Friday, July 05, 2019 Last Updated 21 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.43 AM

ബാങ്ക്‌ പരീക്ഷകള്‍ ഇനി മലയാളത്തിലും എഴുതാം

uploads/news/2019/07/319638/v2.jpg

ന്യൂഡല്‍ഹി : ബാങ്ക്‌ പരീക്ഷകള്‍ ഇനി മലയാളം ഉള്‍പ്പടെ 13 പ്രാദേശിക ഭാഷകളില്‍ നടത്തുമെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ്‌ ഇക്കാര്യം പ്രസ്‌താവനയിലൂടെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അറിയിച്ചത്‌.
മലയാളത്തിനു പുറമേ അസമീസ്‌, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മണിപ്പൂരി, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്‌, തെലുങ്ക്‌, ഉര്‍ദു ഭാഷകളിലും പരീക്ഷ എഴുതാം.
റീജണല്‍ ഗ്രാമീണ ബാങ്കുകളിലേക്ക്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പഴ്‌സണല്‍ സെലക്‌ഷന്‍(ഐ.ബി.പി.എസ്‌) നടത്തുന്ന പരീക്ഷകളാണ്‌ ഇനി ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ 13 പ്രാദേശിക ഭാഷകളില്‍ കൂടി നടത്തുമെന്ന്‌ കേന്ദ്രം അറിയിച്ചത്‌. യുവാക്കള്‍ക്ക്‌ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനാണു കൂടുതല്‍ പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയതെന്ന്‌ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രാദേശിക ബാങ്കുകളിലെ സ്‌കെയില്‍ -1, ഓഫീസ്‌ അസിസ്‌റ്റന്റ്‌ തസ്‌തികകളിലേക്കുള്ള പരീക്ഷകളില്‍ ഈ 13 ഭാഷകള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. രാജ്യത്തെ 45 പ്രാദേശിക ബാങ്കുകളിലായി 90,000 ജീവനക്കാരാണുള്ളത്‌. ഈ ബാങ്കുകളിലേക്കുള്ള നിയമനത്തിന്‌ ഹിന്ദിയിലും ഇംഗ്ലീഷിലുമായി പൊതുപരീക്ഷയാണ്‌ ഐ.ബി.പി.എസ്‌. നടത്തിയിരുന്നത്‌.
ബാങ്ക്‌ പരീക്ഷകള്‍ പ്രാദേശിക ഭാഷയിലും നടത്തണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കുമെന്ന്‌ നിര്‍മല സീതാരാമന്‍ കഴിഞ്ഞ ജൂണ്‍ 27-ന്‌ രാജ്യസഭയില്‍ ഉറപ്പു നല്‍കിയിരുന്നു. കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എം.പി: ജി.സി. ചന്ദ്രശേഖര്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌. തമിഴ്‌നാട്‌ ഉള്‍പ്പെടെ വിവിധ സംസ്‌ഥാനങ്ങളില്‍നിന്നുള്ള എം.പിമാര്‍ ഈ ആവശ്യത്തെ പിന്തുണച്ചു.
അതേസമയം, ഐ.ബി.പി.എസ്‌. ബാങ്ക്‌ പരീക്ഷകള്‍ക്ക്‌ അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഈ പരീക്ഷയ്‌ക്കു 13 പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അപേക്ഷാ തീയതി നീട്ടേണ്ടി വരുമെന്നാണു സൂചന. അല്ലെങ്കില്‍ അപേക്ഷാര്‍ഥികള്‍ക്ക്‌ പുതുക്കിയ ഭാഷകള്‍ കൂടി പരീക്ഷയ്‌ക്ക്‌ തെരഞ്ഞെടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും. സ്‌കെയില്‍ - 1 ഓഫീസര്‍ തസ്‌തികയിലേക്കുള്ള പരീക്ഷ ഓഗസ്‌റ്റ്‌ മൂന്ന്‌, നാല്‌ തീയതികളിലും ഓഫീസ്‌ അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്കുള്ള പരീക്ഷ ഓഗസ്‌റ്റ്‌ 17,18 തീയതികളിലുമാണു നടക്കുക.

Ads by Google
Friday 05 Jul 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW