Tuesday, July 02, 2019 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
എസ്. നാരായണ്‍
Tuesday 02 Jul 2019 07.45 AM

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍പോലും അറിയാത്ത രാജ്കുമാര്‍ എങ്ങനെ കോടികളുടെ ഇടപാടുകള്‍ നടത്തി ; പണമയച്ചിരുന്നത് കുമളിയിലേക്ക്, ആര്‍ക്കെന്നത് അജ്ഞാതം

uploads/news/2019/07/318863/rajkumar.jpg

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദനമേറ്റു മരിച്ച കേസ് സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ നീക്കം. പോലീസ് പ്രതിക്കൂട്ടിലായ കേസില്‍ വിട്ടുവീഴ്ച വേണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍പോലും അറിയാത്ത രാജ്കുമാര്‍ എങ്ങനെ കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുമെന്ന ചോദ്യമുയര്‍ന്നതോടെ കേസ് നിര്‍ണായക വഴിത്തിരിവിലെത്തി.

രാജ്കുമാര്‍ ആരുടെയെങ്കിലും ബിനാമിയായിരുന്നോ എന്ന സംശയവും കേസ് കേന്ദ്ര ഏജന്‍സിക്കു വിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. ഉന്നതര്‍ ഉള്‍പ്പെട്ട കോടികളുടെ സാമ്പത്തികത്തട്ടിപ്പ് ചുരുളഴിയാതിരിക്കാന്‍ രാജ്കുമാറിനെ ഇല്ലാതാക്കിയെന്ന സംശയമാണു കേസിന്റെ ഈ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്നത്. സംഭവത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍, ജയില്‍ അധികൃതര്‍, ഡോക്ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു വീഴ്ചപറ്റിയെന്നും നടപടിക്രമങ്ങളില്‍ ഗൂഢാലോചന നടന്നെന്നുമാണു സര്‍ക്കാരിനു ലഭിച്ച രഹസ്യ റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ മൃതദേഹത്തിലെ മുറിവുകള്‍ ഭാര്യയില്‍നിന്നും ബന്ധുക്കളില്‍നിന്നും മറച്ചുവച്ചതായി ക്രൈം ബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി.

രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചത് ആരുടെ നിര്‍ദേശപ്രകാരം?, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പ്രതിയെ എങ്ങനെ ജയിലിലടച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണു മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരം തേടുന്നത്. ആഭ്യന്തരവകുപ്പിന്റെ മുഖം വികൃതമാക്കിയ സംഭവത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിയെടുക്കാനാണു നിര്‍ദേശം. എന്നാല്‍, എന്തുവിലകൊടുത്തും ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സി.പി.എം. പ്രാദേശികനേതൃത്വം രംഗത്തുള്ളതാണു നടപടികള്‍ക്കു വിലങ്ങുതടിയാകുന്നത്.

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാര്‍ ഹരിത ഫിനാന്‍സിലൂടെ സമാഹരിച്ചിരുന്ന പണം കൊണ്ടുപോയിരുന്നതു കുമളിയിലേക്ക്. ഈ പണം കണ്ടെത്താന്‍ വേണ്ടിയാണു പോലീസ് അനധികൃതമായി കസ്റ്റഡിയില്‍വച്ച് മര്‍ദിച്ചതെന്ന് ആരോപണമുയരുമ്പോഴും പണം സ്വീകരിച്ചിരുന്നത് ആരെന്നത് അജ്ഞാതം. മുന്നൂറിലേറെ സ്വാശ്രയ സംഘങ്ങള്‍ തട്ടിപ്പിനിരയായെന്നും ഓരോ ദിവസവും പിരിച്ചെടുക്കുന്ന പണം െവെകുന്നേരങ്ങളില്‍ കുമളിയിലെത്തിച്ച് ആര്‍ക്കോ െകെമാറിയിരുന്നെന്നും രാജ്കുമാറിന്റെ ഹരിത ഫിനാന്‍സില്‍ കളക്ഷന്‍ ഏജന്റായിരുന്ന സുമ ദിലീപാണു വെളിപ്പെടുത്തിയത്. പണം കുമളിയിലെ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നെന്നും പറയപ്പെടുന്നു. തൂക്കുപാലം കേന്ദ്രീകരിച്ച് ഓഫീസ് തുറന്നതിനു ശേഷമാണ് രാജ്കുമാര്‍ മുന്നൂറോളം സംഘങ്ങളുടെ രേഖകള്‍ െകെകാര്യം ചെയ്തിരുന്നത്.

രാജ്കുമാര്‍ വാങ്ങിയ ആഡംബര വാഹനത്തിലാണ് കുമളിയിലേക്കെന്നുപറഞ്ഞ് പണം കൊണ്ടുപോയിരുന്നത്. അറസ്റ്റിലായ മഞ്ജുവിന്റെ ഭര്‍ത്താവ് അജിമോനാണു പണവുമായി പോകുമ്പോള്‍ വാഹനം ഓടിച്ചിരുന്നതെന്നും സുമ പറഞ്ഞു. അജിമോനെ പോലീസ് ചോദ്യം ചെയ്തിരുന്നെന്നും ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നുമാണു സ്‌പെഷല്‍ ബ്രാഞ്ചില്‍നിന്നുള്ള വിവരം. പണം കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന വാഹനം കണ്ടെത്തിയിട്ടില്ല. കുമളി-പീരുമേട് മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയയാണ് തട്ടിപ്പിനു പിന്നിലെന്ന ആരോപണം ജീവനക്കാരിയുടെ വെളിപ്പെടുത്തലോടെ ശക്തമാകുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW