Sunday, June 30, 2019 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 02.11 AM

സങ്കല്‌പസദ്യ

uploads/news/2019/06/318494/re4.jpg

താന്‍ സദ്യ ഉണ്ണുന്നുവെന്ന്‌ സങ്കല്‌പിക്കുന്ന ഒരാളുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ അയാള്‍ ഉണ്ണുകയില്ല. എങ്കിലും ദിവസവും പകല്‍ 12 മണിക്ക്‌ പ്രാതലും രാത്രി എട്ടു മണിക്കു അത്താഴവും ഉണ്ണുന്നതായി അയാള്‍ സങ്കല്‌പിക്കും. ഒരു ദിവസവും ഇതിനു മുടക്കം വരുത്തിയില്ല. ഊണിന്റെ പ്രത്യേകത വിഭവങ്ങള്‍ ധാരാളം മുളകു മാത്രം ചേര്‍ത്തു ചമച്ചിരുന്നു എന്നതാണ്‌.
ദിവസവും വീട്ടിനുള്ളിലെ തളത്തില്‍ ഉണ്ണാനെന്ന ഭാവത്തില്‍ ഇരിക്കും. പിന്നെ വലിയൊരു തൂശനില വച്ചതായി ഭാവിക്കും. അതില്‍ ഓരോ വിഭവം വിളമ്പുന്നതായി സങ്കല്‌പിക്കും. കറികള്‍ ഇലയുടെ അരികില്‍ വിളമ്പും. മുളകു മാത്രം ചേര്‍ത്ത മാങ്ങാക്കറി, നാരാങ്ങാക്കറി, ഇഞ്ചിക്കറി എന്നിവ വിളമ്പിക്കഴിഞ്ഞാല്‍ വറുത്ത മുളക്‌ പത്തെണ്ണം വിളമ്പും. പിന്നെയാണ്‌ ചോറു വിളമ്പുന്നത്‌. മുളകു വറുത്തതും കൂട്ടി ചോറുണ്ണാന്‍ തുടങ്ങും. അപ്പോള്‍ തന്നെ എരിവ്‌ സഹിക്കാന്‍ വയ്യാതാകുന്നു. വായിലും കണ്ണിലും വെള്ളം നിറയും. പിന്നെ ചൂടും എരിവുമുള്ള സാമ്പാര്‍ കൂട്ടിയുള്ള ഊണാണ്‌. മൂന്നു തവി സാമ്പാര്‍ കൂട്ടി ഉണ്ണും. പിന്നെ ഒരു തവി മുളകുരസവും കൂട്ടും. അപ്പോള്‍ തന്നെ എരിവു സഹിക്കാന്‍ വയ്യാതാകും. വായിലും മൂക്കിലും കണ്ണിലുംകൂടി വെള്ളം ഒഴുകിക്കൊണ്ടിരിക്കും. നീര്‌ കുറെ ഒഴുകി പൊയ്‌ക്കഴിയുമ്പോള്‍ എരിവു ശമിക്കും. അല്‌പനേരം കുത്തിയിരുന്ന്‌ ആശ്വസിച്ചിട്ട്‌ എഴുന്നേറ്റു പോകും. ദിവസം രണ്ടു നേരം വീതം ഈ ഊണ്‌ തുടര്‍ന്നു പോന്നു. ഒരു ദിവസം ഉച്ച നേരത്തെ സങ്കല്‌പസദ്യ ഉണ്ടിട്ട്‌ നീറ്റല്‍ സഹിക്കാതെ വിഷമിക്കുമ്പോള്‍ ഒരു യോഗി അതിലെ വന്നു. ദുഃഖകാരണം എന്തെന്ന്‌ അദ്ദേഹം അന്വേഷിച്ചു. വിവരം കേട്ടപ്പോള്‍ യോഗി ഉപദേശിച്ചു. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഒന്നും തിന്നുന്നില്ല. ഉണ്ടു എന്നു ഭാവിക്കുന്നതേ ഉള്ളൂ. അങ്ങനെ നിങ്ങളുടെ എരിവും ദുഃഖവും നിങ്ങളുടെ സങ്കല്‌പത്തിലുള്ളതാണ്‌. നിങ്ങള്‍ക്ക്‌ നല്ല മധുര പദാര്‍ഥങ്ങള്‍ തിന്നുകൂടെ? പാലടപ്രഥമനും, ജിലേബിയും ലഡുവും ബോളിയുമൊക്കെ കഴിക്കുന്നതായി സങ്കല്‌പിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക്‌ സന്തോഷവും ആനന്ദവും തോന്നും. മനുഷ്യന്റെ ജീവിതത്തിലെ സന്തോഷവും ദുഃഖവും ഒക്കെ വെറും സങ്കല്‌പമാണ്‌.
വിശ്വാസത്താല്‍ അവന്‍ അദൃശ്യ ദൈവത്തെ കണ്ടതുപോലെ ഉറച്ചു നില്‍ക്കയാല്‍ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു എന്ന്‌ എബ്രായര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്‌. അനേക നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ജീവിച്ചിരുന്ന മോശെ എന്ന മനുഷ്യനെപ്പറ്റിയാണ്‌ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്‌. പുരാതന ഈജിപ്‌തിലെ രാജകുമാരിയുടെ വളര്‍ത്തു പുത്രനായിരുന്ന ഈ മനുഷ്യന്‍ അടുത്ത രാജാവ്‌ ആയിത്തീരേണ്ടതാണ്‌. എന്നാല്‍ തികച്ചും വ്യത്യസ്‌തമായ വിധത്തില്‍, എല്ലാവരുടെയും കണക്കു കൂട്ടലുകളെയും പ്രതീക്ഷകളെയും കാറ്റില്‍പ്പറത്തിക്കൊണ്ട്‌, കൊട്ടാരവും രാജത്വവും എല്ലാം വലിച്ചെറിഞ്ഞു കൊണ്ട്‌ ഈ മനുഷ്യന്‍ ഒരു സുപ്രഭാതത്തില്‍ ദൈവത്തിന്റെ ഹിതമനുസരിച്ച്‌ ഇതാ മരുഭൂമിയിലേക്ക്‌ ഇറങ്ങിപ്പോകുന്നു. ആളുകള്‍ പറഞ്ഞുകാണും: ദാ പോകുന്നു, വട്ടന്‍, തിരുമണ്ടന്‍, വിവരദോഷി! ആളുകള്‍ എങ്ങനെ പറയാതിരിക്കും? എത്ര വലിയ സ്‌ഥാനങ്ങളും പദവികളും വലിച്ചെറിഞ്ഞിട്ടാണ്‌ ദൈവത്തിന്റെ വേലയാണെന്നും പറഞ്ഞ്‌ ഇറങ്ങിയിരിക്കുന്നത്‌?
അതു മാത്രമോ? രാജ്യവും നാട്ടുകാരും മോശെയ്‌ക്കെതിരായി. ഫറവോന്‍ എതിരായി. സ്വന്തം ആളുകളില്‍ത്തന്നെ അനേകരും തനിക്ക്‌ എതിരായി. ചുരുക്കം പറഞ്ഞാല്‍ എല്ലാം തനിക്കു നഷ്‌ടപ്പെട്ടു.
ചോദ്യം ഒന്ന്‌: എന്തുകൊണ്ടാണ്‌ മോശെ ഇതെല്ലാം വിട്ടുകളഞ്ഞത്‌?
ചോദ്യം രണ്ട്‌: ഇങ്ങനെയുള്ള സാഹചര്യത്തില്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? എങ്ങനെ ഈ സാഹചര്യം കൈകാര്യം ചെയ്യും?
അദൃശ്യനായ ദൈവത്തെ കണ്ടതുപോലെ ഉറച്ചു നിന്നു എന്ന്‌ മോശെയുടെ ചരിത്രം പറയുന്നു. മോശെ ദൈവത്തെ കണ്ണുകൊണ്ടു കണ്ടില്ല. പക്ഷേ, അവിടെ പറയുന്നത്‌, കണ്ടതുപോലെ അവന്‍ ഉറച്ചുനിന്നു എന്നാണ്‌. ഇതാണ്‌ വിശ്വാസം എന്നു പറയുന്നത്‌! നഗ്നനേത്രങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്ത ദൈവത്തെ മോശെ വിശ്വാസക്കണ്ണാല്‍ കണ്ടു. അതിനാല്‍ ലക്ഷ്യം നഷ്‌ടപ്പെടാതെ മോശെ വിശ്വാസത്താല്‍ മുന്നോട്ടു നീങ്ങുവാന്‍ ഇടയായി. കാണപ്പെടാത്ത ലോകത്തിലുള്ള യാഥാര്‍ത്ഥ്യം വചനത്തിലൂടെ നമുക്കു ലഭിക്കുകയാണ്‌. രോഗസൗഖ്യം, പാപക്ഷമ, വിടുതല്‍, സ്വസ്‌ഥത, സമാധാനമുള്ള കുടുംബജീവിതം, നല്ല അയല്‍ക്കാര്‍, ഉത്തമസ്‌നേഹിതന്‍ എല്ലാം നമുക്ക്‌ ആവശ്യമുണ്ട്‌. ഈ സന്ദര്‍ഭത്തില്‍ എന്താണ്‌ ചെയ്യേണ്ടത്‌? വിശ്വാസത്താല്‍ മോശെയെപ്പോലെ, അത്‌ കൈയില്‍ കിട്ടിയിട്ടില്ല എങ്കിലും ലഭിച്ചു കഴിഞ്ഞു എന്ന ചിന്തയില്‍ ഈശ്വരസന്നിധിയില്‍ നമ്മെ സമര്‍പ്പണം ചെയ്യുക.

Ads by Google
Sunday 30 Jun 2019 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW