Monday, July 01, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 01 Jul 2019 03.34 PM

രാഹുല്‍ കണ്ടെത്തിയ മുത്ത്; ആലത്തൂരിന്റെ പെങ്ങളൂട്ടി

''കേരളത്തില്‍ നിന്നുള്ള ഏക വനിതാ എം.പിയായി ലോകസഭയിലെത്തിയ രമ്യ ഹരിദാസിന് കരുത്തായി ആലത്തൂരുകാരുടെ സ്‌നേഹമുണ്ട്. ''
Ramya Haridas MP interview

ആലത്തൂരിലെ ഓരോ നാട്ടുവഴികളിലും തിങ്ങി നിറഞ്ഞ സ്ത്രീകള്‍ കാണാനാഗ്രഹിച്ച ഒരേയൊരു മുഖം രമ്യ ഹരിദാസിന്റേതാണ്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സൗമ്യമായ പുഞ്ചിരിയോടെ പാട്ടുപാടി ജനങ്ങളുടെ കണ്ണിലുണ്ണിയാകാന്‍ രമ്യയ്ക്ക് അധിക സമയം വേണ്ടിവന്നില്ല.

പൊരുതി നേടിയ വിജയമാണ് ആലത്തൂരിന്റെ പെങ്ങളൂട്ടി രമ്യയുടേത്. വ്യക്തിഹത്യകള്‍ക്കും കുപ്രചരണങ്ങള്‍ക്കുമൊന്നും രമ്യയുടെ കുതിപ്പിനെ തടയാനായില്ല.

കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് പദവി വഹിക്കുന്നതിനിടയിലാണ് രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രമ്യ സ്ഥാനാര്‍ത്ഥിയാകുന്നത്. ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുവ വനിതാ സാരഥിയായ രമ്യയുടെ മിന്നുന്ന വിജയം.

റെക്കോര്‍ഡ് തിളക്കം


സ്ഥാനാര്‍ത്ഥിയായി ആലത്തൂരിലെത്തിയപ്പോള്‍ മുതല്‍ ജനങ്ങളെനിക്ക് നല്‍കിയ പിന്തുണ ഇപ്പോഴും തുടരുകയാണ്. ഞാന്‍ ജയിക്കണമെന്ന് ആഗ്രഹിച്ച ഒരുപാട് ആളുകളുണ്ട്.

അവരുടെ സ്നേഹവും പിന്തുണയുമാണ് വലിയൊരു ഭൂരിപക്ഷത്തിലേക്കെത്തിച്ചത്. ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഞാന്‍ ജയിക്കണമെന്ന ആഗ്രഹിച്ച ആലത്തൂരുകാര്‍ വോട്ട് ചെയ്തെന്നെ വിജയിപ്പിച്ചു.

വലിയൊരു ഉത്തരവാദിത്തമാണിപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഞാനാ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. കാരണം എന്നെ ഇത്രയധികം സ്നേഹിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി തിരികെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമല്ലോ.

ആലത്തൂരിന്റെ സ്‌നേഹം


ആലത്തൂരിലെ റോഡ്ഷോയിലൂടെയാണ് എന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അന്ന് മുതല്‍ എന്റെ ഭക്ഷണ കാര്യത്തിലും ആരോഗ്യകാര്യത്തിലുമൊക്കെ എന്നെ സ്നേഹിക്കുന്ന ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ആ റോഡ് ഷോയ്ക്ക് ശേഷം എനിക്ക് നാട്ടിലേക്ക് തിരികെ പോകേണ്ടി വന്നില്ല. വസ്ത്രമാകട്ടെ, ഭക്ഷണമാകട്ടെ എനിക്കെന്താണോ ആവശ്യം അതെല്ലാം ആലത്തൂരുകാര്‍ കൊണ്ടുവന്ന് തന്നു. അവര്‍ എന്നെ ഏറ്റെടുക്കുകയായിരുന്നു. എന്റെ ജയം ആഗ്രഹിക്കുന്ന ജനങ്ങളാണ് എന്നെ ഇവിടെവരെയെത്തിച്ചത്.

Ramya Haridas MP interview

കഷ്ടപ്പാടറിഞ്ഞാണ് ഞാന്‍ വളര്‍ന്നത്. കുട്ടിക്കാലത്ത് അമ്മയുടെ സഹോദരങ്ങളാണ് വസ്ത്രങ്ങള്‍ വാങ്ങിത്തന്നിരുന്നത്. സ്ഥാനാര്‍ത്ഥിയായ ശേഷം ഒരുപാടാളുകള്‍ വസ്ത്രങ്ങളൊക്കെയായി കാണാന്‍ വന്നു. അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായ ആളാണ് ഞാന്‍. പ്രചരണത്തിന് വേണ്ട കാശൊന്നുമില്ലാതെയാണ് ആലത്തൂരേക്ക് വന്നത്.

സാമ്പത്തികമായി പലരും സഹായിച്ചു. പെന്‍ഷന്‍ തുക കിട്ടിയതില്‍ നിന്ന് ഒരു വീതം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്ത ഒരമ്മ എന്നോട് പറഞ്ഞത് മോള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ആ പണം ഉപയോഗിക്കാമെന്നാണ്്.

പ്രചരണ വാഹനം കടന്നുപോകുന്ന വഴികളിലെ വീടിന് മുമ്പില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടാവാതിരുന്നിട്ടില്ല. മണിക്കൂറുകളോളം വഴിനീളെ അമ്മമാര്‍ എനിക്ക് വേണ്ടി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം പ്രചരണ വാഹനം തടഞ്ഞു നിര്‍ത്തി തൊഴിലുറപ്പിന് പോകുന്ന ഒരമ്മ വാഴയിലയില്‍ പൊതിഞ്ഞ് ചക്കപ്പുഴുക്ക് തന്നു.

രാവിലെ അഞ്ചു മണിക്കൊക്കെ ഇറങ്ങുന്നതല്ലേ ഒന്നും കഴിച്ചിട്ടുണ്ടാവില്ല, കഴിച്ചിട്ടുപോയാല്‍ മതിയെന്നവര്‍ വാശിപിടിച്ചു. അമ്പലങ്ങളിലെ പ്രസാദവുമൊക്കെയായി വന്നവരുണ്ട്. പല പ്രസംഗ വേദികളിലും എന്റെ പാട്ട് കേള്‍ക്കാന്‍ വന്നവരിലധികവും സ്ത്രീകളായിരുന്നു.

പാട്ട് പാടി വോട്ട് നേടി


തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും റെക്കോര്‍ഡ് ചെയ്ത പാട്ട് ഉപയോഗിക്കാറുണ്ട്. ഞാനത് ലൈവായി പാടിയെന്ന് മാത്രം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പാട്ട് പഠിക്കുന്നുണ്ടായിരുന്നു.

സബ്ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളിലൊക്കെ പങ്കെടുത്തിട്ടുമുണ്ട്. ഇതിനിയില്‍ നൃത്ത അദ്ധ്യാപികയായും വേഷമിട്ടു. അതില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനത്തില്‍ നിന്നാണ് പുസ്തകങ്ങളൊക്കെ വാങ്ങാനുള്ള പണം കണ്ടെത്തിയിരുന്നത്.

പ്രസംഗം പൊതുവേ ആളുകള്‍ക്ക് ബോറടിക്കും. അതുകൊണ്ട് കേള്‍ക്കുന്നവരെ പിടിച്ചിരുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രസംഗത്തിനിടയില്‍ പാട്ടുള്‍പ്പെടുത്തിയത്. എന്റെ ജീവിതത്തിലെ കഥകളോ വായിച്ച പുസ്തകങ്ങളിലെ കഥകളോ ഒക്കെ പറഞ്ഞും അതുമായി ബന്ധപ്പെട്ട പാട്ട് പാടിയുമൊക്കെയാണ് ഞാന്‍ പ്രസംഗിച്ചത്.

