിയും തുളസിയും മുക്കുറ്റിയുമെല്ലാം പടര്‍ന്നു പച്ചപ്പ്‌ നിറഞ്ഞ മുറ്റമെല്ലാം അവന്റെ ഐഡിയക്ക്‌ അനുസരിച്ചു തറയോട്‌ പാകി നശിപ്പിച്ചതാണെന്ന്‌ ചെല്ലപ്പന്‍പിള്ള ഓര്‍ക്കാറുണ്ട്‌. എന്നാല്‍ പ്രകൃതിയിലേക്ക്‌ തിരിച്ചു വന്നപ്പോള്‍ പണം മുടക്കി ഓരോന്ന്‌ കൊണ്ടുവന്നു വളര്‍ത്തുന്നത്‌ കണ്ടപ്പോള്‍ അയാള്‍ക്ക്‌ നല്ല തമാശ തോന്നി.
അല്ലെങ്കിലും പണമാണല്ലോ മോഹങ്ങള്‍ക്കും നാശങ്ങള്‍ക്കും ഹേതു എന്നൊരു ആത്മഗതത്തോടെ അയാള്‍ പച്ചക്കറികള്‍ക്ക്‌ തൊടിയിലെ കുളത്തില്‍ നിന്ന്‌ വെള്ളം തേകി ഒഴിക്കല്‍ തുടര്‍ന്നു.

പി.എസ്‌. ഹരിലാല്‍ വൈക്കം

മൊ: 96898464015

Ads by Google
Saturday 06 Jul 2019 11.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW