Wednesday, July 03, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.30 AM

രോഹിതിനു നാലാം സെഞ്ചുറി , ഇന്ത്യക്ക്‌ 28 റണ്‍സ്‌ ജയം

uploads/news/2019/07/319104/s1.jpg

ബിര്‍മിങ്‌ഹാം: നാലാം സെഞ്ചുറിയുമായി രോഹിത്‌ ശര്‍മ സമ്മാനിച്ച മികച്ച അടിത്തറ വന്‍ സ്‌കോറാക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യ ബംഗ്ലാദേശിനെതിരേ വിറച്ചു ജയിച്ചു. ഇന്നലെ ബിര്‍മിങ്‌ഹാമില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനാണ്‌ ഇന്ത്യ ബംഗ്ലാ കടുവകളെ കീഴടക്കിയത്‌. തോല്‍വിയോടെ ബംഗ്ലാദേശ്‌ ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായി.
ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നിശ്‌ചിത 50 ഓവറില്‍ 314 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്‌ 48 ഓവറില്‍ 286 റണ്‍സിനു പുറത്തായി.നാലു വിക്കറ്റ്‌ വീഴ്‌ത്തിയ ജസ്‌പ്രീത്‌ ബുംറയും മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ ഹര്‍ദ്ദിക്‌ പാണ്ഡ്യയുമാണ്‌ ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്‌. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ്‌ ഷമി, യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ സ്വന്തമാക്കി.
ബംഗ്ലാ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ഷാക്കീബ്‌ അല്‍ ഹസന്‍(66), മുഹമ്മദ്‌ സൈഫുദ്ദീന്‍(51 നോട്ടൗട്ട്‌) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ഇന്ത്യന്‍ ജയം തടയാന്‍ അതുമതിയാകുമായിരുന്നില്ല.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച തുടക്കം വന്‍ സ്‌കോറാക്കാന്‍ കഴിയാതെ വിഷമിക്കുന്ന ഇന്ത്യന്‍ ബാറ്റിങ്‌ നിരയെയാണ്‌ കണ്ടത്‌. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ 30 ഓവറില്‍ 180 സമ്മാനിച്ചതിനു ശേഷമാണ്‌ ഇന്ത്യ 314-ല്‍ ഒതുങ്ങിയത്‌.
ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യക്ക്‌ മിന്നുന്ന ഫോമിലുള്ള ഉപനായകന്‍ രോഹിത്‌ ശര്‍മയുടെ സെഞ്ചുറിയാണ്‌ ഇന്ധനമായത്‌. ഇംഗ്ലണ്ടിനെതിരേ നിര്‍ത്തിയിടത്തു നിന്നു തുടങ്ങിയ രോഹിത്‌ ഇന്നലെ ബംഗ്ലാദേശ്‌ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു.
ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ചു കളിച്ച രോഹിത്‌ വ്യക്‌തിഗത സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കെ ഒരു ക്യാച്ച്‌ സമ്മാനിച്ചെങ്കിലും അതു മുതലാക്കാനാകാത്തത്‌ ബംഗ്ലാദേശിനു വിനയായി.
ഒരറ്റത്ത്‌ ക്ഷമയോടെ കളിച്ച കെ.എല്‍. രാഹുലിനെ കൂട്ടുനിര്‍ത്തി പിന്നീട്‌ രോഹിത്‌ അടിച്ചു തകര്‍ക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 180 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ്‌ ഒടുവില്‍ രോഹിത്‌ ബാറ്റ്‌ താഴ്‌ത്തിയത്‌. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്‌.
ഇതിനിടെ കരിയറിലെ 26-ാമത്തെയും ഈ ലോകകപ്പിലെ നാലാമത്തെയും സെഞ്ചുറിയും രോഹിത്‌ പൂര്‍ത്തിയാക്കിയിരുന്നു.
92 പന്തില്‍ നിന്ന്‌ അഞ്ചു സിക്‌സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 104 റണ്‍സെടുത്ത രോഹിതിനെ പാര്‍ട്‌ടൈം ബൗളര്‍ സൗമ്യ സര്‍ക്കാരാണ്‌ പുറത്താക്കിയത്‌. സെഞ്ചുറി നേടിയ ശേഷം കൂറ്റനടിക്കു ശ്രമിച്ച രോഹിത്‌ മിഡ്‌ ഓഫില്‍ ക്യാച്ച്‌ നല്‍കുകയായിരുന്നു.
സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത്‌ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന്‌ രോഹിത്തിന്റെ അക്കൗണ്ടില്‍ 544 റണ്‍സായി.
രോഹിത്‌ പുറത്തായതോടെ ഇന്ത്യക്കു തകര്‍ച്ച നേരിട്ടു. പിന്നീടെത്തിയവരില്‍ ആര്‍ക്കും ഈ മികച്ച അടിത്തറിയില്‍ നിന്നുകൊണ്ട്‌ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിക്കാനായില്ല.
അര്‍ധസെഞ്ചുറിയുമായി നിലയുറപ്പിച്ചിരുന്നു രാഹുലാണ്‌ ആദ്യം വീണത്‌. 92 പന്തില്‍ നിന്ന്‌ 77 റണ്‍സെടുത്ത രാഹുലിനെ റുബെല്‍ ഹുസൈന്‍ മടക്കി.
പിന്നീട്‌ ഇന്ത്യന്‍ മധ്യനിരയെ ബംഗ്ലാദേശ്‌ പേസര്‍ മുസ്‌തഫിസുര്‍ റഹ്‌മാന്‍ അരിഞ്ഞിടുകയായിരുന്നു. 10 ഓവറില്‍ 59 റണ്‍സ്‌ വഴങ്ങിയ മുസ്‌തഫിസുര്‍ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തി.
ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയെയും (26), ഹാര്‍ദിക്‌ പാണ്ഡ്യയേയും (0) ഒരു ഓവറില്‍ മടക്കി മുസ്‌തഫിസുര്‍ റഹ്‌മാന്‍ ഇന്ത്യക്കു ഇരട്ടപ്രഹരമേല്‍പ്പിച്ചു.
ഇതില്‍ നിന്നു പിന്നീട്‌ കരകയറാന്‍ ഇന്ത്യക്കായില്ല. നാലാം നമ്പറില്‍ ഇറങ്ങിയ ഋഷഭ്‌ പന്ത്‌ 41 പന്തില്‍ നിന്ന്‌ ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 48 റണ്‍സ്‌ നേടി തകര്‍ത്തടിച്ചെങ്കിലും ടീം സ്‌കോര്‍ 350 കടത്താന്‍ അതുമതിയാകുമായിരുന്നില്ല.33 പന്തുകളില്‍ നിന്ന്‌ നാലു ബൗണ്ടറികളോടെ 35 റണ്‍സ്‌ നേടിയെങ്കിലും മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.
ജൂലൈ ആറിന്‌ ശ്രീലങ്കയ്‌ക്കെതിരേയാണ്‌ ഇന്ത്യയുടെ അവസാന ലീഗ്‌ മത്സരം.

Ads by Google
Wednesday 03 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW