Tuesday, July 02, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.18 AM

മാറിച്ചിന്തിക്കുക; നിരത്ത്‌ ഒരു ചെറിയ 'ലോക'മല്ല...

uploads/news/2019/07/318826/3.jpg

പുതിയ അദ്ധ്യയനവര്‍ഷം തുടങ്ങി. രണ്ടു മാസമായി നിരത്തിലിറങ്ങാതിരുന്ന സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്വകാര്യവാഹനങ്ങള്‍ വീണ്ടും സജീവമായി. ഇതിനു പുറമെ വലിയൊരു പറ്റം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസുകളെയും കെ.എസ്‌.ആര്‍.ടി.സി ബസുകളെയും ആശ്രയിക്കുന്നു. പെട്ടെന്നുള്ള ഈ വാഹന ബാഹുല്യം റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‌ കാരണമാകുന്നു. കേരളത്തിന്റെ ഭൂമിശാസ്‌ത്രപരമായ ഘടനയും റോഡുകളുടെ അപര്യാപ്‌തതയുംകൂടിയാകുമ്പോള്‍ ഇത്‌ ഇരട്ടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്‌.
സംസ്‌ഥാന മോട്ടോര്‍ വാഹന വകുപ്പ്‌ സമഗ്രമായ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്‌. സ്‌കൂള്‍ ബസുകള്‍ക്കും ഉടമ്പടിയായി ഓടുന്ന വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പെര്‍മിറ്റ്‌ നല്‍കിയിട്ടുണ്ട്‌. പെര്‍മിറ്റില്‍ വാഹനത്തില്‍ കയറ്റാവുന്ന ആളുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഇതിന്റെ പതിന്മടങ്ങ്‌ കുട്ടികളെ കുത്തിനിറച്ച്‌ പോകുന്നത്‌ സര്‍വസാധാരണമായ കാഴ്‌ചയാണ്‌.
ഈ അദ്ധ്യയനവര്‍ഷം മുതല്‍ സ്‌കൂള്‍ ബസിലും ഉടമ്പടി വാഹനങ്ങളിലും പെര്‍മിറ്റില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ കയറ്റി സര്‍വീസ്‌ നടത്തിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരും. പെര്‍മിറ്റ്‌ നിബന്ധനയുടെ ലംഘനമായി കണ്ട്‌ കേസെടുക്കാന്‍ തീരുമാനമായിട്ടുണ്ട്‌. സാക്ഷരതയില്‍ മുന്നില്‍നില്‍ക്കുന്ന സംസ്‌ഥാനമായിട്ടുകൂടി തീര്‍ത്തും അപരിഷ്‌കൃതമായും അപകടകരമായും കുട്ടികളെ കയറ്റിയുള്ള യാത്ര വിചിത്രമാണ്‌. ഓട്ടോറിക്ഷയില്‍ മൂന്ന്‌ യാത്രക്കാര്‍ക്ക്‌ മാത്രമേ സഞ്ചരിക്കുവാന്‍ അനുവാദമുള്ളൂ. എന്നാല്‍ കണ്ടുവരുന്നത്‌ പത്തോ പന്ത്രണ്ടോ ആകാം. ഇത്‌ പെര്‍മിറ്റ്‌ റദ്ദ്‌ ചെയ്യുന്നതിലേക്ക്‌ നയിക്കുന്ന കുറ്റമാണ്‌. സുസ്‌ഥിരത നഷ്‌ടപ്പെട്ട്‌ വാഹനം മറിയുന്നതിനുതന്നെ ഇതു കാരണമാകാം.
തന്റെ കുട്ടി ഏതുതരം വാഹനത്തിലാണ്‌ സ്‌കൂളിലേക്ക്‌ പോകുന്നതെന്നും വരുന്നതെന്നും ഉറപ്പുവരുത്തേണ്ടത്‌ രക്ഷാകര്‍ത്താക്കളുടെകൂടി ചുമതലയാണ്‌. മേല്‍ പ്രതിപാദിച്ച പ്രകാരമാണോ കുട്ടി യാത്ര ചെയ്യുന്നതെന്ന്‌ അവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
ഇപ്പോള്‍ നല്ലൊരു ശതമാനം സ്‌കൂളുകള്‍ക്കും ബസുകള്‍ സ്വന്തമായിട്ടുണ്ട്‌. 10 വര്‍ഷം ഹെവി വാഹനങ്ങള്‍ ഓടിച്ച്‌ പ്രവൃത്തിപരിചയം ഉള്ള ആളാകണം സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍. ഡ്രൈവര്‍ ഡ്യൂട്ടിയില്‍ യൂണിഫോമും നെയിംപ്ലേറ്റും ധരിച്ചിരിക്കണം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയോ മദ്യപിച്ച അവസ്‌ഥയിലായിരിക്കുകയോ പുകവലിക്കുകയോ ചെയ്‌താല്‍ ഡ്രൈവറുടെ ലൈസന്‍സുതന്നെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന്‌ അധികാരമുണ്ട്‌. ഇത്തരം ഡ്രൈവിംഗ്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ആര്‍.ടി.ഒയെയോ പോലീസിനെയോ ബന്ധപ്പെടേണ്ടതാണ്‌. 24 മണിക്കൂറും പ്രവര്‍ത്തനസജ്‌ജമായിട്ടുള്ള, മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ എല്ലാ ജില്ലയിലും നിരത്തിലുണ്ടാകും.
ഉദ്യോഗസ്‌ഥര്‍ സ്‌കൂള്‍ ബസുകള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത്‌ വാഹനത്തില്‍ കയറി പരിശോധിക്കും.
ഈ മാസം 15-നുശേഷം സ്‌കൂള്‍ ബസിലടക്കം എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും ജി.പി.എസ്‌. സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. അതാത്‌ മേഖലകളിലെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫീസര്‍മാര്‍ക്ക്‌ വാഹനങ്ങളെ അവയുടെ സര്‍വീസിനിടയ്‌ക്കുതന്നെ നിരീക്ഷിക്കുവാന്‍ ഇത്‌ ഉതകുന്നു. സ്‌പീഡ്‌ ഗവേണര്‍ മുമ്പുതന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണെങ്കിലും ഇതില്‍ കൃത്രിമം കണ്ടാല്‍ വാഹനം കസ്‌റ്റഡിയിലെടുക്കാനാണ്‌ തീരുമാനം. സ്‌കൂള്‍ വാഹനങ്ങള്‍ക്ക്‌ മണിക്കൂറില്‍ പരമാവധി വേഗം 50 കിലോമീറ്ററാണ്‌.
അതുപോലെ ഡ്രൈവര്‍ അപകടകരമായി ഓവര്‍ടേക്ക്‌ ചെയ്യുകയോ സുരക്ഷിതമല്ലാതെ വാഹനമോടിക്കുകയോ ചെയ്യുന്നത്‌ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്യുന്നതിനുള്ള കാരണമാണ്‌. വാഹനത്തില്‍ പ്രഥമ ശുശ്രൂഷാ സംവിധാനം, തീ അണയ്‌ക്കുന്ന ഉപകരണം ഇവ നിര്‍ബന്ധമാണ്‌. പോലീസ്‌, ഫയര്‍, ആംബുലന്‍സ്‌ ഇവയുടെ നമ്പര്‍ വാഹനത്തിന്‌ പുറകില്‍ വ്യക്‌തമായി പ്രദര്‍ശിപ്പിക്കണം.
മാറുന്ന സമൂഹത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്‌. ഇത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി പോലീസില്‍ അല്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. ഒരു കാരണവശാലും ഇത്തരം പ്രവൃത്തികള്‍ കുട്ടിയോ മാതാപിതാക്കളോ മറച്ചുവയ്‌ക്കാന്‍ ശ്രമിക്കരുത്‌.
സ്വകാര്യ ബസിലോ കെ.എസ്‌.ആര്‍.ടി.സിയിലോ തിരിച്ചറിയല്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥിക്ക്‌ യാത്രാ കണ്‍സഷന്‍ കിട്ടാത്ത സാഹചര്യത്തില്‍ ഉടന്‍തന്നെ ബന്ധപ്പെട്ട ആര്‍.ടി.ഒയ്‌ക്ക്‌ രേഖാമൂലം പരാതി നല്‍കുക. വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുകയോ, മുതിര്‍ന്ന യാത്രക്കാര്‍ കയറിയതിനുശേഷം മാത്രം വിദ്യാര്‍ത്ഥികള്‍ കയറിയാല്‍ മതിയെന്ന്‌ ബസ്‌ ജീവനക്കാര്‍ നിര്‍ദ്ദേശിക്കുകയോ ചെയ്‌താല്‍ പറ്റുമെങ്കില്‍ ഒരു ഫോട്ടോസഹിതം പരാതിപ്പെടുക.
സ്‌കൂളിനു മുന്നിലൂടെ ഏത്‌ വാഹനമോടിച്ചാലും പരമാവധി വേഗപരിധി മണിക്കൂറില്‍ 30 കിലോമീറ്ററാണ്‌. ഇതിനു മുകളില്‍ ശിക്ഷാര്‍ഹമാണ്‌. സീബ്രാലെയിന്‍ ഉണ്ടെങ്കില്‍ അതിലൂടെ മാത്രം റോഡ്‌ മുറിച്ചു കടക്കുക. സ്‌കൂളിനു സമീപം യാതൊരു കാരണവശാലും വാഹന ഉപയോക്‌താവ്‌ ഹോണ്‍ മുഴക്കരുത്‌. പരിഷ്‌കൃത സമൂഹത്തില്‍ ഒരു രാജ്യത്തും ഹോണ്‍ ഉപയോഗിക്കാറില്ല. മുന്നില്‍ അപകടമോ, മരണമോ കണ്ടാല്‍ മാത്രമേ ഇത്‌ ഉപയോഗിക്കാവൂ. എയര്‍ഹോണ്‍ നിരോധിച്ചിട്ടുള്ളതാണ്‌. ഇത്‌ പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്നു. എങ്കിലും ഹെവി വാഹനങ്ങളില്‍ ഇത്‌ നിര്‍ബാധം ഉപയോഗിച്ചു കാണുന്നു.
സംസ്‌ഥാനത്ത്‌ എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസുകളുടേയും സബ്‌ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസുകളുടേയും കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങള്‍ക്ക്‌ പ്രീ മണ്‍സൂണ്‍ ടെസ്‌റ്റിങ്‌ 2011 മുതല്‍ നടത്തിവരുന്നു. ഇത്തവണയും മഴക്കാലം തുടങ്ങുന്നത്‌ മുന്‍നിര്‍ത്തി വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത പ്രത്യേകിച്ചും വൈപ്പര്‍, ലൈറ്റുകള്‍ യാന്ത്രിക പരിശോധന ഇവ വിജയകരമായി നടത്തുകയും ടെസ്‌റ്റ്‌ ചെയ്യപ്പെട്ട വാഹനങ്ങളില്‍ എം.വി.ഡി, സ്‌റ്റിക്കര്‍ പതിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.
ലോകത്ത്‌ വാഹനാപകടങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ കേരളത്തിലാണെന്നത്‌ വിരോധാഭാസമായി തോന്നാം. ശരാശരി 4700 മനുഷ്യജീവന്‍ പ്രതിവര്‍ഷം നിരത്തില്‍ പൊലിയുന്നു. 37000-ല്‍പ്പരം പേര്‍ ഗുരുതരമായി പരുക്കേറ്റ്‌ ആശുപത്രികളെ ആശ്രയിക്കുന്നു. ബഹുഭൂരിപക്ഷം അപകടങ്ങളിലും മൃതിയടയുന്നത്‌, അല്ലെങ്കില്‍ പരുക്കേല്‍ക്കുന്നത്‌ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ്‌. ഇവരില്‍ ബഹുഭൂരിപക്ഷവും യുവാക്കളാണെന്നതും മറന്നുകൂടാ. വിദ്യാര്‍ത്ഥികള്‍ക്ക്‌ മോട്ടോര്‍ സൈക്കിള്‍ വാങ്ങിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ തയാറാകാതിരിക്കുക. കൗമാരത്തിന്റെ ആവേശത്തിരയില്‍ വേഗം ഒരു ഹരമാകാതെ അവരെ രക്ഷിക്കാം.
സ്‌കൂള്‍ ബസുകളുടെ എണ്ണം കൂടുതലുള്ള സ്‌ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു അദ്ധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കാം. ബസുകള്‍ക്ക്‌ നമ്പര്‍ ഇട്ട്‌ അവ ഓടിക്കുന്ന ഡ്രൈവറുടെ വിശദാംശങ്ങളും ഡ്രൈവിങ്‌ ലൈസന്‍സിന്റെ രേഖകളും നോഡല്‍ ഓഫീസര്‍ക്ക്‌ നേരിട്ട്‌ അറിയാവുന്ന തരത്തിലാക്കുകയാണെങ്കില്‍ ഏതെങ്കിലും വാഹനം അപകടത്തില്‍പ്പെട്ടാല്‍ പോലീസിനോ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കോ കാര്യങ്ങള്‍ എളുപ്പമാകും. ഡ്രൈവര്‍മാര്‍ക്ക്‌ ട്രെയിനിങ്‌ ക്ലാസുകള്‍ സംഘടിപ്പിക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പ്‌ സദാ സന്നദ്ധരാണ്‌. സാധാരണയായി റോഡ്‌ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ്‌ ഇത്തരം ക്ലാസുകള്‍ സംഘടിപ്പിക്കുക.
നമ്മുടെ നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പൊതുവെ റോഡ്‌ സുരക്ഷയെക്കുറിച്ചുള്ള അവബോധം കുറവാണ്‌. സ്‌കൂള്‍ സമയം കഴിയുന്ന സമയത്ത്‌ ഒരുമിച്ച്‌ കൂട്ടം കൂടിയാണ്‌ ഇവര്‍ മെയിന്‍ റോഡിലേക്ക്‌ ഇറങ്ങുക.
സ്വകാര്യ ബസുകളെയോ, കെ.എസ്‌.ആര്‍.ടി.യേയോ മാത്രം ആശ്രയിച്ച്‌ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക്‌ ഒരു വരിയായി വഴിയിലേക്ക്‌ ഇറങ്ങുവാന്‍ അദ്ധ്യാപകര്‍ നിര്‍ദ്ദേശം കൊടുക്കണം. ഭേദഗതികള്‍ വരുത്തിയിട്ടുള്ള ട്രാഫിക്‌ നിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്‌ സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം കത്ത്‌ നല്‍കിയാല്‍ മോട്ടോര്‍ വാഹനവകുപ്പിലേയും പോലീസിലേയും ഉദ്യോഗസ്‌ഥര്‍ വന്ന്‌ ക്ലാസെടുക്കുന്നതിന്‌ സന്നദ്ധരാണ്‌.
റോഡ്‌ സുരക്ഷ പാഠ്യവിഷയമായി കുറഞ്ഞത്‌ 7-ാം ക്ലാസ്‌ മുതലെങ്കിലും കരിക്കുലത്തില്‍ ചേര്‍ക്കേണ്ടതുണ്ട്‌. പല വിദേശരാജ്യങ്ങളിലും ഇത്‌ നിലവിലുണ്ട്‌. മോട്ടോര്‍ വാഹനത്തെക്കുറിച്ചുള്ള ഏകദേശ സാങ്കേതിക ധാരണ ലഭിക്കുന്നതിനും ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും ഇത്‌ വളരെ സഹായകരമാണ്‌. ഇത്തരം അറിവ്‌ അപകടം മുന്‍കൂട്ടി കാണുവാനും അവ ഒഴിവാക്കാനും സഹായകമാണ്‌. വിലയേറിയ മനുഷ്യ ജീവന്‍ നിരുത്തരവാദപരമായി നിരത്തില്‍ ഹോമിക്കാതിരിക്കണമെങ്കില്‍ മാറി ചിന്തിച്ചേ മതിയാകൂ.

എം.ബി. ജയചന്ദ്രന്‍
(കോട്ടയത്ത്‌ മോട്ടോര്‍ വെഹിക്കിള്‍സ്‌ ഇന്‍സ്‌പെക്‌ടറാണ്‌ ലേഖകന്‍)

Ads by Google
Tuesday 02 Jul 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW