Saturday, June 29, 2019 Last Updated 17 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 11.38 PM

ഇമ്മിണി ബല്യ ഒന്ന്‌..!

uploads/news/2019/06/318338/sun1.jpg

ബഷീര്‍ അന്തരിച്ചിട്ട്‌ കാല്‍നൂറ്റാണ്ട്‌ പിന്നിടുന്നു എന്നത്‌ സാങ്കേതികാര്‍ത്ഥത്തില്‍ വസ്‌തുതയാണ്‌. എന്നാല്‍ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ അത്‌ ഒരു തികഞ്ഞ തമാശയുമാണ്‌. ഒരു ബഷീര്‍ക്കഥയിലെ നര്‍മ്മമുഹൂര്‍ത്തം പോലെ. യഥാര്‍ത്ഥത്തില്‍ ബഷീറിന്‌ മരണമുണ്ടോ? അനുദിനം വളരുന്ന, പുതിയ ഭാവുകത്വങ്ങള്‍ക്കും ദിശാമാറ്റങ്ങള്‍ക്കും കഥനശൈലിക്കും വഴിപ്പെടുന്ന മലയാള സാഹിത്യം ഇന്നും ആദരവോടെ ഓര്‍മ്മിക്കുകയും പ്രതിമാസചര്‍ച്ചകളിലും അനുദിനസംഭാഷണങ്ങളിലും പരാമര്‍ശിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരനേയുളളു, ബഷീര്‍. ഒ.വി. വിജയന്റെയും മാധവിക്കുട്ടിയുടെയും പ്രാധാന്യം മറന്നു കൊണ്ടല്ല പറയുന്നത്‌്. പക്ഷെ ബഷീറീന്‌ സമശീര്‍ഷരാവാന്‍ അവര്‍ ഉള്‍പ്പെടെ മറ്റാര്‍ക്കും കഴിയുന്നില്ലെന്നത്‌ ഒരേ സമയം ഒരു വൈരുദ്ധ്യവും അനിവാര്യതയുമാവാം. എന്തായാലും ബഷീര്‍, ബഷീര്‍ തന്നെയാണ്‌. അദ്ദേഹത്തിന്റെ ജീവിതവും ഓര്‍മ്മകള്‍ പോലും ആ സാഹിത്യം പോലെ തന്നെ ലളിതസുന്ദരവും അതേസമയം കടലോളം ആഴവും നിരവധി തലങ്ങളും മാനങ്ങളും അടരുകളുമുള്ള ഒന്നാണ്‌്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമാകാനുളള ഭാഗ്യം അദ്ദേഹത്തിന്‌ കൈവന്നു.
ജ്‌ഞാനപീഠവും പത്മവിഭൂഷണും നല്‍കി അദ്ദേഹത്തെ പോലൊരു മഹാപ്രതിഭയെ അപമാനിക്കാതിരിക്കാനുളള സാമാന്യമര്യാദയും ഭരണകൂടങ്ങള്‍ കാണിച്ചു. ശ്രമിച്ചാല്‍ ആര്‍ക്കും ലഭിക്കാവുന്ന പുരസ്‌കാരങ്ങള്‍ നല്‍കി ബഷിറിനെ പോലൊരു അമാനുഷികപ്രതിഭയെ ചെറുതാക്കേണ്ടതില്ലെന്ന്‌ അവര്‍ക്ക്‌ തോന്നിയിരിക്കാം.
ഒരു ബഷീര്‍കഥ പോലെ ലളിതസുന്ദരമായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. തീവ്രമായ അനുഭവങ്ങളുടെ സങ്കടക്കടല്‍ താണ്ടിയാണ്‌ അദ്ദേഹം ഇന്ന്‌ നാം അറിയുന്ന ബേപ്പുര്‍ സുല്‍ത്താനായി മാറിയത്‌. ജീവിതമായിരുന്നു അദ്ദേഹത്തിന്റെ പാഠശാല. പരീക്ഷണശാലയും.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയ ബഷീര്‍ കാല്‍നടയായി കൊച്ചിയില്‍ വന്നു. അവിടെ നിന്നും കാളവണ്ടിയില്‍ കയറി കോഴിക്കോട്‌ എത്തി. സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്‌ടനായ അദ്ദേഹം അതിലേക്ക്‌ എടുത്തുചാടി. ആഗ്രഹം പോലെ മഹാത്മജിയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചു. ഗാന്ധിജിയെ താന്‍ തൊട്ടുവെന്ന്‌ പില്‍ക്കാലത്ത്‌ അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്‌. 1930 ല്‍ കോഴിക്കോട്‌ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബഷീര്‍ ജയിലിലായി. അടുത്തപടി ഭഗത്‌ സിംഗിനെ പിന്‍തുടര്‍ന്ന്‌ തീവ്രമുഖമുളള സ്വാതന്ത്ര്യസമരസംഘടനയുണ്ടാക്കി.
പ്രഭ എന്ന തൂലികാനാമത്തില്‍ സംഘടനയുടെ മുഖപത്രത്തിലെഴുതിയ ലേഖനങ്ങളാണ്‌ എഴുത്തിന്റെ വഴിയിലേക്കുള്ള ബഷീറിന്റെ ആദ്യത്തെ ചുവടുവയ്‌പ്. ഈ പ്രസിദ്ധീകരണം നിരോധിക്കപ്പെട്ടു.
പിന്നീട്‌ ഏറെക്കാലം ബഷീര്‍ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞു നടന്നു. ആ കാലത്ത്‌ അദ്ദേഹം കെട്ടാത്ത വേഷങ്ങളില്ല. ഹിന്ദുസന്ന്യാസിമാര്‍ക്കൊപ്പവും സൂഫിമാര്‍ക്കൊപ്പവും ജീവിച്ചു. പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്‌തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമായിരുന്നു. ലോകം ചുറ്റുന്നതിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ പുനരാവിഷ്‌കരിക്കപ്പെട്ടു.
പദ്‌മനാഭ പൈ പത്രാധിപരായിരുന്ന ജയകേസരിയില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ്‌ ആദ്യകഥ. ജോലിയന്വേഷിച്ചാണ്‌ ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്‌. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട്‌ വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ്‌ തങ്കം.
അക്ഷരംകൂട്ടി വായിക്കാന്‍ അറിയുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീര്‍ സാഹിത്യം അനശ്വരമായതും ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നതും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ ഉള്‍ക്കരുത്തുകൊണ്ടായിരുന്നു. സമൂഹത്തിന്റെ താഴേക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത്‌ ജീവസ്സുറ്റതും കാലാതിവര്‍ത്തിയുമായി. ജയില്‍പ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവര്‍ഗ്ഗാനുരാഗികളും ഒപ്പം പല്ലി പഴുതാര, അട്ട, തേള്‍, കൊതുക്‌... എന്നിങ്ങനെ സര്‍വചരാചരങ്ങളും നിറഞ്ഞതായിരുന്നു ബഷീറിന്റെ ലോകം. അദ്ദേഹം അവരെ ഭൂമിയുടെ അവകാശികള്‍ എന്ന്‌ വിശേഷിപ്പിച്ചു. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്‌ഥാനമുണ്ടായിരുന്നില്ല.
ഏറെ വൈകിയാണ്‌ ബഷീര്‍ വിവാഹിതനായത്‌, 1958 ഡിസംബര്‍ 18-ന്‌ തന്റെ 50-ാം വയസില്‍. ഫാബി ബഷീറാണ്‌ ഭാര്യ. ഫാത്തിമയുടെ ഫായും ബീവിയുടെ ബിയും ചേര്‍ത്താണ്‌ ഫാബിയായത്‌. പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു ബഷീറുമായുള്ള വിവാഹം.അനീസ്‌, ഷാഹിന എന്നിങ്ങനെ രണ്ട്‌ മക്കളുണ്ട്‌.
ബഷീറുമായുള്ള 36 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്റെ ഓര്‍മകള്‍ ഉള്‍ക്കൊള്ളുന്ന ബഷീറിന്റെ എടിയേ എന്ന പേരില്‍ ഫാബി തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബഷീറിന്റെ വ്യക്‌തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ്‌ ഈ പുസ്‌തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്‌. 2015 ജൂലൈ 15ന്‌ തന്റെ 78 -ാം ജന്മദിനത്തില്‍ അവരും അനശ്വരതയുടെ ചക്രവാളങ്ങളിലേക്ക്‌ യാത്രയായി.
വാക്കുകളുടെ സുല്‍ത്താന്‍ എന്ന്‌ അറിയപ്പെടുന്ന ബഷീര്‍ സൗഹൃദങ്ങളുടെ കൂടി സുല്‍ത്താനായിരുന്നു. മഹാരഥന്‍മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ആ സൗഹൃദവലയത്തില്‍ പെടുന്നു. ബഷീറിന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യം സിദ്ധിച്ച പത്രപ്രവര്‍ത്തകനാണ്‌ കോഴിക്കോട്‌ സ്വദേശിയായ കാനേഷ്‌ പൂനൂര്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയിലെ ബഷീറിനെ ഇനി വായിക്കാം.
''ഞാന്‍ ചന്ദ്രിക ആഴ്‌ചപതിപ്പിന്റെ പത്രാധിപരായിരിക്കുന്ന കാലത്താണ്‌ ബഷീറുമായി പരിചയപ്പെടുന്നത്‌്. അതിലേക്ക്‌ എന്തെങ്കിലും എഴുതികിട്ടുമോ എന്നറിയാനാണ്‌ ബഷീറിന്റെ ബേപ്പൂരിലെ വീട്ടില്‍ ആദ്യമായി പോകുന്നത്‌. സംസാരിച്ച്‌ നല്ല അടുപ്പമായപ്പോള്‍ കൂടെക്കൂടെ പോകാന്‍ തുടങ്ങി. ബഷീര്‍ നമ്മളെ കണ്ടാല്‍ ആദ്യം ചോദിക്കുന്നത്‌ ഭക്ഷണം കഴിച്ചതാണോയെന്നാണ്‌. വിശപ്പിന്റെ വില അറിഞ്ഞിട്ടുളള ഒരാള്‍ക്ക്‌ മാത്രമേ അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ കഴിയു. അദ്ദേഹം പട്ടിണി കിടന്നിട്ടുളളയാളാണ്‌. മിനിമം ഒരു ചായയെങ്കിലും തരാതെ ഒരാളെയും അദ്ദേഹം മടക്കി അയക്കില്ല. പലപ്പോഴും നിര്‍ബന്ധിച്ച്‌ ഊണ്‌ കഴിപ്പിക്കും.
ഞാനുമായി കൂടുതല്‍ അടുത്തപ്പോള്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കാനായി ഓര്‍മ്മയുടെ അറകള്‍ എന്ന കൃതി തന്നു. കഥയിലെന്നപോലെ ജീവിതത്തിലും ധാരാളം തമാശകള്‍ പറയുന്നയാളാണ്‌. എല്ലാവരെയും കളിയാക്കും. ഓരോരുത്തരെ പറ്റിയും കുസൃതികള്‍ പറയും. അതൊക്കെ ഒരു രസത്തിന്‌ ചെയ്യുന്നതാണ്‌. അതിനുമപ്പുറം എല്ലാവരും നന്നാവണമെന്ന്‌ ചിന്തിക്കുന്നയാളാണ്‌. മറ്റൊരു എഴുത്തുകാരന്‌ പുരസ്‌കാരം ലഭിച്ചെന്നറിഞ്ഞാല്‍ അത്‌ തന്റെ നേട്ടം പോലെ കാണാനുളള സവിശേഷമായ മനസ്‌ അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു പാട്‌ പ്രത്യേകതകളുളള ആളായിരുന്നു ബഷീര്‍. അദ്ദേഹം ചെരിപ്പിട്ട്‌ നടക്കാറില്ല. ചെരുപ്പിട്ട്‌ ചവുട്ടിയാല്‍ ഭൂമിക്ക്‌ വേദനിക്കുമെന്ന്‌ പറയും. ചായ കുടിച്ചു കഴിഞ്ഞാലുടന്‍ ഗ്ലാസു കമിഴ്‌ത്തിവയ്‌ക്കും. ഈച്ച വീണ്‌ ചാവാതിരിക്കാന്‍.
ഒരിക്കല്‍ ഡോ.എം.എന്‍.കാരശ്ശേരി കയറി ചെല്ലുമ്പോള്‍ ബഷീര്‍ മകള്‍ ഷാഹിനയെ ഭയങ്കരമായി വഴക്ക്‌ പറയുകയാണ്‌. വീട്ടിലെ ചെടിയില്‍ പൂവ്‌ ഉണ്ടായപ്പോള്‍ അതില്‍ വന്നിരുന്ന പുഴുവിനെ അവള്‍ അടര്‍ത്തിയെടുത്ത്‌ കൊന്നുകളയുന്നത്‌ അദ്ദേഹം കണ്ടു. അത്‌ ഇഷ്‌ടപ്പെടാതെ ബഷീര്‍ പറയുകയാണ്‌.
'നിനക്ക്‌ കണ്ട്‌ രസിക്കാനും വാസനിക്കാനും മൂടിയില്‍ ചൂടാനുമുളളതാകും ആ പൂവ്‌. അതുപോലെ ആ പുഴുവിനെ ദൈവം സൃഷ്‌ടിച്ചത്‌ പൂവിന്റെ ഇതള്‌ തിന്ന്‌ ജീവിക്കാനാണ്‌'
സംഗീതത്തോട്‌ വലിയ മമതയായിരുന്നു. പങ്കജ്‌ മല്ലിക്കിന്റെയും സൈഗാളിന്റെയും പാട്ടുകള്‍ എപ്പോഴും കേള്‍ക്കും. ഷര്‍ട്ടിടുന്നതിലോ മറ്റ്‌ ആടയാഭരണങ്ങള്‍ അണിയുന്നതിനോടോ താത്‌പര്യമില്ലായിരുന്നു.
എത്ര ചെറിയ ആള്‍ അയച്ചതാണെങ്കിലും, കത്തുകള്‍ വന്നാല്‍ മറുപടി അയയ്‌ക്കുമായിരുന്നു. വയസുകാലത്ത്‌ പോലും കത്ത്‌ അയക്കുന്ന ആരാധികമാരുണ്ടായിരുന്നു. അത്‌ കാണുമ്പോള്‍ അദ്ദേഹം പറയും. 'ഇന്ന്‌ ഒരു പ്രേമലേഖനമുണ്ടല്ലോ?'
പ്രസംഗവേദികളില്‍ താത്‌പര്യം ഉണ്ടായിരുന്നില്ല. പകരം സംഗീതസദസുകളുടെ മുന്‍നിരയില്‍ ഉണ്ടാവും. ഒരിക്കല്‍ പ്രസംഗിക്കാന്‍ പോയ അദ്ദേഹം ആശംസിച്ചത്‌ ഇങ്ങനെയാണ്‌. 'ഇവിടെ വന്ന എല്ലാ സ്‌ത്രീകള്‍ക്കും കൂടുതല്‍ കുടുതല്‍ സൗന്ദര്യമുണ്ടാവട്ടെ. ആണുങ്ങള്‍ക്ക്‌ ഇപ്പോഴുളള സൗന്ദര്യം മതി.'
കാരശ്ശേരി ഒരിക്കല്‍ അദ്ദേഹത്തെ വീട്ടിലേക്ക്‌ ക്ഷണിച്ചു. നല്ല രുചികരമായ ഭക്ഷണമായിരുന്നു കാരശ്ശേരിയുടെ ഭാര്യ ഒരുക്കിയിരുന്നത്‌. ഭക്ഷണം ഇഷ്‌ടപ്പെട്ട ബഷീര്‍ പറഞ്ഞു. 'ഇത്രയും രുചികരമായ ആഹാരം ഉണ്ടാക്കുന്ന ആളാണെന്ന്‌ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കല്യാണം കഴിച്ചേനെ'
ഏത്‌ അതിഥി വന്നാലും ആരാണെന്നല്ല, എവിടന്ന്‌ വരുന്നു എന്നാവും ആദ്യത്തെ ചോദ്യം. മറ്റുള്ളവരെ അനുഗ്രഹിക്കുന്ന മനസായിരുന്നു ബഷീറിന്റേത്‌. യാത്ര പറഞ്ഞ്‌ പിരിയുമ്പോള്‍ തലയ്‌ക്ക് മുകളില്‍ കൈ കാണിച്ച്‌ ആണുങ്ങളോട്‌ 'ലോകാസമസ്‌താ സുഖിനോ ഭവന്തു' എന്നും സ്‌ത്രീകളാണെങ്കില്‍ 'ദീര്‍ഘസൂമംഗലീഭവ' എന്നും പറയും.
വലിയ ഈശ്വരവിശ്വസിയായിരുന്നു. മനസിലായിരുന്നു പ്രാര്‍ത്ഥനകള്‍. ഒരിക്കല്‍ അദ്ദേഹം എഴുതി. അനന്തമായ പ്രാര്‍ത്ഥനയാണ്‌ ജീവിതം.
എന്റെ വീട്ടില്‍ വന്ന്‌ ഭക്ഷണമൊക്കെ കഴിച്ചിട്ടുണ്ട്‌. അതിന്റെ ഫോട്ടോയെടുത്ത്‌ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്‌. ബഷീറുമായുള്ള നിരന്തര സഹവാസം നമ്മളിലേക്കും നര്‍മ്മം പറയാനും ആസദിക്കാനുമുള്ള ശേഷി സംക്രമിപ്പിക്കും.
അന്ന്‌ സി.എച്ച്‌. മുഹമ്മദ്‌കോയയാണ്‌ ചന്ദ്രികയുടെ ചീഫ്‌ എഡിറ്റര്‍. ഒരിക്കല്‍ ചന്ദ്രികയില്‍ ഒരു ബലാത്സംഗവാര്‍ത്ത അച്ചടിച്ചു വന്നു. അതിലെ അക്ഷരത്തെറ്റുകള്‍ ബഷീര്‍ സി.എച്ചിനെ ചൂണ്ടികാണിച്ചു. ഉടന്‍ വന്നു സി.എച്ചിന്റെ മറുപടി.
'ഇപ്പഴത്തെ കുട്ടികള്‍ക്കൊന്നും നന്നായി ബലാത്സംഗം ചെയ്യാന്‍ പോലും അറിയില്ല'
എഴുത്തിലെ പാളിച്ചകളെക്കുറിച്ചാണ്‌ സൂചന. പക്ഷേ, ബഷീര്‍ അതു കേട്ട്‌ പൊട്ടിച്ചിരിച്ചു.
മറ്റൊരു സന്ദര്‍ഭം കൂടി ഓര്‍മ്മ വരുന്നു. അന്ന്‌ ഞാന്‍ ചന്ദ്രികയില്‍ ഒരു ചോദ്യോത്തരപംക്‌തി കൈകാര്യം ചെയ്യുന്നുണ്ട്‌. വായനക്കാരുടെ ചോദ്യങ്ങള്‍ക്ക്‌ കുസൃതി നിറഞ്ഞ ഉത്തരങ്ങള്‍ നല്‍കണം. അത്‌ ഇഷ്‌ടപ്പെട്ട്‌ ധാരാളം പെണ്‍കുട്ടികളുടെ കത്തുകള്‍ വന്നിരുന്നു. അക്കൂട്ടത്തില്‍ ഒരു ആയുര്‍വേദഡോക്‌ടറും അലോപ്പതിഡോക്‌ടറുമുണ്ടായിരുന്നു. ഏതിനെയാണ്‌ ഞാന്‍ തിരഞ്ഞെടുക്കുകയെന്ന്‌ ബഷീര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു.
'ആയുര്‍വേദമാണ്‌ നല്ലത്‌. അതാവുമ്പോള്‍ ഇഷ്‌ടവും കിട്ടും, അരിഷ്‌ടവും കിട്ടും'
അന്ന്‌ ബഷീര്‍ ചിരിച്ച ചിരി ഇന്നും മനസിലുണ്ട്‌്
ബഷീര്‍ ഭാര്യ ഫാബിയെ ഭയങ്കരമായി സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്‌തിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ വീട്ടില്‍ ചെന്നപ്പോള്‍ ഊണെടുക്കാനായി അദ്ദേഹം മുറ്റത്തിരുന്ന്‌ ഫാബീ... എന്ന്‌ മൂന്ന്‌ തവണ വിളിച്ചു. ഫാബി അകത്ത്‌ എവിടെയോ ആയിരുന്നു. ഉടന്‍ അദ്ദേഹം ഞങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞ്‌ പറഞ്ഞു.
'അവള്‍ ഭര്‍ത്താവിനെ അനുസരിക്കാത്ത ഭാര്യയൊന്നുമല്ല കേട്ടോ. ജോലിത്തിരക്കിനിടയില്‍ വിളി കേട്ടിട്ടുണ്ടാവില്ല'
ബഷീര്‍ നന്നായി പാചകം ചെയ്യുമായിരുന്നു. എസ്‌്.കെ.പൊറ്റക്കാടിന്റെ ചന്ദ്രകാന്തം എന്ന വീട്ടില്‍ വച്ച്‌ പാചകം ചെയ്യുന്ന കഥകള്‍ പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.
മാനുഷികതയുടെ ഒരാളായിരുന്നു അദ്ദേഹം. ഒരാളെ കളിയാക്കുന്നത്‌ പോലും സ്‌നേഹം കൊണ്ടും സ്‌നേഹത്തോടെയുമായിരുന്നു. എല്ലാവരോടും അളവറ്റ വാത്സല്യം ഉള്ളില്‍ സൂക്ഷിച്ചിരുന്നു. അന്ന്‌ വളരെ മെലിഞ്ഞിരുന്നതിനാല്‍ എം.ടിയെ അദ്ദേഹം തമാശയ്‌ക്ക് നൂലന്‍ വാസു എന്നാണ്‌ വിളിച്ചിരുന്നത്‌.
ഒരു ദിവസം ബഷീര്‍ പുറത്ത്‌ നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ മതിലിനോട്‌ ചേര്‍ന്ന്‌ പമ്മിപതുങ്ങി നില്‍ക്കുന്നു. ആരാണെന്ന്‌ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു.
'ഞാന്‍ അങ്ങയുടെ ഒരു ആരാധകനാണ്‌'
ഉടന്‍ വന്നു ബഷീറിന്റെ മറുപടി.
'എന്നാല്‍ വേഗം ആരാധിച്ചിട്ട്‌ പൊയ്‌ക്കൊളളൂ'
ഭാര്‍ഗവീനിലയം എന്ന കഥ സിനിമയാക്കിയപ്പോള്‍ തിരക്കഥ എഴുതിയത്‌ ബഷീര്‍ തന്നെയായിരുന്നു. ബാബുരാജായിരുന്നു സംഗീതസംവിധാനം. പാട്ടുകളെല്ലാം അതിമനോഹരം. എല്ലാം ഹിറ്റുകളുമായിരുന്നു. അതേക്കുറിച്ചും നര്‍മ്മം കലര്‍ന്ന ഒരു അനുഭവകഥയുണ്ട്‌.
പാട്ടുകള്‍ പാടേണ്ടത്‌ യേശുദാസാണ്‌. ദാസ്‌ മുഴുവന്‍ കഴിവുമെടുത്ത്‌ ഈ പടത്തിലെ പാട്ടുകള്‍ ഗംഭീരമായി പാടണമെന്ന്‌ ബഷീറിന്‌ നിര്‍ബന്ധം. അതിനായി അദ്ദേഹം ഒരു കത്തിയെടുത്ത്‌ യേശുദാസിനെ കുത്താന്‍ ഒരുങ്ങുന്ന മട്ടില്‍ നിന്നിട്ട്‌ അതിന്റെ ഫോട്ടോയും എടുത്തു വച്ചു. ആ പാട്ടുകളാണ്‌ താമസമെന്തേ വരുവാന്‍, ഏകാന്തതയുടെ അപാരതീരം, ഒരു പുഷ്‌പം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍..
ബഷീര്‍ അനശ്വരതയെ പുല്‍കി കാല്‍നൂറ്റാണ്ട്‌ പിന്നിട്ടിട്ടും ഏറ്റവും പുതിയ രചനകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ സാഹിത്യം ആഘോഷിക്കപ്പെടുന്നു. അദ്ദേഹം എഴുതിയത്‌ താന്‍ ജീവിച്ചിരുന്ന കാലത്തിന്‌ വേണ്ടി മാത്രമായിരുന്നില്ല. തലമുറകള്‍ക്ക്‌ വേണ്ടി കൂടിയായിരുന്നു.

Ads by Google
Saturday 29 Jun 2019 11.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW