Thursday, July 04, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 05.09 PM

സ്തനാര്‍ബുദ ലക്ഷണങ്ങള്‍ അവഗണിക്കരുത്

''നിസാരമായ സ്വയം പരിശോധനകളിലൂടെ രോഗം കണ്ടെത്താനാവുമെന്നതാണ് സ്തനാര്‍ബുദത്തിന്റെ പ്രത്യേകത. ഒരു കണ്ണാടിക്കുമുമ്പില്‍ നിന്നുകൊണ്ട് സ്വയം നടത്താവുന്ന പരിശോധനയാണിത്''
Breast cancer Symptoms and treatment

സ്തനാര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കാന്‍സര്‍ ബോധവല്‍ക്കരണം ഊര്‍ജിതമാണെങ്കിലും ശരിയായ സമയത്ത് പരിശോധന നടത്തുവാനോ ചികിത്സ സ്വീകരിക്കുവാനോ പലരും ഇന്നും വിമുഖത കാണിക്കുന്നു. എന്നാല്‍ രോഗം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ സങ്കീര്‍ണത ഒഴിവാക്കി പരിഹരിക്കാവുന്നതാണ്.

ലക്ഷണങ്ങള്‍ അവഗണിക്കരുത്


നിസാരമായ സ്വയം പരിശോധനകളിലൂടെ രോഗം കണ്ടെത്താനാവുമെന്നതാണ് സ്തനാര്‍ബുദത്തിന്റെ പ്രത്യേകത. ഒരു കണ്ണാടിയ്ക്കുമുമ്പില്‍ നിന്നുകൊണ്ട് സ്വയം നടത്താവുന്ന പരിശോധനയാണിത്.

ഏതെങ്കിലുമൊരു സ്തനത്തിലോ രണ്ടു സ്തനങ്ങളിലോ മുഴയോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിക്കുക. കക്ഷത്തിലോ തോളെല്ലിലോ മുഴകളോ തടിപ്പോ അനുഭവപ്പെടുക, സ്തനത്തിന്റെ വലിപ്പം പെട്ടെന്ന് വര്‍ധിക്കുക എന്നിവ അര്‍ബുദബാധയുടെ ലക്ഷണങ്ങളാണ്. സ്തനങ്ങളിലെ തൊലി ഉള്ളിലോട്ട് വലിഞ്ഞിരിക്കുന്നതായി തോന്നിയാലും മുലഞെട്ട് അസ്വാഭാവികമായി ഉള്ളിലേക്ക് വലിഞ്ഞിരുന്നാലും ശ്രദ്ധിക്കുക.

സ്തനത്തില്‍നിന്ന് രക്തം കലര്‍ന്ന സ്രവം പുറത്തേക്കു വരുന്നത്, അര്‍ബുദം ശരീരത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയതിന്റെ ലക്ഷണമാവാം. എന്നാല്‍ നിറമില്ലാത്തതോ വെള്ള നിറമുള്ളതോ ആയ സ്രവം വരുന്നതില്‍ അസ്വാഭാവികതയില്ല.

ഒരു മുലക്കണ്ണില്‍ മാത്രം ശക്തമായി ചൊറിച്ചില്‍ അനുഭവപ്പെടുകയും തൊലിയുടെ മുകള്‍ഭാഗത്ത് ചെറിയ കോശങ്ങള്‍ തരിതരിയായി പ്രത്യക്ഷപ്പെടുകയും ചെയ്താല്‍ സൂക്ഷിക്കണം. ലക്ഷണങ്ങളൊന്നും പുറമേ പ്രകടമല്ലെങ്കിലും അര്‍ബുദം കുടിയിരിക്കുന്നുണ്ടെങ്കില്‍ മറ്റേതെങ്കിലും രോഗമായി ഇത് പ്രകടമാകാം. മഞ്ഞപ്പിത്തവും തുടയെല്ലു പൊട്ടലുമെല്ലാം അര്‍ബുദ ലക്ഷണമാകാന്‍ സാധ്യതയുണ്ട്.

രോഗസാധ്യത തിരിച്ചറിയാം


ഒരു വ്യക്തിയെ സ്തനാര്‍ബുദം ബാധിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക കാരണം കൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എന്നാല്‍ അര്‍ബുദം ബാധിക്കാന്‍ സാധ്യതയുള്ള ചില സാഹചര്യങ്ങള്‍ ഉണ്ട്. കൊഴുപ്പ് കൂടുതല്‍ കഴിക്കുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്.

സ്റ്റീറോയ്ഡ്‌സ് ഈസ്ട്രജന്‍ ആയി മാറാനുള്ള സാധ്യത അധികമായതിനാല്‍ അര്‍ബുദസാധ്യതയും കൂടുന്നു. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടുതലാണെങ്കില്‍ സ്തനാര്‍ബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

Breast cancer Symptoms and treatment

പ്രസവിക്കാതിരിക്കുകയോ വളരെ വൈകി പ്രസവിക്കുകയോ ചെയ്യുന്ന സ്ത്രീകളും അര്‍ബുദത്തിന്റെ പിടിയിലകപ്പെടാന്‍ സാധ്യതയേറെയാണ്. ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറഞ്ഞിരിക്കുന്നതാണ് കാരണം.

വീട്ടില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദം ബാധിച്ചിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത തലമുറയ്ക്ക് അര്‍ബുദം വരാന്‍ സാധ്യതയുണ്ട്. കാന്‍സര്‍ ബാധിക്കാനുള്ള ജനിതകമായ കാരണങ്ങള്‍ അവരുടെ ക്രോമസോമുകളില്‍ അടങ്ങിയിരിക്കുന്നതാണ് കാരണം. വളരെ നേരത്തെ ആര്‍ത്തവം ആരംഭിക്കുകയും വളരെ വൈകി ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവരില്‍ അത്രയും വര്‍ഷങ്ങള്‍ ഈസ്ട്രജന്റെ അളവ് കൂടുതലാണ്. ഇതും അര്‍ബുദം വരാനുള്ള ഒരു കാരണമാണ്.

അമിതവണ്ണം, പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിനുശേഷമുള്ള അമിതവണ്ണം പ്രത്യേകം സൂക്ഷിക്കുക. കുഞ്ഞുങ്ങളെ പാലൂട്ടാതിരിക്കുന്നതും ഒരു കാരണമാണ്. സ്തനങ്ങളുടെ മുഖ്യകര്‍മം പാലൂട്ടുക എന്നുള്ളതാണ്. അത് തടസപ്പെടുമ്പോള്‍ രോഗം സാധ്യത കൂടുന്നു. റേഡിയേഷന്‍ രശ്മികള്‍ക്കു മുന്നില്‍ അധിക സമയം ചെലവഴിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

പ്രായപൂര്‍ത്തിയാകുന്ന സമയം മുതല്‍ ഇരുപതു വയസുവരെ റേഡിയേഷന്‍ ഏല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്. ജനിതകമായ തകരാറുകള്‍മൂലവും സ്തനാര്‍ബുദം ബാധിക്കാം. ബി.ആര്‍.സി.എ. എന്ന ജീന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ സ്തനാര്‍ബുദം ബാധിക്കാനുള്ള സാധ്യത മുപ്പതു ശതമാനം കൂടുതലാണ്.

രോഗസാധ്യത കുറയ്ക്കാന്‍ മുന്‍കരുതലുകള്‍


നല്ല നടപ്പും നല്ല ഭക്ഷണ ശീലവും അര്‍ബുദബാധയെ പടിക്കു പുറുത്തുനിര്‍ത്തും. ഇരുപതു വയസിനു മുകളിലുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദം കണ്ടുവരുന്നത്.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ചിലരില്‍ അണ്ഡാശയവും നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ സ്തനാര്‍ബുദം സാധ്യത കുറവാണ്. ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കുറയുന്നതാണ് കാരണം.

പ്രഥമാര്‍ത്തവം നേരത്തെ ആരംഭിക്കുന്നതിന് കൊഴുപ്പ് കൂടിയ ഭക്ഷണം ഒരു കാരണമാണ്. ഭക്ഷണരീതി ക്രമീകരിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കുക. വ്യായാമത്തിലൂടെ ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുകയാണ് ആദ്യപടി.

Breast cancer Symptoms and treatment

1. പ്രസവം മുപ്പതു വയസിനു മമ്പാകുന്നത് ഉചിതം.
2. ഇരുപത്തിയേഴിലോ ഇരുപത്തെട്ടിലോ ആണെങ്കിലും നല്ലത്.
3. കുഞ്ഞുങ്ങളെ പാലൂട്ടുക.
4. സ്വയംപരിശോധന അവഗണിക്കാതിരിക്കുക.
5. സ്വാഭാവികമായി എന്ത് മാറ്റം കണ്ടാലും ഉടന്‍ ഡോക്ടറെ കാണുക.
6. ബി.ആര്‍.സി.എ. 1, 2 മുതലായ അര്‍ബുദരോഗത്തിന് കാരണമാകുന്ന ജീനുകളുടെ പ്രവര്‍ത്തനം ശരീരത്തില്‍ ഉണ്ടെങ്കില്‍ ഇടയ്ക്കിടെ ഒരു ഡോക്ടറെ കണ്ട് പരിശോധിക്കുക.
7. വീട്ടില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കിലും കൃത്യമായ ഇടവേളയില്‍ പരിശോധിക്കുക.

രോഗനിര്‍ണയ പരിശോധനകള്‍


രോഗനിര്‍ണയത്തിന് മുഖ്യമായും നാല് പരിശോധനാ രീതികളാണുള്ളത്.

ശാരീരിക പരിശോധന:
ഒന്നാമത്തേത് ഡോക്ടര്‍ നടത്തുന്ന ശാരീരിക പരിശോധനയാണ്. സ്തനങ്ങള്‍, തോളെല്ല്, കക്ഷം, വയറ്, കരള്‍ എന്നിവയില്‍ നടത്തുന്ന പരിശോധന. ഇതില്‍ മുഴകളോ മറ്റെന്തെങ്കിലും അസ്വാഭാവിക വളര്‍ച്ചയോ ഉണ്ടോ എന്ന് ഡോക്ടര്‍ക്ക് മനസിലാകും.

മാമ്മോഗ്രാം : -
സ്തനത്തിന്റെ മാത്രം എക്‌സ്‌റേ എടുത്ത് പരിശോധിക്കുന്ന രീതി.

എഫ്.എന്‍.എ.സി: -
സ്തനത്തില്‍നിന്ന് സൂചി ഉപയോഗിച്ച് ദ്രാവകം കുത്തിയെടുത്ത് പരിശോധിക്കുന്ന രീതിയാണിത്. എന്നാല്‍ സൂചിയില്‍ എടുക്കുന്ന ദ്രാവകത്തില്‍ സ്തനാര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ പരിശോധനാഫലം തെറ്റാം.

ഓപ്പണ്‍ ബയോപ്‌സി:-
പരിശോധനാ ഫലം ഒരു കാരണവശാലുംതെറ്റാന്‍ ഇടയില്ലാത്ത പരിശോധനയാണിത്. സ്തനത്തിനുള്ളില്‍നിന്ന് ഒരു കഷണം മുറിച്ചെടുത്താണ് ബയോപ്‌സി ചെയ്യുന്നത്.
[IMG]

സൗന്ദര്യപ്രശ്‌നം പരിഹരിക്കാം


സ്തനങ്ങള്‍ നീക്കം ചെയ്യേണ്ടിവരുമോ എന്ന ഭയമാണ് സ്തനാര്‍ബുദ ചികിത്സ വൈകാന്‍ കാരണം. പഴയകാലത്ത് മിക്ക അവസ്ഥയിലും സ്തനങ്ങള്‍ മുറിച്ചു മാറ്റുമായിരുന്നെങ്കില്‍ ആധുനിക ചികിത്സാരീതിയില്‍ മുഴകളും അര്‍ബുദം ബാധിച്ചിരിക്കുന്ന കോശങ്ങളും നീക്കം ചെയ്താല്‍ മതിയാകും.

ഓരോ ഘട്ടത്തിലും ചികിത്സ വ്യത്യസ്തമാണെങ്കിലും ആദ്യ ഘട്ടത്തില്‍തന്നെ രോഗം കണ്ടെത്താന്‍ കഴിഞ്ഞാല്‍ മുഴയും ചുറ്റുവട്ടത്തുള്ള കോശങ്ങളും നീക്കം ചെയ്യുന്നു. അതിനുശേഷം
ഹോര്‍മോണ്‍ തെറാപ്പിക്കും കീമോ തെറാപ്പിക്കും വിധേയരാക്കും.

അഥവാ സ്തനം നീക്കം ചെയ്യേണ്ട ഘട്ടമെത്തിയാലും ഭയക്കേണ്ടതില്ല. സ്തനം മുറിച്ചു മാറ്റിയാലും മുറിവ് ഉണങ്ങിയാലുടന്‍ സ്തനം ഉണ്ടാക്കിയെടുക്കുവാന്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇന്ന് സാധിക്കും.

രോഗം മൂന്നാം ഘട്ടത്തിലെത്തുന്നതോടെ രോഗിക്ക് പാലിയേറ്റീവ് ചികിത്സയാണ് നല്‍കുന്നത്. താത്ക്കാലികമായ ആശ്വാസം മാത്രമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാമെന്നതിനാല്‍ ചികിത്സ വൈകിക്കരുത്. ആരംഭത്തിലേയുള്ള ചികിത്സ സ്തനാര്‍ബുദം ഒരു മാരക രോഗമല്ലാതാക്കുന്നു.

കടപ്പാട്:
ദ കംപ്ലിറ്റ് ഗൈഡ് ടു
ബ്രെസ്റ്റ് കാന്‍സര്‍

Ads by Google
Ads by Google
Loading...
TRENDING NOW