പ്രസംഗത്തേക്കാള്‍ ഞാന്‍ പാടുന്ന പാട്ടുകളാണ് കൂടുതലിഷ്ടമെന്ന് പലരും പറഞ്ഞു. പിന്നീട് പല വേദികളിലും ജനങ്ങളെന്നോട് പാട്ട് പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രചരണത്തിന് മാറ്റ് കൂടാന്‍ പാട്ട് സഹായിച്ചു എന്ന് സാധാരണക്കാര്‍ പോലും പറഞ്ഞു.

നാടന്‍പാട്ടുകളാണ് കൂടുതലും പാടിയത്. കലാഭവന്‍ മണി ചേട്ടന്റെ പാട്ടുകള്‍ പാടാനായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. ഒരുപാട് കലാകാരന്മാരുള്ള നാടാണ് ആലത്തൂര്‍. അവരുടെയൊക്കെ പ്രയത്നം കൊണ്ട് കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണയാണ് ആലത്തൂരില്‍ നിന്ന് കിട്ടിയത്.

Ramya Haridas MP interview

രാഹുല്‍ കണ്ടെത്തിയ മുത്ത്


വിദ്യാഭ്യാസ കാലഘട്ടത്തില്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് ഞാന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. കെ.എസ്.യു പെരുവയല്‍ മണ്ഡലം സെക്രട്ടറി, കുന്ദമംഗലം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ടാലന്റ് ഹണ്ടിലൂടെയാണ് യൂത്ത്‌കോണ്‍ഗ്രസ് അഖിലേന്ത്യാ കൊാഓര്‍ഡിനേറ്ററുടെ പദവിയില്‍ എത്തിയത്. കേരളത്തില്‍ നിന്ന് ഞാനടക്കം നാല് പേര്‍ മാത്രമാണ് ഈ പദവിയിലുള്ളത്.

2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൂടാതെ ജവഹര്‍ ബാലജനവേദിയുടെ കൊാഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാന്ധിയന്‍ പരിഷത്ത്, മദ്യനിരോധന സമിതി എന്നിങ്ങനെയുള്ള സാമൂഹിക സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ലഭിച്ചു.

ക്യാമ്പുകളിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന ആളാണ് ഞാന്‍. ആ ക്യാമ്പുകള്‍ ജീവിതത്തിലുണ്ടാക്കിയ സ്വാധീനമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാപ്തയാക്കിയത്. ഞാന്‍ കടന്നുവന്ന വഴികളാണ് ഇവിടെവരെയെത്താന്‍ എനിക്ക് ഊര്‍ജം പകര്‍ന്നത്.

ടാലന്റ് ഹണ്ടില്‍ പങ്കെടുത്തതോടെയാണ് ജീവിതത്തിലും വലിയൊരു മാറ്റം സംഭവിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സമ്മേളനമടക്കം ഒരുപാട് വേദികളില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞു.

ഏകതാ പരിക്ഷിത്തില്‍ പി.വി രാജഗോപാല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തു, യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ആര്‍ക്കെങ്കിലും അത്തരമൊരു അവസരം കിട്ടിയിട്ടുണ്ടോ എന്നറിയില്ല. ഈ അനുഭവങ്ങളൊക്കെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് വിശ്വസിക്കുന്നു.

നിയോഗം പോലെ


കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കുടുംബശ്രീയുടേതടക്കമുള്ള പരിപാടികളില്‍ പങ്കെടുത്തിരുന്ന ആളാണ് ഞാന്‍. എല്ലാവര്‍ക്കും എന്റെ പാട്ട് കേള്‍ക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം കൊടുത്തത്.

അവിടുത്തെ വികസന സെമിനാറുകളിലും വര്‍ക്കിംഗ് ഗ്രൂപ്പുകളിലുമൊക്കെ സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. അവരോടൊക്കെ അടുത്തിടപെട്ട് പ്രവര്‍ത്തിച്ച പരിചയത്തിലാണ് ആലത്തൂരെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുപാടെന്നെ സഹായിച്ചിട്ടുണ്ട്.

ഇനി ആലത്തൂരിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് എന്റെ പ്രവര്‍ത്തനം. ഒരുപാട് പട്ടികജാതി കോളനികളുള്ള മണ്ഡലമാണിത്. എന്റെ വീടിനടുത്ത് ഞാനുമായി ബന്ധമുള്ള ആളുകളുടെ ജീവിതരീതിയാണ് ആലത്തൂരുകാരുടേതും. അന്നന്ന് പണിയെടുത്ത് ജീവിക്കുന്നവര്‍.

Ramya Haridas MP interview

അവര്‍ക്കിടയിലൂടെ സഞ്ചരിച്ചപ്പോള്‍ ഞാന്‍ വളര്‍ന്നുവന്ന സാഹചര്യം പലയിടത്തും കാണാന്‍ കഴിഞ്ഞു. പല വീടുകളും അവിടുത്തെ കുട്ടികളേയുമൊക്കെ കണ്ടപ്പോള്‍ എന്നെത്തന്നെയാണ് ഓര്‍മ്മവന്നത്. ഒരുപെണ്‍കുട്ടി എന്ന നിലയില്‍ ഓലമേഞ്ഞൊരു വീട്ടില്‍ ജീവിച്ച അനുഭവമൊക്കെ ഓര്‍മ്മ വന്നു.

ആലത്തൂരിലെ സാധാരണക്കാരുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കാ ന്‍ കഴിഞ്ഞില്ലെങ്കിലും അതിന് വേണ്ടി പരിശ്രമിക്കാനാണ് തീരുമാനം. വനിതകളുടെയും യുവാക്കളുടെയും പ്രതിനിധിയായി നിന്ന് ഏതൊക്കെ രീതിയില്‍ സഹായിക്കാമോ അതൊക്കെ ചെയ്യണം.

റോള്‍ മോഡല്‍


ഇന്ദിരാഗാന്ധിയെ ഇഷ്ടമാണ്. ചില ആളുകളിലെ നല്ല കാര്യങ്ങള്‍ സ്വാധീനിക്കാറുണ്ട്. അതൊക്കെ ജീവിതത്തില്‍ പകര്‍ത്താറുമുണ്ട്. ജനപ്രതിനിധിയായിരിക്കുമ്പോള്‍ മുഴുവന്‍ സമയവും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കരുത്തായ് കുടുംബം


അമ്മ രാധ മഹിള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയാണ്. അമ്മ പോകുന്ന പരിപാടികളില്‍ എന്നെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് കുട്ടിക്കാലം മുതല്‍ അമ്മയെനിക്ക് സപ്പോര്‍ട്ട് തരുന്നുണ്ട്. ഈ വിജയത്തില്‍ അമ്മ ഒരുപാട് ഹാപ്പിയാണ്.

വിവാദങ്ങളില്‍ തളരാതെ


തെരഞ്ഞെടുപ്പിന്റെ സമയത്ത് എനിക്കെതിരെ പല പരാമര്‍ശങ്ങളുമുണ്ടായി. അത്തരം സന്ദര്‍ഭങ്ങളില്‍ തളര്‍ന്നുപോയാല്‍ അതിനേ സമയമുണ്ടാകൂ. എത്ര വലിയ പ്രശ്നമുണ്ടായാലും അതിജീവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. മോശം പരാമര്‍ശങ്ങളുണ്ടായപ്പോള്‍ ആലത്തൂരിലെ ചേച്ചിമാര്‍ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ആ പരാമര്‍ശങ്ങളൊന്നും ജനങ്ങള്‍ കണക്കിലെടുത്തില്ല. അവര്‍ വോട്ട് ചെയ്താണ് മറുപടി നല്‍കിയത്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW