Saturday, July 06, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 11.02 PM

വെയിലും മഴയും...

uploads/news/2019/07/319999/sun4.jpg

ഓഫീസ്‌ കെട്ടിടസമുച്ചയത്തിന്റെ പ്രധാനവാതിലിന്‌ മുന്നിലെ തടികൊണ്ടുള്ള കാവല്‍പ്പുരയില്‍ നിന്നും ഗാര്‍ഡിന്റെ ഉച്ചത്തിലുള്ള ആജ്‌ഞയും ആയത്തിലുള്ള പാദപതനവും ഉയര്‍ന്നു. ലാടംതറച്ച ഷൂസിട്ട വലതുകാല്‍പാദം മുട്ടോളം ഉയര്‍ത്തി തടിത്തറയിലേക്ക്‌ ഊക്കോടെ ചവിട്ടിയപ്പോഴുള്ള ശബ്‌ദം വെടിയൊച്ചയായി.
നിശബ്‌ദമായിരുന്ന ഓഫീസ്‌ പരിസരം കൂടുതല്‍ നിശബ്‌ദമായി.
കേണല്‍ സാബ്‌ വരികയാണ്‌.
സിഒ സാബ്‌ ആ രഹാഹേ...
സിഒ സാബ്‌ വരുന്നു.
ഓഫീസ്‌ സൂപ്രണ്ടും ക്യാമ്പ്‌ ഓഫീസറും താന്താങ്ങളുടെ ഓഫീസുകളില്‍ നിന്ന്‌ വരാന്തയിലേക്കിറങ്ങിയും കേണല്‍ സാബിന്റെ ഓഫീസിനു മുന്നില്‍ നിന്ന്‌ അദ്ദേഹത്തിന്റെ പ്യൂണും അറ്റന്‍ഷനായി സല്യൂട്ട്‌ ചെയ്‌തു.
കമാന്‍ഡിംഗ്‌ ഓഫീസറുടെ ഓഫീസിലേക്ക്‌ സുബേദാര്‍ മേജര്‍ മാര്‍ച്ച്‌ ചെയ്‌ത് കേണല്‍ സാബിനെ സല്യൂട്ട്‌ ചെയ്‌തു.
ഫ്‌ളാഗ്‌ പോസ്‌റ്റിലെ കൊടി മടിപിടിച്ചുകിടന്നു.
ഡിസംബറിലെ തണുപ്പ്‌ കൊടിയേയും ബാധിച്ചു.
അന്തര്‍ ആ സക്‌താഹേ സാബ്‌....
സുബേദാര്‍ മേജര്‍ വിനയത്തോടെ അനുവാദം ചോദിച്ചു.
എനിക്ക്‌ അകത്തേക്ക്‌ വരാമോ....
യെസ്‌.... ആയിയേ സാബ്‌....
സുബേദാര്‍ മേജര്‍ ഓഫീസിനുള്ളിലേക്ക്‌ കയറി അറ്റന്‍ഷനായി.
തുടര്‍ന്ന്‌ മുതുകല്‌പം വളച്ച്‌ കയ്യിലിരുന്ന ഫയല്‍, മുന്‍തീരുമാനപ്രകാരം, കേണല്‍ സാബിന്റെ മുന്നില്‍, മേശപ്പുറത്തേക്ക്‌ വച്ചു, വിനയത്തോടെ.
അലസതയോടെ ഫയല്‍ തുറന്നുനോക്കി. കേണല്‍ മുഖമുയര്‍ത്തി:
യെസ്‌... കാള്‍ ഹിം..
ഡിക്‌റ്റേഷന്‍ എഴുതാനുള്ള ബുക്കുമായി സെ്‌റ്റനോഗ്രാഫര്‍ കടന്നുവന്ന്‌ സല്യൂട്ട്‌ ചെയ്‌ത് ഒതുങ്ങി നിന്നു.
സല്യൂട്ട്‌ ചെയ്‌ത്, ഒരു സ്‌റ്റെപ്പ്‌ പുറകോട്ട്‌ നടന്ന്‌, തിരിഞ്ഞ്‌ പുറത്തേക്കുപോയ സുബേദാര്‍ മേജര്‍ വാതിലിനരികിലെ സ്‌റ്റൂളില്‍ ആജ്‌ഞ കാത്തിരിക്കുന്ന പ്യൂണിനോട്‌ പൈതലിനെ കൂട്ടി വരാന്‍ ഉത്തരവിട്ടു. യുദ്ധപ്രഖ്യാപനം കേട്ട്‌ ഞെട്ടിയതുപോലെ പ്യൂണ്‍ ഓടി.
വിളറി, വിയര്‍പ്പുപൊടിയുന്ന മുഖഭാവത്തോടെ, പരവശ്ശനായ പൈതല്‍ ഓഫീസ്‌ വരാന്തയില്‍ കാത്തുനില്‍ക്കുന്ന സുബേദാര്‍ മേജറുടെ അരികിലേക്ക്‌ വന്ന്‌ അറ്റന്‍ഷനായി സല്യൂട്ട്‌ ചെയ്‌തു. തൊപ്പി വച്ച്‌, ബല്‍റ്റ്‌ ഉറപ്പിച്ച്‌ ക്യാമ്പോഫീസര്‍ വന്നു. സുബേദാര്‍ മേജര്‍ പൈതലിനോട്‌ ആവശ്യപ്പെട്ടു.
ബല്‍റ്റ്‌ ഉത്താര്‍ദോ....
മേജര്‍ സാബിന്റെ മുന്നിലേക്ക്‌ മാര്‍ച്ച്‌ ചെയ്യുന്ന കുറ്റാരോപിതന്‌ ബെല്‍റ്റ്‌ പാടില്ല. അണ്ടര്‍ അറസ്‌റ്റ്. ബല്‍റ്റൂരി സുബേദാര്‍ മേജര്‍ സാബിനെ ഏല്‌പിക്കുമ്പോള്‍ പൈതലിന്റെ കൈയ്‌ വിറയ്‌ക്കുന്നുണ്ടായിരുന്നു.
സുബേദാര്‍ മേജറുടെ ഗൗരവത്തിന്‌ അയവില്ല.
പ്രതിയെ മുന്‍പരിചയമേയില്ലെന്നുള്ള ഭാവമായിരുന്നു.
ഗൗരവം വിടാതെ തന്നെ പൈതലിനെ ആപാദം നോക്കിയിട്ട്‌, കേണല്‍ സാബിന്റെ ഓഫീസ്‌ മുന്നിലെത്തി സുബേദാര്‍ മേജര്‍ സല്യൂട്ട്‌ ചെയ്‌തു. നോക്കിക്കൊണ്ടിരുന്ന ഫയല്‍ മാറ്റിവച്ച്‌, കേണല്‍ സാബ്‌ അനുവാദം കൊടുത്തു.
ആയിയേ സാബ്‌..... അന്തര്‍ ആയിയേ.....
വരൂ, ഉള്ളിലേക്ക്‌ വരാം സര്‍.....
ഉച്ചത്തില്‍, പൈതലിനെ നോക്കിക്കൊണ്ട്‌, സുബേദാര്‍ മേജര്‍ കമാന്റിട്ടു:
സാാാവധാന്‍...
മാര്‍ച്ച്‌...
പൈതല്‍ മാര്‍ച്ച്‌ ചെയ്‌ത് ഓഫീസിലേക്കു കാലെടുത്തു വച്ചപ്പോള്‍ സുബേദാര്‍ മേജര്‍ അലറി:
ഹാള്‍ട്ട്‌...
സല്യൂട്ട്‌...
കൃത്യത.
എല്‍ ഷേപ്പിലുള്ള പ്രധാന ഓഫീസിന്റെ ജനല്‍പാളികളുടെ വിടവിലൂടെയും മറവിലൂടെയും ജിജ്‌ഞാസാഭരിതരായ ഓഫീസ്‌ ജീവനക്കാര്‍, സഹതാപത്തോടെ ഒളിഞ്ഞുനോക്കി.
നിമിഷങ്ങളോളം കേണല്‍ സാബ്‌ ഫയലിലേക്ക്‌ നോക്കിയിരുന്നു. പിന്നെ, മുഖമുയര്‍ത്താതെ തന്നെ, ശാന്തമെങ്കിലും കനമാര്‍ന്ന ശബ്‌ദത്തില്‍ വിളിച്ചു:
പൈതല്‍...
ജീ, സാബ്‌....
ഉമിനീരു വിക്കി വിറയാര്‍ന്ന സ്വരം.
ഇപ്പോള്‍ കേണല്‍ സാബ്‌ മുഖമുയര്‍ത്തി. സൗമ്യം, ശാന്തം, പിരിച്ചുകയറ്റിയ കനത്ത മീശ, കനത്ത മീശ, ആ മുഖത്തിന്‌ ചേരുന്നതല്ലെന്ന്‌ പൈതലിന്‌ തോന്നി. ആ മുഖത്തെ ഗൗരവം മുറ്റിയ ശാന്തത പൈതലിനും ആശ്വാസമായി.
ഒരു കേണല്‍ ഇത്രയും ശാന്തനും സൗമ്യനുമാകാന്‍ പാടില്ലെന്ന്‌, ആ നിമിഷത്തിന്റെ ആപത്‌ശങ്കയോടെതന്നെ പൈതല്‍ ഓര്‍ത്തു.
ക്യാ, സാബ്‌... ആപ്‌ എന്‍ക്വയറി കിയാ...
വസ്‌തുതാശേഖരണം നടത്തിയോ സാബ്‌....
സുബേദാര്‍ മേജറോടായിരുന്നു ചോദ്യം.
എന്താണ്‌, ഈ പെറ്റീഷനില്‍ പറയുന്ന ആരോപണങ്ങള്‍ ശരിയോ?
സുബേദാര്‍ മേജര്‍ തൊണ്ടയനക്കി ശബ്‌ദം ശരിയാക്കി.
പൈതല്‍ അവധിയില്‍ പോകാറില്ലെന്നുള്ളതും പണമയയ്‌ക്കാറില്ലെന്നുമുള്ള ആരോപണങ്ങള്‍ ശരി തന്നെ.
പൈതല്‍ ജോസഫെന്ന്‌ പേരുള്ള തന്റെ ഭര്‍ത്താവിന്റെ കത്തോ പണമോ കിട്ടുന്നില്ല. അയച്ച കത്തുകള്‍ക്കൊന്നും ഒരിക്കലും മറുപടി കിട്ടിയിട്ടില്ല. അവധിയില്‍ വരാറില്ല. ഞാനും മൂന്നുമക്കളും കടുത്ത വിഷമത്തിലും ദുരിതത്തിലുമാണ്‌. പരിഹാര നടപടി കൈക്കൊള്ളണമെന്ന്‌ സ്‌നേഹനിധിയും പതിവ്രതയുമായ ഭാര്യ സെലീനാ പൈതല്‍ ജോസഫ്‌ താഴ്‌മയായി അപേക്ഷിച്ചിരിക്കുകയാണ്‌...
പരാതി സത്യാമാണെന്ന്‌ സുബേദാര്‍ മേജര്‍ അന്വേഷിച്ച്‌ സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു.
പരാതി സത്യമാണെന്ന്‌ പൈതലും സമ്മതിച്ചു. ഒന്നൊഴികെ, പതിവ്രതയായ ഭാര്യയെന്നുള്ളത്‌...
സുബേദാര്‍ മേജറെയും ക്യാമ്പോഫീസറെയുമായിരുന്നു കേണല്‍ കുറ്റപ്പെടുത്തിയത്‌. ഒരു ജവാനിങ്ങനെ വീട്ടിലേക്ക്‌ പണമയയ്‌ക്കാതെയും കത്തയയ്‌ക്കാതെയും അവധിയില്‍ പോകാതെയുമിരിക്കുന്നത്‌ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ലേ?
മിസേ്‌റ്റക്കണ്‍, ആള്‍ ഓഫ്‌ യു ആര്‍ ഈക്വലി റസ്‌പോണ്‍സിബിള്‍...
നിങ്ങളിരുവരും ഒരേപോലെ ഉത്തരവാദികള്‍ തന്നെ... ക്യാമ്പ്‌ ക്ലാര്‍ക്ക്‌ ആള്‍സോ ഈക്വലി റസ്‌പോണ്‍സിബിള്‍...
നോ, ഇറ്റീസ്‌ നോട്ട്‌ അക്‌സറ്റബിള്‍...
ഇത്തരം നിരുത്തരവാദത്വങ്ങള്‍ അനുവദനീയമല്ല.
മൗനം.
കേണല്‍ ഉത്തരവിട്ടു.
പൈതല്‍ ഉടന്‍ അവധിയില്‍ പോകണം.... കഴിയുമെങ്കില്‍ ഇന്നു തന്നെ.
റ്റുഡെ ഇറ്റ്‌സെല്‍ഫ്‌...
സുബേദാര്‍ മേജറോട്‌ കേണല്‍ ആവശ്യപ്പെട്ടു.
ദന്‍, റിപ്പോര്‍ട്ട്‌ മി ബാക്ക്‌...
പൈതല്‍ അവധിയില്‍ പോയെന്ന്‌ ഉറപ്പാക്കുകയും കൃത്യമായി തന്നെ അറിയിക്കുകയും വേണം. കേണല്‍ ആജ്‌ഞാപിച്ചു. സെന്റ്‌ എ റിപ്ലൈ ടു ഹെര്‍ ബൈ ടെലഗ്രാം...
തീരുമാനങ്ങളെല്ലാം സെലിനാ പൈതല്‍ ജോസഫിനെ ടെലഗ്രാം വഴി അറിയിക്കുകയും വേണം.
അയവില്ലാത്തതാണ്‌ സിഒ-യുടെ ഉത്തരവ്‌. ഉത്തരവുകള്‍ കൃത്യമായി പാലിക്കപ്പെടും സൈന്യത്തില്‍. ഏതു പ്രതിസന്ധികളേയും തരണം ചെയ്യപ്പെടണം.
നോ വേഡ്‌ ഓഫ്‌ നോ.
നോ വേഡോഫ്‌ ലയ്‌റ്റര്‍ ഓര്‍ ആഫ്‌റ്റര്‍.
പറ്റില്ലെന്നോ പിന്നീടെന്നോ വാക്കില്ല. അപ്പോള്‍, ഈ നിമിഷം.
രാജ്യസുരക്ഷപോലെ തന്നെ പ്രധാനമാണ്‌ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയും സന്തോഷവും. ആരോഗ്യപരമായ മാനസികാവസ്‌ഥയും ജീവിതാന്തരീക്ഷവും ഇരുകൂട്ടര്‍ക്കും ആവശ്യമാണ്‌.
സൈനികരുടെ മാത്രമല്ല അവരെ ആശ്രയിച്ച്‌ ജീവിക്കുന്നവരുടെയും മാനസീക സംഘര്‍ഷങ്ങള്‍ ഒഴിവാക്കപ്പെടണം.
ആ നിമിഷമായിരുന്നു പൈതലിന്റെ അപ്രതീക്ഷിത നീക്കം.
പൈതല്‍ കമഴ്‌ന്നുവീണതും കേണലിന്റെ കാലില്‍ കെട്ടിപ്പിടിച്ച്‌ വിലപിച്ചതും പെട്ടെന്നായിരുന്നു.
കേണല്‍ ഞെട്ടി, അമ്പരപ്പോടെ കാലുകള്‍ വലിച്ചെങ്കിലും പൈതല്‍ പിടി വിട്ടില്ല.
അമ്പരപ്പോടെ സുബേദാര്‍ മേജര്‍ വിളിച്ചു.
പൈതല്‍, ക്യാഹേ... ക്യാ കര്‍ത്താഹേ... ചേഛാടോ സാബ്‌ കാ പൈര്‍ ച്‌ഛാടോ..
വിട്‌, വിട്‌ പൈതല്‍... നീയെന്താണ്‌ കാണിക്കുന്നത്‌... സാബിന്റെ കാലിലെ പിടി വിട്‌...
ഏങ്ങലോടെ പൈതല്‍ തന്റെ നിസ്സഹായവസ്‌ഥ വെളിപ്പെടുത്തി.
സാബ്‌ എന്നെ അവധിയില്‍ പോകാന്‍ നിര്‍ബന്ധിക്കരുത്‌. ഞാനവിടെ ചെന്നാല്‍ കൊലപാതകം നടക്കും. മറ്റൊന്നും എന്നോട്‌ ചോദിക്കരുത്‌. ശമ്പളം മുഴുവന്‍ അവള്‍ക്ക്‌ അലോട്ട്‌ ചെയ്‌തേക്കൂ... എന്നാലും
കേണലിലെ മനുഷ്യനുണര്‍ന്നു.
ഓരോ മനുഷ്യര്‍ക്കും ഒരായിരം പ്രശ്‌നങ്ങളുണ്ട്‌. ഒരു ഉത്തരവു കൊണ്ട്‌ അത്‌ പരിഹരിക്കാനാവില്ല. തിരിച്ചറിവിലൂടെയും അനുഭവത്തിലൂടെയും വിട്ടുവീഴ്‌ചയിലൂടെയും പ്രായോഗിക ബുദ്ധിയിലൂടെയും അവരവര്‍ തന്നെ പരിഹരിക്കേണ്ടതാണതൊക്കെ.
പുറമെനിന്നുള്ള ഇടപെടലുകള്‍ക്ക്‌ ശാശ്വതപരിഹാരം ഉണ്ടാക്കാനുമാവില്ല.
നിര്‍ബന്ധിച്ച്‌ പറഞ്ഞുവിട്ടാല്‍ പൈതല്‍ വീട്ടില്‍ ചെല്ലണമെന്നുമില്ല.
രക്ഷപെടാന്‍ മാര്‍ഗങ്ങള്‍ ഏറെയാണ്‌...
ഓടുന്ന തീവണ്ടിയില്‍ നിന്ന്‌ ഒരു ചാട്ടം....
കേണല്‍ പൈതലിനെ സഹതാപത്തോടെ നോക്കി. സുബേദാര്‍ മേജറെ നോക്കി.
ടീക്കേ സാബ്‌... യെ അഭി ജാനേദോ...
ഇപ്പോള്‍ പൈതലിനെ വിട്ടേക്കു.
കേണല്‍ തീരുമാനിച്ചു. ഒരു മാസം കഴിഞ്ഞ്‌ ഔദ്യോഗിക നടപടിക്രമങ്ങളില്ലാതെ പൈതലിനെ വിളിപ്പിക്കാം. സംസാരിക്കാം. അയാളെ മനസിലാക്കാനും മനസിലാക്കാനും ശ്രമിക്കാം.
സെലിനാ പൈതല്‍ ജോസഫിന്റെ റപ്രസെന്റേഷന്‍ പേപ്പറിന്റെ മാര്‍ജിനില്‍ കേണല്‍ കുറിച്ചു. റിമൈന്‍ഡ്‌ മി ഓണ്‍...
വ്യത്യാസങ്ങളില്ലാത്തതായി പിന്നെയും പൈതലിന്റെ ദൈനംദിന ജീവിതം. പൈതല്‍ ഭാര്യയെ മറന്നതുപോലെ ഭാവിച്ചു. പൈതലിന്റെ ശമ്പളം അഭ്യുദയകാംക്ഷികള്‍ക്ക്‌ ഉപകരിച്ചു. ആവശ്യക്കാര്‍ ഏറെയായിക്കൊണ്ടുമിരുന്നു. പൈതല്‍ മദ്യപിച്ചു. പൈതല്‍ ജോലി ചെയ്‌തു.

(തുടരും)

കൈപ്പട്ടൂര്‍ തങ്കച്ചന്‍

Ads by Google
Saturday 06 Jul 2019 11.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW