Wednesday, July 03, 2019 Last Updated 11 Min 2 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 03 Jul 2019 01.41 AM

ദൈവം ചിലപ്പോള്‍ ഡോക്‌ടര്‍മാരുടെ രൂപത്തില്‍

uploads/news/2019/07/319119/bft1.jpg

ഡോക്‌ടര്‍മാരുടെ വിരലുകള്‍ ദൈവം തൊട്ടവിരലുകളാകാറുണ്ട്‌. ചികിത്സ ആതുരസേവനമാണെന്നു കൂടി കണക്കാക്കുന്നവരുടെ വിരലുകളിലാണു ദൈവം സ്‌പര്‍ശിക്കാറ്‌. വരുമാന സ്രോതസായി ഈ തൊഴിലിനെ വീക്ഷിക്കുന്നവരില്‍ ദൈവം പ്രസാദിക്കാറില്ല. രണ്ടാഴ്‌ച മുന്‍പാണ്‌ രാജ്യമെമ്പാടും ഡോക്‌ടര്‍മാര്‍ പണിമുടക്കിയത്‌. വേതന വര്‍ധനയല്ല ജോലിചെയ്യാനുള്ള സാഹചര്യവും സുരക്ഷയും ലഭ്യമാക്കുകയായിരുന്നു ആവശ്യം. ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളിലൊന്നാണു സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുക.
ഒരാഴ്‌ച മുന്‍പ്‌ എന്റെ ഒരു സുഹൃത്തിനുണ്ടായ ഒരനുഭവം- സുഹൃത്തിന്റെ അയല്‍പക്കത്തുള്ള യുവാവിനെ അപകടത്തില്‍പ്പെട്ടു ഗുരുതരാവസ്‌ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്ത്‌ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണു വിവരമറിഞ്ഞ്‌ ആശുപത്രിയിലെത്തിയത്‌. ഒരു യുവഡോക്‌ടറും നഴ്‌സും ബോധമറ്റ യുവാവിനൊപ്പമുണ്ട്‌. യുവാവിന്‌ ഡോക്‌ടര്‍ കൃത്രിമ ശ്വാസോച്‌ഛ്വാസം നല്‍കിക്കൊണ്ടിരിക്കുകയാണ്‌. യുവാവിന്റെ വായില്‍ ഘടിപ്പിച്ച യന്ത്രം ഇടതടവില്ലാതെ ഇരുകൈകളുമുപയോഗിച്ച്‌ പമ്പ്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. ആശുപത്രിയിലെത്തിച്ചതു മുതല്‍ ഡോക്‌ടര്‍ ഇത്‌ ചെയ്‌തുകൊണ്ടിരിക്കുകയാണെന്നു കൂടെയുള്ളവര്‍ പറഞ്ഞു. രോഗിയുടെ ചെവി, മൂക്ക്‌ എന്നിവയില്‍ക്കൂടെ രക്‌തം ചീറ്റുന്നുമുണ്ട്‌. ഈ രക്‌തം നഴ്‌സ്‌ നിരന്തരം തുടച്ചുമാറ്റികൊണ്ടിരിക്കുന്നു. ഡോക്‌ടറുടെ വസ്‌ത്രങ്ങളിലും രക്‌തം പുരണ്ടു. ഡോക്‌ടറിന്റെ ശ്രദ്ധ യുവാവിനു ജീവശ്വാസം നല്‍കുന്നതിലായിരുന്നു. സ്‌കാന്‍ ചെയ്യാനും മറ്റ്‌ ടെസ്‌റ്റ്‌കള്‍ക്കും യുവാവിനെ ഐ.സിയില്‍ പ്രവേശിപ്പിക്കുന്നതു വരെയും ഡോക്‌ടറും നഴ്‌സും ഒപ്പമുണ്ടായിരുന്നു. വിയര്‍ത്തു കുളിച്ച ഡോക്‌ടറുടെ അടുത്തേക്കു യുവാവിന്റെ പിതാവ്‌ റിട്ടയേഡ്‌ അധ്യാപകന്‍ കൈകൂപ്പിയെത്തി. ചോരയില്‍ കുതിര്‍ന്ന ഗ്ലൗസുകള്‍ ഊരിമാറ്റി ഡോക്‌ടര്‍ പറഞ്ഞു, ഒന്നും പറയാറായിട്ടില്ല. 24 മണിക്കൂര്‍ നോക്കാം.
യുവാവ്‌ 21മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരിച്ചു. ഈ അനുഭവം സുഹൃത്ത്‌ എന്നോട്‌ വിവരിക്കുമ്പോള്‍ കണ്ണുകള്‍ ഈറനായിരുന്നു. ആ ഡോക്‌ടറുടെ ആത്മാര്‍ഥ പരിശ്രമവും അതുഫലിക്കാതെ പോയതുമാണ്‌ അയാളെ വിഷമിപ്പിച്ചത്‌. ജീവിക്കാന്‍ സാധ്യതയില്ലെന്നു ബോധ്യമുണ്ടായിട്ടും ജീവശ്വാസം നിലക്കാതിരിക്കാന്‍ വിയര്‍പ്പൊഴുക്കിയ സേവനത്തിനു മുന്നില്‍ എങ്ങനെ ശിരസു നമിക്കാതിരിക്കും. സംസ്‌കാരത്തിനു ശേഷം വീട്ടുമുറ്റത്ത്‌ മൗനിയായിരുന്ന പിതാവിനെ ആശ്വസിപ്പിക്കാന്‍ അടുത്തിരുന്നു. ഡോക്‌ടറെക്കുറിച്ചു പറയാന്‍ അദ്ദേഹത്തിനു നൂറു നാവായിരുന്നു. സാന്ത്വനപ്പെടുത്താന്‍ എത്തിയ അനേകം ശിഷ്യന്മാര്‍ മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോഴും ആ പിതാവിന്റെ മനസ്‌ യുവ ഡോക്‌ടര്‍ക്കു മുന്നിലായിരുന്നു. മകന്‍ നഷ്‌ടപ്പെട്ട വേദനയില്‍ നീറുമ്പോഴും പിതാവിന്റെ സ്‌നേഹമസ്രണമായ അനുഗ്രഹം ഡോക്‌ടറിലേക്കു ചൊരിയുകയായിരുന്നു. ഇത്തരം ഡോക്‌ടര്‍മാരുടെ വിരലുകളിലാണു ദൈവം സ്‌പര്‍ശിക്കുന്നത്‌.
ഡോക്‌ടറെ കണ്ടാല്‍ അസുഖം മാറുമെന്നു പറയാറുണ്ട്‌. അതൊരു വിശ്വാസവും മനശാസ്‌ത്രവുമാണ്‌. അത്തരം ഡോക്‌ടര്‍മാര്‍ എല്ലാ ദേശത്തുമുണ്ട്‌. ഏതു രോഗത്തിനും അവരെ കണ്ടാല്‍ മതി. പുതിയ തലമുറയും പഴയ തലമുറയും ഇക്കാര്യത്തില്‍ ഒരുപോലയാണ്‌. പണ്ട്‌ കുടുംബ ഡോക്‌ടര്‍മാരുണ്ടായിരുന്നു. ഇന്നതു കുറഞ്ഞു. വീണ്ടുമത്‌ വ്യാപകമാകുകയാണ്‌. പുതിയ രോഗങ്ങള്‍ ഒട്ടനവധിയാണ്‌. പഴയ രോഗങ്ങള്‍ പുതിയ രൂപത്തില്‍ വരുന്നുമുണ്ട്‌. അതിനനുസരിച്ച്‌ പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലുമാണു വൈദ്യശാസ്‌ത്രം. ഏതു രോഗത്തിനും ഇന്നു മരുന്നുണ്ട്‌. മരുന്നില്ലാത്ത രോഗങ്ങളും അവയ്‌ക്കിടയില്‍ കണ്ടേക്കാം. എന്നാലും ആശുപത്രിയിലെത്തിയാല്‍ രക്ഷപെട്ടെന്ന വിശ്വാസമാണ്‌ രോഗിക്ക്‌. അതു ഡോക്‌ടറിലുള്ള വിശ്വാസമാണ്‌. നിരവധി ഡോക്‌ടര്‍മാരെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. അതിലൊന്നാണ്‌ പയ്യോളിയിലെ മുഹമ്മദ്‌ ഡോക്‌ടര്‍. അവിടെ ഒരുചെറിയ ക്ലീനിക്കിലെ സാധാരണ ഡോക്‌ടറാണ്‌ മുഹമ്മദ്‌. ഒരുദിവസം ഡോക്‌ടര്‍ ക്ലിനിക്കില്‍ വന്നില്ലെങ്കില്‍ നാട്ടുകാര്‍ തിരക്കിയിങ്ങും. പയ്യോളിയിലെ സാധാരണ കുടുംബക്കാര്‍ക്ക്‌ ഈ ഡോക്‌ടര്‍ ദൈവമാണ്‌. പണം നല്‍കി ചികിത്സിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക്‌ അത്താണിയാണ്‌. പച്ച മനുഷ്യനാണ്‌ ഈ ഡോക്‌ടര്‍ ദൈവമല്ല. ഒറ്റ മുറിയില്‍ തുടങ്ങിയ ചികിത്സ പിന്നീട്‌ സുബ എന്ന ക്ലിനിക്കായി, ഇന്ന്‌ അഞ്ചു നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ഒരു മിനി ആശുപത്രിയായി. പയ്യോളിയിലെ മുക്കിലും മൂലയിലും അറുപത്തഞ്ചുകാരനായ ഡോക്‌ടറുടെ സാന്നിധ്യമുണ്ട്‌. അദ്ദേഹം പങ്കെടുക്കാത്ത ഒരു ചടങ്ങ്‌ പയ്യോളിക്കാര്‍ക്ക്‌ ഇന്നു സങ്കല്‍പ്പിക്കാനാകില്ല.
ചികിത്സകന്റെ വഴികള്‍ അനിശ്‌ചിതമാണ്‌. സ്വന്തമായ പാത തുറക്കണം, രീതികള്‍ അവലംബിക്കണം. പ്രവൃത്തിയില്‍ ദൈവീകത്വം ഉണ്ടാകണം അപ്പോഴാണ്‌ ഡോക്‌ടറെ കാണപ്പെട്ടദൈവമായി ജനങ്ങള്‍ കണക്കാക്കുന്നത്‌. ചെയ്യുന്ന കാര്യത്തെ കുറിച്ചു പൂര്‍ണമായ അറിവില്ലായ്‌മ, കൊടുക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള അജ്‌ഞത, ആശുപത്രിയിലെ പരിമിതികള്‍ കണക്കിലെടുക്കാതെയുള്ള ചികിത്സ, പ്രശ്‌നമുണ്ടായാല്‍ കൈകാര്യം ചെയ്യാനുള്ള പരിചയക്കുറവ്‌ ഇവയാണു പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്‌. മെഡിക്കല്‍ തുടര്‍വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നത്‌ പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും. പ്രസവത്തിന്റെ കാര്യം എടുക്കാം. കുട്ടികളെ പരിശോധിക്കാന്‍ നവജാതശിശുക്കളുടെ ചികിത്സയില്‍ പരിശീലനം സിദ്ധിച്ച ഡോക്‌ടറുടെ സേവനം ആവശ്യമാണ്‌. നമ്മുടെ നാട്ടില്‍ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ഇത്‌ കഴിയുമോ, ഇത്‌ പ്രയോഗികമാണോ, എന്നുള്ള ചോദ്യങ്ങള്‍ നിലനില്‌ക്കുന്നു. സങ്കീര്‍ണത കൂടിയ പ്രസവങ്ങള്‍ മുന്‍കൂട്ടി കണ്ട്‌ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കു വിടുകയാണു പലപ്പോഴും ഗുണപ്രദമാകുന്നത്‌. ഡോ. ബിധാന്‍ചന്ദ്ര റോയിയുടെ പിന്‍മുറക്കാരാണ്‌ ഇന്ത്യയിലെ ഡോക്‌ടര്‍മാര്‍. പശ്‌ചിമ ബംഗാളിന്റെ ശില്‍പ്പി, സംസ്‌ഥാനെത്ത രണ്ടാമത്തെ മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും ഭാരതരത്‌ന (1961) ജേതാവുമാണു ഡോ. ബി.സി. റോയ്‌. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവുമായ ജൂലൈ ഒന്ന്‌ രാജ്യത്ത്‌ ഡോക്‌ടേഴ്‌സ്‌ ദിനമായി 1991 മുതല്‍ ആചരിക്കുന്നു.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 03 Jul 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW